Advertisment

പുല്‍വാമ ഒരു ചോദ്യമാണ്, ചിലപ്പോഴെങ്കിലും ചോദ്യചിഹ്നവും. ഇന്ത്യ സത്യമുള്ള ഒരു മഹാരാജ്യമാണ്. ബ്രിട്ടീഷുകാര്‍ പോലും മുട്ടുമടക്കിയ രാജ്യം. അത്ര പെട്ടെന്നൊന്നും ആര്‍ക്കും ഒന്നിനെയും മറച്ചു വയ്ക്കാനോ മറക്കാനോ കഴിയില്ല. ആരൊക്കെ എത്ര മേലേ പറന്നാലും സമ്മാനം വാങ്ങാന്‍ താഴേയ്ക്ക് വരേണ്ടി വരും - ദാസനും വിജയനും

New Update

publive-image

Advertisment

പുൽവാമയിൽ കിട്ടിയത് പുൽവാമയിൽ തന്നെ തട്ടി പൊട്ടുമോ എന്ന ഭയപ്പാടിലാണ് ഭരണകർത്താക്കൾ. കണ്ണിൽ പൊടിയിടുവാനും പുകമറകൾ സൃഷ്ടിക്കുവാനും അതീഖ് അഹമ്മദ് എന്ന മാഫിയ തലവനായ എക്സ് എംപിയുടെ തല ഉപയോഗിക്കപ്പെട്ടെങ്കിലും പുൽവാമയിലെ ഈ ധീര ജവാന്മാരുടെ ആത്മാക്കൾ ആ പരിസര പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നു എന്നതിന്റെ തെളിവുകളാണ് ഗവർണറുടെ രൂപത്തിൽ പലതും പ്രത്യക്ഷപ്പെടുന്നതും ഞെട്ടിക്കുന്നതും.

ഉത്തരേന്ത്യയിലെ പാവപ്പെട്ട ജനതയെ കുറെ നാളുകൾ പറ്റിക്കുവാൻ കഴിയുമെങ്കിലും അത് തെക്കേ ഇന്ത്യയിൽ വിലപ്പോവില്ല എന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജഗദീഷ് ഷെട്ടറുമാരുടെ പടപ്പുറപ്പാടുകൾ.

കഴിഞ്ഞ ഒമ്പത് വർഷക്കാലമായി നടന്നു വരുന്ന തിരഞ്ഞെടുപ്പുകളിൽ കണ്ണന്താനവും വടക്കനും അനിലും അബ്ദുള്ളക്കുട്ടിയും പോലുള്ള ഏതെങ്കിലും ഒരു കോഞ്ഞാട്ടയെ എതിർപാർട്ടികളിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട് റിപ്പബ്ലിക്ക് പോലുള്ള തൊള്ളേന്പാറന്മാരെ കൊണ്ട് രാത്രി ചർച്ചകൾ നടത്തി സാധാരണക്കാരായ വോട്ടർമാരിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുന്നു എന്ന ധാരണപരത്തി ഉണ്ടാക്കിയ കടലാസ്സ് കോട്ടകൾ കർണ്ണാടകത്തിൽ തകർന്നു തരിപ്പണമാകുന്നു എന്ന് വേണം മനസിലാക്കുവാൻ.

പാർട്ടിയുടെ നേതാക്കന്മാരുടെ പഴയ ശൗര്യവും വീര്യവും വാശിയുമൊക്കെ അദാനിയിൽ തട്ടി തകർന്നു തുടങ്ങുമ്പോൾ അദ്വാനിജി ഒരക്ഷരം ഉരിയാടാതെ കളികൾ കാണുന്നു.


ഓരോരോ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സംഭവിക്കുന്ന ഓരോ സംഭവങ്ങൾക്കും അപ്പോൾ വരുന്ന തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുവാനാകും എന്ന് മനസിലാക്കിയ ഉപദേശകർ പടച്ചുവിടുന്ന ഓരോരോ ഉപദേശങ്ങളിൽ എത്രയെത്ര നിരപരാധികളുടെ ജീവനുകളാണ് പൊലിഞ്ഞു പോകുന്നത് എന്നതോർക്കുമ്പോൾ ആർക്കും ദുഖവും അമർഷവും വരും.


കേവലം അധികാരത്തിനായി എന്തിനാണവർ ഈ വക ചെയ്തികൾ ചെയ്തുകൂട്ടുന്നത് എന്നതാണ് മനസിലാകാത്തത്. കേരളത്തിൽ ആണെങ്കിൽ ഭരണത്തിന് എതിരായി എന്തെങ്കിലും ജനരോഷം വന്നാൽ പിന്നെ മാവോയിസ്റ്റ് ആക്രമണമായി, അവരെ വെടിവെക്കലായി, രാഷ്ട്രീയ അക്രമങ്ങളായി, അത് പലപ്പോഴും സ്വന്തം പാർട്ടിക്കാരനെ സ്വന്തം പാർട്ടിക്കാർ തന്നെ പണികൊടുക്കുന്ന അവസ്ഥകൾ, അപകടങ്ങൾ ദുരന്തങ്ങൾ അങ്ങനെ അങ്ങനെ പ്രതീക്ഷിക്കാത്ത പലതും അരങ്ങേറുന്നു.

