Advertisment

ഖലിസ്ഥാന്‍ ഇനിയും രാജ്യത്തിന് തലവേദനയാകുമോ ? അതിവേഗത്തില്‍ അശാന്തി പടര്‍ത്തുന്ന ഇത്തരം തീവ്രനിലപാടുകളെ മുളയിലെ നുള്ളണം ! ഇനിയും ഒരു ഭിന്ദ്രന്‍വാലയെ താങ്ങാന്‍ രാജ്യത്തിന് ശേഷിയില്ല; അമൃത് പാല്‍ സിംഗിനൊപ്പം ഭിന്ദ്രന്‍വാലയും ചര്‍ച്ചയാകുമ്പോള്‍... (ലേഖനം)

author-image
nidheesh kumar
New Update

publive-image

Advertisment

ലോകം യുദ്ധവെറിയുടെയും സാങ്കേതിക വിപ്ലവത്തിൻ്റെയും നിർമ്മിത ബുദ്ധി സൃഷ്ടിക്കുന്ന വെല്ലുവിളിക്കൊപ്പം നേരിടുന്ന പ്രധാനപ്പെട്ടതാണ് വിഘടനവാദത്തിൻ്റെയും വംശീയതയുടെയും ഭീകരവാദത്തിൻ്റെയും പ്രചാരണങ്ങളും അവ ഏൽപ്പിക്കുന്ന മുറിവുകളും.

ഇന്ന് ഇന്ത്യക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് ഖലിസ്ഥാൻ വിഘടനവാദ പ്രസ്ഥാനം. ഖലിസ്ഥാനു വേണ്ടി തീവ്രനിലപാടുകളുമായി വന്ന ജർണെയ്ൽ സിംഗ്‌ ഭിദ്രൻവാലയുടെ പാത സ്വീകരിച്ച് മുപ്പതുകാരനായ, 'വാരിസ് പഞ്ചാബ് ദേ' നേതാവ് അമൃത് പാൽ സിംഗ് രംഗത്തെത്തിയതോടെയാണ് ഭിന്ദ്രൻ വാലയും ഖലിസ്ഥാനും വീണ്ടും ചൂടു ചർച്ചാ വിഷയമാകുന്നത്.

അമൃത് സറിലെ ജല്ലുപുർ സ്വദേശിയായ, ദുബായിൽ ബന്ധുവിൻ്റെ ട്രാൻസ്പോർട്ട് കമ്പനിയിൽ ട്രക്ക് ഡ്രൈവറായ അമൃത് പാൽ 2021ൻ്റെ അവസാനമാണ് ഇന്ത്യയിലേക്ക് എത്തുന്നതും ക്ലബ്ബ് ഹൗസുകളിൽ പഞ്ചാബിൻ്റെ ചരിത്രങ്ങൾ പറഞ്ഞ്, പറഞ്ഞ് ഒടുവിൽ ഖലിസ്ഥാൻവാദത്തിലേക്ക് ശ്രോതാക്കളുടെ ശ്രദ്ധ ക്ഷണിച്ചു തുടങ്ങിയതുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകൾ.

2022 സപ്തംബർ 25ന് ഖലിസ്ഥാൻ പ്രസ്ഥാനത്തോടുള്ള തൻ്റെ നിലപാട് പരസ്യപ്പെടുത്തിയും പഞ്ചാബികൾക്ക് സ്വന്തം രാജ്യം വേണ്ടുന്നതിലേക്കുള്ള സായുധസേനകളെ പരിശീലിപ്പിച്ചും അനുയായികളെ ആകർഷിക്കാനായി, ഭി ദ്രൻവാലയുടെ ജന്മസ്ഥലമായ റോദെ ഗ്രാമത്തിലെത്തി തലപ്പാവ് ധരിച്ച് 'ഖൽസ വഹീർ' എന്ന യജ്ഞത്തിന് ഗ്രാമങ്ങളിൽ തുടക്കമിട്ടും ഭിദ്രൻവാല രണ്ടാമനായി, രാജ്യത്തിന് ഭീഷണിയായി, പാക്ക് ചാര സംഘടനയായ ഐഎസ്ഐയുമായി ചേർന്ന് അമൃത് പാൽ അപകടകാരിയായി വളർന്നു.

ഈ വളർച്ച രാജ്യത്തിനും പഞ്ചാബിനും ദോഷം ചെയ്യുമെന്ന് മനസ്സിലാക്കിയതോടെ കേന്ദ്ര, പഞ്ചാബ് സർക്കാറുകൾ നിശ്ചയദാർഢ്യത്തോടെ രംഗത്ത് വന്നതോടെയാണ് അമൃത്പാൽ ഒളിവ് ജീവിതം നയിക്കാൻ നിർബന്ധിതനായത്.

പഞ്ചാബിൽ തുടക്കത്തിൽ മതപ്രഭാഷകനും പതിയെ തീവ്രനിലപാടുകളിലേക്കും വഴിമാറിയ അമൃത്പാലിൻ്റെ അനുയായികൾ ആചാരലംഘനം ആരോപിച്ച് 2022 ഡിസംബറിൽ ജലന്തറിലെ രണ്ട് ഗുരുദ്വാരകളിലേക്ക് നടത്തിയ അക്രമം സിഖുമതക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയതും പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യു എസിലെ സാൻഫ്രാസിസ്കോ ഇന്ത്യൻ കോൺസുലേറ്റ് അനുയായികൾ ആക്രമിച്ചതും ഭിന്ദ്രൻവാല രണ്ടാമനെന്നതിന് സ്വീകാര്യത കുറയ്ക്കുന്നതിനും കാരണമായി എന്നത് ആശ്വസിക്കാം.

എന്നാലും ഖലിസ്ഥാൻ വാദങ്ങൾ ഇനിയും രാജ്യത്തിന് തലവേദനയായി മാറാതിരിക്കില്ല എന്നതും കാണാതിരുന്നു കൂടാ. ഏതായാലും ഇന്ദിരാഗാന്ധി വധം പോലുള്ള രാജ്യവിരുദ്ധ പ്രവൃത്തികൾക്ക് മുൻകൈയെടുത്ത ഭിന്ദ്രൻവാലയെ, അയാൾ അവശേഷിപ്പിച്ച വിഘടനവാദത്തെ താങ്ങാൻ രാജ്യത്തിന് ഇനിയും കഴിയില്ല.

അതിവേഗത്തിൽ അശാന്തി പടർത്തുന്ന ഇത്തരം തീവ്രനിലപാടുകളെ മുളയിലെ നുള്ളിക്കളഞ്ഞാൽ, രാജ്യത്ത് സമാധാനം നിലനിർത്താൻ എളുപ്പമാണെന്ന തിരിച്ചറിവിൽ നടപടികൾ ശക്തമാക്കാൻ ഇരുസർക്കാറുകളും കൈകോർക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തിയതിനെ അഭിനന്ദിച്ചേ മതിയാകൂ.

പാക്ക് മണ്ണിൽ നിന്നും തുറന്നു വിടുന്ന ഭൂതങ്ങളെ വരുതിയിലാക്കാൻ സുശക്തമായ നടപടികൾ അനിവാര്യമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് എല്ലാവർക്കും നന്മകൾ നേരുന്നു. ജയ്ഹിന്ദ്.

-അസീസ് മാസ്റ്റര്‍

Advertisment