Advertisment

ഗര്‍ഭമുണ്ടാകുന്ന നോട്ടം ? ദഹിപ്പിക്കുന്ന നാവ് ! ചര്‍ച്ചകളില്‍ രാഷ്ട്രീയം മാറി വര്‍ഗീയതയായി. പണമുണ്ടാക്കാന്‍ കടത്തുകള്‍ പലതരം ! മാറുന്ന മലയാളിയും ശീലങ്ങളും ! - മനുഷ്യനാകണം... മലയാളി മനുഷ്യനാകണം - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

മലയാളി വളരെയേറെ മാറേണ്ടിയിരിക്കുന്നു. ഒരിക്കൽ നാം തമിഴനെയും അറബികളെയും ഒക്കെ കളിയാക്കിയിരുന്നു.

ഇന്നവർ മലയാളിയേക്കാൾ വളരെ ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. നാമിപ്പോഴും ആ പഴയ ഉപ്പുംപെട്ടിയിൽ ഇരുന്നുള്ള കളിയാക്കലുകൾ തുടർന്നുകൊണ്ടേയിരിക്കുന്നു. നമുക്ക് എല്ലാവരേക്കാൾ അറിവും വിവരവും കൂടുതൽ ഉണ്ടെന്ന തോന്നലുകൾ, എല്ലാ വിഷയത്തിലും നമ്മളാണ് മുൻപന്തിയിൽ എന്നുള്ള ധാരണ നമ്മെ ഭരിക്കുന്നു. നമ്മുക്ക് എല്ലാവരെയും പുച്ഛമാണ്.

ഒരു ചെറിയ വിഷയത്തിൽ നിന്നും നമുക്ക് നമ്മെ തന്നെ വിലയിരുത്താം. ഒരു സാധാരണ ഹോട്ടലിലോ റെസ്റ്റോറന്റിലോ കഫെയിലോ നമ്മൾ കയറിയാൽ ഭക്ഷണത്തിന് മുന്പും പിന്പും കൈയും വായയും കഴുകാൻ നാം വാഷ് ബേസിന്റെ അടുത്തു എത്തുന്നു.

സ്വന്തം വീട്ടിൽ മര്യാദക്ക് വായ കഴുകാത്തവൻ അവിടെ വാഷ്ബേസിന്റെ മുന്നിൽ മൂന്നോ നാലോ തവണ കാർക്കിച്ചു തുപ്പുന്നു. മൂക്ക് ചീറ്റുന്നു.

നമ്മുടെ നാട്ടിലെ ഒരു സാധാരണ റെസ്റ്റോറന്റിൽ വാഷ്‌ബേസിന് തൊട്ടടുത്തു തന്നെയായിരിക്കും മറ്റുള്ളവർ ഭക്ഷണം കഴിക്കുവാൻ ഇരിക്കുന്നത്. അവർ എന്ത് വിചാരിക്കും അല്ലെങ്കിൽ അവർക്ക് ഇതൊന്നും അലോസരമാവുന്നോ എന്നൊന്നും ചിന്തിക്കാതെയുള്ള ഒരു കാട്ടി കൂട്ടൽ.

നോട്ടം പോലും കപടം...

പിന്നെയുള്ളത് ഒരു പബ്ലിക്ക് സ്ഥലത്ത്, റെയിൽ വേ സ്റ്റേഷനിലോ, വിമാനത്താവളത്തിലോ, ബസ്‌സ്റ്റാന്റിലോ, സിനിമ തിയറ്ററിലോ പോയാൽ ഉറക്കെ സംസാരിക്കുന്ന ഒരു ശീലവും അത് വഴി ആരെങ്കിലും കടന്നു പോയാൽ അവരെ സൂക്ഷിച്ചു നോക്കുന്ന ഒരു ഏർപ്പാടും മലയാളിക്ക് ലേശം കൂടുതലാണ്.

ഒരു പെണ്ണെങ്ങാനും മുന്നിലൂടെയോ സൈഡിലൂടെയോ നടന്നു പോയാൽ നോട്ടം കൊണ്ട് തന്നെ ഗർഭം ഉണ്ടാക്കുന്ന കണ്ണുകളായിരിക്കും അവൾക്ക് ചുറ്റും. പറ്റിയെങ്കിൽ ഒരു കമന്റും പാസാക്കാതെ വിടില്ല. ഇക്കാര്യത്തിൽ ആണും പെണ്ണുമൊക്കെ കണക്കു തന്നെ. പെണ്ണുങ്ങൾ കൂട്ടമായുണ്ടായാലേ അപകടമുള്ളൂ.

