Advertisment

കെ റെയിൽ നല്ലതുതന്നെ ! പക്ഷേ അത് കൊണ്ടുവരും മുന്‍പ് കേരളീയരോട് ചില കടമകൾ ചെയ്തു തീർക്കാനുണ്ട്. കെ റെയിലിന്റെ വക്താക്കളും പിന്നണിക്കാരും ചേര്‍ന്ന് ഒപ്പം എസ് ശർമ്മയേയും കൂട്ടിക്കൊണ്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ അടുത്തു ഒത്തുകൂടി മലയാളിയോടായി ഒരു മാപ്പപേക്ഷയും, വചന പ്രഘോഷണവും നടത്തണം. 'മനുഷ്യനാകണം .. മനുഷ്യരാകണം ..' എന്ന സംഗീതം വേദിക്കരികെ ഡിജെ ആയും വേണം - ദാസനും വിജയനും

New Update

publive-image

Advertisment

ഇന്ത്യയുടെ പ്രഥമപൗരൻ കേരളത്തിന്റെ തലസ്ഥാന നഗരിയിൽ വന്നപ്പോൾ അദ്ദേഹം ഉപയോഗിച്ച കക്കൂസിലെ പൈപ്പിൽ വെള്ളമില്ല, കേവലം ഒരു ചുവന്ന ബക്കറ്റിലെങ്കിലും ലേശം വെള്ളം വെക്കാമായിരുന്നു.

അതുവരെ ചെയ്യാത്തവരോ അതോ ചെയ്യാൻ അറിയാത്തവരോ എങ്ങനെ ഒരു ലക്ഷം കോടിയുടെ കെ റെയിൽ ഉണ്ടാക്കുമെന്ന് ആരോ ചോദിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ചിന്തിച്ചുപോയി, ശരിയാണ് ഇക്കൂട്ടർ എങ്ങനെ ഇത്രേം വലിയ പ്രോജക്റ്റ് ഉണ്ടാക്കും ?

ഭരിക്കുന്നവർ തന്നെയാണ് വികസനം കൊണ്ടു വരേണ്ടത്. വികസനം നല്ലതുതന്നെയാണ് . ഒരു നല്ല പ്രോജക്റ്റ് വരുമ്പോൾ നേരിട്ടും അല്ലാതെയും കമ്മീഷനുകളും കൺസൾട്ടൻസി കരാറുകളും അണ്ടർ കട്ടിങ്ങും എല്ലാം എപ്പോഴുമുണ്ടാകുന്ന വിവാദങ്ങള്‍ തന്നെയാണ്.

ഒരു ലക്ഷം കോടിയുടെ കമ്മീഷൻ തന്നെ ഏറ്റവും ചുരുങ്ങിയത് ഒരു ശതമാന കണക്കു വെച്ച് നോക്കിയാൽ തന്നെ 1000 കോടിയായി. പക്ഷെ ആയിരം കോടി കമ്മീഷനായിട്ട്  ഒരാളും ഇത്രേം വാശിയും ബഹളവും വെക്കില്ല. അപ്പോൾ ശതമാനം അതുക്കും മേലെയാണെന്നൊക്കെയാണ് പുതിയ വിവാദങ്ങള്‍.

കേരളം വികസിക്കേണ്ടത് കേരളീയരായ നമ്മളുടെ ആഗ്രഹമാണ്. കെ റെയിൽ പോലത്തെ ഒരു ബ്രഹ്മാണ്ഡ പ്രോജക്റ്റ് വന്നാൽ കേരളം വികസിക്കും എന്ന് എല്ലാവരും കരുതുന്നുണ്ടെങ്കിൽ അതും നല്ലത്.


പക്ഷെ ഈ വികസനം കൊണ്ടുവരുന്നവർ കേരളീയരോട് ചില കടമകൾ ചെയ്തു തീർക്കാനുണ്ട്. അത് വളരെ വ്യക്തമായി ചെയ്തു തീർത്തിട്ട് വേണം കെ റെയിലിന്റെ ആദ്യ കല്ലിടൽ കർമ്മം നടത്തുവാൻ. 


കെ റെയിലിന്റെ വക്താക്കൾ, കെ റെയിലിന്റെ പിതാവ്, കെ റെയിലിന്റെ ഗുണഭോക്താക്കൾ, കെ റെയിലിന്റെ പിന്നണിക്കാർ, ഒപ്പം എസ് ശർമ്മയേയും കൂട്ടിക്കൊണ്ട് എല്ലാവരും നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ അടുത്തു ഒത്തുകൂടി മലയാളിയോടായി ഒരു മാപ്പപേക്ഷയും, വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നടത്തണം.

publive-image

ഈ പരിപാടിക്ക് ആളെ കൂട്ടുവാൻ 'മനുഷ്യനാകണം ... മനുഷ്യരാകണം...' എന്ന

സംഗീതം ഡിജെ ഒക്കെ വേദിക്കരികെ ഉണ്ടായിരിക്കണം.

