മക്കൾ രാഷ്ട്രീയവും മക്കൾ കച്ചവടവും – മുരളീധരന്‍ മുതല്‍ ബിനോയ്‌ കോടിയേരി വരെ നീളുന്ന അന്തര്‍നാടകങ്ങള്‍ ? വിജയിച്ചവരും തോറ്റ് പിന്‍വാങ്ങിയവരും തോറ്റിട്ടും ‘ബാധ്യതയായി’ പിടിച്ചുനില്‍ക്കുന്നവരും

ദാസനും വിജയനും
Sunday, June 30, 2019

മക്കൾ രാഷ്ട്രീയവും മക്കൾ കച്ചവടവും മക്കൾ മാഹാത്മ്യമായി മാറുമ്പോൾ ദുഃഖിക്കുന്ന കുറെ അച്ചന്മാരുടെയും അമ്മമാരുടെയും കണ്ണുനീർ കേരളത്തിന്റെ മണ്ണിൽ വീഴുമ്പോൾ ചില വസ്തുതകൾ നമുക്ക് മറച്ചുവെക്കാനാകില്ല.

നമ്മുടെ ഒക്കെ ഓർമ്മയിൽ മക്കൾ രാഷ്ട്രീയം എന്ന ഒരു അധ്യായം കേരളത്തിന് സമ്മാനിച്ചത് കോൺഗ്രസുകാരനായിരുന്ന ലീഡർ കെ കരുണാകരൻ ആയിരുന്നു.

അന്നദ്ദേഹം അനുഭവിച്ച യാതന കുറച്ചൊന്നുമല്ലായിരുന്നു. അബുദാബിയിൽ ജോലി അന്വേഷിച്ചു ഇറങ്ങിയ മുരളീധരനെ കരുണാകരൻ തിരിച്ചുവിളിക്കുകയും കോഴിക്കോട്ടെ ലോക്‌സഭാ സ്ഥാനാർത്ഥിയാക്കുകയും ചെയ്തപ്പോൾ ഏറ്റവും കൂടുതൽ ബഹളം വെച്ചത് മാതൃഭൂമിയുടെ എംപി വീരേന്ദ്രകുമാർ ആയിരുന്നു .

അദ്ദേഹത്തിന്റെ പുന്നാരമകൻ കൽപ്പറ്റയിൽ നിന്നും ജയിച്ചുകയറും വരെ വീരൻ കരുണാകരനെ പച്ചക്ക് തിന്നുകൊണ്ടിരുന്നു.

ആന്റണിയുടെ മകനും ഉമ്മൻചാണ്ടിയുടെ മകനും കാത്തിരിക്കുന്നു

എകെ ആന്റണിയുടെ മകനും ഉമ്മൻചാണ്ടിയുടെ മകനും ഒക്കെ രാഷ്ട്രീയത്തിൽ വരുന്നുണ്ടെങ്കിലും എല്ലാവരും നല്ല അവസരങ്ങൾ നോക്കി ജനകീയമായി ജയിച്ചുകയറാമെന്ന ഉറപ്പിന്മേൽ കാത്തിരിക്കുകയാണ്.

വയലാർ രവിയുടെ മകൾക്കായി കോട്ടയം സീറ്റിന് പിടിമുറുക്കി നോക്കിയെങ്കിലും സിഎൻ ബാലകൃഷ്ണന്റെ മകളുടെ ഗതിയാണ് വന്നണഞ്ഞത് . അച്ഛന്‍മാര്‍ നന്നല്ലെങ്കില്‍ പിന്നെ മക്കളെകൂടി നാട്ടുകാര്‍ സഹിക്കുമോ ?

മക്കള്‍ സിനിമ

കരുണാകരന്റെ മക്കളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ കളിയാക്കിയിരുന്ന മമ്മുട്ടിയുടെയും ശ്രീനിവാസന്റെയും മക്കൾ അച്ചന്മാരുടെ പിൻബലത്തിൽ സിനിമകളിൽ വിലസുന്നു. ജയറാമിന്റെ മകനും ലാലേട്ടന്റെ മകനും മുകേഷിന്റെ മകനും ഒക്കെ ഇപ്പോൾ അച്ചന്മാരുടെ കൈകൾ പിടിച്ചുകൊണ്ട് മുന്നേറുമ്പോൾ ലീഡർ മുകളിലിരുന്ന് ചിരിക്കുന്നു .

