Advertisment

അതെ... കോടിയേരി രാഷ്ട്രീയം പറയുകയാണ്. കേരള രാഷ്ട്രീയത്തിന്‍റെ അജണ്ട നിശ്ചയിക്കുകയാണ്. സമകാലിക കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ബുദ്ധിമാനായ രാഷ്ട്രീയ നേതാവാണ് കോടിയേരി ! ആഴത്തിലും പരപ്പിലുമുള്ള വായന അദ്ദേഹത്തിന്‍റെ വലിയ പ്രത്യേകതയാണ്. ഇതു പ്രതിപക്ഷത്തിനുമാകാവുന്നതേയുള്ളു - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയം പറയണം. നിലപാടു പറയണം. അഭിപ്രായം പറയണം. എപ്പോഴും ജനങ്ങളോടു സംവദിച്ചുകൊണ്ടിരിക്കണം.

കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനകളിലേയ്ക്ക് വിരല്‍ ചൂണ്ടാനാണ് ആമുഖമായി ഇത്രയും പറഞ്ഞത്. കോണ്‍ഗ്രസിന്‍റെ പുതിയ നേതൃത്വം ന്യൂനപക്ഷക്കാരെയാരെയും നേതാക്കളാക്കാത്തതിന്‍റെ രാഷ്ട്രീയത്തിലേയ്ക്കാണു കോടിയേരി വിരല്‍ ചൂണ്ടിയത്.

അടുത്ത കാലത്ത് ജയ്പ്പൂരില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധി ഇന്ത്യ ഭരിക്കേണ്ടതു ഹിന്ദുക്കളാണെന്നു പറഞ്ഞതിലെ കടുത്ത വര്‍ഗീയതയിലേയ്ക്കും വിരല്‍ ചൂണ്ടി അദ്ദേഹം.

സമകാലിക കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ബുദ്ധിമാനായ രാഷ്ട്രീയ നേതാവാണ് കോടിയേരി. ആഴത്തിലും പരപ്പിലുമുള്ള വായന അദ്ദേഹത്തിന്‍റെ വലിയ പ്രത്യേകതയാണ്. കോടിയേരിയുടെ പ്രസ്താവനകളുടെ രാഷ്ട്രീയ മാനങ്ങളെപ്പറ്റി ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് കൈരളിയില്‍ നിന്നു ശരത് വിളിച്ചത്. വൈകിട്ടത്തെ എട്ടുമണി ചര്‍ച്ചയ്ക്ക്. നല്ല വിഷയം. ചര്‍ച്ചയ്ക്കു കൂടാമെന്ന് സമ്മതം.

കോണ്‍ഗ്രസ് പ്രതിനിധിയായി പി.എ സലീമും സി.പി.എം പ്രതിനിധിയായി എസ്. കെ സജീഷുമുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ശുദ്ധമായ മതേതര നിലപാടില്‍നിന്നു രാഹുല്‍ ഗാന്ധി മാറിപ്പോകുന്നതിന്‍റെ ഭാഗമാണ് അദ്ദേഹത്തിന്‍റെ ജയ്പ്പൂര്‍ പ്രസംഗമെന്നു പറഞ്ഞ് സജീഷ് ആഞ്ഞടിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ അങ്ങനെയങ്ങു ന്യായീകരിക്കാന്‍ പറ്റുമായിരുന്നില്ല സലീമിന്. അതു വിശദീകരിക്കാന്‍ അദ്ദേഹം ഒരുങ്ങിയതുമില്ല. പക്ഷെ സി.പി.എമ്മിന്‍റെ ഒരു സംസ്ഥാന സെക്രട്ടറി ഇത്രകണ്ടു തരം താഴാമോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.

കെ. കരുണാകരന്‍, വയലാര്‍ രവി, എ.കെ. ആന്‍റണി, ഉമ്മന്‍ ചാണ്ടി, വി.എം സുധീരന്‍ എന്നിങ്ങനെ കോണ്‍ഗ്രസ് നേതാക്കളാരും അവരുടെ ജാതികൊണ്ടും മതം കൊണ്ടും സമുദായം കൊണ്ടുമല്ല അറിയപ്പെട്ടിരുന്നതെന്ന് സലിം വിദഗ്ദ്ധമായിത്തന്നെ സമര്‍ത്ഥിച്ചു.

കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എ.കെ ആന്‍റണിയും ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ. മുരളീധരനും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷരായത് ചൂണ്ടിക്കാട്ടിയ കോടിയേരി കോണ്‍ഗ്രസില്‍ അക്കാലത്തൊക്കെയുണ്ടായിരുന്ന സമുദായ സമവായത്തിലേയ്ക്കു വിരല്‍ ചൂണ്ടുകയായിരുന്നുവെന്ന് ഇടയ്ക്കിടപെട്ട ശരത് ചൂണ്ടിക്കാട്ടി. പിന്നെ ശരതിന്‍റെ ചോദ്യം എനിക്കുനേരേ.

publive-image

കാലികമായ വിഷയങ്ങളെടുത്തു രാഷ്ട്രീയ അജണ്ട നിര്‍ണയിക്കാന്‍ കെല്‍പ്പുള്ളവനായിരിക്കണം രാഷ്ട്രീയ നേതാക്കളെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചു സലിം പറഞ്ഞ അഭിപ്രായങ്ങളോടു ഞാന്‍ യോജിച്ചു. എ.കെ ആന്‍റണിയെ ക്രിസ്ത്യാനിയെന്നു വിഷേഷിപ്പിക്കാമോ ? പതിവായി പള്ളിയില്‍ പോകുന്ന വിശ്വാസിയാണെങ്കിലും ഉമ്മന്‍ ചാണ്ടിയെ ക്രിസ്ത്യാനിയെന്നു വിളിക്കുന്നതെങ്ങനെ ?