മലയാളിയുടെ തനിനിറം !

പരസ്‌പര ബഹുമാനമില്ലായ്‌മ നമ്മളിൽ വളരെ അധികമായി കണ്ടുവരുന്നു. മാതാപിതാക്കളോടായാലും ബന്ധുക്കളോട് ആയാലും സഹോദരങ്ങളിൽ ആയാലും നല്ല കൂട്ടുകാരിൽ ആയാലും ആർക്കും അങ്ങോട്ടും ഇങ്ങോട്ടും ആലിംഗനങ്ങളോ , പ്രശംസകളോ ഒന്നും ആത്മാർത്ഥമായി കാണിക്കുന്നില്ല.

എല്ലാം ഒരു വഴിപാടുപോലെ നടക്കുന്നു . ബന്ധുക്കളെ കൊണ്ടുള്ള ശല്യം വളരെ കൂടുതലായിരിക്കുന്നു. മക്കളുടെ വിദ്യഭ്യാസം, നല്ല വിവാഹം, ജോലി, സന്പാദ്യം എല്ലാ വിഷയത്തിലും അനാവശ്യമായി ഇടപെട്ടുകൊണ്ടുള്ള അസൂയ പണ്ടത്തേക്കാൾ കൂടിയിരിക്കുന്നു.

അതിപ്പോൾ ന്യു ജനറേഷനിലും ബാധിച്ചിരിക്കുന്നു. വലിയ വർത്തമാനങ്ങൾ ഒക്കെ പറയുമെങ്കിലും സ്വത്ത് ഭാഗം വെക്കുന്ന നേരത്ത് എല്ലാവരുടെയും തനി നിറം പുറത്തുവരുന്നു.

ഹൃദയങ്ങളെവിടെ... ബന്ധങ്ങളെവിടെ...

കൂട്ടുകാരിൽ മിക്കവരും സ്വന്തമായ അജണ്ടകൾക്കുള്ളിൽ നിന്നുകൊണ്ട് ബലൂൺ പൊട്ടാതെ ബലൂണിൽ സൂചി കയറ്റുന്ന വിദ്യകൾ പയറ്റുന്പോൾ നല്ലത് ഏത് ചീത്ത ഏത് എന്നത് മനസ്സിലാക്കുവാൻ ഏറെ കഷ്ടപ്പെടുന്നു.

പരസ്‌പര സഹായത്തിന്റെ പേരിൽ പലതിനും മുന്നിട്ടിറങ്ങുകയും കാര്യം വരുന്പോൾ ചെറിയ ചെറിയ വിഷയങ്ങളിൽ വരെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കിയെടുത്തുകൊണ്ട് മുന്നിൽ നിന്നും പിന്നിൽ നിന്നും ചവുട്ടുന്പോൾ അതൊന്നും മനസ്സിലാകാതെ കുറെ പേര് സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും പേരിൽ പിന്നെയും പിന്നെയും കൂട്ടുകാരനെ കണ്ണടച്ചു വിശ്വസിക്കുന്നു.

കേരളത്തെ സംബന്ധിടത്തോളം ആത്മാർത്ഥതയുള്ള ഒരു നല്ല കൂട്ടുകെട്ട് ഉണ്ടെന്ന് തോന്നുന്നില്ല. എല്ലാവരിലും അവരുടേതായ മുഖം മൂടികൾ.

മര്യാദ ലവലേശം... ?

നമ്മൾ മലയാളി ആദ്യമായി ഒരാളെ കണ്ടാൽ പേര് ചോദിക്കുന്നു. അത് ഷാജിയെന്നോ ബിജുവെന്നോ സുധീർ എന്നോ പറഞ്ഞാൽ പിന്നെ അച്ഛന്റെ പേര് ചോദിക്കുന്നു. അവരുടെ ജാതി മനസിലാക്കാനുള്ള ഒരു അളവ് കോലാണത്. പിന്നെ താമസിക്കുന്ന ഏരിയ ചോദിക്കുന്നു.

