Advertisment

കൊട്ടിക്കലാശത്തോടടുക്കുമ്പോള്‍ ചാനലുകള്‍ വൈകുന്നേരത്തെ ചര്‍ച്ചയ്ക്ക് അതു വിഷയമാക്കുക സ്വാഭാവികം. 'മാതൃഭൂമി'യിലെ വിഷയവും അതുതന്നെ. കോണ്‍ഗ്രസിനു കൈയില്‍ കിട്ടിയ അനുകൂല ഘടകങ്ങളൊക്കെ വിശദീകരിച്ചുകൊണ്ടായിരുന്നു എന്‍റെ തുടക്കം. അമരക്കാരനായി നില്‍ക്കുന്ന സതീശനെ തുണയ്ക്കുന്ന ഘടകങ്ങള്‍ ! എന്നിട്ടും ജ്യോതി കുമാറിനെ പ്രകോപിപ്പിച്ചതെന്താകും ? - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

കൊട്ടിക്കലാശത്തോടടുക്കുമ്പോള്‍ ചാനലുകള്‍ വൈകുന്നേരത്തെ ചര്‍ച്ചയ്ക്ക് അതു വിഷയമാക്കുക സ്വാഭാവികം. 'മാതൃഭൂമി'യിലെ മാതുവിനും വിഷയം അതുതന്നെ. ചര്‍ച്ചയ്ക്ക് മാതു പതിവായി വിളിക്കാറുള്ളവരെയും ക്ഷണിച്ചു - കോണ്‍ഗ്രസില്‍ നിന്ന് ജ്യോതികുമാര്‍ ചാമക്കാല, സി.പി.എമ്മില്‍ നിന്ന് കെ. അനില്‍കുമാര്‍, ബി.ജെ.പിയില്‍ നിന്ന് വി.വി രാജേഷ്. പിന്നെ മാധ്യമപ്രവര്‍ത്തകനെന്നും രാഷ്ട്രീയ നിരീക്ഷകനെന്നുമൊക്കെയുള്ള പേരുമായി ഞാനും.

കൊട്ടിക്കലാശത്തോടടുക്കുന്ന തൃക്കാക്കരയിലെ ഏറ്റവുമൊടുവിലത്തെ രാഷ്ട്രീയമെന്തെന്ന മാതുവിന്‍റെ ആദ്യ ചോദ്യം നീളുന്നത് എനിക്കുനേരേ തന്നെയാണ്. കൊട്ടിക്കലാശത്തിനു തൊട്ടു തലേന്ന് ശനിയാഴ്ച വൈകിട്ട് എട്ടുമണി. തൃക്കാക്കരയുടെ പ്രസക്തി, കോണ്‍ഗ്രസിന് ഏതു പ്രതിസന്ധിയിലും ജയിക്കാവുന്ന പൊന്നാപുരം കോട്ട തന്നെയാണതെന്നതു തന്നെ.

പ്രതിപക്ഷ നേതാവു വി.ഡി സതീശന്‍ അവിടെത്തന്നെ കേന്ദ്രീകരിച്ചു തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്. കുറ്റമറ്റ പ്രവര്‍ത്തനവുമായിത്തന്നെ യു.ഡി.എഫ് മുന്നേറി. അമരക്കാരനായി വി.ഡി സതീശന്‍ എല്ലായിടത്തും. അതെ. സതീശന്‍ തന്നെ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസിന്‍റെ തീപ്പൊരി നേതാവ് പി.ടി തോമസ് അന്തരിച്ച ഒഴിവില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥിയാവട്ടെ അന്തരിച്ച നേതാവിന്‍റെ ഭാര്യ ഉമാ തോമസും. കോണ്‍ഗ്രസ് നേതൃത്വം ഒരഭിപ്രായവ്യത്യാസവുമില്ലാതെ കൈക്കൊണ്ട തീരുമാനം. അതു നല്‍കിയതോ, ശക്തമായൊരു പ്രചാരണത്തുടക്കവും.

