Advertisment

കോവിഡ് പ്രതിരോധത്തിനായി കോട്ടയം ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

കോട്ടയം; കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ എം. അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പ, എ.ഡി.എം ആശ സി. ഏബ്രഹാം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

നിയന്ത്രണങ്ങൾ ഇങ്ങനെ

?സംസ്ഥാന തലത്തിൽ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ പൊതു പരിപാടികളും ആരാധനാലയങ്ങളിലെ ചടങ്ങുകളും നടത്തുവാൻ പാടുള്ളൂ. ഇതിനായി തഹസിൽദാരുടെയോ സ്‌റ്റേഷൻ ഹൗസ് ഓഫീസറുടെയോ മുൻകൂർ അനുമതി വാങ്ങണം. നിലവിലുള്ള നിർദേശങ്ങൾ പാലിച്ചാണ് പരിപാടികൾ നടത്തുന്നതെന്ന് സംഘാടകർ ഉറപ്പു വരുത്തണം. വീഴ്ച്ച വരുത്തുന്ന പക്ഷം നടപടി സ്വീകരിക്കും.

?വിവാഹം, മരണം, ജന്മദിനം തുടങ്ങിയവയോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടത്തുന്നതിനു മുൻപ് covid19jagratha.kerala.nic.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇത്തരം ചടങ്ങുകളിൽ കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണിത്.

?ചടങ്ങുകളിൽ ഭക്ഷണം പാഴ്‌സലായി വിതരണം ചെയ്യാൻ കഴിയുന്നവർ അങ്ങനെ ചെയ്യണം.

?പൊതു പരിപാടികൾക്ക് പരമാവധി രണ്ടു മണിക്കൂർ സമയം മാത്രമാണ് അനുവദിക്കുക.

?ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് ആനകളെ എഴുന്നള്ളിക്കുന്നത് നിരോധിച്ചു

?വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ബാറുകളും സിനിമാ തിയേറ്ററുകളും രാത്രി ഒൻപതു വരെ മാത്രമേ പ്രവർത്തിക്കാവൂ.

?ഹോട്ടലുകളിൽ ആകെയുള്ള ഇരിപ്പിടങ്ങളുടെ പകുതി എണ്ണം ആളുകൾക്കേ പ്രവേശനം നൽകാവൂ. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. ഒൻപതു മുതൽ പത്തുവരെ ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് നടത്താം.

?സ്വകാര്യ സ്ഥാപനങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ജീവനക്കാർ രണ്ടു ഡോസ് വാക്‌സിൻ എടുത്തു എന്ന് ഉടമകൾ ഉറപ്പുവരുത്തണം. ഇവർ വാക്‌സിൻ എടുത്തിട്ടില്ലെങ്കിൽ എല്ലാ ആഴ്ച്ചയിലും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം.

?ട്യൂഷൻ സെന്ററുകൾ കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിച്ചു മാത്രമേ പ്രവർത്തിക്കാവൂ.

?ബസുകളിൽ ഇരുന്ന് സഞ്ചരിക്കാൻ കഴിയുന്നതിന്റെ പകുതി യാത്രക്കാരെ മാത്രമേ കയറ്റാവൂ. നിർദേശം ലംഘിക്കുന്ന ബസുടമകൾക്കെതിരെ നടപടി സ്വീകരിക്കും.

?മാർക്കറ്റുകളിൽ കോവിഡ് പ്രതിരോധ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഭാഗമായി മാർക്കറ്റ് കമ്മിറ്റികളുടെ പ്രവർത്തനം സജീവമാക്കും. കമ്മിറ്റികളുടെ രൂപീകരണ വേളയിൽ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കണം.

നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന നിരീക്ഷണ സംഘങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Advertisment