അതികായന്മാരുടെ മക്കളില്‍ വെന്നിക്കൊടി പായിച്ചവര്‍ 

സഖാവ് അനിരുദ്ധന്റെ മകൻ ആറ്റിങ്ങലിൽ വിജയിച്ചു മധുരം നുണഞ്ഞെങ്കിലും സഖാവ് ഇഎംഎസിന്റെ മകന് മുകുന്ദപുരത്തുനിന്നും കയ്പുനീരാണ് കിട്ടിയത്. ജനാബ് സിഎച്ചിന്റെ മകനെ കോഴിക്കോട്ടുകാർ സ്വീകരിച്ചെങ്കിലും സഖാവ് പികെവിയുടെ മകളെ പറവൂരുകാർ തഴയുകയിരുന്നു .

പിടി ചാക്കോയുടെ മകനെ കോട്ടയത്തുകാർ ഉയർത്തി വിട്ടെങ്കിലും കൈയിലിരുപ്പ് മോശമായപ്പോൾ കാല് മടക്കിയടിച്ചു . ഇനി ആ ഗതി ബാലകൃഷ്ണപിള്ളയുടെ മകനും വന്നുകൂടാനുള്ള സാധ്യത നിലനിൽക്കുന്നു .

അപ്പോഴും പാലായുടെ മാണിസാറിന്റെ മകൻ അളിഞ്ഞ രാഷ്ട്രീയത്തിന്‍റെ പിന്നാലെ പോകാതെ ബുദ്ധിപരമായി കരുക്കൾ നീക്കി അച്ഛന്റെ സ്ഥാനത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നു .

ചേകവനായിരുന്ന പിആർ കുറുപ്പിന്റെ മകൻ അച്ഛന്റെ പാതയിൽ വന്നപ്പോൾ സഖാവ് ബേബിജോണിന്റെ മകനും പേരുമോശം ഇല്ലാതെ കൊല്ലത്തുകാരുടെ മനസ് കീഴടക്കി ജീവിക്കുന്നു.

സീതിഹാജിയുടെ മകനും അവുക്കാദര്‍ കുട്ടി നഹയുടെ മകനും സഖാവ് വികെ രാജന്റെ മകനും അധികം ആരെക്കൊണ്ടും മോശം പറയിപ്പിക്കാതെ മുന്നോട്ട് നീങ്ങുമ്പോൾ ആര്യാടന്റെ മകൻ അടുത്ത അങ്കത്തിനായുള്ള അടവുകൾ പയറ്റുകയാണ്.

യുഡി എഫിന് ബാധ്യതയായി ജേക്കബിന്‍റെ മകന്‍ അനൂപ്‌

കേരള രാഷ്ട്രീയത്തിലെ ‘പ്രതിഭ’ എന്ന് വിശേഷിപ്പിക്കാവുന്ന ടിഎം ജേക്കബിന്‍റെ മകന്‍ അനൂപ്‌ ജേക്കബ്ബിന് പിതാവിന്‍റെ വിയോഗ ശേഷം വേണ്ടുവോളം അവസരങ്ങള്‍ ലഭിച്ചെങ്കിലും ആ മനുഷ്യന്‍റെ ഒരു ഗുണവും മണവും തനിക്കില്ലെന്ന് തെളിയിച്ചുകഴിഞ്ഞു. അതിനി യുഡിഎഫിനെ സംബന്ധിച്ച് ഒരു ബാധ്യതയാണ്.

പികെ ശ്രീനിവാസന്റെ മകൻ പുനലൂരിൽ അങ്കം ജയിച്ചെങ്കിലും ഇപ്പോൾ കാണ്മാനില്ല. കെഎം ജോർജ്ജിന്റെ മകനും ഇടുക്കിയിൽ ജയിച്ചുകയറിയെങ്കിലും ഇപ്പോൾ സ്ഥിരതയില്ലാത്ത അവസ്ഥയിലാണ് .

