Advertisment

സഹകരണ സംഘങ്ങളെ കറവപ്പശുക്കളാക്കുന്നതില്‍ ഒരു രാഷ്ട്രീയ കക്ഷിയും പിറകിലല്ല ! ഒന്നാം പ്രതി സി.പി.എം. പിന്നാലെ കോണ്‍ഗ്രസും ബി.ജെ.പിയും മുസ്ലിം ലീഗും സി.പി.ഐയും ഒക്കെയുണ്ട്. 164 സംഘങ്ങളില്‍ കൊള്ളയടിക്കല്‍ കാലത്ത് ഭരിച്ചവര്‍ ആരൊക്കെ, ഏതൊക്കെ പാര്‍ട്ടികള്‍ ? എത്ര പേർക്കെതിരെ കേസെടുത്തു ? കൊള്ളക്കാരെ നിര്‍ത്തിയ പാര്‍ട്ടികള്‍ക്കെന്താണ് ഫൈന്‍ ? രാഷ്ട്രീയക്കാര്‍ പണം കൊള്ളയടിച്ചതിന് പൊതുജനം എന്തു പിഴച്ചു ? വേണം ജുഡീഷ്യല്‍ അന്വേഷണം ! നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കേരളത്തിലെ സഹകരണ സംഘങ്ങള്‍ രാഷ്ട്രീയക്കാരുടെ കൊള്ള സങ്കേതങ്ങളായി മാറിയെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു. കരുവന്നൂരാണ് ഒടുവില്‍ കണ്ണുതുറപ്പിച്ചത്.

കണ്ടല ഒന്നു നടുക്കിയതായിരുന്നു. ഒടുവില്‍ 164 സഹകരണ സംഘങ്ങള്‍ നിക്ഷേപകരുടെ പണം മടക്കി നല്‍കാനാവാത്ത തരത്തില്‍ തകര്‍ന്നു തരിപ്പണമായെന്ന് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ മറുപടി പറ‍‍ഞ്ഞതോടെ കേരളം സഹകരണസംഘങ്ങളുടെ ശവപ്പറമ്പാകുമെന്നുറപ്പായി.

15000 സഹകരണ സംഘങ്ങളാണു കേരളത്തില്‍. അതില്‍ 1600 സര്‍വീസ് സഹകരണ സംഘങ്ങള്‍. ഇവയാണ് പൊതുജനത്തിന്‍റെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നവ. 6 വര്‍ഷത്തിനിടെ 396 സംഘങ്ങളില്‍ ക്രമക്കേടു കണ്ടെത്തിയെന്ന് മന്ത്രി നിയമസഭയില്‍ ഉത്തരം നല്‍കിയത് 2022 ജൂലൈ 18 നാണ്.

സഹകരണ സംഘങ്ങളെ കറവപ്പശുക്കളാക്കുന്നതില്‍ ഒരു രാഷ്ട്രീയ കക്ഷിയും പിറകിലല്ല. ഒന്നാം പ്രതി സി.പി.എം തന്നെ. പിന്നാലെ കോണ്‍ഗ്രസും ബി.ജെ.പിയും മുസ്ലിം ലീഗും സി.പി.ഐയും ഒക്കെയുണ്ട്.

സി.എം.പിക്കു പോലും 80 സംഘങ്ങളുള്ള നാടാണിത്. കരുവന്നൂരില്‍ അഴിമതിയുടെയും കൊള്ളയുടെയും കുരു പൊട്ടിയിട്ടും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തേ അലറി ചാടിയില്ല. പേരിനൊരു പ്രതിഷേധം പോരല്ലോ.

കരുവന്നൂരില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് വി.ഡി സതീശന്‍ പറഞ്ഞതു മറക്കുന്നില്ല. കൊള്ള നടന്ന 164 സംഘങ്ങളുടെ പട്ടിക മന്ത്രി വാസവന്‍ പുറത്തു വിട്ടു. ഇവയൊക്കെ ആരാണ് ഭരിക്കുന്നത് ? ഒരോന്നിലും എത്ര പണമാണു കട്ടു മുടിച്ചത് ? പ്രതികളെ അറസ്റ്റ് ചെയ്തോ ? കൊള്ള മുതല്‍ കണ്ടുകെട്ടിയോ ? ഒന്നിനും ഉത്തരമില്ല. പ്രതിപക്ഷം ചോദിക്കുന്നുമില്ല. അമ്പുകൊള്ളാത്തവരാരുമില്ലതന്നെ.


കണ്ടലയെടുക്കാം. കാല്‍ നൂറ്റാണ്ടു കോണ്‍ഗ്രസ് ഭരണം. കൊള്ള പിടിക്കുമെന്നായപ്പോള്‍ ഭരണാധിപന്‍ മറുകണ്ടം ചാടി സി.പി.എമ്മില്‍. പിന്നെ സംരക്ഷണം പാര്‍ട്ടി വക. ഇതാണ് സഹകരണ രംഗത്തെ പുതിയ കേരളാ മോഡല്‍.


