Advertisment

രക്ഷാ പ്രവർത്തനങ്ങളിൽ ഈ കൊണ്ടോട്ടി മാതൃക തങ്കലിപികളാൽ എഴുതപ്പെടേണ്ടതുതന്നെ ! സ്വാതന്ത്ര്യദിനത്തിൽ അവർക്കും ഒരു ആദരമാകാം - ദാസനും വിജയനും  

New Update

publive-image

Advertisment

മലപ്പുറത്തുകാരെക്കുറിച്ച് ഒന്നടങ്കം നല്ലത് പറയുന്നില്ല, എന്നുവെച്ച് മലപ്പുറത്തുകാർ മോശക്കാരായിട്ടല്ല. വിവരക്കേടുകൾ ഒട്ടേറെ ഉണ്ടെങ്കിലും തമ്മിൽ ഭേദം തൊമ്മൻ തന്നെ.

പക്ഷെ കൊണ്ടോട്ടിക്കാർ പച്ചമനുഷ്യരാണ്. അവർക്ക് കോഴിക്കോടിന്റെ ഖിബറോ മലപ്പുറത്തിന്റെ വിവരക്കേടുകളോ പാലക്കാട്ടുകാരുടെ സെൽഫിഷ്‌നെസ്സോ തൃശൂർക്കാരുടെ തരികിടകളോ തൊട്ടുതീണ്ടിയിട്ടില്ല.

ചില രാഷ്ട്രീയക്കാർ മതത്തിന്റെ പേരിൽ ഉണ്ടാക്കുന്ന ചേരിതിരിവുകളിൽ സ്വൽപ്പമൊക്കെ പെട്ടുപോയിട്ടുണ്ടെങ്കിലും മനുഷ്യത്വം മരവിക്കാത്ത ഒരു കൂട്ടം നന്മമരങ്ങളാണ് കൊണ്ടോട്ടിക്കാർ.

നാം അവിടെ ഒരു വീട്ടിൽ വിരുന്ന് പോയാൽ അയൽവക്കക്കാരൊക്കെ ഒത്തുചേർന്ന് ആ വീട്ടിൽ വന്ന് പത്തിരിയും കോഴിക്കറിയും സുലൈമാനിയും ഉണ്ടാക്കിത്തരുന്ന ഈ നാട്ടുകാരെയും നാടിനെയും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന തരത്തിലുള്ള വാർത്തകളൊക്കെ പ്രചരിച്ചിരുന്നു.

പക്ഷെ എല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ഇക്കഴിഞ്ഞ വിമാന ദുരന്തത്തിൽ കൊണ്ടോട്ടിക്കാർ മനുഷ്യത്വം എന്തെന്ന് മലയാളിയെയും ഇന്ത്യക്കാരെയും ലോകജനതയെയും പഠിപ്പിച്ചു.

ഒരിക്കൽ മേട്ടുപ്പാളയത്തെ ബ്ലാക്ക് തണ്ടറിലേക്ക് കൊച്ചിയിൽ നിന്നും പത്തോളം ചെറുപ്പക്കാർ പിക്നിക് പോയി. കോയമ്പത്തൂരിലെ മധുക്കരക്കടുത്തായി ടാറ്റാസുമോയും ഒരു ടെമ്പോവാനും കൂട്ടിയിടിച്ച് ടാറ്റാസുമോക്ക് തീപിടിച്ചു.

നാട്ടുകാർ ഓടികൂടിയപ്പോഴേക്കും നാലോളം പേര് മെല്ലെ ടാറ്റാസുമോയിൽ നിന്നും വെളിയിൽ വന്നിരുന്നു. പക്ഷെ കൈകാലുകൾ ഒടിഞ്ഞ നിലയിൽ അവർ റോഡ് വക്കിൽ കിടക്കുകയായിരുന്നു. ഒരു പയ്യന്റെ കഴുത്തിൽ സ്വർണ്ണമാല ഉണ്ടായിരുന്നു.