‘ദേശീയ മക്കളും’ ജയപരാജയങ്ങളും

കേന്ദ്രത്തിൽ നെഹ്രുവിന്റെ പകരക്കാരിയായി ഇന്ദിര വന്നെങ്കിലും അർഹതക്ക് ഒരംഗീകാരമായിട്ടേ എല്ലാവരും അക്കാര്യം കൈകാര്യം ചെയ്തുള്ളൂ. പക്ഷെ രാജീവ്ഗാന്ധിയെ അത്രകണ്ട് അങ്ങ് അംഗീകരിക്കുവാൻ എല്ലാവരും മടിച്ചു . ഇപ്പോൾ രാഹുൽഗാന്ധിയും തന്റേതായ കഴിവുകൾ തെളിയിച്ചുകൊണ്ട് മുന്നോട്ട് വരുവാനുള്ള തന്ത്രങ്ങൾ മെനയുകയാണ് .

സച്ചിൻ പൈലറ്റും ജ്യോതിരാഹിത്യ സിന്ധ്യയും ഒമർ അബ്ദുള്ളയും പ്രിയ ദത്തും കാർത്തി ചിദംബരവും അഖിലേഷ് യാദവും തേജസ്വി യാദവും അങ്ങനെ കുറെ അച്ചന്മാരുടെ മക്കളൊക്കെ കഴിവുകൾ തെളിയിച്ചുകൊണ്ട് രാഷ്ട്രീയം തൊഴിലാക്കി മാറ്റുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .

പ്രമോദ് മഹാജന്റെ മകളും പവാറിന്റെ മകളും മുണ്ടെയുടെ മകളും അത്യാവശ്യം ജനകീയമായിക്കൊണ്ടിരിക്കുന്നു . കരുണാനിധിയുടെ മകൻ ബുദ്ധിപരമായ രാഷ്ട്രീയം കളിക്കുമ്പോൾ മകൾ അബദ്ധങ്ങളിൽ നിന്നും പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നു .

വൈഎസ്ആറിന്റെ മകൻ എല്ലാവരെയും ഞെട്ടിക്കുമ്പോൾ ചന്ദ്രശേഖരറാവുവിന്റെ മകൾ മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുകയാണ്. ദേവഗൗഡയുടെ മകൻ ചങ്കൂറ്റം കാണിക്കുമ്പോൾ ദേവിലാലിന്റെ മക്കൾ പരാജയപ്പെടുകയിരുന്നു .

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ മകൻ സ്വന്തമായി കച്ചവടം നടത്തുകയാണ്. പേരുമോശം ഉണ്ടാക്കിയെങ്കിലും തിണ്ണബലത്തിൽ എല്ലാവരും കണ്ണടക്കുകയാണ്.

മുൻ ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ മകൻ കച്ചവടവും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുപോകുവാൻ ശ്രമിക്കുകയാണ് ഇപ്പോൾ . ശിവഗംഗയിൽ എംപിയായി ജയിച്ചുവെങ്കിലും കച്ചവടത്തിലെ കളികൾ ഇനി കാണുവാൻ ഇരിക്കുന്നതേയുള്ളു .

മക്കളുടെ മേച്ചില്‍പ്പുറങ്ങളുടെ തിരശീല നീക്കുമ്പോള്‍ 

കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയുടെ മക്കൾ കച്ചവടത്തിൽ ഇറങ്ങിയെങ്കിലും ചരിത്രത്തിൽ ഇതുവരെ ആരും കേൾക്കാത്ത അപവാദങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്.

സഖാക്കളുടെയും പോരാളിഷാജിമാരുടെയും ചാനൽ ന്യായീകരണ തൊഴിലാളികളുടെയും ഭാഷയിൽ പറഞ്ഞാൽ പാർട്ടിക്കെതിരെയുള്ള കുപ്രചരണങ്ങൾ ആണെങ്കിലും കാശ് കിട്ടാനുള്ളവൻ കേസ് കൊടുത്താൽ കൊടുത്തുവീട്ടുകയേ നിർവാഹമുള്ളൂ .

