Advertisment

ഒരു മനുഷ്യന്‍ മറയില്ലാതെ തന്റെ ജീവിതം എഴുതുന്നതിനെ ആത്മകഥ എന്നും ഒരാളുടെ ജീവിതം മറെറാരാള്‍ എഴുതുന്നതിനെ ജീവചരിത്രം എന്നും വിളിക്കാം. വിസ്മയപ്പെടുത്തുന്ന ആത്മകഥകൾ... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

വായിച്ചാസ്വദിക്കാനും സര്‍ഗപരമായ കഴിവുകള്‍ക്ക് പ്രചോദനമേകാനും കഴിയുന്ന ഒരു സാഹിത്യരൂപമാണ് ആത്മകഥ. ഒരു നോവലോ കഥയോ കവിതയോ വായിക്കുന്നതിനേക്കാള്‍ അനുഭൂതി മികച്ച ആത്മകഥകള്‍ സമ്മാനിക്കും. അത്രമാത്രം വശീകരിക്കുകയും ജീവിതം കാണിച്ചു തരികയും ചെയ്യുന്നൂ ചില ആത്മകഥകള്‍.

സത്യസന്ധവും ചടുലവും ചരിത്രപരവും വ്യത്യസ്തവുമായിരിക്കും ആത്മകഥകള്‍ എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ഭാവനയുടെയും നുണകളുടെയും ചില ചേരുവകള്‍ നിര്‍ബന്ധമായും കഥകളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. എന്നാല്‍, ഒരു വ്യക്തി അനുഭവിച്ചുതീര്‍ത്ത ജീവിതവും ആ കാലഘട്ടവും സംസ്കാരവും ഒട്ടും അതിശയോക്തിയില്ലാതെ അടയാളപ്പെടുത്തുന്നതായിരിക്കും (അഥവാ ആയിരിക്കണം) ആത്മകഥകള്‍.

മറെറാരാളുടെ ജീവിതം എങ്ങനെയായിരുന്നു, അയാളുടെ അതിജീവനതന്ത്രങ്ങൾ എന്തൊക്കെയായിരുന്നു, അയാളെ അയാളാക്കിയ ഘടകങ്ങൾ എന്തൊക്കെയായിരുന്നു എന്നു തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കൗതുകവും ആത്മകഥകൾ വായിക്കാൻ പ്രേരകമാണ്. മാത്രവുമല്ല, പ്രമുഖരായ പല വ്യക്തികളുടെയും ജീവിതത്തില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനുമുണ്ടാവും.

ഒരു മനുഷ്യന്‍ മറയില്ലാതെ തന്റെ ജീവിതം എഴുതുന്നതിനെ ആത്മകഥ എന്നും ഒരാളുടെ ജീവിതം മറെറാരാള്‍ എഴുതുന്നതിനെ ജീവചരിത്രം എന്നും വിളിക്കാം. മാധവിക്കുട്ടിയുടെ 'എൻറെ കഥ', അലക്സ് ഹാലിയുടെ 'മാല്‍ക്കം എക്സ്' എന്നിവ ഉദാഹരണം.

ഈ രണ്ടു വിഭാഗത്തിലും പെട്ട ഒട്ടനവധി മികച്ച ഗ്രന്ഥങ്ങള്‍ നമുക്ക് മുന്നിലുണ്ട്.അത്തരം പുസ്തകങ്ങളുടെ വായനയിലൂടെ നാമറിയാത്ത, നാം കേള്‍ക്കാത്ത, നാം അനുഭവിക്കാത്ത ജീവിതാവസ്ഥകള്‍ മനസ്സിലാക്കാന്‍ കഴിയും. പല എഴുത്തുകാരും ആത്മാംശം കലര്‍ത്തി കഥകള്‍ പറഞ്ഞിട്ടുണ്ട്. മലയാളത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ മികച്ച ഉദാഹരണം.

ജീവിതമേത് കഥയേത് എന്നു തിരിച്ചറിയാനാവാത്ത വിധം അദ്ദേഹം കഥകളെഴുതിയിട്ടുണ്ട്. ആത്മകഥയെഴുതുമ്പോള്‍ പല സത്യങ്ങളും തുറന്നു പറയേണ്ടി വരുമെന്നും അങ്ങനെ ആരെയും വേദനിപ്പിയ്ക്കുന്നത് ഇഷ്ടമില്ലെന്നും പറഞ്ഞ ഒരാള്‍ കൂടിയായിരുന്നു ബഷീര്‍.

ആത്മകഥപോലെ എഴുതിയ 'ഓര്‍മ്മകളുടെ അറകള്‍' എന്ന കൃതിയിലൂടെ തന്റെ ജീവിതവും കാഴ്ചപ്പാടുകളും വളരെ കൃത്യമായി അദ്ദേഹം അവതരിപ്പിച്ചു. ഇങ്ങനെ നോക്കുമ്പോള്‍ എഴുത്തുകാര്‍ കഥകളിലൂടെ പറയുന്നതും പറയാത്തതുമായ കാര്യങ്ങള്‍ ആത്മകഥയിലൂടെ വരച്ചിടുന്നത് കാണാം.

മഹാത്മാഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍, നെല്‍സണ്‍ മണ്ടേലയുടെ ലോംഗ് വാല്‍ക്ക് ടു ഫ്രീഡം,ഏണസ്ററ് ഹെമിങ് വേയുടെ മൂവബിള്‍ ഫീസ്ററ്, ടോള്‍സ്റേറായിയുടെ മൈ കണ്‍ഫെഷന്‍,എ പി ജെ അബ്ദുല്‍ കലാമിൻറെ അഗ്നിച്ചിറകുകള്‍, ഹിററ്ലറുടെ മെയിന്‍ കാഫ് എന്നിവ വായിച്ചിരിക്കേണ്ട ആത്മകഥകളിൽ ചിലതാണ്.

അതുപോലെത്തന്നെ കെ പി കേശവമോനോന്റെ കഴിഞ്ഞ കാലം,പി കുഞ്ഞിരാമന്‍ നായരുടെ കവിയുടെ കാല്‍പ്പാടുകള്‍,വി ടി ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും തിക്കോടിയൻറെ അരങ്ങു കാണാത്ത നടന്‍, ചെറുകാടിൻറെ ജീവിതപ്പാത, പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ നഷ്ടജാതകം,എം എന്‍ പാലൂരിന്റെ കഥയില്ലാത്തവന്റെ കഥ, മലയാററൂര്‍ രാമകൃഷ്ണന്റെ സര്‍വ്വീസ് സ്റേറാറി, തോട്ടം രാജശേഖരന്റെ ഉദ്യോഗപര്‍വ്വം എന്നീ കൃതികള്‍ അവരുടെ ജീവിതവും അതിജീവനും പഴയ ആ കാലവും നമുക്ക് കാണിച്ചു തരുന്നു.

തീര്‍ച്ചയായും ഇതുപോലുള്ള കൃതികളുടെ സൂക്ഷ്മ വായന എഴുത്തിനും ജീവിതത്തിനും വളര്‍ച്ചയ്ക്കും അനിവാര്യമാണ്.കഥകളേക്കാള്‍, കവിതകളേക്കാള്‍ ഒരു പക്ഷെ, നമ്മെ അതിജീവനത്തിന് ഏറെ പ്രാപ്തരാക്കിയേക്കാം വിസ്മയപ്പെടുത്തുന്ന ഇത്തരം ആത്മകഥകള്‍.

Advertisment