Advertisment

പോപ്പുലര്‍ ഫ്രണ്ട് നിയമവിരുദ്ധമായപ്പോള്‍ നിയമവിരുദ്ധര്‍ വേഷങ്ങളും പ്ലാറ്റ്‌ഫോമുകളും നേതൃത്വവും മാറി വീണ്ടും അവതരിക്കുമോ ? പാര്‍ട്ടികളിലും സംഘടനകളിലും മാത്രമല്ല സിനിമയില്‍ വരെ ഇവര്‍ നുഴഞ്ഞു കയറുന്നു. പിഴുതെറിയേണ്ട ശീലങ്ങള്‍ - ദാസനും വിജയനും

New Update

publive-image

Advertisment

പിഎഫ്ഐ അഥവാ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിച്ചപ്പോൾ ഏറെ വേദനിച്ചത് ആർഎസ്എസ് അല്ലെങ്കിൽ ബിജെപിക്കാണ് എന്നാരെങ്കിലും പറഞ്ഞാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല.

കേരളത്തിൽ നൂറോളം മണ്ഡലങ്ങളിൽ കേവലം അയ്യായിരം വോട്ടുകൾ മാത്രം ലഭിച്ചിരുന്ന ബിജെപി ആർഎസ്എസ് ഹിന്ദുമുന്നണി സ്ഥാനാർത്ഥികൾക്ക് ഇന്നിപ്പോൾ പതിനായിരത്തിനു മേലെ വോട്ടുകൾ ലഭിക്കുവാൻ കാരണക്കാരായിട്ടുള്ളത് പഴയ ഐഎസ്എസും പിന്നീട് വേഷം മാറി വന്ന പിഡിപിയും, അതുപോലെ എൻഡിഎഫും വേഷം മാറിവന്ന പോപ്പുലർ ഫ്രണ്ടും എസ്‌ഡിപിഐ ഒക്കെയാണ്.


പോപ്പുലർ ഫ്രണ്ടിന്റെ ഇക്കഴിഞ്ഞ കോഴിക്കോട്ടെ റാലി കണ്ട ഏതൊരാളുടെയും മനസ്സിൽ കയറിക്കൂടിയ ഒട്ടേറെ ചോദ്യങ്ങളുണ്ട്.


ആ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് അജിത് ഡോവൽ അവരുടെ നേതാക്കന്മാരുടെ വീടുകളിലെ റെയ്‌ഡുകളിൽ നിന്നും അതുപോലെ നിരോധനത്തിൽ നിന്നും മനസ്സിലാക്കേണ്ടത്. ഒരു യൂറോപ്പ്യൻ രാജ്യത്തിൻറെ പട്ടാള മാർച്ചിനേക്കാൾ സെറ്റപ്പുകളാണ് അന്നത്തെ കോഴിക്കോട്ടെ റാലിയിൽ പോപ്പുലർ ഫ്രണ്ട് കാഴ്ചവെച്ചത്. വളരെ മനോഹരമായ യൂണിഫോമും അച്ചടക്കവും നിഴലിച്ച ആ മാർച്ചിനു വേണ്ടി ചിലവാക്കിയ പണം, അതാണ് അല്ലെങ്കിൽ അതിന്റെ പിന്നാമ്പുറമാണ് ഡോവലിനെ ചൊടിപ്പിച്ചത്.

കുറ്റം പറയുവാൻ ഏറെ കാര്യങ്ങൾ ഉണ്ടെങ്കിലും അവരുടെ അച്ചടക്കവും സെറ്റപ്പും ഒക്കെ മറ്റു പാർട്ടിക്കാർ കണ്ടു പഠിക്കേണ്ടതാണ്. ഏതൊക്കെ രീതിയിൽ നിരോധിച്ചാലും അതിനെയൊക്കെ മറി കടക്കുവാനുള്ള പ്ലാനുകൾ ആസൂത്രണം ചെയ്തുകൊണ്ടുതന്നെയാണ് അവർ അവരുടെ രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങൾ ആരംഭിച്ചത് എന്നതൊക്കെ നിരോധിച്ചവർക്കും അറിയാം.


