Advertisment

നിയതിയുടെ കാഴ്ചപ്പാടുകൾ...

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ദൈവത്തിന്റെ സ്വന്തം നാട് എന്ന് കൊട്ടിഘോഷിക്കുന്ന നാട്ടിൽ പിറന്നു വീഴുന്ന ഓരോ പാതിരാ കുഞ്ഞുങ്ങളെയും അവരുടെ നിവർത്തിക്കു വേണ്ടി ഏതെങ്കിലും ദിക്കിലോട്ടു വിട്ടു കൊള്ളാം എന്ന് നേർന്നു കൊണ്ട് അവരെ വളർത്തുന്ന ഒരു സംസ്കാരവും, അത് തങ്ങളുടെ വിജയമാണെന്ന് ഏറ്റുപാടുകയും ചെയ്യുന്ന ഒരു ചെറിയ വിഭാഗത്തിന് വേണ്ടി, അലമുറ ഇടുകയും കലമ്പല് കൂട്ടുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തിന്റെ ഇടയിലാണ് നാം ഇന്ന് കഴിഞ്ഞു പോവുന്നത്.

എന്നാൽ അത് ആർജിക്കുവാനുള്ള ഭാഷ പരിജ്ഞാനം പോലും നൽകുവാൻ ശ്രമിക്കാതെ, അത്തരം ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുന്ന, ദേശീയമായോ അന്തർദേശീയമായോ യാതൊരു കാഴ്ചപ്പാടും ഇല്ലാത്ത ഇവരുടെ പരിമിതികളും കാലഹരണപ്പെട്ട ചിന്താശേഷിയും നാം തിരിച്ചറിയേണ്ടതുണ്ട്.

പാശ്ചാത്യ രീതിയുമായിട്ടു താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ പാഠ്യപദ്ധതികൾ പൊതുവെ കഠിനമാണെങ്കിലും ഇവിടുത്തെ വിദ്യാർത്ഥികൾ മാർക്കിനായി മാത്രം പഠിക്കുകയും, പ്രായോഗികവും സർഗ്ഗാത്മകവുമായ ചിന്താശൈലിയിൽ നിന്നും വേറിട്ട് സഞ്ചരിക്കുകയും ചെയ്യുമ്പോൾ അവരുടെ കഴിവുകൾ അർത്ഥശൂന്യമായ ആവർത്തനത്തിൽ ഒതുങ്ങുന്നു.

പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ എങ്ങനെ വിനിയോഗിക്കാം എന്ന് ചിന്തിക്കുന്നതിനു പകരം എങ്ങിനെ കാണാപാഠം പഠിക്കാം എന്ന് ചിന്തിക്കുന്ന രീതിയാണ് നമ്മുടേത്. മാറ്റി എഴുതപ്പെടേണ്ട ഈ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളെക്കൊണ്ട് കഠിനാദ്ധ്വാനം ചെയ്യിപ്പിക്കുന്നുണ്ടെങ്കിലും നാടിനു ആവശ്യമുള്ളത് ഉൽപ്പാദിപ്പിക്കുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കാനും സ്വതന്ത്രമായും വിമർശനാത്മകമായും ചിന്തിക്കാൻ കഴിവുള്ള ബഹുമുഖരായ വ്യക്തികളെയാണ് വിദ്യാലയങ്ങൾ നാടിനു തിരിച്ചുനൽകേണ്ടത്. ഇതിനായി വിദ്യാഭ്യാസ നയത്തിൽ വരുത്തേണ്ട കാതലായ മാറ്റം ഇനിയും അങ്ങകലെ തന്നെയാണ്.

ഇത് പരിഹരിക്കാൻ പ്രാഥമിക തലത്തിൽ തന്നെ മാറ്റങ്ങൾ അനിവാര്യമാണ്. വിദ്യാഭ്യാസ സാദ്ധ്യതകളുടെ സമയ ക്രമീകരണം വളരെ അത്യന്താപേക്ഷിതമാണ്. ഒരു പകൽ നേരം മുഴുവനും സ്കൂളിലും വഴിയിലും ആയി ചിലവഴിപ്പിക്കാതെ രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെ സ്കൂൾ സമയം ക്രമീകരിച്ചു മാറ്റങ്ങൾ വരുത്തേണം. “ചെറുപ്പകാലങ്ങളിലുള്ള ശീലം, മറക്കുമോ മാനുഷനുള്ള കാലം” എന്ന കവി വാക്യം അടിസ്ഥാനപ്പെടുത്തി ചില നന്മ ശീലങ്ങൾ കൊച്ചിലെ വളർത്തിക്കൊണ്ടു വരേണ്ടതാണ്.

