Advertisment

ബിജെപിയിൽ ചേരുന്നതൊക്കെ ഈ വക മുഖങ്ങളാണല്ലോ ? ചേർന്നവരുടെ അവസ്ഥയോ കഷ്ടം ! ഒട്ടേറെ സിനിമകൾ ഉണ്ടായിരുന്ന ജയറാമിന് കഴിഞ്ഞ ഒരു വർഷമായി മേക്കപ്പിടുവാൻ സാധിച്ചിട്ടില്ല. മേക്കപ്പ്മാൻ പിണങ്ങിപ്പോവുകയും ചെയ്തു. കൊല്ലം തുളസി തുളസിത്തറയും നോക്കി വീട്ടിൽ തന്നെ ഒറ്റയിരുപ്പാണ്. പാർട്ടിയും മതവും മാറിയ പാവം സംവിധായകൻ ഒരു സിനിമ എടുത്തു എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആരും കാണുവാൻ കൂട്ടാക്കുന്നില്ല. ലോകം യൂദാസിനെ ഓർക്കുന്ന അതേ ദിവസം അന്തോണീസ് പുണ്യാളന്റെ മകൻ താമരവഞ്ചിയിൽ കാലു കഴുകാൻ കയറിയത് യാദൃശ്ചികം മാത്രം - ദാസനും വിജയനും

New Update

publive-image

Advertisment

ഇന്ത്യാ മഹാരാജ്യം ഭരിക്കുന്ന രാജാക്കന്മാർക്ക് എന്തുപറ്റി ? കേരളത്തിൽ എത്തുമ്പോൾ അവർ ആരുടെയോ ചാത്തൻസേവയിൽ പെട്ട് ഒന്നിനും കൊള്ളാത്ത അവസ്ഥയിലേക്ക് പോകുന്നതെന്തുകൊണ്ട് ? നേരെ ചൊവ്വേയുള്ള ഒരു നേതാവിനെ മുന്നിലേക്ക് കൊണ്ടുവരുവാൻ എന്തുകൊണ്ട് സാധിക്കുന്നില്ല ?


ഉണ്ടായിരുന്ന നല്ല മുഖങ്ങളെല്ലാം കൊഴിഞ്ഞു പോകുന്നതിന്റെ കാരണങ്ങൾ എന്തായിരിക്കാം ? സ്വീകരിച്ചിരുത്തി ചോറ് വിളമ്പി കൊടുക്കുന്നവരെല്ലാം കേവലം കോളാമ്പികൾ മാത്രമായി ഭവിക്കുന്നതിന്റെ കാരണങ്ങളെന്ത് ?


ഇത്രയേറെ പണം വാരിയെറിഞ്ഞിട്ടും ഒന്നാം നിരയിലുള്ള അല്ലെങ്കിൽ രണ്ടാം നിരയിലുള്ള, പോകട്ടെ ഒരു മൂന്നാം നിരക്കാരനെയെങ്കിലും കൊണ്ടുവരുവാൻ ആകാത്തത് ആരുടെ പിടിപ്പുകേട് ?

ഇത്രയും കാര്യങ്ങൾ പാർട്ടിയുടെ ഡൽഹിയിലെ നേതാക്കന്മാരോ നാഗ്പൂരിലെ റിമോട്ട് കൺട്രോൾ കാര്യവാഹ് കളോ മനസിലാക്കിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വേണമെങ്കിൽ ഒന്നോ രണ്ടോ സീറ്റുകൾ പിടിക്കാം, അല്ലെങ്കിൽ തൃശൂർ എനിക്ക് വേണം .. കണ്ണൂർ ഞാൻ പിടിക്കും ... എന്ന് മുക്രയിടുകയല്ലാതെ വേറെയൊരു നിർവാഹവും കാണുന്നില്ല.


ലോക്സഭാ തിരഞ്ഞെടുപ്പിൽ നല്ല പ്രകടനമെങ്കിലും കാഴ്ച വെക്കണമെങ്കിൽ പാർട്ടിയുടെ ഇന്നത്തെ ഈ രീതികളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവന്നേ മതിയാകൂ. അല്ലെങ്കിൽ ഈ പോക്ക് പോകുകയാണെങ്കിൽ ഉള്ള അണികളും വോട്ടുബാങ്കും നഷ്ടപ്പെടുക മാത്രമായിരിക്കും മിച്ചം.