ഒരു നേതാവിനെ അറസ്റ്റ് ചെയ്‌താൽ പകരക്കാരനായി അടുത്തയാൾ തയാറായിക്കാണും എന്നതും വ്യക്തമാണ്. പിന്നെന്തിനു നിരോധിച്ചു എന്ന് ചോദിച്ചാൽ അതും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.


തൊണ്ണൂറുകളുടെ ആരംഭത്തിൽ ബാബരി മസ്‌ജിദ്‌ പൊളിച്ചതിനുശേഷം പൂന്തുറ സിറാജ് , അബ്ദുൽ നാസർ മദനിയെക്കൊണ്ട് ആരംഭിച്ച ഐഎസ്എസ്, അത് പിന്നീട് പിഡിപിയായി എങ്കിലും മദനിയുടെ അറസ്റ്റിനുശേഷം പാർട്ടിയെ നയിക്കുവാൻ ആളില്ലാതായപ്പോൾ അണികൾ വഴിയാധാരമായി.

പലരും അവരവരുടെ മാതൃസംഘടനകളിലേക്ക് മടങ്ങിയെങ്കിലും പലരും ആവേശത്താൽ ധാരാളം പൊട്ടത്തരങ്ങൾക്ക് മുതിർന്നു. അതിന്റെ ഉദാഹരണങ്ങളാണ് തടിയന്റവിട നസീറും മറ്റും. അന്ന് ചില ചെറുപ്പക്കാരിൽ ഉദിച്ച ആശയങ്ങളെ ഏകോപിക്കുവാൻ എൻഡിഎഫിനും എഡിപിഐക്കും പോപ്പുലർ ഫ്രണ്ടിനും ആയി എന്നതാണ് അവരുടെ വിജയം.

കഞ്ചിക്കോട്ടെ താമി വധവും കോതപറമ്പിലെ സന്തോഷ് വധവും അതുപോലെ ഉണ്ടായ പല കൊലപാതകങ്ങളും വളരെ ആസൂത്രിതമായാണ് നിറവേറ്റിയത്. കാക്കാത്തുരുത്തി എന്ന സ്ഥലത്ത് ഒരു നല്ല മഴയത്ത് വീടിന്റെ വരാന്തയിൽ കയറി നിന്ന ഒരാൾ ആ വീട്ടിൽ ഭാര്യയും ഭർത്താവും തമ്മിൽ നടന്ന വഴക്കിൽ ഭാര്യ ഭർത്താവിനെ ഭീഷണിപ്പെടുത്തി പറഞ്ഞ ചില കാര്യങ്ങൾ കേൾക്കുവാനിടയായി. അങ്ങനെയാണ് കേരളത്തിൽ ഒരെത്തും പിടിയും ഇല്ലാതെ നടന്ന നാലോ അഞ്ചോ കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്. അവരെ ചോദ്യം ചെയ്തപ്പോഴാണ്

ഒരു സംഘടനയുടെ സഹായത്താൽ കേരളത്തിൽ അരങ്ങേറിയ കൊലപാതക പരമ്പര വെളിയിൽ വരുന്നത്.

ജോസഫ് മാഷിന്റെ കൈവെട്ടോടെ സംഘടന ഒട്ടേറെ പരിചിതമായി എങ്കിലും മാഷിന്റെ കൈവെട്ടിയതിന് ശേഷം അവർ ഒളിവിൽ പോകാൻ പാടില്ലായിരുന്നു. കൈവെട്ടുവാൻ ചങ്കൂറ്റം കാണിച്ചതുപോലെ തന്നെ സ്റ്റേഷനിൽ നേരിട്ട് ചെന്ന് പിടി കൊടുക്കാനും ചങ്കൂറ്റം കാണിക്കാമായിരുന്നു. പിന്നെ ഇതൊക്കെ പരസ്‌പരം ആനമയിലൊട്ടകം ടീമിന്റെ കളികൾ ആയിട്ടേ തോന്നുന്നുള്ളൂ. ആ മാഷും അങ്ങനെ എഴുതേണ്ടതില്ലായിരുന്നു എന്നതും ഒരു യാഥാർഥ്യം.

