Advertisment

രക്ഷിതാക്കളുടെ താല്പര്യമല്ല; മക്കളുടെ അഭിരുചിയാണ് പ്രധാനം...

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

രക്ഷിതാക്കള്‍ തങ്ങളുടെ പൊങ്ങച്ചത്തിനുവേണ്ടി മക്കളുടെ അഭിരുചിയും താല്പര്യങ്ങളും ബലികഴിക്കുന്നതായി കേരള ഹൈക്കോടതി അഭിപ്രായപ്പെടുകയുണ്ടായി. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങി പ്രൊഫഷണല്‍ കോഴ്സിനുചേരാന്‍ കുട്ടികള്‍ ഭ്രാന്ത് പിടിച്ചോടുന്ന പ്രവണത കേരളത്തില്‍ മാത്രമാണുള്ളത്. രക്ഷിതാക്കള്‍ അവരുടെവഴിക്ക് കുട്ടികളെ നയിക്കുമ്പോള്‍ ആത്മസംഘര്‍ഷങ്ങളില്‍പെട്ട് കുട്ടികള്‍ പ്രൊഫഷണല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ്. അത്തരക്കാരുടെ എണ്ണം കേരളത്തില്‍ പെരുകുന്നു.

കുട്ടികള്‍ക്ക് അവരവരുടേതായ അഭിരുചിയും താല്പര്യങ്ങളും ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുണ്ട്. അത് ചോദിച്ചറിഞ്ഞ് കണ്ടെത്തി അവരുടെ അഭിരുചിക്ക് ഇണങ്ങുന്ന കോഴ്സുകളാണ് തെരഞ്ഞെടുക്കേണ്ടത്. ആഗ്രഹത്തേക്കാള്‍ അഭിരുചിയാണ് പ്രധാനം. ഒരു പ്രത്യേക വിഷയത്തിലുള്ള ഒരാളുടെ നൈസര്‍ഗീകമായ താല്പര്യത്തെയും അതില്‍ കൂടുതല്‍ കഴിവാര്‍ജിക്കാനുള്ള അയാളുടെ സ്വാഭാവികമായ അഭിവാഞ്ചയെയും അഭിരുചി (Aptitude) എന്ന് പറയാം.

സാമാന്യബുദ്ധിയില്‍നിന്ന് വ്യത്യസ്തമായി മറ്റേതെങ്കിലും പ്രത്യേകരംഗത്ത് സാമര്‍ത്ഥ്യമോ നേട്ടമോ കൈവരിക്കാന്‍ സഹായിക്കുന്ന സവിശേഷമായ കഴിവാണത്. ബുദ്ധിശക്തിക്ക് പലമേഖലകളിലുള്ള പ്രാവീണ്യം ഓരോരുത്തരിലും വ്യത്യാസമുണ്ട്. പലതരം ബുദ്ധിശക്തികളുടെ മിശ്രണമാണ് ഓരോരുത്തരിലും ഉള്ളത്. അതില്‍ ചലിതിന് മുന്‍തൂക്കം കൂടും. ബുദ്ധികളുടെ ഘടനാപരമായ വ്യത്യാസംമൂലം ഓരോരുത്തരുടെ കഴിവും താല്പര്യവും പഠനരീതിയും വ്യത്യസ്തമായിരിക്കും.

ഇത് ഹൈസ്കൂള്‍ തലത്തിലെത്തിയ കുട്ടിക്ക് സ്വയം നിരീക്ഷിച്ച് കണ്ടെത്താനാകും. കൂടാതെ അഭിരുചി കണ്ടെത്താനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളുണ്ട്. മന:ശാസ്ത്ര ടെസ്റ്റുകള്‍ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഒരാള്‍ക്ക് സയന്‍സാണെങ്കില്‍ മറ്റാരാള്‍ക്ക് കണക്കായിരിക്കും ഇഷ്ടവിഷയം. ചിലര്‍ക്ക് സാഹിത്യമാകാം. അവര്‍ അതില്‍ മിടുക്കരും ആകും. ബുദ്ധിശക്തിയിലെ ഈ വൈവിധ്യം തിരിച്ചറിഞ്ഞാല്‍ അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിയുന്ന പഠനമേഖലകളിലേക്കും തുടര്‍ന്ന് തൊഴില്‍മേഖലകളിലേക്കും നീങ്ങാന്‍ കഴിയും.