വളരെയേറെ കൊട്ടിഘോഷിച്ചുകൊണ്ട് കുറേയെണ്ണത്തിനെ സിനിമയിൽ നിന്നും ക്രിക്കറ്റിൽ നിന്നുമൊക്കെ കൊണ്ടുവന്നു. കുറേയെണ്ണത്തിന് മത്സരിക്കുവാൻ സീറ്റുകളും കൊടുത്തു നോക്കി.

ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്ന് പറയുന്നതുപോലെ അവരൊന്നും ജയിച്ചതുമില്ല, പാർട്ടിയിൽ ചേർന്നതിൽ പിന്നെ ഒരു സിനിമയും കിട്ടാതെയുമായി. പത്തനാപുരത്ത് മത്സരിച്ച ഭീമൻ അക്കാര്യങ്ങൾ പച്ചയായി തുറന്നു പറയുകയും ചെയ്തു.

publive-image


ഒട്ടേറെ സിനിമകൾ ഉണ്ടായിരുന്ന ജയറാമിന് കഴിഞ്ഞ ഒരു വർഷമായി മേക്കപ്പിടുവാൻ സാധിച്ചിട്ടില്ല, മേക്കപ്പ്മാൻ പിണങ്ങിപ്പോവുകയും ചെയ്തു. കൊല്ലം തുളസി തുളസിത്തറയും നോക്കി വീട്ടിൽ തന്നെ ഒറ്റയിരുപ്പാണ്. പാർട്ടിയും മതവും മാറിയ പാവം സംവിധായകൻ ഒരു സിനിമ എടുത്തു എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആരും കാണുവാൻ കൂട്ടാക്കുന്നില്ല.


എംപി സ്ഥാനം കിട്ടിയെങ്കിലും നമ്മുടെ സുരേഷ്‌ഗോപിക്ക് കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു സിനിമ വിജയിപ്പിച്ചെടുക്കുവാൻ സാധിച്ചിട്ടില്ല എന്നത് വളരെയേറെ ദുഖമുളവാക്കുന്ന കാര്യങ്ങളാണ്.

മലയാളത്തെ കോരിത്തരിപ്പിച്ച ബിഗ്ഷിറ്റ് കൾ സമ്മാനിച്ച സുരേഷ്‌ഗോപി അല്ലറ ചില്ലറ ചാരിറ്റിയും അബദ്ധം പറച്ചിലുകളുമായി മാർക്കറ്റിൽ നിലനിൽക്കുന്നുണ്ട്. മേലേപ്പറമ്പിൽ ആൺ വീട് സമ്മാനിച്ച രാജസേനൻ ഒക്കെ എവിടെ പോയോ ആവോ ! പലരും നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു. അല്ലെങ്കിൽ ഇല്ലാതായിരിക്കുന്നു.

publive-image


രാഷ്ട്രീയത്തിൽ നിന്നാണെങ്കിൽ പിപി മുകുന്ദൻ, ഒകെ വാസു പോലുള്ള ഉശിരൻ നേതാക്കളെ നഷ്ടപ്പെടുത്തിക്കൊണ്ട് ആർക്കും വേണ്ടാത്ത ചില ശിഖണ്ഡികളെ അകത്തേക്ക് വലിച്ചു കയറ്റുമ്പോൾ സ്വന്തം കാലിന്റെ അടിയിലെ മണ്ണ് നഷ്ടപ്പെടുന്നത് ബിജെപി നേതൃത്വം മനസിലാക്കുന്നില്ല.


ബുദ്ധിയും സംസ്കാരവും നന്മയും ഒക്കെയുള്ള കുറെയധികം ആളുകൾക്ക് ബിജെപിയിൽ ചേരുവാൻ താല്പര്യം ഉണ്ടെങ്കിലും ഇപ്പോൾ പാർട്ടിയിലേക്ക് കയറുന്ന കുറേയെണ്ണത്തിനെ കാണുമ്പോൾ അവരൊക്കെ ആരോടും ഒന്നും ഉരിയാടാതെ ഭജനയുമൊക്കെ ആയി വീട്ടിലിരുപ്പാണ്.