നാട്ടുകാരിൽ ഒരാൾ ആ പയ്യന്റെ അടുത്തു ചെന്ന് മാല പൊട്ടിച്ചപ്പോൾ പയ്യൻ ഒച്ച വെച്ചു. നാട്ടുകാർ ആ പയ്യനെ പൊക്കിയെടുത്ത് തീയിലേക്ക് ഇട്ടെന്നാണ് കണ്ടുനിന്നവർ പറഞ്ഞത്. ഇതുകണ്ടുകൊണ്ട് ഒരു കൂട്ടുകാരൻ മിണ്ടാതെ കിടക്കുന്നുണ്ടായിരുന്നു. പിന്നീട് അവനാണ് ഈ അനുഭവം പറഞ്ഞത്.

തൃശൂർ പാലക്കാട് ഹൈവേയിലെ കൊമ്പഴ എന്ന സ്ഥലത്തുവെച്ച്, (ഇപ്പോഴത്തെ കുതിരാൻ തുരങ്കം അവസാനിക്കുന്ന സ്ഥലം) ഒരു ഫീനോൾ കയറ്റിവന്ന ലോറി റോഡ് വക്കിലേക്ക് മറിഞ്ഞു.

പാതിരാത്രി ഓടിക്കൂടിയ ജനം ഫിനോളിനെ പാമോയിൽ ആണെന്ന് തെറ്റിദ്ധരിച്ച് ലോറിയുടെ ടാങ്ക് പിക്കാസുകൊണ്ട് കുത്തിപ്പൊളിച്ചു.

പൊളിച്ചയാളിന്റെ മുഖവും ശരീരവും പൊള്ളി കരിഞ്ഞു. ഫിനോൾ ഒന്നടങ്കം പീച്ചിയിലെ റിസർവോയറിലേക്കും കനാലുകളിലേക്കും ഒഴുകി. ഒരു മാസത്തോളം തൃശൂർ നഗരത്തിൽ വെള്ളം മുടങ്ങുവാൻ ഇത് കാരണമായി.

പാലക്കാട് ആലത്തൂർ അടുത്തായി ചിതലിയിൽ വെച്ച് ഒരു അപകടം സംഭവിച്ചു. കോയമ്പത്തൂരിൽ നിന്നും വരികയായിരുന്ന മാരുതി ഓമ്നി വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയപ്പോൾ വാഹനം അടുത്തുള്ള പാടശേഖരത്തിലേക്ക് മറിഞ്ഞു. പുലർച്ചെ മൂന്നു മണിക്ക് ഓടിക്കൂടിയ ജനങ്ങളിൽ ഒരാൾ ആദ്യം തന്നെ വാഹനത്തിലുണ്ടായവരുടെ ബാഗുകൾ മോഷ്ടിച്ചു.

നാല് ചക്രങ്ങളും സ്റ്റെപ്പിനിയും എന്തിനധികം വൈപ്പറുകൾ വരെ അഴിച്ചുമാറ്റി. ആശുപത്രിയിൽ കൊണ്ടുപോകുവാൻ പണം ആവശ്യപ്പെട്ടു. പാലക്കാട്ട് സുഹൃത്തുക്കളിൽ നിന്നും വാങ്ങിത്തരാം എന്ന ഉറപ്പിന്മേൽ പാലക്കാട്ടെ ഒരു ആശുപത്രിയിൽ എത്തിച്ചു.

യുപിയിലെയും ബീഹാറിലെയും മധ്യപ്രദേശിലേയും ഗ്രാമങ്ങളിൽ ഉണ്ടാകുന്ന പല തീവണ്ടി ദുരന്തങ്ങളിലും ആദ്യം ഓടിയെത്തുന്നവർ എപ്പോഴും സാധനങ്ങൾ അടിച്ചുമാറ്റുവാനാണ് തിടുക്കം കാണിക്കാറുള്ളത് എന്ന് റെയിൽവേയിൽ നിന്നും റിട്ടയർ ആയ ഒരു സൂപ്രണ്ട് ഒരഭിമുഖത്തിൽ പറയുന്നുണ്ട്.