അത് ആളുടെ സന്പത്ത് സൗകര്യമൊക്കെ മനസിലാക്കുവാൻ കൂടിയാണ്. ഒരു വീട്ടിലോ അപ്പാർട്മെന്റിലോ പോയാൽ ആദ്യം വാടക എത്രയെന്ന് ചോദിക്കും. അല്ലെങ്കിൽ ആ ഭാഗത്ത് ഭൂമിയുടെ വില ചോദിക്കും. സാധാരണയായി ഒരാളെ പരിചയപ്പെട്ടാൽ സ്വകാര്യ കാര്യങ്ങൾ ചോദിക്കുവാൻ പാടില്ല എന്നാണ് വെയ്പ്.

കുട്ടികൾ എന്ത് ചെയുന്നു എന്ന് ചോദിക്കുന്പോൾ കുട്ടികൾ ഇല്ലാത്തവർക്ക് അത് വിഷമം ഉണ്ടാക്കുന്നു. ഭർത്താവ് എന്ത് ചെയുന്നു അല്ലെങ്കിൽ ഭാര്യ എന്ത് ചെയുന്നു എന്നൊക്കെ ചോദിക്കുന്പോൾ അതില്ലാത്തവർക്ക് വിഷമത്തിന് ഇടവരുന്നു. ഈ കാലഘട്ടത്തിൽ വിവാഹ ബന്ധം വേർപെടുത്തിയവരും അകന്നു ജീവിക്കുന്നവരും ഒക്കെയാണ് കൂടുതൽ.

നാവാണ് ആയുധം ! 

അബദ്ധത്തിലെങ്ങാനും ഒരു സിനിമ നടനെയോ സംവിധായകനെയോ കണ്ടാൽ ഉടനെയുള്ള ചോദ്യം ഇപ്പൊ പടം ഒന്നും ഇല്ല അല്ലെ. അന്നിറങ്ങിയ സിനിമ പൊട്ടിയല്ലേ എന്നായിരിക്കും. ജോലി പോയി വീട്ടിൽ ഇരിക്കുന്ന ഒരാളോട് ജോലി പോയി അല്ലെ, ഇനിയെന്ത് ചെയ്യും എന്നുള്ള ചോദ്യങ്ങൾ.

കല്യാണം കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാത്ത ദന്പതികളോട് വിശേഷം ഒന്നും ആയില്ല അല്ലെ ? ആരുടെയാണ് പ്രശ്നം എന്നൊക്കെയുള്ള ചോദ്യങ്ങൾ. ആശുപത്രിയിൽ കിടക്കുന്ന ആളുടെ കിടക്കക്കരികിൽ പോയി നിന്ന് ദുഃഖം മുഖത്ത് കാണിച്ചുകൊണ്ട് ആ അസുഖത്താൽ മരണപ്പെട്ട മൂന്നോ നാലോ ആളുകളുടെ കഥ പറയും.

ഒരു ആക്‌സിഡന്റ് കണ്ടാൽ സഹായിക്കുവാൻ കൂടെ കൂടാതെ അവിടെ നിന്നുകൊണ്ട് അങ്ങനെ ചെയ്താൽ മതിയായിരുന്നു. ഇങ്ങനെ ചെയ്താൽ മതിയായിരുന്നു എന്നുള്ള അഭിപ്രായങ്ങൾ.

വഴിമാറുന്ന ചര്‍ച്ചകള്‍...

രാഷ്ട്രീയ കാര്യങ്ങളിൽ കേരളത്തിലെ ജനങ്ങൾക്കുണ്ടായിരുന്ന ഒരു അറിവ് ഇന്ന് വട്ടപ്പൂജ്യമായി മാറിയിരിക്കുന്നു.

പണ്ടൊക്കെ സാധാരണ ഗ്രാമങ്ങളിലെ ചായപ്പീടികകളിൽ നടക്കുന്ന ചർച്ചകൾ വരെ അമേരിക്കൻ സാമ്രാജ്യത്വത്തെക്കുറിച്ചും റഷ്യൻ അധിനിവേശത്തെക്കുറിച്ചും വിയറ്റ്നാമിലെ നാപ്പാം ബോംബിനെ കുറിച്ചൊക്കെ ആയിരുന്നു എങ്കിൽ ഇന്നിപ്പോൾ ചർച്ച ചെയുന്നത് യുപിയിലെ ബലാൽ സംഘങ്ങളും ബീഹാറിലെ അക്രമങ്ങളെ കുറിച്ചൊക്കെയാണ്.