ആയതിനാൽ മക്കൾ ദുബായിൽ വരുത്തിവെച്ച കടങ്ങൾ മുതലാളിമാർ മുഖേനയോ പാർട്ടിക്കാർ മുഖേനയോ കൊടുത്തുവീട്ടി സഖാക്കളുടെ മനം കാത്തു . പക്ഷെ ബീഹാറുകാരിയിൽ ജനിച്ച മകൻ മകനല്ലാതാകില്ലല്ലോ. അത് ഒന്നുകിൽ രണ്ടു കയ്യും നീട്ടി സ്വീകരിക്കുക അല്ലെങ്കിൽ സഖാക്കളുടെ ഭാഷയിൽ പറഞ്ഞാൽ തള്ളിക്കളയുക.

പക്ഷെ മഹാരാഷ്‌ട്രവും ബീഹാറും ഭരിക്കുന്നത് എതിരാളികൾ ആയതുകൊണ്ടും എതിരാളി കേരളത്തിലേക്ക് നുഴഞ്ഞു കയറുവാൻ തക്കം പാർത്തിരിക്കുന്നത് കൊണ്ടും കാര്യങ്ങൾ ഈസിയായി ഭവിക്കുവാൻ സാധ്യത വളരെ കുറവാണ് .

ഡിഎൻഎ ടെസ്റ്റുകൾ പണം കൊടുത്തുവേണെൽ തിരുത്താം. കോടതി വിധികളെ മാറ്റിമറിക്കാം. ഭീഷണയാൽ പരാതികൾ ഒത്തുതീർപ്പാക്കപ്പെടാം. പക്ഷെ കൊച്ചിന്റെ മുഖച്ഛായ മാറ്റുവാൻ പ്ലാസ്റ്റിക്ക് സർജറി ചെയ്തേ പറ്റൂ .

വീരശൂരപരാക്രമികളായ അച്ചന്മാരുടെ വായടപ്പിക്കുന്നതും മക്കള്‍ ?

കേരളത്തിലെ എല്ലാ ചന്തക്കും പോയിരുന്ന ഒരു മഹാനുണ്ട് . സിനിമാക്കാർ ഒന്നടങ്കം ഒറ്റക്കെട്ടായി നിന്നപ്പോൾ അവർക്കെതിരെ ഒറ്റയാളായായി നിലയുറച്ച വിനയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ സഖാവ് കാനം ശരിക്കും രാഷ്ട്രീയ വനവാസത്തിലാണ് എന്ന് വേണമെങ്കിൽ പറയാം.

എവിടെ തരംകിട്ടിയാലും പിണറായിക്കിട്ടു രണ്ടുകൊട്ടുന്നതില്‍ സുഖം കണ്ടിരുന്ന കക്ഷിയുടെ പ്രതികരണശേഷി തല്‍ക്കാലം നഷ്ടപ്പെട്ടിരിക്കുന്നു. കാരണം മറ്റൊന്നുമല്ല . അതും മറ്റൊരു മക്കൾ കച്ചവടവുമായി ബന്ധപ്പെട്ട കേസ് തന്നെ. പക്ഷെ ഒരു കുഞ്ഞും അറിയാതെ അച്ഛൻ മകനെ കേസിൽ നിന്നും തലയൂരിച്ചപ്പോൾ അതിലും ഇടപെട്ടത് ഒരു വേദനിക്കുന്ന കോടീശ്വരൻ തന്നെ .

ഇപ്പറഞ്ഞ ബിനോയിയെക്കാളും ബിനീഷിനെക്കാളും ശ്രീജിത്തിനേക്കാളും വലിയ ക്രിമിനൽ കേസിലാണ് കാന൦കാരന്‍ മകൻ അകപ്പെട്ട് ഗൾഫിലെ ജയിലിലായത് . കോടികളുടെ ഈടിന്മേൽ ആണ് കാര്യങ്ങൾ ഭംഗിയായി അവസാനിപ്പിച്ചത്. എന്നാലും കേസ് നിലനിൽക്കുന്നു എന്നതാണ് കേൾവി .