അത് കഴിഞ്ഞാൽ കേരളത്തിലെ നാഷണൽ ഹൈവേയിൽ ഒരു മനുഷ്യ ചങ്ങല ഉണ്ടാക്കണം.

കേരളത്തിൽ എക്സ്പ്രസ്സ് ഹൈവേ വന്നാൽ റോഡ് വക്കിൽ പശുവിനെയോ എരുമയെയോ കെട്ടുവാൻ സാധിക്കില്ല എന്ന് മുറവിളി കൂട്ടിയ ഇടത് കർഷക തൊഴിലാളികളെയും, റോഡിന്റെ അപ്പുറത്തെ വീട്ടിലെ പെൺകുട്ടിക്ക് പ്രണയലേഖനം കൊടുക്കുവാൻ എങ്ങനെ സാധിക്കും എന്ന് ചോദിച്ചുകൊണ്ട് സമരങ്ങൾ നടത്തിയ ഇടത് ചെറുപ്പക്കാരുടെയും നേതൃത്വത്തിൽ ആകണം മനുഷ്യ ചങ്ങല.

'മേലാൽ ഒന്നിനെയും എതിർക്കില്ല' എന്നായിരിക്കണം പ്രതിജ്ഞ എടുക്കേണ്ടത്.

കണ്ണൂരിലെ നല്ലവരായ സഖാക്കൾ കണ്ണൂർ എയർപോർട്ടിലും, കാക്കനാട്ടുകാർ സ്മാർട്ട് സിറ്റി പ്രദേശത്തും, കഴക്കൂട്ടത്തുകാർ ലുലു മാളിലും കൊച്ചിക്കാർ മെട്രോ തൂണുകൾക്ക് ചുറ്റിലും വൈപ്പിൻകാർ കണ്ടെയ്‌നർ പോർട്ടിലും, പാലക്കാട്ടുകാർ കഞ്ചിക്കോട്ട് സ്റ്റീൽ കമ്പനി കോമ്പൗണ്ടിലും ആലുവക്കാർ ഫാക്ടിലും അമ്പലമുകളുകാർ റിഫൈനറിയിൽ ഗെയിൽ പൈപ്പ് തുടങ്ങുന്നിടത്തും ആന്തൂരുകാർ ആ കല്യാണ മണ്ഡപത്തിന്റെ മുന്നിലും ഒക്കെ വേണം പ്രത്യേക മാപ്പപേക്ഷ പ്രാർത്ഥനകൾ നടത്തുവാൻ.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചില സാഹിത്യ സിനിമ ചിന്തകരെ കൂടെ കൂട്ടുന്നത് നല്ലതായിരിക്കും. 'മനുഷ്യനാകണം .. മനുഷ്യരാകണം ..' ഡിജെ എല്ലായിടത്തും നിർബന്ധം.

ബിഎംഡബ്ള്യു കേരളത്തിൽ പ്ലാന്റ് ആരംഭിക്കുവാൻ കൊച്ചിയിൽ വിമാനമിറങ്ങിയ അതേ നേരത്തു തന്നെ ഐ എം എഫ് -ലോകബാങ്ക് പ്രതിനിധികളെ കരി ഓയിൽ ഒഴിച്ച് ഓടിച്ചത് ഇപ്പോഴും മനസ്സിൽ അലയടിക്കുന്നു.

കർണാടക തമിഴ്നാട് പ്രൊഫഷണൽ കോളജ് ലോബികളിൽ നിന്നും പണം വാങ്ങി എല്ലാ വർഷവും കോളജ് അഡ്മിഷൻ സമയത്ത് ഒരു മാസക്കാലം സ്വാശ്രയ കോളേജ് സമരം നടന്നതും ഓർമ്മകളിൽ വരുന്നു ? പോളിടെക്നിക്ക് സമരവും നവോദയ വിദ്യാലയ സമരവും പ്രീഡിഗ്രി ബോർഡ് സമരവും പ്ലസ്‌ടു സമരവും ഒക്കെ എന്തിനായിരുന്നു എന്ന് ഒരു പിടിയും കിട്ടുന്നില്ല.


''നിങ്ങളറിഞ്ഞോ നാട്ടാരെ - നമ്മുടെ വിദ്യ മന്ത്രി ജേക്കബ് - ചൈനയിൽ പോയതറിഞ്ഞില്ലേ - കാപ്പിരി സുന്ദരികൾക്കൊത്ത് റോക്ക് എൻ റോൾ കളിക്കുമ്പോൾ കേരള മക്കൾ കേഴുന്നു'' കംപ്യുട്ടർ വത്കരണത്തിനെതിരെ രണ്ടുമാസമായിരുന്നു കേരളത്തിൽ സമരങ്ങൾ അരങ്ങേറിയത്.