അതിപ്പോൾ അമേരിക്കയിൽ ആയാലും യൂറോപ്പിൽ ആയാലും പാകിസ്ഥാനിൽ ആയാലും ഇതൊക്കെ തന്നെയാണ് അവസ്ഥ, രാജ്യത്തു സാമ്പത്തിക ക്ലേശങ്ങൾ സംജാതമാവുമ്പോൾ എണ്ണയുള്ള രാജ്യങ്ങളെ ആക്രമിക്കുക, അവർക്ക് സ്കഡും പാട്രിയോട്ടും വിൽക്കുക, അതിർത്തികളിൽ കയറി വെടി പൊട്ടിക്കുക, സ്വന്തം നാട്ടിലെ പള്ളികളിൽ പൊട്ടിക്കുക, അങ്ങനെയങ്ങനെ എന്തൊക്കെ ലീലാവിലാസങ്ങളാണ് ഈ രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്തുവരുന്നത്.

ജനകീയ കോടതികൾ ആദ്യം ശിക്ഷിക്കേണ്ടത് ഇത്തരക്കാരെയാണ്. ഓരോരോ അട്ടിമറികൾ നടക്കുമ്പോഴും അന്നാട്ടിലെ ജനത അതിന്റെ പിന്നാമ്പുറ കഥകൾ മനസ്സിലാക്കിയാൽ ഇക്കളികൾ കുറെയൊക്കെ അവസാനിപ്പിക്കുവാനാകും.

ഞങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ട്, ഞങ്ങളെ ആർക്കും തൊടാനാകില്ല, പത്തും ഇരുപതും കൊല്ലം ഞങ്ങളെ തോൽപ്പിക്കുവാൻ എതിരാളികൾക്കാവില്ല, അവർക്കു അതിനുള്ള ശക്തിയില്ല എന്നൊക്കെയുള്ള അഹങ്കാരമാണ് ഇത്തരക്കാരെ ഇത്രയും വൃത്തികേടുകൾ ചെയുവാൻ പ്രേരിപ്പിക്കുന്നത്.


അവരൊക്കെ മനസിലാക്കേണ്ടത് 38 കൊല്ലം തുടർച്ചയായി ഭരിച്ച ബംഗാളിലെ കമ്മ്യുണിസ്റ്റ് പാർട്ടിക്കാരെ ജനങ്ങൾ റോട്ടിലിട്ട് കത്തിച്ച കഥകളാണ്. ലിബിയയിലെ സിംഹക്കുട്ടിയായിരുന്ന കേണൽ ഗദ്ദാഫിയെ ഷൂ കൊണ്ട് ചവുട്ടി കൊന്ന കാഴ്ചകളാണ്. കാര്യങ്ങൾ മാറി മറിയുവാൻ അത്ര സമയമൊന്നും എടുക്കില്ല.


തങ്ങൾക്കെതിരെ പറയുന്നവരെ അയോഗ്യരാക്കുക, അവരെ ജയിലിൽ അടക്കുക, അവരുടെ മേലെ അന്വേഷണ ഏജൻസികളെ കൊണ്ട് അമ്മാനമാടുക, അവരെ കൊല്ലാക്കൊല ചെയുക, അവർക്കെതിരെ എഴുതുന്നവരെ കള്ളക്കേസുകളിൽ കുടുക്കുക, എല്ലാറ്റിനും ഒരതിരുണ്ട് എന്നത് എല്ലാവരും ഓർക്കുക.

ഇപ്പോഴത്തെ നല്ല സമയത്ത് എല്ലാറ്റിനും ആളുകളെ കിട്ടിയേക്കാം, പക്ഷെ അതൊക്കെ മാറുന്ന ഒരു സമയത്ത് നിങ്ങൾ ഒറ്റപ്പെടുന്ന ഒരു സമയത്ത് ഇതിനൊക്കെ മറുപടി പറയേണ്ടിവരും. ആരൊക്കെ എത്ര മേലേക്ക് പറന്നാലും സമ്മാനങ്ങൾ വാങ്ങുവാൻ താഴേക്ക് തന്നെ വരണമെന്നുള്ള യാഥാർഥ്യം ഓർമ്മിപ്പിക്കുന്നു.

ഇന്ത്യ സത്യങ്ങളുള്ള ഒരു മഹാരാജ്യമാണ്. അത്ര പെട്ടെന്നോന്നും ആർക്കും ചരിത്രങ്ങളേയും സത്യങ്ങളെയും മറച്ചു വെക്കുവാനോ വളച്ചൊടിക്കുവാനോ ആകില്ല. കുറച്ചു നാളുകൾ ആർക്കും കഴിഞ്ഞേക്കാം. ബ്രിട്ടീഷുകാർ മുട്ടുമടക്കിയ നാടാണ്.

ദൈവത്തെ പേടിക്കുന്ന പരസ്പരം ബഹുമാനിക്കുന്ന ഒരു നല്ല ജനതയുള്ള നാടാണ്. പല നുണ പ്രചാരണങ്ങളും തെറ്റിദ്ധാരണകളും തല്ക്കാലം പരത്തുവാനാകും. പക്ഷെ കുറെയധികം നന്മകൾ പലയിടത്തും അവശേഷിക്കുന്നത് കൊണ്ട് എല്ലാറ്റിനെയും വകഞ്ഞു മാറ്റിക്കൊണ്ട് സത്യങ്ങൾ പുറത്തുവരും. നന്മകൾ ജയിക്കും, സ്നേഹം ജയിക്കും, മനുഷ്യത്വം ജയിക്കും.

പുൽവാമയെ കുറിച്ച് മാത്രം ഒന്നും പറയരുത് എന്ന് ആക്രോശിച്ചുകൊണ്ട് കാര്യവാഹ് ദാസനും

ജഗദീഷ് ഷെട്ടറുമാരെ മാലയിട്ട് സ്വീകരിച്ചുകൊണ്ട് മൈസൂർ വിജയനും

Advertisment