ചവറ എംഎൽഎയുടെ മകനും കച്ചവടാവശ്യപ്രകാരം ദുബായിലെത്തിയതാണ്. പക്ഷെ തുടങ്ങിയ കച്ചവടം ഡാൻസ്ബാർ എന്ന സുഖമുള്ള കച്ചവടമായിരുന്നു . ഇവർക്കൊക്കെ പണം കൊടുത്തു സഹായിക്കുന്ന കച്ചവടമായിരുന്നു കണ്ണൂരിലെ ഈപിയുടെ മകൻ ചെയ്തുപോന്നിരുന്നത്. മുൻ ആരോഗ്യമന്ത്രിയുടെ മകനും അത്ര നല്ല കച്ചവടമല്ല ദുബായിൽ ചെയ്തിരുന്നത് എന്നത് കണ്ണൂരിലെ കുറെ പേർക്കെങ്കിലും അറിയാം .

കുഞ്ഞാലിക്കുട്ടിയുടെ മകനും അഹമ്മദിന്റെ മകനും

കുഞ്ഞാലിക്കുട്ടിയുടെ മകൻ സിറാജ് ഖത്തറിലെ സീഷോർ ഗ്രൂപ്പുമായി ചേർന്ന് സ്റ്റീൽ കച്ചവടം ചെയ്യുമ്പോൾ ഇ അഹമ്മദിന്റെ മകൻ ഒമാനിൽ ഗൾഫാർ കൺസ്ട്രക്ഷൻ കമ്പനിയുമായി ചേർന്ന് കച്ചവടം ചെയ്തിരുന്നു. എംഎം ഹസന്റെ മകൻ യൂസഫലിയെ കച്ചവടം ചെയ്യുവാൻ സഹായിക്കുമ്പോൾ ഉമ്മൻചാണ്ടിയുടെ മകൾ ദുബായിലെ ആസ ഗ്രൂപ്പിനെ സഹായിക്കുന്നു.

നായനാരുടെ മകൻ ദുബായിൽ വഹാബുമായി കച്ചവടം ചെയ്തുകൊണ്ട് ലോണുകൾ എടുത്തു മുങ്ങിയപ്പോൾ സഖാവ് എംവിആറിന്റെ മകൻ ചിക്കിങ് മൻസൂറുമായി ചാനൽ കച്ചവടം നടത്തി നടത്തി ഇപ്പോൾ അറസ്റ്റ് വാറണ്ടുകളുമായി മലയാളം വാർത്തകൾ വായിക്കുകയാണ് .

മഞ്ഞളാംകുഴി അലിയുടെ മകൻ ഇലക്ട്രോണിക്സ് കച്ചവടം നടത്തുന്നതിന്റെ ഇടയിൽ അകാലത്തിൽ ഈ ലോകത്തോട് വിടപറഞ്ഞപ്പോൾ ഗണേഷ്‌കുമാറും കുറെ കച്ചവടങ്ങൾക്ക് പണം മുടക്കിയിരുന്നു , നിർഭാഗ്യവശാൽ ബന്ധുകൂടിയായ പാർട്ടണർ ദുബായിൽ നിന്നും മുങ്ങേണ്ടിവന്നു .

പിണറായിയുടെ മകനും പി ജയരാജന്‍റെ മകനും കമ്യൂണിസ്റ്റ് മക്കള്‍ക്ക് മാതൃക

പത്മജയുടെ മകളും കച്ചവടക്കണ്ണുകളുമായി ദുബായിൽ ഒതുങ്ങി ജീവിക്കുമ്പോൾ സാക്ഷാൽ പിണറായി വിജയൻറെ മകൻ സാധാരണക്കാരനായി ഒരു ബാങ്കിനെ കച്ചവത്തിൽ സഹായിക്കുന്നു . അതുപോലെ കണ്ണൂരിന്റെ പി ജെ അഥവാ പി ജയരാജന്റെ മകനും ഒരു വടകരക്കാരന്റെ പരസ്യക്കമ്പനിയിൽ ജോലിചെയ്തുകൊണ്ടു സഹായിച്ചിരുന്നു .

അച്ഛൻ എംപിയായപ്പോൾ ഇന്നസെന്റിന്റെ മകൻ ഉള്ള കച്ചവടം അവസാനിപ്പിച്ചുകൊണ്ട് അച്ഛനെ സഹായിക്കാനെന്ന വ്യാജേന രാഷ്ട്രീയ കച്ചവടത്തിൽ ഇറങ്ങിയെങ്കിലും ഇപ്പോഴത്തെ അച്ഛന്റെ തോൽ‌വിയിൽ സ്വൽപ്പം പണം നഷ്ടപ്പെട്ടിരിക്കുകയാണ് .