ഇരുപത്തിയെട്ട് കെഎസ്ആർടിസി ബസുകൾ തല്ലിപ്പൊളിച്ചു, അഞ്ചു പോലീസ് ജീപ്പുകൾക്ക് തീയിട്ടു, കുറെ ചെറുപ്പക്കാർ അടികൊണ്ട് കരഞ്ഞു, കരയാത്തവർ എംഎൽഎയും മന്ത്രിയും എംപിയുമൊക്കെയായി. അവർക്കൊന്നും ഇന്നിപ്പോൾ കംപ്യുട്ടർ ഇല്ലാതെ ബിരിയാണി ഇറങ്ങില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.

പ്രിയപ്പെട്ട മുഖ്യമന്ത്രീ, പ്രിയപ്പെട്ട പാർട്ടി സെക്രട്ടറീ, നിങ്ങൾക്ക് കേരളത്തിൽ എന്ത് വേണേലും ആവാം എന്നതിന്റെ ലൈസൻസാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം തന്നത്.

ജനത്തിന്റെ വോട്ട് എങ്ങനെ കിട്ടി എന്നതല്ല പ്രധാനം, ആർക്ക് കിട്ടി എന്നതാണ്. ദൈവവും പ്രകൃതിയും ഒക്കെ നിങ്ങൾക്കൊപ്പം നിന്നു. വികസനത്തിന്റെ പേരിൽ ആയാലും മതത്തിന്റെ, പണത്തിന്റെ വർഗീയതയുടെ പേരിലായാലും വോട്ടുകൾ കൂടുതൽ കിട്ടിയവർ ജയിച്ചു. ലക്ഷ്യമാണ് പ്രധാനം, വഴിയല്ല.

എന്ത് എതിർപ്പുകൾ നേരിട്ടാലും 'കെ റെയിൽ' നടപ്പാക്കും എന്ന് താങ്കൾ നിശ്ചയദാർഢ്യത്തോടെ പറയുമ്പോൾ 'കെ ഫോൺ' കയ്യിൽ കിട്ടിയ മലയാളി അങ്ങയെ വളരെയേറെ ബഹുമാനിക്കുന്നുണ്ട്, ഇഷ്ടപ്പെടുന്നുണ്ട്.

ഇതുവരെ ജീവിതത്തിൽ മറ്റുള്ളവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത വിമാനത്താവളങ്ങളും മെട്രോകളും സ്മാർട്സിറ്റികളും ഒക്കെ ഉത്‌ഘാടനം ചെയ്ത് ശീലമാക്കിയ അങ്ങയുടെ പാർട്ടിക്കാർക്ക് പകരമായി പ്രതിപക്ഷത്തിന് എന്തെങ്കിലും കൊടുക്കണ്ടേ എന്ന് അങ്ങ് കരുതിയതിൽ തെറ്റ് പറയുവാനാകില്ല.

ആരൊക്കെ എങ്ങനെയൊക്കെ എതിർത്താലും, സുധാകരനോ സതീശനോ, ജമാഅത് കാരോ, സംഘപരിവാർ കാരോ കേന്ദ്രമോ ആരായാലും താങ്കൾ മുന്നോട്ട് വെച്ച കാൽ പിന്നോട്ട് എടുക്കരുത്.

കമ്മീഷന്റെ പേരിലും കൺസൾട്ടൻസിയുടെ പേരിലുമൊക്കെ പലരും പലതും പറഞ്ഞുണ്ടാക്കുവാൻ സാധ്യത ഇല്ലാതെയില്ല. ശശി തരൂർ സമ്മതിച്ച സ്ഥിതിക്ക്‌ താങ്കൾ കെ റെയിലുമായി മുന്നോട്ട് പോകുക.

പറ്റുമെങ്കിൽ ആറുമണിക്ക് ടിവിയിലൂടെയോ, അല്ലെങ്കിൽ പാർട്ടി സമ്മേളനത്തിന്റെ അവസാനത്തിലോ ജനത്തിനോട് മാപ്പ് പറയാൻ ഉപേക്ഷ കാണിക്കരുത്.

കെ റെയിൽ യാത്രകൾ സ്വപ്നം കണ്ടുകൊണ്ട് എല്ലാ സമരങ്ങൾക്കും വിട പറഞ്ഞുകൊണ്ട് കണ്ണൂർ സഖാവ് ദാസനും വികസനത്തിനായി മാത്രം ജീവിതം ഉഴിഞ്ഞുവെച്ചുകൊണ്ട് കെ ഫോണുമായി സഖാവ് വിജയനും

Advertisment