പല കാര്യങ്ങളിലും വളരെ സൂക്ഷ്മമായ നിലപാടുകളും തീരുമാനങ്ങളും എടുത്തിരുന്ന, അതുപോലെ ഹലാലും ഹറാമും വേർതിരിച്ചു കണ്ടിരുന്ന ഇവർ, അണികളിൽ വളരെയധികം ആവേശം പകർന്നിരുന്നു. പക്ഷെ നേതാക്കന്മാർ പലരും പണമുണ്ടാക്കുവാനുള്ള ഒരു എളുപ്പ മാർഗമായിട്ടുതന്നെയാണ് ഈ സംഘടനയെ ഉപയോഗിച്ചിരുന്നത്.


പല നേതാക്കന്മാരും സ്വർണ്ണക്കടത്തിലും ഡോളർ കടത്തിലും നേരിട്ടോ അല്ലാതെയോ പങ്കാളികൾ ആണ്. പലരും ഹവാലക്കാരാണ്. അവരുടെ കച്ചവടത്തിന് ധൈര്യം പകരുവാനും ശത്രുക്കളുടെ മേൽ മേൽക്കോയ്മ ലഭിക്കുവാനും വേണ്ടി മാത്രമാണ് ഈ സംഘടനയെ ഉപയോഗിച്ചിരുന്നത്.


സിനിമ ഹറാമാണ് എന്ന് നാഴികക്ക് നാൽപതുവട്ടം പ്രസംഗിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്ന ഇവരുടെ മുതൽ മുടക്കിലായിരുന്നു ചില ന്യൂജെന്‍ മലയാള സിനിമകള്‍.  നിരവധി സിനിമകൾക്ക് ഇവര്‍ പണം ഇറക്കി കളിച്ചിരുന്നു.

ആകെയുള്ള ഒരു രസം എന്താണെന്നുവെച്ചാൽ, ഇന്ത്യയിൽ തന്നെ വളരെ സൂക്ഷ്മതയോടെയും വളരെ പക്വതയോടെയും വളരെ അച്ചടക്കത്തോടെയും കാര്യങ്ങൾ നോക്കിക്കാണുന്ന സംഘടനയുടെ നേതാക്കന്മാരുടെ വീടുകളിൽ എൻഐഎ ബംഗാളികളുടെ വേഷത്തിൽ ജോലിചെയ്‌തുകൊണ്ട് സകലമാനകാര്യങ്ങളും സ്കാൻ ചെയ്‌തത്‌ മനസ്സിലാക്കുവാനുള്ള കേവലബുദ്ധി അവർക്കൊന്നും ഇല്ലാതെപോയെന്നതാണ്. അണികളിൽ നേതാക്കന്മാരോടുള്ള ആരാധന കുറയുവാനും ഇതൊക്കെ കാരണമായേക്കാം.

ഇനി ആരൊക്കെ എങ്ങനെയൊക്കെ നിരോധിച്ചാലും ഈ സംഘടന വീണ്ടും വീണ്ടും വരുമെന്നത് ഉറപ്പാണ്. എങ്കിലും കുറെ നാളെങ്കിലും അവരുടെ നീക്കങ്ങൾക്ക് തടയിടുവാൻ സർക്കാരുകൾക്ക് സാധിക്കും. പക്ഷെ ചിലപ്പോൾ ആലോചിക്കും സർക്കാരുകളാണോ ഇവരെയൊക്കെ വളർത്തുന്നത് എന്നതും. രാഷ്ട്രീയമാണ്, നമ്മുക്കൊന്നും പ്രവചിക്കുവാൻ ആകില്ല നമുക്കൊന്നും മനസിലാകില്ല.

കാത്തിരുന്ന് കാണാം എന്ന വിശ്വാസത്തിൽ

നേതാവിന്റെ വീട്ടുജോലിക്കായി ബംഗാളിൽ നിന്നെത്തിയ എൻഐഎ ക്കാരൻ ദാസനും

നേതാവിന്റെ ഡ്രൈവറായി പണിയെടുക്കുന്ന ആസാമീസ് എൻഐഎ വിജയനും

Advertisment