തമിഴ്‍നാട്ടിൽ മലയാളികൾ വിനോദയാത്രപോകുമ്പോൾ റോഡ് സൈഡിലെ ഭക്ഷണശാലകളിൽ കയറുമ്പോൾ അവരുടെ കയ്യിലേയും കഴുത്തിലെയും സ്വർണ്ണവും വാച്ചുമൊക്കെ എണ്ണിനോക്കി അവരുടെ വാഹനങ്ങളിൽ ട്രക്കുകൾ ഇടിച്ചു കയറ്റുന്ന സംഭവങ്ങൾ നിരവധിയാണെന്ന് പറയുന്നു.

മലപ്പുറത്തെ നിലമ്പൂർ ഗൂഡലൂർ റോഡിൽ, പെരിന്തൽമണ്ണ പാലക്കാട് റോഡിലൊക്കെ ലോഡുമായി വരുന്ന ലോറിക്കാരെയും രാത്രികളിൽ ദൂരയാത്ര പോകുന്ന കുടുംബങ്ങളെയും കൊള്ളയടിക്കുന്ന ഒരു കൂട്ടർ ഇതുപതും മുപ്പതും വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നു.

കൊങ്കൺ റെയിൽവേയിൽ കർണ്ണാടക ഗോവ അതിർത്തികളിലും, മറ്റുള്ള ചില ഭാഗങ്ങളിലും ട്രാക്കിൽ പ്രശ്നങ്ങൾ ഉണ്ടാക്കി തീവണ്ടി സ്പീഡ് കുറപ്പിച്ചുകൊണ്ട് കൊള്ളയടിക്കുവാൻ കയറുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു.

ഇപ്പോൾ ക്യാമറകളും മറ്റും വന്നപ്പോൾ അക്കൂട്ടരൊക്കെ വേറെ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടാകും. പുനലൂർ ചെങ്കോട്ട ഹൈവേയിലും കുമളി തേനി ഹൈവേയിലും ഒക്കെ ഒരുകാലത്ത് ഈ കളികൾ അരങ്ങേറിയിരുന്നു.

യാത്രക്കാർ അധികരിച്ചപ്പോൾ കുറെയധികം കൊള്ളകൾ ആളുകൾ അവസാനിപ്പിച്ചതായി കാണുന്നു.

കൊണ്ടോട്ടിക്കാർ വന്നപ്പോൾ തന്നെ സിആർപിഎഫ് ആ ഗെയ്റ്റ് തുറന്നുകൊടുക്കുകയാണെങ്കിൽ പൈലറ്റിനെയും കോ പൈലറ്റിനെയും രക്ഷിക്കാമായിരുന്നു എന്ന് കേട്ടപ്പോൾ മനുഷ്യരുടെ നിസ്സഹായാവസ്ഥ നമ്മുക്ക് മനസിലാക്കാം.

ഇത്രേം യാത്രക്കാർ ഉണ്ടായിരുന്നിട്ടും ഒരാളുടെ മൊബൈൽ ഫോണോ സ്വർണ്ണമോ ലഗേജൊ  നഷ്ടമായിട്ടില്ല എന്നറിയുമ്പോൾ കൊണ്ടോട്ടിക്കാർക്ക്, ഈ നന്മയിൽ പങ്കാളികൾ ആയവർക്ക് ഈ  വരുന്ന ആഗസ്ത് പതിനഞ്ചിന് രാഷ്ട്രപതിയിൽ നിന്നും ഒരു കടലാസ്സ് എങ്കിലും പ്രതീക്ഷിക്കുന്നു.

കൊണ്ടോട്ടി നമ്മുടെ കേരളത്തിൽ ആയതിൽ അഭിമാനിക്കുന്നു, കൊണ്ടോട്ടിക്കാർ മലയാളികൾ ആയതിലും !!!

ഈ പച്ചയായ മനുഷ്യരുടെ ഇടയിൽ ജനിച്ചാൽ മതിയായിരുന്നു എന്ന് ആശിച്ചുകൊണ്ട്  ദാസനും

ഒരിക്കൽ അവരെയൊക്കെ നേരിട്ട് കാണണമെന്ന ചെറിയ മോഹങ്ങളുമായി വിജയനും 

dasanum vijayanum
Advertisment