നാമേറെ പ്രതീക്ഷിച്ച കൊങ്കൺ മാൻ അല്ലെങ്കിൽ മെട്രോമാൻ വരെ അനാവശ്യ പ്രസ്താവനകൾ നടത്തി എംഎൽഎ ഓഫീസ് തുറന്നുകൊണ്ട് ജനങ്ങളിൽ അവമതിപ്പുണ്ടാക്കി.

publive-image


മൂന്നോ നാലോ തവണ പാർട്ടികൾ കയറിയിറങ്ങി അവിടത്തെ സുഖ സൗകര്യങ്ങളൊക്കെ നുകർന്ന് എത്തിയ കണ്ണൂരിലെ പുലിക്കുട്ടിക്കും യാതൊരു ചലനങ്ങളും സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല. സ്വന്തം വീട്ടുകാരുടെയോ നാട്ടുകാരുടെയോ ഒരു വോട്ട് അധികം പാർട്ടിക്ക് വാങ്ങി കൊടുക്കുവാൻ കഴിഞ്ഞില്ല.


ഒരു മുൻ എംപി - മുൻ എംഎൽഎ എന്ന നിലയിൽ അതൊരു വലിയ പരാജയമാണ്. ആകെയുള്ള ലാഭം അദ്ദേഹത്തിന് ഇടക്കിടക്ക് ഡൽഹിയിൽ പോയി അമിത്‌ഷായേയും മോദിയെയും നദ്ദയെയും കാണാം, ഷാൾ അണിയിക്കാം . ഇനിയും അത് തുടർന്നാൽ ബിജെപിയാണ് പാർട്ടി, കാലു മടക്കി അടിക്കാനും മടിക്കില്ല എന്നത് അദ്വാനിജിയോട് ചോദിച്ചാൽ മനസ്സിലാകും.

ടോം വടക്കൻ എന്ന് പേരുള്ള കുരച്ചു കുരച്ചു മലയാളം പരയുന്ന ഒരാളെ നമ്മൾ പണ്ടൊക്കെ ടിവിയിലൂടെ കണ്ടിരുന്നു. അങ്ങേരു അങ്ങോട്ട് പോയതിനുശേഷം കണ്ടവരുണ്ടോ എന്ന് പരസ്യം ചെയ്യേണ്ടി വന്നിരിക്കുന്നു.

publive-image


‘ ഇന്നിപ്പോൾ ഈ പെസഹാ വ്യാഴം നാളിൽ ലോകം യൂദാസിനെ ഓർക്കുന്ന അതേ ദിവസം  അന്തോണീസ് പുണ്യാളന്റെ പെശക് മകൻ കാലുകൾ കഴുകുവാൻ ഗോശാലയിൽ എത്തിയിരിക്കുന്നു ' എന്നൊക്കെയുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ വായിക്കുമ്പോൾ പാവം ആന്റണിയോട് ദുഃഖം തോന്നുന്നു.


പിന്നെ ഇവിടെ കുറിക്കുവാൻ കൊള്ളാത്ത അത്രേം നല്ല നല്ല കമന്റുകൾ കാണുമ്പൊൾ ആന്റണിക്ക് വീട്ടിൽ ചുമ്മാ ഇരിക്കുമ്പോൾ വായിച്ചു രസിക്കാം.

കരുണാകരന്റെ ശാപമാണോ എന്നൊക്കെ തോന്നിപ്പോകുന്നു. സ്വന്തം മകനെ ബിജെപിയിൽ പോകുന്നത് തടയാൻ കഴിയാത്ത ആൾ എങ്ങനെയാണ് മറ്റുള്ളവരോട് ബിജെപി മോശം പാർട്ടിയാണ് എന്ന് പറയുന്നത്.

അവനെയെങ്കിലും ബിജെപിയെന്ന വിപത്തിനെപ്പറ്റി ബോധ്യപ്പെടുത്താൻ കഴിയാത്ത ഒരു പിതാവ് പിന്നെ അവസാനകാലത്തെ പതാകയേപറ്റി പറഞ്ഞിട്ടെന്ത് കാര്യം ?

മുജ്ജന്മശത്രുക്കൾ ആരോ ജനിച്ചു സൽപുത്രനായ്, ഇജ്ജന്മമത്രയും കണ്ണീരിലാഴ്ത്തുവാൻ

‘’യുദാസിന് നന്ദി'’

ലീഡർ കരുണാകരൻ മാസാമാസം ഗുരുവായൂർ അമ്പലത്തിൽ പോയതാണ് ബിജെപി കേരളത്തിൽ വളരാഞ്ഞത് എന്ന ആശയത്തിൽ മാളക്കാരൻ ദാസനും നേതൃത്വത്തിലെ സകലമാന പേടുകളെയും മാറ്റി നിർത്തിയാൽ പാർട്ടിക്ക് ഗുണം ചെയ്യും എന്ന അഭിപ്രായത്തിൽ കാര്യവാഹ് വിജയനും

Advertisment