ഉദാഹരണത്തിന്, വായനാശീലം തന്നെ പരിഗണിക്കുക. കേരളത്തിലെ ഒരു ശരാശരി വിദ്യാർത്ഥിയുടെ സ്കൂൾ പാഠസൂചിക എടുത്തു നോക്കിയാൽ കാണാം ആഴ്ചയിൽ ഒരു മണിക്കൂർ “ലൈബ്രറി"ക്ക് അനുവദിച്ചിട്ടുണ്ട് പാഠ്യേതരമായ കാര്യങ്ങൾക്കു കിട്ടുന്ന ഔപചാരികത പോലെ. എന്നാൽ ആ ഒരു മണിക്കൂറിൽ എന്താണ് സംഭവിക്കുന്നതെന്ന് ആരും തന്നെ ശ്രദ്ധിക്കാറില്ല.

കുട്ടികൾ ലൈബ്രറിയിൽ കയറി കഴിഞ്ഞാൽ പിന്നെ അവരുടെ ലോകം. ഒരു “ഫ്രീ പീരീഡ്” പോലെയാണ് കുട്ടികൾ അതിനെ കാണുന്നത്. എന്നിരുന്നാൽ, പാശ്ചാത്യ രാജ്യങ്ങളിലെ സ്കൂളുകൾ വായനയെ ഒരു പഠനവിഷയമായിട്ടു രൂപാന്തരപ്പെടുത്തിയിരിക്കുന്നു. അവർ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ കുട്ടികൾ മുഴുവൻ വായിക്കുകയും വിശകലനം ചെയ്തു റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. "ബുക്ക് റിപ്പോർട്ടുകൾ” എന്നാണു ഇവ അറിയപ്പെടുന്നത്. ഇത് വായനാശീലത്തിനുപരി ഗ്രഹണശക്‌തിയും വിമർശനാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുന്നു.

ഇതുപോലെ തന്നെ ആഴ്ചയിൽ ഒരു മണിക്കൂർ ഭിക്ഷ കിട്ടുന്ന മറ്റൊരു വിഷയമാണ് “ഫിസിക്കൽ എഡ്യൂക്കേഷൻ” അഥവാ കായിക വിദ്യാഭ്യാസം. വായനപ്പുരയിൽ എന്ന പോലെ തന്നെ കളിസ്ഥലത്തിൽ എന്തും ചെയ്യാൻ സ്വാതന്ത്ര്യം തരുന്ന മറ്റൊരു "ഫ്രീ പീരീഡ്”. കളിക്കളങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവ സ്കൂളുകളിൽ പേരിനു വേണ്ടി അല്ലാതെ ഉപയോഗശൂന്യമായിട്ടാണ് മിക്ക സമയവും കിടപ്പ്. സ്കൂളിന് പുറത്താണ് മിക്കവരും ഇതൊക്കെ പഠിക്കാൻ പോകുന്നത്. അതിനു സാഹചര്യമില്ലാത്ത കുട്ടികളുടെ കാര്യം സ്കൂളുകൾ ചിന്തിക്കുന്നില്ല.

ഭൂരിഭാഗം ജനങ്ങളും ജീവിതശൈലീരോഗങ്ങൾ വരുമ്പോൾ മാത്രമാണ് സ്വന്തം ശരീരത്തെയും ആരോഗ്യത്തെയും കുറിച്ച് ചിന്തിക്കുന്നതുപോലും. മറുനാടുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കായിക ഇനങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം ഇവിടുത്തെ സയൻസ് ലാബിനു കിട്ടുന്ന പ്രാധാന്യത്തെ വെല്ലുന്നതാണ്. കുട്ടികൾക്ക് താല്പര്യമുള്ള കായിക വിനോദം ഏതാണോ അവയെല്ലാത്തിനും പരിശീലന കളരികൾ സ്കൂളിൽ തന്നെ കൊടുക്കുന്നതാണ്.

