ഐ എം വിജയനെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചേക്കും ? ആലത്തൂരില്‍ മത്സരിക്കാന്‍ വിജയന്‍റെ മേല്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ശക്തമാക്കി ?

എ കെ സത്താര്‍
Saturday, February 9, 2019

തൃശൂര്‍:  ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വത്തിന് കോണ്‍ഗ്രസ് പരിഗണിക്കുന്ന ഐ എം വിജയനെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചേക്കും.  ആലത്തൂരില്‍ മത്സരിക്കണമെന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ വിജയന്‍ തയാറാകാത്ത സാഹചര്യത്തിലാണ് വിജയനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് ഒരുങ്ങുന്നത്.

ഓരോ സീറ്റും അതീവ വിലപ്പെട്ടതാണെന്ന വിലയിരുത്തലിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും പരമാവധി സീറ്റുകള്‍ തരപ്പെടുത്താനാണ് എ ഐ സി സി ആലോചിക്കുന്നത്.  ആലത്തൂരില്‍ വിജയന്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നാണ് സംസ്ഥാന നേതാക്കള്‍ രാഹുലിനെ ധരിപ്പിച്ചിരിക്കുന്നത്.

കാലങ്ങളായി സി പി എം വിജയിക്കുന്ന, മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ മത്സരിച്ച ഈ മണ്ഡലം ഏത് വിധേനയും തിരിച്ചു പിടിക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസിനുണ്ട്.  അതിനായി കോണ്‍ഗ്രസ് നടത്തിയ സര്‍വെയില്‍ കണ്ടെത്തിയ ആദ്യ പേര് വിജയത്തിന്റെതാണ്. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ വിജയന്‍ ഉറച്ചു നില്‍ക്കുകയാണ്.

ഫുട്ബോളും സിനിമയും ജോലിയും മാത്രമാണ് തന്റെ മേഖലയെന്നാണ് വിജയന്‍റെ നിലപാട്.  ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം ആളായി ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിജയന്‍ പറയുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നും എന്നാല്‍ താന്‍ നിരസിക്കുകയായിരുന്നെന്നും വിജയന്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏത് വിധേനയും വിജയനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

×