എന്നിട്ട് നാമവരെ കളിയാക്കുന്നു. അതിനപ്പുറം കേരളത്തിൽ നടക്കുന്നത് അവർ വിസ്‌മരിക്കുന്നു. കൂടത്തായി പോലെയും പാന്പിനെ കൊണ്ട് കൊത്തിച്ചു കൊന്നതും ആംബുലൻസിൽ രോഗിയെ പീഡിപ്പിച്ചതുമൊക്കെ കേരളത്തിൽ ആയിരുന്നു എന്നത് ആർക്കും ഓർമ്മയിൽ ഇല്ല.

എന്നിട്ടു നമ്മൾ മറ്റുള്ള സംസ്ഥാനവർത്തകൾക്ക് അനാവശ്യ പ്രാധാന്യം കൊടുക്കുന്നു.

അറിവില്ലായ്മയാണ് അഹങ്കാരം !

ന്യു ജെൻ പിള്ളേരോട് ഇന്ത്യൻ പ്രസിഡന്റ് ആരാണെന്ന് ചോദിച്ചാൽ നരേന്ദ്ര മോദിയെന്നു പറയുന്നു. നരേന്ദ്ര മോഡി പ്രധാനമന്ത്രി ആണെന്ന് നമ്മൾ പറഞ്ഞാൽ ഇതിലൊന്നും വലിയ കാര്യമില്ല, രാഷ്ട്രീയത്തിലൊന്നും താത്‌പര്യമില്ല എന്നുള്ള മറുപടിയും.

എങ്കിൽ ആപ്പിൾ കംപ്യുട്ടർ കമ്പനിയുടെ സ്ഥാപകൻ ആരാണെന്ന് ചോദിച്ചാൽ ബിൽഗേറ്റ്സ് ആണെന്നുള്ള ഉത്തരവും. അവർക്ക് അകെ അറിയാവുന്നത് നല്ല ഷവർമ ഇവിടെ കിട്ടും അൽഫാമും കുഴിമന്തിയും എവിടെ കിട്ടുമെന്നല്ലാതെ അതിന്റെ ശരിയായ രുചി വരെ അറിയുന്നില്ല.

നേരാംവണ്ണം ഒരു പെണ്ണിനെ പ്രേമിക്കാനോ പ്രേമിച്ച പെണ്ണിനെ കല്യാണം കഴിക്കാനോ കല്യാണം കഴിച്ച പെണ്ണിനെ മര്യാദക്ക് കൊണ്ട് നടക്കാനോ ഇവർക്ക് അറിയില്ല.

ഒരു ബസിൽ ചാടിക്കയറാനോ, ട്രെയിനിൽ ഓടിക്കയറാനോ അറിയാത്ത ഇവരിൽ അധികവും എൻജിനീയറിങ് ബിരുദധാരികൾ ആണ്.

തകരുന്ന തലമുറ...

ഏറ്റവും കൂടുതൽ വിവാഹ മോചനങ്ങളും ആത്മഹത്യകളും നടക്കുന്നത് മലയാളികളിലാണ് എന്നതാണ് മറ്റൊരു കണ്ടെത്തൽ. കുടുംബങ്ങളിൽ മക്കൾ ഒന്നോ രണ്ടായി ചുരുങ്ങിയതും സാന്പത്തിക കെട്ടുറപ്പ് ഉണ്ടെന്ന അഹങ്കാരവുമാണ് ഒട്ടുമിക്ക വിവാഹമോചനങ്ങളുടെയും കാരണമായി കാണുന്നത്.

എൺപത് ശതമാനവും വിവാഹമോചനത്തിന്റെ കാരണക്കാര്‍ ആണിന്റെ അമ്മയേക്കാൾ പെണ്ണിന്റെ അമ്മയാണ് എന്നതാണ് സത്യാവസ്ഥ. ആണിന്റെ അമ്മയെ അമ്മായിഅമ്മ എന്ന പേരിൽ മുൻവിധികളോടെ നേരിടുമ്പോള്‍ ശരിക്കും വില്ലത്തി പെണ്ണിന്റെ അമ്മയായിരിക്കും. അവർക്ക് ജീവിതത്തിൽ സംഭവിച്ച പ്രശ്നങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് മകളുടെ കാര്യങ്ങളിൽ ഇടപെടുന്പോൾ അനാവശ്യ വാശികൾ രൂപപ്പെടുന്നു.

