Advertisment

ഇവിടെ ജനം ജീവിക്കാനായി നെട്ടോട്ടമോടുമ്പോഴാണ് നിയമത്തെ കൊഞ്ഞനം കുത്തിയും ടോളടക്കാതെയും 'PRESS' സ്റ്റിക്കര്‍ ഒട്ടിച്ചും ചില ട്രോളര്‍മാരുടെ കസര്‍ത്തു നടക്കുന്നത്. ഈ വെട്ടാവളിയന്‍മാരെ ആരാധിക്കാനും ചില സോഷ്യല്‍ മീഡിയ ഓലഞ്ഞാലികള്‍... ദാസനും വിജയനും

New Update

publive-image

Advertisment

സർക്കാർ ഒരു നല്ല കാര്യം ചെയ്തു എന്നതിൽ നമ്മുക്ക് അഭിമാനിക്കാം. ഇക്കഴിഞ്ഞ ദിവസം രണ്ടു നപ്പോളിയന്മാരെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ആരൊക്കെയോ വിളിച്ചു കൂവുന്നത് കണ്ടു. മാധ്യമങ്ങൾ അനാവശ്യമായ പ്രൊപ്പോഗണ്ട ആ വാർത്തക്ക് കൊടുക്കുന്നത് കണ്ടു.

സാധാരണക്കാരെ ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങൾ കോവിഡുമായി ബന്ധപ്പെട്ടും, അല്ലാതെയും ഈ നാട്ടിൽ അരങ്ങേറുമ്പോഴും അതൊന്നും മുഖവിലക്കെടുക്കാതെ ഈ വക കസർത്തുകളിക്കാരുടെ വാർത്തകൾ ലൈവ് ആയി കൊടുക്കുമ്പോൾ ഇവിടെ നഷ്ടമാകുന്നത്

ഒരു സംസ്കാരമാണ്.

വ്ളോഗർമാർ അല്ലെങ്കിൽ ഇൻഫ്ളുവൻസേർസ് അവരവരുടെ ജോലി ഭംഗിയായി ചെയ്തുകൊള്ളട്ടെ, അവർ അവർക്കായുള്ള പണം സമ്പാദിക്കട്ടെ. പക്ഷെ എള്ളുണങ്ങുമ്പോൾ കുറുന്തോട്ടിക്ക് എന്ത് പ്രയോജനം ?

അവർക്കുള്ള ലൈക്കുകളും ഷെയറുകളും അതുപോലെ അവരുടെ വീഡിയോകളെ എല്ലാം സബ് ക്രൈബ് ഒക്കെ ചെയ്തുകൊള്ളൂ. അതുകൊണ്ടു അവർക്കും പ്രയോജനങ്ങൾ ഉണ്ടായിക്കൊള്ളട്ടെ.

നമ്മളെ കൊണ്ട് ഒരാൾക്ക് ഉപകാരം കിട്ടുമെങ്കിൽ കിട്ടിക്കൊള്ളട്ടെ. അതിനൊന്നും നമ്മൾ എതിരായി പറയേണ്ടതില്ല. പ്രവർത്തിക്കേണ്ടതില്ല. പക്ഷെ അവർക്കായി ചാവേറുകളായി മാറരുത് ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും.

ഇവിടെ ആയിരക്കണക്കിന് ജനങ്ങൾ ജീവിക്കുവാൻ നെട്ടോട്ടമോടുമ്പോൾ, അവരുടെ മീൻ കുട്ടകൾ വലിച്ചെറിയപ്പെടുമ്പോൾ, അവർക്കെതിരെ പെറ്റിക്കേസുകൾ ചുമത്തുമ്പോൾ, ആംബുലൻസിന്റെയും പോലീസിന്റെയും സൈറണുകൾ ദുരുപയോഗം ചെയ്തുകൊണ്ട് ടോളുകൾ അടക്കാതെ ചീറിപ്പായുന്ന വ്ളോഗര്‍മാരുടെ ചെയ്തികളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് നാടിന്റെ സിസ്റ്റത്തിന്റെ മേലെയുള്ള കടന്നു കയറ്റമാണ്.

