കട്ട പണം തിരികെ കൊടുത്താല്‍ പുണ്യാളന്‍ ആകുമെങ്കില്‍ ബണ്ടി ചോറും കുറ്റവിമുക്തനാകുമോ ? എന്‍റെ വക അഞ്ഞൂറ് മാണിസാറിനുവേണ്ടിയായിരുന്നോ അതോ അതും വേറെ പിരിവായിരുന്നോ ? ഇപ്പോഴത്തെ ദൈവത്തിന്‍റെ കയ്യൊപ്പ് മാണിയുടെ പ്രതികാരമോ മഹേഷിന്‍റെ പ്രതികാരമോ ? മഹാ പ്രളയം കണ്ട് ലോകം കണ്ണീരണിഞ്ഞപ്പോള്‍ ദൈവത്തിന്‍റെ നാട്ടില്‍ ഇങ്ങനെയും ചിലര്‍ ?

ദാസനും വിജയനും
Friday, February 21, 2020

മാണിസാർ പണി തുടങ്ങി , അതിന്റെ പ്രതിഫലനങ്ങൾ അങ്ങ് കൊച്ചിയിലും തിരുവനന്തപുരത്തെ നിയമസഭാ മന്ദിരത്തിലുമൊക്കെ കണ്ടുതുടങ്ങി. നീണ്ട അമ്പത് സംവത്സരങ്ങൾ കേരളനിയമസഭയിലെ കിരീടം വെക്കാത്ത രാജാവായിരുന്ന പാലായുടെ സ്വന്തം മാണിസാറിന്റെ വീട്ടിലേക്ക് അഞ്ഞൂറു രൂപ മണിയോർഡർ അയച്ചുകൊണ്ട് കേരജനതയെ ഞെട്ടിച്ച കൊച്ചിയിലെ യുവരാജാവ് ജനാബ് അഥവാ സഖാവ് ആഷിഖ് അബു ഇന്നിപ്പോൾ കട്ടമുതൽ തിരിച്ചുകൊടുത്തുകൊണ്ട് കേരളത്തിലെ യുവാക്കൾക്ക് പ്രത്യേകിച്ച് സഖാക്കൾക്ക് ഒരു മാതൃകയായിരിക്കുകയാണ് .

നിങ്ങളുടെ വീട്ടിൽ നിന്നും പെരുമ്പാവൂരിലേക്ക് അത്രയൊന്നും ദൂരമില്ല ”എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിലൂടെ കേരളത്തിലെ യുവാക്കളുടെയും യുവതികളുടെയും ഹരമായി മാറിയ , പിണറായിവിജയന്റെ മുഖ്യമന്ത്രിസ്ഥാനം സോഷ്യൽ മീഡിയയിലൂടെ അരക്കിട്ടുറപ്പിച്ച ചില കൂട്ടുകെട്ടുകൾ . ആഷിഖും ബിജിബാലും ദീപാ നിഷാന്തും ഒക്കെ ഇന്നിപ്പോൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മുഖം രക്ഷിക്കുവാനുള്ള തത്രപ്പാടിലാണ്.

മറ്റുള്ളവരെ കള്ളനെന്ന് വിളിച്ചു ആക്ഷേപിച്ചപ്പോൾ തങ്ങളും പിടിക്കപ്പെടുമെന്ന് ഇവരൊന്നും സ്വപ്നേപി നിരീച്ചില്ല . ദീപ നിഷാന്ത് കോപ്പിയടിയിലൂടെ കേരളജനതക്കുമുന്നിൽ നാണം കെട്ടപ്പോൾ ആഷിക് അബു ലോകം തേങ്ങലോടെ കണ്ട പ്രളയം മറയാക്കിയ പണപ്പിരിവിലൂടെ ഇപ്പോൾ നാണം കെട്ടുകൊണ്ടിരിക്കുന്നു .

പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും എന്നത് ഒരു നഗ്നസത്യമാണ് . അതിപ്പോൾ പൊലീസായാലും ഉണ്ട കട്ടാലും കള്ളത്തരം തന്നെ . ഓരോരോ തിടഞ്ഞെടുപ്പുവരുമ്പോഴും പുതിയ പുതിയ അടവുനയങ്ങളുമായി വന്ന് കേരളജനതയെ പറ്റിച്ചിരുന്ന ഇത്തരം സോഷ്യൽ മീഡിയ കൊണാപ്പന്മാർ ഇന്നിപ്പോൾ ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കാണിക്കുകയാണ് .