publive-image

കോണ്‍ഗ്രസിനു കൈയില്‍ കിട്ടിയ അനുകൂല ഘടകങ്ങളൊക്കെ വിശദീകരിച്ചുകൊണ്ടായിരുന്നു എന്‍റെ തുടക്കം. അമരക്കാരനായി നില്‍ക്കുന്ന സതീശനെ തുണയ്ക്കുന്ന ഘടകങ്ങള്‍. ചരിത്രത്തില്‍ നിന്ന് ഒരധ്യായവും വെട്ടിയെടുത്ത് ഞാനവതരിപ്പിച്ചു.

1967 -ല്‍ ഒമ്പതംഗങ്ങളായി ചുരുങ്ങിപ്പോയ കോണ്‍ഗ്രസ് നിസമസഭാ കക്ഷിയുടെ കഥ. അതിന്‍റെ നേതാവായിവന്ന് കോണ്‍ഗ്രസിനെ ഭരണത്തിലേറ്റിയ സാക്ഷാല്‍ കെ. കരുണാകരന്‍റെ കഥ. ഐക്യ ജനാധിപത്യ മുന്നണിക്ക് ഊടും പാവും പാകിയ കരുണാകരന്‍റെ സ്ഥാനത്താണ് ഇന്നു വി.ഡി സതീശന്‍ നില്‍ക്കുന്നതെന്നായിരുന്നു എന്‍റെ വിശദീകരണം.

99 -ല്‍ നില്‍ക്കുന്ന ഈടതുപക്ഷം തൃക്കാക്കര പിടിച്ച് നൂറു തികയ്ക്കാന്‍ വെമ്പി നില്‍ക്കുമ്പോള്‍ ഒരൊറ്റ വിജയത്തിലൂടെ കോണ്‍ഗ്രസിനു വലിയ നേട്ടങ്ങള്‍ നല്‍കാന്‍ കഴിയുന്ന വിജയത്തിനു തൊട്ടു മുമ്പിലാണു വി.ഡി സതീശന്‍ നില്‍ക്കുന്നതെന്നു ഞാന്‍ വിശദമായിത്തന്നെ വരച്ചു കാട്ടി.

തൃക്കാക്കര കൈപ്പിടിയിലൊതുക്കിയാല്‍ വി.ഡി സതീശന്‍ നേടുക ഒരു വന്‍ നേട്ടമായിരിക്കും. ഒമ്പതംഗങ്ങളുമായി പുതിയൊരു മുന്നണി കെട്ടിപ്പടുത്ത കരുണാകരന്‍റെ വഴിയെ സതീശന്‍ നടന്നു നീങ്ങുകയാണ്. ത‍ൃക്കാക്കര ജയിച്ചാല്‍ യു.ഡി.എഫിന് ഒരു പുതുജീവന്‍ നല്‍കുകയാവും സതീശന്‍ എന്നതായിരുന്നു എന്‍റ വിവരണം.

മാതു എനിക്കല്‍പ്പം കൂടി സമയം തന്നു. 1967 -ല്‍ മുസ്ലിം ലീഗിനെയും കൂടെ കൂട്ടി സപ്തകക്ഷി മുന്നണിയുണ്ടാക്കി ഇ.എം.എസ് നമ്പൂതിരിപ്പാട് ഭരണം കൈക്കലാക്കിയ കാര്യവും ഞാന്‍ ചൂണ്ടിക്കാട്ടി. ഇ.എം.എസ് മുസ്ലിം ലീഗിന് വലിയ അംഗീകാരം നല്‍കുകയായിരുന്നു. മലപ്പുറം ജില്ലയ്ക്കും കാലിക്കട്ട് സര്‍വകലാശാലയ്ക്കും ജന്മം നല്‍കിയത് ആ ഭരണകാലത്തായിരുന്നുവെന്നും ഞാന്‍ പറഞ്ഞു വെച്ചു.