കൂടാതെ ഇന്നത്തെ ഒട്ടുമിക്ക ചെറുപ്പക്കാരും സെക്സിനെ സമീപിക്കുന്നത് പോൺ വീഡിയോകൾ കണ്ടിട്ടാണ്. അവർ ഭാര്യമാരെയും അത്തരം വീഡിയോകൾ കാണിക്കുന്പോൾ, ഉത്തേജനവും സമയവും വലുപ്പവും ഒക്കെ പെണ്ണിന്റെ മനസിലും കയറിക്കൂടുന്നു. കൂടാതെ രതി വൈകൃതങ്ങൾക്ക് പെണ്ണിനെ നിർബന്ധിക്കുന്നു. ഇങ്ങനെ തകർന്നുപോകുന്ന  ദാമ്പത്യങ്ങൾ കേരളത്തിൽ അധികരിക്കുന്നു.

രാഷ്ട്രീയം വര്‍ഗീയതയ്ക്ക് വഴിമാറിയപ്പോള്‍ 

രാഷ്ട്രീയ അതിപ്രസരത്തിനേക്കാൾ ഇപ്പോൾ അപകടത്തിൽ എത്തിയിരിക്കുന്നത് വർഗീയ വംശീയ അതിപ്രസരങ്ങളാണ്. എന്തിനും ഏതിനും വർഗീയം കാണുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. സ്‌കൂളിൽ മക്കളെ ചേർക്കുമ്പോള്‍  മുതൽ അവരുടെ കൂട്ടുകെട്ടുകളിൽ മാതാ പിതാക്കൾ അനാവശ്യമായി കൈ കടത്തുന്നു.

ഹിന്ദുവിനെ കൂട്ടുകാരൻ ആക്കേണ്ട എന്ന് മുസ്ലിം മാതാപിതാക്കളും മുസ്ലിമുമായി കൂട്ട് വേണ്ട ഹിന്ദു മാതാപിതാക്കളും മക്കളെ ഉപദേശിക്കുന്ന ഈ കാലഘത്തിൽ ഇനി വരാൻ പോകുന്നത് അപകടകരമായ അവസ്ഥകളാണ്.

അനാവശ്യ ലവ് ജിഹാദ് വിഷയങ്ങൾ കോളേജുകളിൽ കൂട്ടുകാരെ തമ്മിൽ അകറ്റി നിർത്തുന്നു. ഒരാൾക്ക് ഒരാളോട് അടുപ്പമോ പ്രണയമോ തോന്നിയാൽ ലവ് ജിഹാദിന്റെ പേടികൊണ്ട് അകന്നുപോകുന്ന സൗഹൃദങ്ങൾ ഒട്ടേറെയാണ്.

അത് പോലെ വസ്ത്രധാരണശൈലിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കേരളത്തെ വളരെ നെഗറ്റീവായി ബാധിച്ചിരിക്കുന്നു.

പണമാണ് മുഖ്യം !

കൂട്ടുകാരുടെയും കുടുംബങ്ങളുടെ ഇടയിലെ വാട്‍സ് ആപ്പ് ഗ്രൂപ്പുകൾ ഇന്നിപ്പോൾ ഉപകാരത്തിനേക്കാൾ അധികം ഉപദ്രവമാണ് സമൂഹത്തിൽ ചെയുന്നത്.

അനാവശ്യ പോസ്റ്റുകളും അനാവശ്യ സംസാരവും ഒട്ടുമിക്ക കുടുംബങ്ങളിലും കൂട്ടുകാർക്കിടയിലും ഉണ്ടാക്കിയിട്ടുള്ള വിടവ് നിസ്സാരമായി തള്ളിക്കളയുവാൻ ആകില്ല.

പിന്നെ പണം നോക്കിയുള്ള ബന്ധങ്ങൾ, പണം എങ്ങനെ ഉണ്ടാക്കിയെന്നോ എങ്ങനെ ചിലവഴിക്കുന്നു എന്നതോ നോക്കാതെ പണമുള്ളവരോടുള്ള കൂറ് സമൂഹത്തിൽ കൂടി വന്നു.

