Advertisment

യൂസഫലിയുടെ വായിൽ നിന്നും ചീത്ത കേട്ടാൽ അവൻ രക്ഷപ്പെട്ടു എന്നാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവർ പറയുന്നത്. നാട്ടിക മുസ്‍ലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലി അബുദാബിയിലെ എളാപ്പയുടെ ഒരു കൊച്ചു ഗ്രോസറിക്കടയിൽ തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച വൻ റീട്ടെയ്ൽ ശ്രുംഖലയുടെ ഉടമയായിമാറിയതിന് പിന്നിൽ ചീഞ്ഞുനാറിയ പിന്നാമ്പുറങ്ങളല്ല ത്യാഗത്തിൻ്റെയും ഉദാരതയുടെയും കഥകളാണേറെയും ! യൂസഫലിയെ വിമർശിക്കുന്നവരറിയാൻ - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

മുസ്‍ലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസുഫലി എന്ന എംഎ യൂസുഫലി ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും അബുദാബിയിലേക്ക് പറന്നിറങ്ങിയതിന്റെ അൻപതാം വാർഷികം ആഘോഷിക്കുമ്പോൾ അദ്ദേഹത്തെ കുറിച്ച് ചിലതെങ്കിലും എഴുതാതെ വയ്യ.

യുസഫ് ഭായ് ശരിക്കും ഒരു നെല്ലിക്കയാണ് . ആദ്യം കയ് ക്കും പിന്നെ മധുരിക്കും എന്നതാണ് യുസഫ് ഭായിയുമായി അടുത്തു ഇടപഴകിയവരുടെ ഒരു അഭിപ്രായം. കച്ചവടത്തിൽ അദ്ദേഹം നെല്ലിക്കയുടെ കയ്പും പൊതുജീവിതത്തിൽ മധുരവും ആണെന്നമാണ് ഇവർ പറയുന്നത്. പതിനായിരക്കണക്കിന് ജോലിക്കാരും ഇക്കാര്യങ്ങൾ സമ്മതിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹമിപ്പോൾ ലോകമറിയുന്ന ഒരു നല്ല കച്ചവടക്കാരൻ ആയതും .


യുസഫലിയുടെ വായിൽ നിന്നും ചീത്ത കേട്ടാൽ അവൻ രക്ഷപ്പെട്ടു എന്നാണ് അദ്ദേഹത്തെ അടുത്തറിയാവുന്ന പല ജീവനക്കാരും അടക്കം പറയുന്നത്. ചിലപ്പോൾ അദ്ദേഹം വളരെ പരസ്യമായി ചീത്ത വിളിക്കും. എങ്കിലും പിന്നീട് അവരെയൊക്കെ ഒറ്റക്കൊറ്റക്കായി അടുത്തേക്ക് വിളിച്ച് അവരുടെ സ്വകാര്യ വിഷയങ്ങളും പ്രശ്നങ്ങളും തിരക്കി അതിനൊക്കെ പരിഹാരം കണ്ടെത്തുമായിരുന്നു.


വീട് വെക്കുന്നവന് പണവും സാധനങ്ങളും പെങ്ങന്മാരുടെ കല്യാണം നടത്തേണ്ടവർക്ക് സ്വർണവും ചികിത്സയിലുള്ള മാതാപിതാക്കൾക്കുള്ള സഹായവും അങ്ങനെയങ്ങനെ എന്ത് ചെയ്തു കൊടുക്കാനും മടിയില്ലാത്ത ഒരു ചൂടൻ മുതലാളിയാണദ്ദേഹം.