അഭിരുചി കണ്ടെത്തി നീങ്ങുമ്പോള്‍ പഠനത്തില്‍ മാത്രമല്ല ജീവിതത്തിലും വിജയവും സംതൃപ്തിയും നേടാനാകും. പഠനവും ജോലിയും ഒരു 'പാഷന്‍' ആയി മാറുമ്പോഴാണ് ജീവിതം ആസ്വാദ്യകരമാകുന്നത്. പരമ്പരാഗത കോഴ്സുകളെ മറികടന്ന് കൂടുതല്‍ തൊഴില്‍സാധ്യതകളുള്ള പുത്തന്‍ കോഴ്സുകളാണ് പഠിക്കേണ്ടത്. വിദ്യയാര്‍ജിക്കുന്നതിനൊപ്പം തൊഴിലുംകൂടി സ്വായത്തമാക്കുകയെന്ന നയസമീപനമാണ് വിദ്യാഭ്യാസ ത്തിന്‍റെ പുതുരീതി.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ വരവോടെ ലോകത്താകമാനം തൊഴില്‍രംഗത്ത് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിനുതക്ക നൈപുണ്യം നേടത്തക്കരീതിയില്‍ വിദ്യാഭ്യാസവും വളരുന്നുണ്ട്. ലഭ്യമായ തൊഴിലവസരങ്ങളെ കൂട്ടിയിണക്കുന്നതിനും പുതിയവ സൃഷ്ടിക്കുന്നതിനുമാവശ്യമായ വൈദഗ്ധ്യം നല്‍കുന്ന പുത്തന്‍ രീതികള്‍ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തിയാണ് ഉന്നതവിദ്യാഭ്യാസരംഗം മുന്നോട്ടുപോകുന്നത്. ടെക്നോളജിയെ പഠനത്തിലും ജീവിതസന്ദര്‍ഭങ്ങളിലും പ്രയോജനപ്പെടുത്താനുള്ള അറിവും കഴിവും ശേഷിയുമാണ് നമുക്കുണ്ടാകേണ്ടത്.

തൊഴിലിലേക്കുള്ള വഴിയാണ് ഉപരിപഠനത്തിലൂടെ തുറക്കേണ്ടത്. ആധുനികജീവിതത്തിന്‍റെ വൈവിഗ്ധ്യത്തിന് അനുസരിച്ച് കോഴ്സുകളും തൊഴിലുകളും നിരവധിയാണ്. അവയില്‍ യോജിച്ചത് ഏതെന്ന് കണ്ടെത്തണം. പഠിക്കാനുള്ള മികവ് തെളിയിച്ച സ്ഥാപനത്തില്‍ പ്രവേശനം തേടണം. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കി പഠിച്ചതിന് അനുസരിച്ച് തൊഴില്‍ കിട്ടുകയും ചെയ്യുമ്പോഴാണ് പഠനം അര്‍ത്ഥവത്താകുന്നത്.

വിദ്യാര്‍ത്ഥിയുടെ അഭിരുചി, താല്പര്യം, മനോഭാവം, ലക്ഷ്യം, നൈപുണ്യശേഷി, ജോലിസാധ്യത, ഉപരിപഠന സാധ്യത, കോഴ്സിന്‍റെ ദൈര്‍ഘ്യം, കുടുബത്തിന്‍റെ സാമ്പത്തികനില എന്നിവക്കനുസരിച്ചാണ് കോഴ്സുകള്‍ തെരഞ്ഞെടുക്കേണ്ടത്. അഭിരുചിയില്ലാത്ത മേഖല തെരഞ്ഞെടുത്താല്‍ പഠനം ഇടക്ക് ഉപേക്ഷിക്കേണ്ടി വരാം. മാനസികപ്രശ്നങ്ങള്‍, ആത്മസംഘര്‍ഷം, കുറ്റബോധം, വിവിധ അഡിക്ഷനുകള്‍, ദേഷ്യം, അക്രമവാസന, നിരാശ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം.

രക്ഷിതാക്കള്‍ ശാഠ്യം പിടിച്ച് അവരുടെ ആഗ്രഹം കുട്ടികളുടെമേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ തകിടംമറിയും. അവരെ പരീക്ഷണമൃഗങ്ങ ളാക്കാന്‍ ശ്രമിക്കരുത്. താല്പര്യമില്ലാത്ത കോഴ്സുകളില്‍ ചേര്‍ന്ന് അവസാനം തൊഴില്‍ കണ്ടെത്താനാകാതെയും മനസ്സിനിണങ്ങിയ തൊഴില്‍ ചെയ്യാന്‍ കഴിയാതെയും വന്നാല്‍ ജീവിതം പരാജയമാവും.

അഭിരുചിക്ക് അനുസരിച്ച് കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നതുകൊണ്ടാണ് ജര്‍മനി, ഫിന്‍ലന്‍റ് പോലുള്ള രാജ്യങ്ങള്‍ മനുഷ്യവൈഭവശേഷിയുടെ ഉപയോഗത്തിലും സമഗ്രവികസനത്തിലും മുന്നില്‍ നില്‍ക്കുന്നത്. അഭിരുചി, തൊഴില്‍സാധ്യത എന്നീ ഘടകങ്ങള്‍ കൃത്യമായ പരിഗണിച്ച് ഉപരിപഠനം നടത്തിയാല്‍ മികച്ച കരിയര്‍ ഉറപ്പാണ്. ഒപ്പം സന്തോഷകരവും സംതൃപ്തവും സമാധാനപരമായ ജീവിതവും. (8075789768)

-അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS

Advertisment