Advertisment

കിരീടത്തിൽ വീണ്ടും മുത്തമിടാൻ ഫ്രാൻസ്. ലോകം വെട്ടിപ്പിടിക്കാൻ മൊറോക്കോ. ലോകകപ്പിൽ ഇന്ന് ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള രണ്ടാം സെമിഫൈനൽ. ഫൈനലിസ്റ്റിനെ അറിയാൻ മണിക്കൂറുകൾ മാത്രം

author-image
nidheesh kumar
New Update

publive-image

Advertisment

ദോഹ: ലോകകിരീടത്തിൽ വീണ്ടും മുത്തമിടാൻ ഫ്രാൻസ്. അത്ഭുതം കാട്ടി ലോകം വെട്ടിപ്പിടിക്കാൻ മൊറോക്കോ. ലോകകപ്പിൽ ഇന്ന് ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള രണ്ടാം സെമിഫൈനൽ. ലോകകപ്പിന്റെ ഫൈനൽ ലൈനപ്പ് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇരു ടീമുകളും തമ്മിൽ ഫൈനൽ ബർത്തിനായി പോരിനിറങ്ങുമ്പോൾ ആവേശം കൊള്ളുക ആരാധകരാണ്.

സൂപ്പർ താരങ്ങളായ കരിം ബെൻസേമയും പോൾ പോഗ്ബയും എൻഗോളോ കാന്റെയുമടക്കമുള്ള പ്രതിഭാശാലികൾ ഇല്ലാതെ എത്തിയിട്ടുപോലും കിരീടസാദ്ധ്യതയിൽ ഏറ്റവും മുന്നിലുണ്ടായിരുന്ന ടീമാണ് ഫ്രാൻസ്. തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവരുടെ വിശ്വാസം ഒട്ടും തെറ്റിക്കാത്ത പ്രകടനമാണ് ദിദിയെർ ദെഷാംപ്സിന്റെ കുട്ടികൾ ഇതുവരെ പുറത്തെടുത്തത്.

മറുവശത്ത് ഈ ലോകകപ്പിലെ വമ്പന്മാരെ ഓരോരുത്തരെയായി വെട്ടിവീഴ്ത്തിയുള്ള ഒരു മാന്ത്രിക യാത്രയായിരുന്നു മൊറോക്കോയുടേത്. ലോക റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയവും മുൻ ചാമ്പ്യന്മാരായ സ്പെയ്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും അവരുടെ കുതിപ്പിന് മുന്നിൽ തകർന്നുവീണു. 2007 ലാണ് അവസാനമായി ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടിയത്. അന്ന് സൗഹൃദ മത്സരത്തിൽ 2-2ന് സമനിലയിൽ പിരിയുകയായിരുന്നു.


കഴിഞ്ഞ തവണ ഫ്രാൻസിനെ ലോകചാമ്പ്യൻമാരാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച കിലിയൻ എംബാപ്പെ തന്നെയാണ് ഇത്തവണയും ഫ്രാൻസിന്റെ കുന്തമുന. ഈ ലോകകപ്പിൽ ഇതുവരെ 5 ഗോളുകൾ നേടി ടോപ് സ്കോറർ സ്ഥാനത്തുള്ള എംബാപ്പെയുടെ വേഗതയ്ക്കൊപ്പം എത്തുകയെന്നത് എതിർ പ്രതിരോധ നിരയ്ക്ക് വലിയ വെല്ലുവിളിയാണ്.


ഒളിവർ ജിറൂദ്, അന്റോയിൻ ഗ്രീസ്മാൻ, ഒസ്‌മാനെ ഡെംബലെ എന്നീ ലോകോത്തര മുന്നേറ്റ നിരക്കാർ ഏത് പ്രതിസന്ധിയിൽ നിന്നും ടീമിനെ കരകയറ്രാൻ കെൽപ്പുള്ളവരാണ്. ഖത്തറിൽ ഇതുവരെ നാലുഗോളുകൾ നേടിക്കഴിഞ്ഞ ജിറൂദ് ബെൻസേമയുടെ അഭാവം നികത്തുന്നു.