നാമെല്ലാവരും പലപ്പോഴും ടോളുകൾ കൊടുക്കാതെയും അല്ലാതെയും ഒക്കെ യാത്ര ചെയ്തവരൊക്കെ ആണെങ്കിലും അതിനെയൊക്കെ മഹത്തായി ചീത്രീകരിക്കപ്പെടുമ്പോൾ നാം സമൂഹത്തിന് എതിരാവുകയാണ്.

വ്ളോഗര്‍മാരെക്കൊണ്ട് കുറെ നല്ല ഭക്ഷണശാലകൾ, തട്ടുകടകൾ ഒക്കെ രക്ഷപ്പെട്ടിട്ടുണ്ട്.

പരസ്യം ചെയ്യുവാൻ കാശില്ലാത്ത നല്ല ഭക്ഷണം മാത്രം ജനങ്ങൾക്കു എത്തിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഈ വ്ളോഗര്‍മാർ കരകയറ്റിയിട്ടുണ്ട് എന്നത് സത്യം ആണെങ്കിലും ഇന്നിപ്പോൾ അതൊരു കച്ചവടമാർഗ്ഗമായി കാണുന്നവരും ഇല്ലാതെയില്ല.

നിരവധി റിസോർട്ട് ഉടമകളും ഹോട്ടൽ മുതലാളിമാരും ഈ വ്ളോഗര്‍മാർക്ക് പണം കൊടുത്തുകൊണ്ട് അവരുടെ സ്ഥാപനങ്ങളെ മഹത്വവൽക്കരിക്കുന്നുമുണ്ട്. ഇതെല്ലം മനസ്സിലാക്കിയിട്ട് വേണം നാം എവിടേക്കാണെങ്കിലും ചെന്നെത്തിപ്പെടുവാൻ.

അന്തർദേശീയതലത്തിൽ ഈ വ്ളോഗര്‍മാരും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസേർസും വളരെ കടുത്ത അനീതിയാണ് പ്രകൃതിയോട് കാണിക്കുന്നത്. അതിപ്പോൾ ദേശീയതലത്തിലും നമ്മുടെ കൊച്ചു കേരളത്തിലും കാണുവാൻ സാധിക്കും.

ആമസോണിലും അതുപോലെയുള്ള മഴക്കാടുകളിലും, സൈലന്റ് വനങ്ങളിലും ഈ വ്ളോഗര്‍മാർ ചെന്നെത്തുകയും അവർ ആ സ്ഥലത്തെ കുറിച്ചുള്ള വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോള്‍ നമ്മളറിയാതെ ആ ഭൂപ്രദേശം ബലാൽസംഗ പെടുന്നതായി കണ്ടെത്തിയിരിക്കുന്നു.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കാട്ടിലൂടെയുള്ള പല വഴികളും, വെള്ളച്ചാട്ടങ്ങളും, പുൽമേടുകളും, പക്ഷി മൃഗാദികളുടെ ആവാസ കേന്ദ്രങ്ങളും ഇന്നിപ്പോൾ ജനനിബിഢമായിക്കൊണ്ടിരിക്കുന്നു.

കേരളം ഉദാഹരണമായി എടുത്താൽ നമ്മുടെ ചാലക്കുടി വാഴച്ചാൽ മലക്കപ്പാറ വാൽപ്പാറ പൊള്ളാച്ചി റോഡിൽ സാധാരണയായി അതിരപ്പിള്ളി വാഴച്ചാൽ വരെ മാത്രമേ വാഹനങ്ങൾ അധികമായി കണ്ടിരുന്നുള്ളൂ.