എല്ലാ മലയാളമാസം ഒന്നാം തീയതിയും ഗുരുവായൂരപ്പനെ വണങ്ങാന്‍ പോകുന്ന കരുണാകരന്‍ ആ നിലയ്ക്കു നിന്നതുകൊണ്ടുതന്നെയാണ് ആ കാലത്തൊന്നും ബി.ജെ.പിക്ക് ഇങ്ങോട്ടു കടക്കാന്‍ കഴിയാതിരുന്നതെന്നും ഞാന്‍ ചൂണ്ടിക്കാട്ടി. ഒപ്പം ഒരു കാര്യം ഞാന്‍ മുന്നോട്ടു വെച്ചു. നേതാക്കന്മാര്‍ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നവരാവണമെന്ന ചിന്ത.

ഇ.എം.എസ് തന്നെ ഉദാഹരണം. കേരളത്തിന് അത്രയൊന്നും പ്രധാനപ്പെട്ട ആരുമായിരുന്നില്ലെങ്കിലും സദ്ദാം ഹുസൈനെ ഇ.എം.എസ് ഒരു രാഷ്ട്രീയ വിഷയമാക്കിയില്ലേ എന്ന് എന്‍റെ ചോദ്യം. അതുപോലെ മറ്റു പല വിഷയങ്ങളും തരം പോലെ തെരഞ്ഞെടുത്ത് ഇ.എം.എസ് രാഷ്ട്രീയത്തില്‍ മുന്നേറി. ഇ.എം.എസ് ഓരോ വിഷയം പൊട്ടിക്കുമ്പോഴും മാധ്യമങ്ങള്‍ അദ്ദേഹത്തിന്‍റെ പിന്നാലേ കൂടി. ജനങ്ങളും, സമൂഹവും പുറകേ കൂടി.

അതാണു നേതാക്കള്‍ ചെയ്യേണ്ടത്. കെ. കരുണാകരനും എ.കെ. ആന്‍റണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ ഇത്തരം പരീക്ഷണം നടത്തിയവരാണ്. കോടിയേരി അതേ അടവ് ഇന്നത്തെ രാഷ്ട്രീയത്തില്‍ പയറ്റുന്നുവെന്നേയുള്ളു - എന്‍റെ വിശദീകരണം.

അടുത്തകാലത്ത് പരിചയപ്പെട്ട അഭിഭാഷകനായ വിക്ടര്‍ ആന്‍റണി നൂണ്‍ കോടിയേരിയെപ്പറ്റി പറഞ്ഞ ഒരു കാര്യം എന്‍റെ മനസില്‍ പൊന്തിവന്നതപ്പോഴാണ്. കേരള രാഷ്ട്രീയത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും ബുദ്ധിമാനായ രാഷ്ട്രീയക്കാരനാണ് കോടിയേരിയെന്നാണ് രണ്ടു ദിവസം മുമ്പ് ഒരു ഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹം എന്നോടു പറഞ്ഞത്.

കോടിയേരിയുടെ ആഴമുള്ള വായന, അദ്ദേഹത്തിന്‍റെ പ്രസ്താവനകളില്‍ തിളങ്ങിനില്‍ക്കുന്ന പുതിയ ചിന്തകള്‍, അതിസൂഷ്മമായ നിരീക്ഷണങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ വിക്ടര്‍ ആന്‍റണി ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. ചര്‍ച്ചയ്ക്കിടെ ഞാനോര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ ന്യൂനപക്ഷ പ്രീണനം ഉയര്‍ത്തിക്കാട്ടിയാണ് കോടിയേരി കോണ്‍ഗ്രസിനെ പഴിച്ചത്. ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാനെന്ന വാദവും രാഹുല്‍ ഗാന്ധി ഉന്നയിച്ചു. രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ചെയ്തികളിലേയ്ക്കു കൂട്ടിക്കെട്ടുകയാണ് കോടിയേരി ചെയ്തത്.

publive-image

അതുകൊണ്ടല്ലേ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു സ്ഥാനമില്ലാതായിപ്പോയതെന്ന ചോദ്യം കോടിയേരി ലക്ഷ്യംകണ്ട സ്ഥാനത്തുതന്നെ കൊണ്ടിരിക്കുന്നു. കോടിയേരി തരം താണ വര്‍ഗീയത പറയുകയാണെന്നു വി.ഡി സതീശന്‍ ആരോപിച്ചെങ്കിലും അദ്ദേഹം വിഷയം വിട്ടിട്ടില്ല.

കുറേകാലം അവധിയിലായ ശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു തിരികെയെത്തിയ കോടിയേരി ഫുള്‍ ഫോമില്‍ത്തന്നെ.

അതെ. കോടിയേരി രാഷ്ട്രീയം പറയുകയാണ്. കേരള രാഷ്ട്രീയത്തിന്‍റെ അജണ്ട നിശ്ചയിക്കുകയാണ്. ഇതു പ്രതിപക്ഷത്തിനുമാകാവുന്നതേയുള്ളു. വി.എസ് അച്ച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഇതു കൃത്യമായി ചെയ്തതാണ്. വി.ഡി സതീശന്‍ ഇതു വായിക്കുന്നുണ്ടോ ആവോ.

Advertisment