Advertisment

ബ്രസീൽ ആരാധകരുടെ പ്രതീക്ഷ കാത്ത് ഒരേ ഒരു ഗോൾ. കസെമിറെ ബ്രസീലിന്റെ വിജയമുറപ്പിച്ചത് 83-ാം മിനിട്ടിൽ. നെയ്മറുടെ വിടവ് ബ്രസീന്റെ പോരാട്ടത്തിൽ പ്രതിഫലിച്ചു. സ്വിറ്റ്‌സർലെൻഡിനെതിരെ ബ്രസീൽ വീജയകൊടി പാറിച്ചതിങ്ങനെ... തോറ്റെങ്കിലും പ്രീക്വാർട്ടർ പ്രതീക്ഷകളുമായി സ്വിറ്റ്സർലെൻഡും...

author-image
nidheesh kumar
New Update

publive-image

Advertisment

ദോഹ: സൂപ്പർ താരമായ നെയ്മറിന്റെ അഭാവം നിലിച്ചു നിന്ന കളിക്കളത്തിൽ ബ്രസീൽ അവസാന നിമിഷങ്ങളിലെ കുതിപ്പിൽ സ്വിറ്റ്സർലൻഡിന്റെ തകർത്ത് പ്രീക്വാട്ടറിലെത്തി. കസെമിറൊ നേടിയ ഒരേ ഒരു ഗോളാണ് ബ്രസീലിനെ പ്രീക്വാർട്ടറിലെത്തിച്ചത്.

ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ 83-ാം മിനിട്ടിലാണ് കസെമിറെ ബ്രസീലിന്റെ വിജയമുറപ്പിച്ച് മത്സരത്തിലെ ഒരുഗോൾ സ്‌കോർ ചെയ്തത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീൽ ആറ് പോയിന്‍റുമായി പ്രീക്വാർട്ടർ ടിക്കറ്റെടുത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ബ്രസീലിനോട് തോറ്റെങ്കിലും ആദ്യ മത്സരത്തിൽ കാമറൂണിനെ കീഴടക്കി നേടിയ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള സ്വിറ്റ്സർലൻഡിന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾ ഇപ്പോഴും സജീവമാണ്. നേരത്തേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സമനില പാലിച്ച കാമറൂണും സെർബിയയും രണ്ട് പോയിന്റുമായി യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലാണ്.

രണ്ട് മാറ്റങ്ങളുമായാണ് ടിറ്റെ ബ്രസീലിനെ കളത്തിലിറക്കിയത്. നെയ്മർക്ക് പകരം ഫ്രെഡും ഡാനിലോയ്ക്ക് പകരം എഡർ മിലിറ്റാവോയും ആദ്യ ഇലവനിൽ ഇടം നേടി. സ്വിറ്റ്സർലൻഡ് സൂപ്പർതാരം ഷാക്കീരിയ്ക്ക് പകരം ഇരുപതുകാരൻ വിംഗർ ഫാബിയൻ റീഡറെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തി.

ഒന്നാം പകുതിയിൽ ബ്രസീലിയൻ നിരയിൽ സൂപ്പർ താരം നെയ്മറുടെ അഭാവം മുഴച്ചു നിന്നു. വിനീഷ്യസിന്റെയും റിച്ചാർലിസൺന്റെയും നീക്കങ്ങൾ സ്വിസ് താരങ്ങൾ നിഷ്പ്രയാസം നിർവീര്യമാക്കി. 27-ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഷോട്ട് ഓൺ ടാർജറ്റ് വന്നത്.

റഫീഞ്ഞയുടെ തകർപ്പൻ പാസിൽ നിന്ന് വിനീഷ്യസിന്റെ വോളി സ്വിസ് ഗോളി യാൻ സോമ്മർ കൈയിലാക്കി. തുടർന്ന് റഫീഞ്ഞയുടെ ലോംഗ് റേഞ്ചറും സോമ്മർ സേവ് ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലാക്കാസ് പക്വേറ്റയ്ക്ക് പകരം റോഡ്രിഗോയെ ബ്രസീൽ കളത്തിലിറക്കി.

മറുവശത്ത് സ്വിസ് പട രണ്ടാം പകുതിയുടെ തുടക്കത്തിൽ ആക്രമണങ്ങൾ മെനഞ്ഞെടുത്തെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. 64-ാം മിനിട്ടിൽ കസെമിറൊയുടെ മനോഹരമായ പാസിൽ നിന്ന് വിനീഷ്യസ് വലകുലുക്കിയെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ പരിശോധനയ്ക്ക് ശേഷം ഓഫ് സൈഡ് വിധിക്കുകയായിരുന്നു.

മത്സരം അവസാന പാദങ്ങളിലേക്ക് കടക്കവേ റിച്ചാർലിസണേയും റഫിഞ്ഞയേയും പിൻവലിച്ച് ഗബ്രിയേൽ ജീസസിനേയും ആന്റണിയേയും ടിറ്റെ ആക്രമണ നിരയിലേക്ക് കൊണ്ടു വന്നു. സെർബിയക്കെതിരെ ഹീറോയായ റിച്ചാർലിസണ് ഇന്നലെ മികവിലേക്കുയരാനായില്ല.

മത്സരം സമനിലയിലേക്ക് നീങ്ങവെ 83-ാം മിനിട്ടിലാണ് റോഡ്രിഗോയുടെ പാസിൽ നിന്ന് കസെമിറൊ ബ്രസീലിന്റെ വിജയഗോൾ നേടിയത്. തുടർന്നും ഗോളിനായി ബ്രസീലിൽ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

മറുവശത്ത് സ്വിറ്റ്സർലൻഡ് ഒരു ഷോട്ടുപോലും ടാർജറ്റിലേക്ക് എടുക്കാനാകാതെയാണ് മത്സരം അവസാനിപ്പിച്ചത്. വിനീഷ്യസ് വിംഗിൽ നിന്ന് അകത്തേക്ക് ഓടിക്കയറി നൽകിയ പാസ് റോഡ്രിഗോ ബോക്‌സിനകത്തേക്ക് കടന്ന കസെമിറോയ്ക്ക് ഫ്‌ലിക്ക് ചെയ്ത് നൽകുന്നു. കസെമിറൊയുടെ ഹാഫ് വോളി സ്വിസ് താരത്തിന്റെ ദേഹത്ത് ചെറുതായി തട്ടി ഗോളി സോമ്മറെ നോക്കി നില്‍ക്കെ അത് ഗോളായി മാറി.

Advertisment