കേരളജനത കണ്ട ഏറ്റവും വലിയ പ്രളയങ്ങൾ , അതിപ്പോൾ ഇവരെയൊക്കെ ഒരു പാഠം പഠിപ്പിക്കുവാൻ ദൈവം ചെയ്തുവെച്ചതുപോലെയായിരിക്കുന്നു. പ്രളയത്തിന്റെ പേരിലുള്ള എല്ലാ പിരിവുകളിലും ഒരു കള്ളത്തരം ഒളിഞ്ഞുകിടക്കുന്നതായി കാണാം. കെഎസ്ഇബി ആയാലും മുഖ്യമന്ത്രിയുടെ പിരിവായാലും ബക്കറ്റ് പിരിവായാലും കരുണയെന്ന പേരിലുള്ള സംഗീത തട്ടിപ്പായാലും എല്ലാറ്റിലും കള്ളന്മാർ കയ്യിട്ടു വാരിക്കഴിഞ്ഞു .

തൃപ്പൂണിത്തുറയിലെ എംഎൽഎ യെ ജയിപ്പിക്കുവാൻ പാട്ടും ബഹളംവുമായി രംഗത്തിറങ്ങിയ ബിജിബാലും കേരളത്തിലെ ന്യു ജനറേഷന്റെ അപ്പോസ്തലൻ ആഷിഖ് അബുവും, സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ സമരനായിക റീമാ കല്ലിങ്ങലും കൂടെ സ്വൽപ്പം ബുദ്ധിജീവിയായ ഷഹബാസ് അമനും ഒക്കെ ചേർന്നുകൊണ്ട് ഉണ്ടാക്കിയ ‘കരുണ ‘, ആ പേരിനെ അന്വർത്ഥമാക്കിക്കൊണ്ടുള്ള നടപടികളാണ് സ്വീകരിച്ചുപോന്നിരിക്കുന്നത് . തട്ടിപ്പ് / പറ്റിപ്പ് / വഞ്ചന എന്നൊന്നും പറഞ്ഞാലൊന്നും മതിയാകാത്ത തരത്തിലുള്ള ഒരു കളിയാണ് ഇവർ കളിച്ചത് .

ഇത് ഇപ്പോഴൊന്നും തുടങ്ങിയതല്ല . ‘മഹേഷിന്റെ പ്രതികാര’ത്തിൽ തുടങ്ങിയതാണ് ഇക്കളികൾ . പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും , സിനിമ പ്രവർത്തകരും , ചില എംപിമാരും എംഎൽഎമാരും അതുപോലെ മന്ത്രിമാരും പോലീസുകാരും എന്തിനധികം പറയുന്നു , ഒട്ടുമിക്ക മാധ്യമപ്രവർത്തകരും ഇവരുടെ വലയിലായിരുന്നു . അതിന്റെ പിന്നിലുള്ള അജണ്ടകൾ വേറെയാണ് . സത്യം പറയാമല്ലോ, ഇപ്പോഴത്തെ എറണാകുളത്തെ എംപിയെ വരെ, എന്ന് പറഞ്ഞാൽ ഹൈബി ഈഡന്‍ വരെ ഇവരുടെ കൂട്ടത്തിൽ പെട്ട ആളാണോ എന്ന സംശയത്തിലായിരുന്നു .

ആലുവ എംഎൽഎയെ കുറിച്ചും ചിലതൊക്കെ കേട്ടിട്ടുണ്ട് . പക്ഷെ ഹൈബി തന്റെ നിലപാട് വ്യക്തമാക്കിയതോടെ ഇനിയിപ്പോൾ മുന്‍ എംപി പി രാജീവും എംഎൽഎ സ്വരാജ് സഖാവും നിലപാട് വ്യക്തമാക്കിയേ പറ്റൂ . ഷാനിപ്രഭാകരും ബ്രിട്ടാസും ഒക്കെ ഇക്കാര്യത്തിൽ കുരങ്ങന്റെ അവസ്ഥയിലാണ് . ഒന്നും തന്നെ മിണ്ടിക്കാണുന്നില്ല . ജയശങ്കർ വക്കീൽ ചിലതൊക്കെ പറഞ്ഞു . അപ്പോൾ അദ്ദേഹത്തെ ഇവർ വർഗീയവാദിയാക്കി മാറ്റും . ജയശങ്കർ വക്കീൽ മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ പിന്നാമ്പുറ കഥകൾ ഇച്ചിരി പഠിക്കണം . കൊച്ചിലോബിയുടെ കള്ളക്കളികൾ തുറന്നുകാട്ടുവാൻ ഏറെക്കുറെ സഹായകമാവും .

മലയാളത്തിന്റെ ഒട്ടുമിക്ക സിനിമക്കാരെയും ഉൾപ്പെടുത്തി , രാജീവ്ഗാന്ധി സ്റ്റേഡിയം ഓസിന് ഒപ്പിച്ചെടുത്ത് മുഖ്യമന്ത്രിയെ സഹായിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട ന്യു ജെൻ ഭാര്യയും ഭർത്താവും പണം കയ്യിൽ വന്നപ്പോൾ വിദേശയാത്രകളിലൂടെ മുഖ്യമന്തിയെ സഹായിക്കാമെന്ന് തീരുമാനിച്ചു. വിദേശയാത്രകൾ നടത്തിയതുമൊത്തം ഇങ്ങനത്തെ പിരിവുകൾ ആയതുകൊണ്ട് പ്രളയം പഠിക്കുവാൻ അവരും പുറപ്പെട്ടു .