മിഡ്ഫീൽഡിൽ ഓഹെലിയാൻ ഷുവാമെനിയുടെ പ്രകടനം ഈ ലോകകപ്പിൽ ഫ്രഞ്ച് കുതിപ്പിൽ നിർണായകമായി. എൻഗോളോ കാന്റെയുടെ കുറവ് പരിഹരിക്കുന്ന പ്രകടനമാണ് ഈ ഇരുപതുകാരൻ പുറത്തെടുത്തത്.

പ്രതിരോധമാണ് ഫ്രാൻസിന് അൽപ്പമെങ്കിലും തലവേദനയുണ്ടാക്കുന്നത്. കിംപെംബെയേപ്പോലുള്ള കരുത്തരെ പരിക്ക് മൂലം നഷ്ടപ്പെട്ട ഫ്രാൻസ് പ്രതിരോധം ലോകകപ്പിൽ ഇതുവരെ വലിയ രീതിയിൽ പരീക്ഷിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇതുവരെ കളിച്ച അഞ്ചുമത്സരങ്ങളിലും ഒാരോ ഗോൾ വഴങ്ങിയിരുന്നു. സൈഡ് ബഞ്ചിന് കരുത്ത് പോരായെന്ന് പലപ്പോഴും വെളിപ്പെട്ടിട്ടുണ്ട്. എംബാപ്പെയെയും ജിറൂദിനെയും മൊറോക്കോ പൂട്ടിയാൽ ദെഷാംപ്സിന് മറുതന്ത്രം മെനയുക പ്രയാസമാകും.

ഫ്രാൻസ് 1998ലും 2018ലും ചാമ്പ്യൻമാരായിരുന്നു. 1962ൽ ബ്രസീലിന് ശേഷം തുടർച്ചയായി രണ്ട് ലോകകപ്പ് നേടുന്ന ആദ്യ ടീം എന്ന റെക്കാഡ് സ്വന്തമാക്കാനാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്. സാധ്യതാ ഇലവൻ ഫ്രാൻസ്: ലോറിസ്, കൗണ്ടേ, വരാനെ, ഉപമെക്കാനൊ, ഹെർണാണ്ടസ് (ഡിഫൻഡർമാർ), ഷുവാമെെനി, റാബിയോട്ട് (ഡിഫൻസീവ് മിഡ്ഫീൽഡർമാർ), ഗ്രീസ്മാൻ, ഡെംബലെ, എംബാപ്പ,( അറ്റാക്കിംഗ് മിഡ്ഫീൽഡർമാർ) ജിറൂദ് (സ്ട്രൈക്കർ).


മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയക്കേണ്ട എന്നു പറഞ്ഞപോലെ ആദ്യമായി ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന മൊറോക്കോയ്ക്ക് കിട്ടുന്നതെല്ലാം ബോണസാണ്. ഒരു സമ്മർദ്ദവുമില്ലാതെ കളിക്കാം. കിടയറ്റ പ്രതിരോധമാണ് മൊറോക്കോയുടെ പ്ളസ് പോയിന്റ്.


തങ്ങളുടെ തട്ടകം വിട്ടിറങ്ങി എതിരാളികൾക്ക് അവസരം നൽകാൻ മൊറോക്കോ ഡിഫൻഡർമാർ തയ്യാറാവാത്തതാണ് സ്പെയ്നിനിനും പോർച്ചുഗലിനും തിരിച്ചടിയായത്. മൊറോക്കോ ഡിഫൻസിനെ എങ്ങനെ വീഴ്ത്തണം എന്നതിന് ഈ ലോകകപ്പിൽ ഉദാഹരണങ്ങളില്ല. കൊമ്പന്മാരായ ക്രൊയേഷ്യ,ബെൽജിയം,സ്പെയ്ൻ,പോർച്ചുഗൽ എന്നിവർ വിചാരിച്ചിട്ട് അതിന് സാധിച്ചിട്ടില്ല.