അസൂയക്കാരും കുത്തിത്തിരിപ്പുകാരും കുതികാൽവെട്ടുകാരും പരദൂഷണക്കാരും തിങ്ങി നിറഞ്ഞ കേരളത്തിലെ കൊടുങ്ങല്ലൂർ തീരദേശമേഖലയായ നാട്ടികയെന്ന ഒരു കടപ്പുറത്ത് സാധാരണക്കാരിൽ സാധാരണക്കാരായ കുടുംബത്തിൽ ജനിച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി വരെ സ്വന്തമാക്കാൻ ചങ്കൂറ്റം കാണിച്ച യുസഫലിക്ക കേരളത്തിന് തന്നെ അഭിമാനമായാണ് നാം കണക്കാക്കേണ്ടത്.

publive-image


അല്ലാതെ നാമടക്കമുള്ള പലരും അദ്ദേഹത്തിന്റെ ചെറിയ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചുകൊണ്ട് അതിനെ ആഘോഷിക്കാൻ ശ്രമിക്കുന്നത് ശരിക്കും നന്ദികേടാണ്. നാലാൾ അറിഞ്ഞുകൊണ്ട് ഇത്രയധികം സഹായങ്ങൾ വാരിക്കോരി കൊടുക്കുന്ന അദ്ദേഹം ആരുമറിയാതെ ചെയ്യുന്നത് അതിലൊക്കെ എത്രയോ ഇരട്ടിയാണ്.


അബുദാബിയിലെ എളാപ്പയുടെ ഒരു കൊച്ചു ഗ്രോസറിക്കടയിൽ നിന്നും തുടങ്ങി സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളുടെ ഒരു വൻ ശ്രുംഖല തന്നെയായ തന്റെ സാമ്രാജ്യം വളരുന്നതിൽ അബുദാബിയിലെ ഭരണകൂടത്തിന്റെ പങ്കും അദ്ദേഹത്തിന് സഹായമായെത്തി. സൗഹൃദങ്ങൾ സ്ഥാപിക്കുന്നതിൽ അദ്ദേഹത്തിന്റെ അത്രേം കഴിവുള്ള മറ്റൊരു മലയാളി ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയമാണ്.

അബുദാബിയിലെ രാജാക്കന്മാരുടെ ശൈലിയാണ് അദ്ദേഹം കടമായെടുത്തത്. അതുകൊണ്ടാണ് ആരെയും കണ്ണടച്ചു സഹായിക്കാൻ ഒരു മടിയുമില്ലാത്തത്. ഷെയ്ഖ് സായിദ് തുടങ്ങിവെച്ച ആ രീതി മക്കളും തുടരുമ്പോൾ 'മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാ സൗരഭ്യം' എന്ന് പറഞ്ഞതുപോലെയാണ് യുസഫലിക്കയും തുടർന്ന് കൊണ്ടിരിക്കുന്നത്.

publive-image


ദുബായിലും അബുദാബിയിലും ഖത്തറിലും സൗദിയിലും ഒക്കെ എത്രയോ വേദനിക്കുന്ന കോടീശ്വരന്മാർ ഉണ്ടെങ്കിലും ആർക്കും യൂസഫ്‌ഭായ് യുടെ ഒരു നിലയിൽ എത്തുവാൻ സാധിക്കാത്തതിന്റെ കാരണവും ഈ ദാനധർമ്മങ്ങൾ തന്നെ.


ഏതൊരു രാജ്യത്തിന്റെയും ഒന്നാമന്മാരുമായുമാണ് യൂസഫലിയുടെ സൗഹൃദങ്ങൾ വളർന്നുകൊണ്ടിരിക്കുന്നത്. യാതൊരു പിശുക്കും കാണിക്കാതെ കയ്യഴിഞ്ഞു കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടാണ് ഈ നിലയിൽ എത്തുവാൻ ആ മനുഷ്യന് സാധിക്കുന്നത്. അവർക്കുള്ള സമ്മാനങ്ങൾ കൊടുക്കുവാനും കച്ചവടത്തിൽ ലാഭം കൊടുക്കുവാനും അർഹതപ്പെട്ട ഓഹരികൾ കൊടുക്കുവാനും അദ്ദേഹം മടി കാണിക്കാറില്ല.

അദ്ദേഹത്തെ കാണാൻ വരുന്ന ഏതൊരു സാധാരണക്കാരനും 5000 ദിർഹത്തിന്റെയും  രാഷ്ട്രീയ സാംസ്‌കാരിക ഉദ്യോഗസ്ഥ മത നേതാക്കൾക്കുമൊക്കെ 50000 ദിർഹമിൽ കുറയാത്തതുമായ ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനങ്ങൾ കൊടുക്കുവാൻ അദ്ദേഹം മടികാണിക്കാറില്ല.