കട്ട പണം തിരികെ കൊടുത്താല്‍ പുണ്യാളന്‍ ആകുമെന്ന് ഈയ്യിടെയാ അറിയുന്നത്. അങ്ങനെയെങ്കില്‍ നാളെ പണ്ട് കട്ട മുതലിന്റെ നാലിരട്ടി തിരിച്ചു കൊടുത്ത് നമ്മുടെ ബണ്ടി ചോറും ജയിലില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടേക്കാം. കാരണം മോഷണ മുതല്‍ തിരിച്ചുകൊടുത്താല്‍ പിന്നെ കള്ളനല്ലല്ലോ.

പിന്നെ കൊച്ചിയിലെ ഫൈവ്സ്റ്റാർ ജീവിതത്തിന് വല്ലപ്പോഴും സംവിധാനമോ ഡാൻസോ ചെയ്താൽ പോരല്ലോ . സംവിധാനം മാത്രം പോരാ പോസ്റ്ററിൽ നിർമ്മാതാവിന്റെ പേരിലും ഷൈൻ ചെയ്യണമെങ്കിൽ പണം വേണം . സംവിധാനം ചെയ്തുകിട്ടുന്ന പണം പോരാതെവരുമ്പോൾ തോന്നുന്ന ആശയങ്ങളാണ് കരുണയും വൺ നെസ് മില്ലും ഒക്കെ . എല്ലാറ്റിലും ആരും കാണാത്ത പണം ഒളിഞ്ഞുകിടക്കുന്നു എന്ന യാഥാർഥ്യം അവർക്കറിയാം . അഴിമതിക്കെതിരെ അഞ്ഞൂറ് രൂപ പണം അയച്ചതിലും ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു .

കാരണം പലരും ആഷിഖിന്റെ പേരിലേക്കാണോ അയച്ചതെന്ന് ഇപ്പോൾ തോന്നിപ്പോകുന്നു . ഒരുമിച്ചു മാണിസാറിന്റെ കയ്യിൽ എത്തിക്കുമല്ലോ എന്ന് കരുതി കുറെ അണികൾ അങ്ങനെയും ചെയ്‌തുകാണാം . ഏത് അച്ഛൻ വന്നാലും അമ്മക്കാണ് സ്വൈര്യക്കേട് എന്ന് പറഞ്ഞതുപോലെ എവിടെ പിരിവുനടന്നാലും ഗുണം കിട്ടുന്നത് ഇവർക്കുതന്നെ . ഗൾഫിലെ ചൂടിൽ ആയിരം രൂപക്ക് ശമ്പളം വാങ്ങുന്ന കുറെ ചെറുപ്പക്കാരുടെ വിയർപ്പിന്റെ ഫലമാണ് മഹേഷിന്റെ പ്രതികാരം . ഭീഷണിയിലൂടെയും കയ്യൂക്കിലൂടെയും അക്കാര്യം ആരും അറിയാതെ ഒതുക്കുവാൻ ഇവർക്ക് സാധിച്ചു .

ഇങ്ങനെയുള്ള അഹങ്കാരമാണ് കരുണയിൽ അവരെ എത്തിച്ചത് . മലയാള ഭാഷ കുറെ നീട്ടിയെഴുതിയാൽ എല്ലാവരും വായ മൂടിക്കെട്ടും എന്നൊരു മിഥ്യയായ ധാരണ ഇവർക്കുണ്ട് . അതിന്റെ ഉത്തമോദാഹരണമാണ് ഹൈബിക്കുള്ള മറുപടി .

എന്തായാലും ആഷിഖിന്റെ വീട്ടുചിലവിനായി മാണിയുടെ പാർട്ടിക്കാർ ഒരു രൂപ ശേഖരിക്കുമെന്ന് അറിഞ്ഞപ്പോൾ ആണിതെഴുതുന്നത് . അടുത്ത തിരഞ്ഞെടുപ്പിൽ കളമശ്ശേരിയിലെ സ്ഥാനാർത്ഥിയായി പിണറായി വിജയൻ മുന്നിൽ കണ്ടിരുന്ന ഒരാൾ ഇങ്ങനെ നാറുമെന്ന് ഒരു സഖാവും പ്രതീക്ഷിച്ചതല്ല .

നമ്മുക്ക് നാമേ പണിവത് നാകം നരകവുന്നതുപോലെ എന്നോർമ്മിപ്പിച്ചുകൊണ്ട് ,

കരുണയിൽ കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങിയ ദാസൻ മുതലാളിയും , മഹേഷിന്റെ പ്രതികരണവുമായി വിജയനും

×