വിദേശ രാജ്യങ്ങളിൽ സ്കൂൾ അഥവാ കോളേജുകളിൽ കായികമേഖലയെ കരിയർ ആയിട്ടും ആരോഗ്യ പരിപാലനത്തെ പഠനവിഷയമായിട്ടുമാണ് കാണുന്നത്. ആരോഗ്യപരമായ ഈ കാഴ്ചപ്പാട് ഒരു കുട്ടിയിൽ കൊച്ചിലെ വളർത്തി എടുത്താൽ അവർ അവരുടെ ശരീരത്തോട് പ്രതിപത്തി ഉള്ളവർ ആവുകയും ശരീരം സൂക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരും നിശ്ചയദാർഢ്യം ഉള്ളവരും ആയി മാറും. മയക്കു മരുന്ന് തുടങ്ങിയ മാരകവിപത്തിൽ നിന്ന് അകലം പാലിക്കുവാനും സ്വയമേ അവർക്കു സാധിക്കും.

കേരളം ഇത്തരം പാഠ്യേതരമായ കാര്യങ്ങളിൽ പൂർണമായും പിന്നോട്ടല്ല. സ്കൂൾ കലോത്സവവും കായികോത്സവവും പോലെയുള്ള അവസരങ്ങളുടെ കാര്യത്തിൽ പ്രശംസ അർഹിക്കുന്നു. എന്നാൽ ഈ പരിപാടികളിൽ പങ്കെടുക്കുന്നവരിൽ ചുരുക്കം ചിലർ മാത്രമാണ് തങ്ങളുടെ താൽപ്പര്യങ്ങൾ ഒരു കരിയർ ആയിട്ട് പിന്തുടരുന്നത്. നിർഭാഗ്യവശാൽ, ട്രോഫികളും, മെറിറ്റും, ഹ്രസ്വകാല പ്രശസ്തിയുമാണ് ഭൂരിപക്ഷത്തിനു പ്രചോദനം.

എന്നാൽ ഈ കൊടുക്കുന്ന പ്രചോദനത്തിനൊപ്പം ദീർഘകാല പിന്തുണയും അവബോധവും കൂടെ കൊടുത്താൽ മറ്റൊരു ഫലമായിരിക്കും കാണുക. കഴിഞ്ഞ ഒളിംപിക്സിൽ ഇന്ത്യയിൽ നിന്നും പങ്കെടുത്ത 127 കായികതാരങ്ങളിൽ 8 പേർ മാത്രമേ കേരളത്തിൽ നിന്നും പോയുള്ളു. എന്നാൽ കേരളത്തിന്റെ മൂന്നിൽ രണ്ടു ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തു നിന്നും പോയത് 29 പേരാണ്. ചിത്രം അവിടെ വ്യക്തം.

കലാസാംസ്കാരികവും കായികപരവുമായ രംഗങ്ങളിൽ മാത്രമല്ല സ്കൂൾ തലത്തിൽ പിന്തുണ നൽകേണ്ടത്. തൊഴിലധിഷ്ഠിതമായ എത്രയോ കോഴ്‌സുകൾ പുറത്തെ സ്കൂളുകളിൽ ഇച്ഛാനുസൃതമായി നൽകുന്നു. കൃഷി, ജ്യോതിശാസ്ത്രം, പരിതസ്ഥിതി, ഫാഷൻ, പത്രപ്രവർത്തനം, തച്ചുശാസ്ത്രം, ഫോട്ടോഗ്രാഫി, തീയേറ്റർ തുടങ്ങി പാചകകല വരെ സ്കൂൾ തലത്തിൽ തന്നെ പരിചയപെടുത്താവുന്നതാണ്.

ഒരു കോഴ്സ് ആയിട്ട് പഠിപ്പിച്ചില്ലെങ്കിലും ഈ മേഖലകളിൽ ജോലി ചെയ്യുന്ന വിദഗ്ധരുമായിട്ടു കുട്ടികൾക്ക് സംവദിക്കാൻ ഒരവസരം കൊടുത്താൽ തന്നെ വ്യത്യാസം മനസ്സിലാക്കാം. എന്താണ് താൻ ജീവിതത്തിൽ ശരിക്കും ചെയ്യേണ്ടതെന്ന് മനസ്സിലാക്കാൻ കുട്ടികൾ അവരുടെ ബിരുദാനന്തര ബിരുദം എടുക്കുന്നത് വരെ കാത്തിരിക്കുന്നു. എന്നാൽ അവർ സ്കൂൾ കഴിഞ്ഞു ബിരുദ പഠനത്തിന് പോകുന്നതിന് മുമ്പ് തന്നെ അവരെ ബോധവൽക്കരിച്ചാലോ? ജീവിതത്തിൽ വൈകിപ്പോയി എന്നൊരു തോന്നൽ അവരിൽ ഇല്ലാതാവും.

