Advertisment

ഉയരങ്ങളിലേക്ക് ചിറകുവിടര്‍ത്താന്‍ മോഹിച്ചു. ഒടുവില്‍ പാലായിലെ ട്രാക്കില്‍ നിന്നും അഭീല്‍ പറന്നകന്നത് നോക്കത്താ ദൂരത്തേക്ക്

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

പാലാ:  അഭീല്‍ ജോണ്‍സണ്‍ എന്ന ചുണക്കുട്ടന്‍ ഇനി എക്കാലവും പാലായ്ക്ക് ഒരു നൊമ്പരമായിരിക്കും.  അപകടത്തിനും മരണത്തിനുമിടയിലുള്ള 17 ദിവസങ്ങള്‍ ഒരു നാട് മുഴുവന്‍ അവന്‍ മടങ്ങിവരാന്‍ വേണ്ടി മനമുരുകി പ്രാര്‍ഥിച്ചതാണ്. പക്ഷേ പിടിച്ചാല്‍ കിട്ടാത്തത്ര ഉയരങ്ങളിലേക്ക് അവന്‍ പറന്നകന്നു.

പാലായുടെ അഭിമാനമായി മാറിയ ദേശീയ നിലവാരത്തില്‍ നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്കിലെ ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെയായിരുന്നു ഇക്കഴിഞ്ഞ നാലാം തീയതി അഭീലിന് പരിക്കേറ്റത്. തുടക്കത്തില്‍ ആ അപകടം അത്ര ഗൗരവമായി ആരും കരുതിയില്ല. അപകടശേഷവും മത്സരം തുടര്‍ന്നു.

അഭിലിന്റെ തലച്ചോറ് തകര്‍ത്ത് കയറിയ അതേ ഹാമര്‍ വീണ്ടും മത്സരത്തിന് ഉപയോഗിക്കപ്പെട്ടുവെന്നത് മനപ്പൂര്‍വമായിരിക്കില്ല. ആ ഹാമര്‍ അവന്റെ ജീവന്‍ അപകടത്തിലാക്കിയെന്ന് തിരിച്ചറിയാന്‍ വീണ്ടും സമയമെടുത്തു.

publive-image

അഭീലിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മനസിലായതോടെയാണ് പിറ്റേ ദിവസം അത്ലറ്റിക് മീറ്റ്‌ നിര്‍ത്തി വയ്ക്കാന്‍ തീരുമാനമായത്.

അഭീലിന് വിദഗ്ധ ചികിത്സ ഒരുക്കാന്‍ ജോസ് കെ മാണി എം പിയും മാണി സി കാപ്പന്‍ എം എല്‍ എയും തോമസ്‌ ചാഴികാടന്‍ എം പിയും അടക്കമുള്ളവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ടെത്തി.

ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂര്‍ കുറിഞ്ഞംകുളത്ത് ജോണ്‍സണ്‍ ജോര്‍ജ്ജിനും ഭാര്യയ്ക്കും ഏറെ കാത്തിരിപ്പിനിടയിലുണ്ടായ മകനായിരുന്നു അഭീല്‍. അതും ഏക മകന്‍.

ഫുട്ബോളായിരുന്നു അഭീലിന്റെ പ്രതീക്ഷ മുഴുവന്‍. അവന്റെ പ്രതീക്ഷകള്‍ സഫലമാകുന്നുവെന്ന് തോന്നിയിടത്തുനിന്നാണ് ട്രാക്കില്‍ നിന്നുതന്നെ അവന്‍ തിരിച്ചു നടന്നത്.

കേരളാ ബ്ലാസ്റ്റെഴ്സ് സ്കോര്‍ ലൈന്‍ സ്പോര്‍ട്സ് അക്കാദമിയിലേക്ക് സെലക്ഷന്‍ ലഭിച്ചിരിക്കെയായിരുന്നു അഭീല്‍ അപകടത്തില്‍പ്പെട്ടത്. കേരളാ ബ്ലാസ്റ്റെഴ്സ് സ്കോര്‍ലൈന്‍ സ്പോര്‍ട്സും പാലാ സ്പോര്‍ട്സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്നാണ് ഫുട്ബോള്‍ പരിശീലനം നല്‍കിയിരുന്നത്.

പാലായില്‍ മുപ്പതോളം വിദ്യാര്‍ഥികള്‍ വിവിധ വിഭാഗങ്ങളിലായി ഫുട്ബോള്‍ പരിശീലനം നേടിയിരുന്നതില്‍ അഭീളിനും മറ്റൊരു വിദ്യാര്‍ഥിക്കും മാത്രമായിരുന്നു സ്കോര്‍ ലൈന്‍ അക്കാദമിയിലേക്ക് പ്രവേശനം ലഭിച്ചത്.

16 വയസില്‍ താഴെയുള്ള വിഭാഗത്തിലായിരുന്നു അഭീലിന് സെലക്ഷന്‍ ലഭിച്ചത്. ഏതാനും മാസം മുമ്പ് വിദേശ പരിശീലകന്‍ ജാവോ പെട്രോയുടെ കീഴിലും അഭീല്‍ പരിശീലനം നേടിയിരുന്നു.

സംഘാടകരുടെ അശ്രദ്ധ മൂലം അഭീല്‍ അപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. കലക്ടര്‍ പി കെ സുധീര്‍ ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി കലക്ടര്‍ അലക്സ് ജോസഫ് അപകടത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടി.

Advertisment