അതിന്റെ അടിസ്ഥാനത്തിൽ ഏത് വിധേനയും പണമുണ്ടാക്കുവാനായി ചെറുപ്പക്കാർ സ്വർണ്ണക്കടത്തിലേക്കും കടത്തൽ പൊട്ടിക്കലിലേക്കും മയക്കുമരുന്ന് വ്യാപാരത്തിലേക്കും നീങ്ങുന്നു. അങ്ങനെ അവർ സ്വന്തം നാട്ടിൽ ഒരു ആഡംബര കാറുമായി ലാൻഡ് ചെയ്യുന്പോൾ അവരെ പൂമാലയിട്ട് സ്വീകരിക്കുന്നു.

കഴിക്കുന്ന ഭക്ഷണത്തില്‍ വരെ മതം ?

വാർത്ത മാധ്യമങ്ങളും ചാനലുകളും ഓൺലൈൻ പത്രങ്ങളും പക്ഷപാതപരമായ രീതിയിലാണ് വാർത്തകൾ മെനയുന്നതും അതിനെ ജനങ്ങളിൽ എത്തിക്കുന്നതും.

കൊച്ചിയിലെ മോഡലുകളുടെ വാഹനാപകടം മുതൽ സ്വർണ്ണ കടത്തിലും രാഷ്ട്രീയകൊലകളിലും ഒക്കെ മതവും വംശീയതയും കലർത്തുന്നു.

കഴിക്കുന്ന ഭക്ഷണത്തിൽ മതത്തിന്റെ അതിപ്രസരം, കച്ചവട സ്ഥാപനങ്ങളിൽ മതം നോക്കിയുള്ള ഡീലുകൾ, ഇതൊക്കെ വാർത്താമാധ്യമങ്ങൾക്ക് വേണെമെങ്കിൽ കൺട്രോൾ ചെയ്യാവുന്ന കാര്യങ്ങളേയുള്ളൂ. പകുതിയിലധികം വിഭാഗീയതകൾ സൃഷ്ടിക്കുന്നത് ചാനലുകാരും സോഷ്യൽ മീഡിയയുമാണ്.

ഇതിൽ നിന്നൊക്കെ ഒരു മാറ്റം വരണമെങ്കിൽ നഴ്‌സറി ക്‌ളാസ് മുതൽ മദ്രസകൾ മുതൽ കുട്ടികളെ ബോധവത്‌കരിക്കണം. മാതാപിതാക്കളും അധ്യാപകരും സമൂഹവും ഇക്കാര്യത്തിൽ ഇറങ്ങി തിരിക്കണം.

പുതിയ രാഷ്ട്രീയ നേതാക്കന്മാർ ഈ കാര്യങ്ങൾ വളരെ ഗൗരവമായി എടുത്തുകൊണ്ട് ഇടപെടേണ്ടിയിരിക്കുന്നു. ഇപ്പോൾ തന്നെ കേരളത്തിൽ അടുപ്പിച്ചുണ്ടാകുന്ന പ്രളയങ്ങളും മഹാമാരികളും നമുക്കുള്ള താക്കീതാണ്. റോഡ് വക്കുകളിൽ ഉണ്ടായിരുന്ന കമ്മ്യുണിസ്റ്റ് പച്ചക്ക് പകരമായി അനാവശ്യമായ വള്ളിച്ചെടികൾ, അതുപോലെ കായലുകളിൽ മാരകമായ ആഫ്രിക്കൻ പായലുകൾ എല്ലാം നാം മനസ്സിലാക്കുവാനുള്ള ലക്ഷണങ്ങളാണ്.

മയിലുകൾ ഇല്ലാതിരുന്ന കേരളത്തിൽ മയിലുകൾ പെറ്റു പെരുകുന്നു. ആഫ്രിക്കൻ ഒച്ചുകൾ കൂട്ടം കൂട്ടമായി നാട് കയ്യേറുന്നു. വന്യമൃഗങ്ങൾ കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങുന്നു.

നാട് നന്നാകണം : മനുഷ്യൻ മനുഷ്യനാവണം

മലയാളിക്കായി ഇനിയും ഈ കഥകൾ തുടരുമെന്ന ഉറപ്പിന്മേൽ വേദനയോടെ ദാസനും

ഇനിയുള്ള തലമുറകളെ എങ്കിലും നന്നാക്കിയെടുക്കണം എന്ന അഭ്യര്‍ഥനയിൽ വിജയനും

Advertisment