സർവതോന്മുഖമായ വികാസത്തിന് പ്രാധാന്യം നൽകാത്തതാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരാജയം. മാർക്ക് വാങ്ങിക്കാൻ വേണ്ടി മാത്രം രൂപകല്പന ചെയ്യപ്പെട്ട ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ മറ്റെല്ലാം അവഗണിക്കപ്പെടുകയാണ്. ലളിതമായ സാമൂഹിക സാഹചര്യങ്ങൾ വരെ കൈകാര്യം ചെയ്യാൻ ഈ കുട്ടികൾ കഷ്ടപ്പെടും. അവസാനം നല്ല സാഹചര്യങ്ങൾ തേടി അവർ മറ്റു നാടുകളിലേക്ക് ചേക്കേറും. അവരെ ഉപേക്ഷിച്ച നാടിനോടുള്ള ആത്മബന്ധം ഛേദിക്കാൻ അതു പര്യാപ്തമാണ്.

എന്നാൽ ഒരു വശത്ത് പാഠ്യേതരമായ കഴിവുകൾ വികസിക്കുമ്പോൾ, ആ വ്യക്തി മൊത്തത്തിൽ രൂപാന്തരപ്പെടും. കഴിവുകൾ എങ്ങനെ വിനിയോഗിക്കാം എന്ന അറിവ് കയ്യിൽ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ പാത നമുക്ക് മാറ്റി വരയ്ക്കാൻ സാധിക്കൂ. കുട്ടികൾക്ക് പരിപാലനവും ശ്രദ്ധയും കിട്ടുന്ന അന്തരീക്ഷം സൃഷ്ടിച്ചു കൊടുത്താൽ, അവരിൽ നിന്നും അതിന്റെ നൂറിരട്ടി തിരിച്ചു ലഭിക്കും. ചുവർ കാണിച്ചു കൊടുക്കണം, ചിത്രം അവർ വരച്ചു കൊള്ളും. പക്ഷേ തുടക്കത്തിൽ തന്നെ അവരെ ഇരുട്ടിൽ ഇരുത്തുകയാണെങ്കിൽ, ജീവിതകാലം മുഴുവൻ അവർ അവിടെ തന്നെ ഇരുന്നുപോകുന്ന അവസ്ഥ വന്നേക്കാം.

സമഗ്രമായ വീക്ഷണത്തോടെയുള്ള വിദ്യാഭ്യാസം ഓരോ വ്യക്തിയുടെയും സാമൂഹികവും, ബൗദ്ധികവും, ശാരീരികവും, വൈകാരികവും, കായികവും, കലാപരവും, സർഗ്ഗാത്മകവും, സ്വഭാവ രൂപീകരണവും, ആത്മീയവുമായ സാധ്യതകളുടെ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് വിദ്യാർത്ഥികളുടെ പഠന പ്രക്രിയയിൽ ഉൾപ്പെടുത്താനും ശ്രമിക്കേണ്ടതുണ്ട്.

ഇതിനു പരിഹാരം കാണുവാൻ സ്കൂളുകൾക്ക് പരിമിതികളുണ്ട് എന്നതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുവാൻ സാധിക്കണം. കോളേജ് വിട്ട ഒരു പാഴ് ചെക്കൻ അല്ലെങ്കിൽ ഒരു പാഴ് ചെക്കി എന്ന മേൽവിലാസക്കുറിയിൽ നിന്ന് മോചനം ലഭിക്കുവാൻ ഇനിയുമെങ്കിലും നാം യാഥാർഥ്യ ബോധത്തോടെ ഉണരണം. കാറ്റത്തും മഴയത്തും പാഴിലകൾ പോലെ കൊഴിഞ്ഞു വീഴാതെ പിടിച്ചു നിൽക്കുവാൻ നമ്മുടെ യൗവനങ്ങൾക്കു കഴിയട്ടെ, കഴിയണം, കഴിയും.

കടപ്പാട്: (കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ (KDPA) അക്ഷരം 2023 സുവനീറിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം)

Advertisment