വല്ലപ്പോഴും വാഴച്ചാൽ ചെക്ക് പോസ്റ്റിൽ നിന്നും പൊള്ളാച്ചിയിലേക്കോ വാൽപ്പാറയിലേക്കോ പോയിരുന്ന ചരക്ക് ഗതാഗത വാഹനങ്ങളോ പൊള്ളാച്ചി ബസ്സോ മാത്രം ഉണ്ടായിരുന്ന റോഡിൽ

ഇന്നിപ്പോൾ നാഷണൽ ഹൈവേയിലേത് പോലെ വാഹനങ്ങൾ കാണപ്പെടുന്നു.

അതും അവധി ദിവസങ്ങളിൽ ട്രാഫിക്ക് ജാമായി മാറുന്ന ഈ റോഡിൽ ഇപ്പോൾ ആനകളെയോ പുലികളെയോ മാനുകളെയോ കാണ്മാനില്ല . വാഹനങ്ങളുടെ ഒച്ചയും ഹോണുകളും അവരെ ഭയപ്പെടുത്തുന്നു.

കൂടാതെ യാത്രക്കാർ റോഡിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കഴിച്ചതുകൊണ്ട് ധാരാളം ആനകൾ കാട്ടിനുള്ളിൽ ചത്തു വീഴുന്നു. മൊബൈൽ ഫോൺ ആധിക്യം കാരണം ചിത്രശലഭങ്ങളോ, തുമ്പികളോ ഒന്നും ആ വഴിയിൽ കാണാനേ ഇല്ല.

പകൽ കാട്ടിനുള്ളിൽ പ്രവേശിച്ചുകൊണ്ട് ബാർബിക്യു പോലെയുള്ള ഭക്ഷണ കാര്യങ്ങൾ ചെയ്യുമ്പോള്‍, അതിന്റെ തീ കെടുത്താതെ പോകുന്നതുകൊണ്ട് കാട്ടുതീ പഴയതിനേക്കാൾ അധികരിച്ചിരിക്കുന്നു.

നായാട്ടുസംഘങ്ങൾ അനായാസമായി മൃഗങ്ങളെ വേട്ടയാടുന്നു . ഇവർക്കെല്ലാമുള്ള വഴികൾ കാണിച്ചുകൊടുക്കുന്നതിൽ വ്ളോഗര്‍മാരുടെ പങ്ക് നിസ്സാരമായി തള്ളിക്കളയുവാനാവില്ല.

രാഷ്ട്രീയക്കാരോടുള്ള ആരാധനയും, സിനിമാക്കാരോടുള്ള ആരാധനയും കൊണ്ട് നാട് അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകൾ നാം സഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതാ ഒരു പുതിയ സമൂഹം ഉടലെടുത്തിരിക്കുന്നു.

ഇനിയെങ്കിലും ചെറുപ്പക്കാർ ആരാധന മൂത്തുകൊണ്ട് ഈ വ്ളോഗര്‍മാരുടെ പിന്നാലെ പോകാതെ നാടിന്റെ അത്യന്താപേക്ഷിതമായ പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കൂ. ഇതുപോലെ യാത്രകൾ നടത്തുന്ന ആയിരക്കണക്കിന് ജനങ്ങൾ കേരളത്തിൽ വസിക്കുന്നു.

ലോകം മുഴുവൻ സഞ്ചരിക്കുന്ന, ഹിമാലയവും ലഡാക്കുമൊക്കെ വളരെ ഈസിയായി പോയിവരുന്ന, കേരളത്തിൽ ദിവസവും കറങ്ങി നടക്കുന്ന ആയിരങ്ങൾ ഇതൊക്കെ കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളിൽ ചിരിക്കുകയാണ്... ഇത്രമാത്രം,

ലോകം മുഴുവൻ നൂറോളം രാജ്യങ്ങളിൽ കറങ്ങിനടന്നുകൊണ്ട് ജീവിക്കുന്ന സഞ്ചാരി ദാസനും കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്നുകൊണ്ടിരിക്കുന്ന കൊല്ലം വിജയനും

dasanum vijayanum
Advertisment