കൊച്ചിയുടെ ഈഡന്റെ മകൻ ഹൈബി രാഷ്ട്രീയത്തിൽ തന്നെ പിടിച്ചുനിന്നപ്പോൾ കെവി തോമസിന്റെ മകൾ അത്യാവശ്യം കച്ചവടങ്ങൾ ചെയ്തുകൊണ്ട് പൊടിപിടിക്കുന്നു .

വയലാർ രവിയുടെ മകൻ ആംബുലൻസിൽ പണമിറക്കി പണം കൊയ്തപ്പോൾ മുൻമന്ത്രി ശിവദാസമേനോന്റെ മകൻ ദുബായിൽ ലാവലിൻ പ്രതിയുടെ പസിഫിക് കൺട്രോളുമായി കൂട്ടുകൂടി. ഒരു മകനെ കച്ചവടത്തിൽ പങ്കാളിയാക്കാത്തതിന് എംവി ഗോവിന്ദനും ഭാര്യ ശ്യാമളയും ചേർന്ന് അന്തൂരിൽ ഒരാളെ കൊലക്ക് കൊടുത്തു .

നൂറുകണക്കിന് മക്കളെ നിസ്സാരകാര്യങ്ങൾക്കും പാർട്ടി വളർത്തുവാനും പുകമറകൾ സൃഷ്ടിക്കുവാനും എതിരാളികളെ ഇല്ലാതാക്കുവാനും ബലിയാടാക്കിയ നേതാക്കന്മാർ ഇപ്പോൾ അവരവരുടെ മക്കളുടെ കാര്യത്തിൽ നീറിനീറി ജീവിക്കുന്നു .

പാർട്ടി സെക്രട്ടറി പറഞ്ഞത് അച്ചട്ടായി ! പാടത്തു പണി വരമ്പത്ത് കൂലി !

ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മറ്റുള്ള മാതാപിതാക്കളുടെ കണ്ണുനീരിന്റെ വില , അതിന്റെ വ്യാപ്തി ഇപ്പോഴെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണ് . അച്ഛനായി പിറന്നതുകൊണ്ടു ഒരാൾ എന്ത് തെറ്റ് ചെയ്തു , മകനായി പിറന്നതുകൊണ്ടു ഒരാൾ എന്ത് തെറ്റ് ചെയ്തു.

ഇന്നിപ്പോൾ ദൈവം പഴയതുപോലെയല്ല , പാർട്ടി സെക്രട്ടറി പറഞ്ഞതുപോലെ പാടത്തു പണി വരമ്പത്ത് കൂലി എന്ന് പറഞ്ഞത് പോലെയാണ് . അപ്പപ്പോൾ പണി കൊടുത്തുകൊണ്ടിരിക്കും.

അതിപ്പോൾ രാഷ്ട്രീയത്തിലായാലും സിനിമയിൽ ആയാലും കുടുംബങ്ങളിൽ ആയാലും ആരും ആരെയും ഒന്നിനും കുറ്റപ്പെടുത്തുവാൻ ആകാത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത് .

ഏറ്റവും അവസാനമായി തിരുവഞ്ചൂരിന്റെ പ്രസംഗത്തെ പുച്ഛിക്കുകയും കളിയാക്കുകയും ചെയ്ത ബഹുമാനപ്പെട്ട എംപി ആരിഫിന് ലോക്‌സഭയിൽ ദൈവം ശിക്ഷ കൊടുത്തതുപോലെ ആർക്കും എപ്പോഴും എന്തും സംഭവിക്കാം . കൂടുതലും മക്കളിലൂടെ ആകുവാനാണ് സാധ്യത കൂടുതൽ …

നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ എന്ന ആപ്തവാക്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ട്… ,

അച്ഛനായി പിറന്നതിൽ ഏറെ ദുഃഖിക്കുന്ന സെക്രട്ടറി ദാസനും മകനായി പിറന്നതുകൊണ്ട് ഏറെ സന്തോഷിക്കുന്ന സഖാവ് വിജയനും

×