ഈ നാട്ടിലെ ചില മുതലാളിമാർ ഈ വരുന്നവരിൽ നിന്നും എന്തൊക്കെ അടിച്ചുമാറ്റാം എന്ന് കണക്കാക്കി നടക്കുമ്പോൾ ഈ മനുഷ്യന്റെ വിശാലമനസ്കത കാണാതെ പോകരുത്. ദുബായിലെയും കേരളത്തിലെയും പല മീഡിയ റിപ്പോർട്ടർമാരും അദ്ദേഹത്തിന്റെ സഹായം നേടിയവരാണ്.

വീട് വരെ വെച്ചുകൊടുത്ത കഥകൾ ഉണ്ട് . ഒപ്പം ജോലി ചെയ്യുന്നവർക്ക് ശമ്പളത്തിന് പുറമെ ധാരാളം സമ്മാനങ്ങൾ കൊടുക്കുന്നു. ദാനധർമ്മങ്ങൾ ആപത്തുകളെ തടയും എന്ന ഖുർആൻ സൂക്തങ്ങൾ അന്വർത്ഥമാക്കിയതാണ് ഹെലിക്കോപ്റ്റർ അപകടത്തിൽ നിന്നും രക്ഷ നേടിയത് എന്ന് കരുതാം .

publive-image


അദ്ദേഹമറിയാതെ അദ്ദേഹത്തെ സുഖിപ്പിക്കുവാൻ കൂടെയുള്ള ചിലരുണ്ടാക്കുന്ന പിആർ കളികളിൽ ആണ് അദ്ദേഹത്തിനെതിരെ ചിലപ്പോഴൊക്കെ സോഷ്യൽ മീഡിയക്ക് എഴുതേണ്ടി വന്നിട്ടുള്ളത് . കൂടാതെ തുഷാർ വെള്ളപ്പള്ളി വിഷയത്തിലും അദ്ദേഹം കുറെയധികം പഴികേൾക്കേണ്ടിവന്നു.


വധശിക്ഷക്ക് വിധിച്ച ഒരു മനുഷ്യന്റെ വധശിക്ഷ ഒഴിവാക്കി നാട്ടിലേക്ക് അയച്ചതൊന്നും ആരും കാണാതെപോകുകയും ചെറിയ ചെറിയ വിഷയങ്ങൾ എടുത്തിട്ട് ആഘോഷിക്കുകയും ചെയ്യുമ്പോൾ അതിലൊക്കെ കേരളത്തിലെ പഴയ തലമുറയിലെ കുറെ കോടീശ്വരന്മാർക്കും അവരുടെ കിങ്കരന്മാർക്കും പങ്കുണ്ട്.

മറ്റൊരാൾ പണമുണ്ടാക്കി വിലസുന്നത് കാണാനുള്ള മാനസിക വികാസം മലയാളിക്ക് വളരെയധികം കുറവാണ്. കേരളത്തിലെ ഒരു ലോബി അദ്ദേഹത്തിനെതിരെ ചരടുകൾ വലിക്കുന്നതായി അദ്ദേഹത്തിനും അറിയാം .

കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലും കണ്ണൂർ എയർപോർട്ടിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇനി അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായ എയർകേരള കൂടി പ്രാവർത്തികമാക്കുവാൻ മുൻകൈ എടുത്താൽ ഗൾഫിലെ പാവപ്പെട്ടവന്റെ കുറെയധികം യാത്രാ  ദുരിതങ്ങൾക്ക് ആശ്വാസമാകും . അദ്ദേഹം അതുംകൂടി മേലേക്ക് പറത്തും എന്ന് പ്രതീക്ഷിക്കാം ,,

നന്മകൾ മാത്രം നേരുന്നു 

സോഷ്യൽ മീഡിയയിൽ അറിയാതെ എന്തേലും പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നാവശ്യപ്പെട്ട് ദാസപ്പനും അസൂയക്കാർ പലതും പറഞ്ഞുപരത്തട്ടെ , സീസറിനുള്ളത് സീസറിനു തന്നെ എന്ന വിശ്വാസത്തിൽ വിജയപ്പനും

Advertisment