വി.വി രാജേഷ് ആകെ പ്രകോപിതനായി. ഇതാണു ബി.ജെ.പി പറയുന്ന പ്രീണനമെന്നു പറഞ്ഞ് എനിക്കു നേരേ തട്ടിക്കയറുകയായി രാജേഷ്. കേരള രാഷ്ട്രീയത്തെ ഐക്യജനാധിപത്യ മുന്നണിയെന്നും ഇടതു ജനാധിപത്യ മുന്നണിയെന്നും രണ്ടായി പകുത്ത് പില്‍ക്കാലത്ത് ബി.ജെ.പിക്ക് തരിമ്പും ഇടം നല്‍കാതെ അകറ്റി നിര്‍ത്തിയ കേരളത്തിന്‍റെ വലിയ നേതാക്കളെക്കുറിച്ചു പറയുമ്പോള്‍ ബി.ജെ.പി നേതാവു വി.വി രാജേഷിനു ശുണ്ഠി വരിക സ്വാഭാവികം. അന്നേ തുടങ്ങിയതാ പ്രീണനം എന്ന് വി.വി രാജേഷിന്‍റെ ആക്രോശം. ലീഗെന്നും മലപ്പുറമെന്നും കേട്ടാല്‍ ബി.ജെ.പി നേതാക്കളാരായാലും രോഷം കൊള്ളും.

പ്രശ്നം ഇതൊന്നുമല്ല. ഒരു കാരണവുമില്ലാതെ ജ്യോതികുമാര്‍ ചാമക്കാലാ പെട്ടെന്ന് എനിക്കു നേരേ കുരച്ചുചാടി. ഒരു കോണ്‍ഗ്രസ് വക്താവിനെ പ്രകോപിപ്പിക്കുമാറ് രൂക്ഷമായൊന്നും ഞാന്‍ 'മാതൃഭൂമി' ചര്‍ച്ചയില്‍ പറഞ്ഞിരുന്നില്ല. ആകെകൂടി പറഞ്ഞത് ഉമാ തോമസിന്‍റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിനു മികച്ച തുടക്കം നല്‍കി എന്നതു മാത്രം.

പിന്നെ കേരള രാഷ്ട്രീയത്തില്‍ തൃക്കാക്കര വി.ഡി. സതീശനു വെല്ലുവിളിയാവുകയാണെന്നും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.ഡി. സതീശന്‍ തല ഉയര്‍ത്തി നില്‍ക്കുകയാണെന്നും. തൃക്കാക്കര ജയിച്ചാല്‍ പിന്നെ സതീശനെ പിടിച്ചാല്‍ കിട്ടില്ലെന്നും തന്നെയാണു ഞാന്‍ സൂചിപ്പിച്ചത്.

ഇതായിരിക്കുമോ ജ്യോതികുമാറിനെ പ്രകോപിപ്പിച്ചത് ? 1967 -ല്‍ ഒമ്പതംഗങ്ങളുടെ നേതാവായി നിയമസഭയിലെത്തിയ കെ. കരുണാകരനോട് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഉപമിച്ചത് ജ്യോതികുമാറിന് ഇഷ്ടപ്പെട്ടില്ലെന്നുണ്ടോ ?

സതീശനെന്തെങ്കിലം ക്ഷീണം പറ്റിയാല്‍ രമേശ് ചെന്നിത്തല തിരികെ വരുമെന്നും പ്രതിപക്ഷ നേതാവും പിന്നെ മുഖ്യമന്ത്രിയുമാവുമെന്നും അന്നു വിദ്യാഭ്യാസ മന്ത്രിയാവാന്‍ തനിക്കു കഴിയുമെന്നും പ്രതീക്ഷ വെയ്ക്കുന്നുണ്ടാവുമോ ജ്യോതികുമാര്‍ ?

Advertisment