വീണ്ടും കരുനന്നൂരിലേയ്ക്ക് സി.പി.എം നേതാക്കളായ മുന്‍ മന്ത്രി എ.സി മൊയ്തീന്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ ചന്ദ്രന്‍ എന്നിവരാണ് കൊള്ളക്കു പിന്നിലെന്ന് ഒന്നാം പ്രതി ടി.ആര്‍ സുനില്‍ കുമാറിന്‍റെ അച്ഛന്‍ രാമകൃഷ്ണന്‍. ജില്ലാ സെക്രട്ടറിയുടെ ഒരു നിഷേധക്കുറിപ്പില്‍ തീരുന്നതാണോ ഇതിന്‍റെ പാപഭാരം.

164 ലേക്ക് അന്വേഷണം നീണ്ടാല്‍ പുറത്തുവരും ബാക്കി ബന്ധങ്ങള്‍. ഗൂഢാലോചനകള്‍. കൊള്ളപ്പണം കീശയിലാക്കിയ വിരുതന്മാരുടെ പേരുവിവരങ്ങള്‍. കൊള്ള മുതലിന്‍റെ വിശദാംശങ്ങള്‍.

226.78 കോടിയുടെ കൊള്ള ക്രൈംബ്രാഞ്ച് കരുവന്നൂരില്‍ കണ്ടെത്തിയത് 2021 ആഗസ്റ്റ് 9 ന്. പക്ഷേ ഒടുവില്‍ പറഞ്ഞത് കൊള്ള 104 കോടി മാത്രമെന്ന് . ആരുടെ കണക്കാണ് ശരി ? ആരോ കള്ളം പറയുന്നു. അതാരാണ് ? ജനങ്ങള്‍ക്കറിയേണ്ടേ ?

മരിച്ച ഫിലോമിന പോലും പുതിയ പ്രഖ്യാപനം കേട്ടാല്‍ എഴുന്നേറ്റ് വന്നേനെ. സര്‍ക്കാര്‍ കണ്‍സോര്‍ഷ്യം ഉണ്ടാക്കും. അല്ലെങ്കില്‍ ഖജനാവില്‍ നിന്നും പണം നല്‍കും. നിക്ഷേപകര്‍ക്കൊരു ചില്ലിക്കാശു നഷ്ടമാവില്ല. മന്ത്രിമാര്‍. ബലേഭേഷ് ! കൈയടിക്കാനാണ് ആര്‍ക്കും തോന്നുക. പക്ഷേ ഒരു പ്രശ്നമുണ്ട്.


മോഷണ മുതല്‍ പിടിച്ചല്ല ഉടമയ്ക്കു നല്‍കുന്നത്. പൊതുജനത്തിന്‍റെ നികുതിപ്പണമാണ് നിക്ഷേപകനു നല്‍കുക. രാഷ്ട്രീയക്കാര്‍ പണം കട്ടതിന് ഖജനാവ് എന്തു പിഴച്ചു ? അതു നിറക്കുന്ന പൊതുജനം എന്തു പിഴച്ചു ? രാഷ്ട്രീയക്കാരായ, കൊള്ളക്കാരായ വര്‍മ്മ സാറന്മാരേ, നിങ്ങടെ തന്തമാരല്ല പൊതുജനത്തിന്‍റെ തന്തമാര്‍. അവര്‍ക്കെല്ലാം മനസിലാകുന്നുണ്ട്. എല്ലാ പക്ഷത്തിന്‍റെയും ഒത്തുകളിയും മൗനഭജനവുമൊക്കെ.


ചോദ്യങ്ങള്‍ നിരവധി: 164 സംഘങ്ങളില്‍ കൊള്ളയടിക്കല്‍ കാലത്ത് ഭരിച്ചവര്‍ ആരൊക്കെ, ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ ? എത്ര പേരുടെ പേരില്‍ കേസെടുത്തു ? യഥാര്‍ത്ഥത്തില്‍ എത്രപേരുടെ പണം നഷ്ടമായി ? ആരുടെയൊക്കെ ? എത്രവീതം ? എത്ര കേസുകള്‍, എത്ര അറസ്റ്റ് ? എത്ര ജാമ്യം ?

എത്രപേരുടെ കൊള്ളമുതല്‍ കണ്ടുകെട്ടി ? നിക്ഷേപകര്‍ക്കു പണം ഈ കൊള്ളക്കാരില്‍ നിന്നും ഈടാക്കുമോ ? ആരീടാക്കും ? ഖജനാവ് എന്തിന് ഈ കൊള്ളക്കുത്തരം നല്‍കണം ? ബാങ്കുകളെപ്പോലെ കുറ്റമറ്റ സംവിധാനം എന്തുകൊണ്ടുണ്ടായില്ല ?

കൊള്ളക്കാരെ പാനലില്‍ നിര്‍ത്തിയ പാര്‍ട്ടികള്‍ക്കെന്താണ് ഫൈന്‍ ? പൊതുമുതല്‍ നശിപ്പിച്ചാല്‍ സമരത്തിന് ആഹ്വാനം നല്‍കിയവര്‍ തുകയടക്കണമെന്ന വ്യവസ്ഥ എന്തുകൊണ്ടീ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ബാധകമായിക്കൂടാ ? ഉത്തരം വേണം. അതിനൊരു ജുഡീഷ്യല്‍ അന്വേഷണം അത്യാവശ്യമല്ലേ ?

Advertisment