ഹക്കിം സിയേഷ്,ബൗഫൽ ,യെൻ നെസെയ്റി,അമ്രാബത്ത് എന്നിവർ നേതൃത്വം നൽകുന്ന മുൻനിര കിട്ടുന്ന അവസരങ്ങളിൽ ഓടിയെത്തി ആക്രമണം അഴിച്ചുവിടുന്നവരാണ്. ഉയരവും മികച്ച ശാരീരിക ക്ഷമതയുമാണ് മൊറോക്കോ താരങ്ങളുടെ പ്ളസ് പോയിന്റ്. അഷ്റഫ് ഹക്കീമി, അഗുറേഡ്, മസ്റോയ് എന്നിവർ അണിനിക്കുന്ന പ്രതിരോധനിരയ്ക്ക് ഉരുക്കിന്റെ കരുത്തുണ്ട്.

ഷൂട്ടൗട്ടിൽ രണ്ട് സ്പാനിഷ് കിക്കുകൾ തട്ടിക്കളഞ്ഞ ഗോളി ബനോയും മികച്ച ഫോമിൽ. ക്യാപ്ടൻ സായിസിന്റെ പരിക്കാണ് വെല്ലുവിളിയാകുന്നത്. സാദ്ധ്യതാ ഇലവൻ- ബോനോ(ഗോളി), മസ്റായ്, സായിസ്, അഗ്യുറേഡ്, ഹക്കീമി (ഡിഫൻഡർമാർ), അമാല, അംബ്രാത്ത്, ഔനാഹി (മിഡ്ഫീൽഡർമാർ), സിയേഷ്, യെൻ നസ്റി, ബൗഫൽ (സ്ട്രൈക്കർമാർ).

ഇന്ന് സെമിക്കിറങ്ങുന്ന ഫ്രാൻസ് യൂറോപ്യൻ രാജ്യവും മൊറോക്കോ ആഫ്രിക്കൻ രാജ്യവുമാണെങ്കിലും കൗതുകകരമായ ഒന്നുണ്ട്,ഫ്രഞ്ച് ടീമിൽ കൂടുതലും ആഫ്രിക്കൻ വംശജരാണ്. മൊറോക്കൻ ടീമിലെ മിക്കവരും യൂറോപ്പിൽ ജനിച്ചുവളർന്ന് ഇപ്പോൾ യൂറോപ്യൻ ക്ളബുകളിൽ കളിക്കുന്ന മൊറോക്കോ വംശജരും.

ഫ്രഞ്ച് ടീമിൽ കിലിയൻ എംബാപ്പെ (കാമറൂൺ - അൾജീരിയ), സ്റ്റീവ് മന്ദാന്ദ(ബെയ്‌റെ), ബെഞ്ചമിൻ മെൻഡി, കിപെംബെ (സെനഗൽ),ഒസ്മാൻ ഡെംബലെ (മാലി), എഡ്വേർഡോ കാമവിംഗ (അംഗോള), യൂൾസ് കുൻഡെ (ബെനിൻ), വില്യം സലീബ, ഒറെലിയൻ ഷുവാമെെനി (കാമറൂൺ) ബെൻ യെഡർ (ടൂണീഷ്യ) എൻകുൻകു (കോംഗോ) എന്നിവരൊക്കെ ആഫ്രിക്കൻ രക്തം സിരകളിലുള്ളവരാണ്.

മൊറോക്കക്കാരനായ മാറ്റിയോ ഗുണ്ടേസിയും സംഘത്തിലുണ്ട്. അഷ്റഫ് ഹക്കീമി(സ്പെയ്ൻ),സലിം അമല്ല,അരസ് സരൂരി (ബെൽജിയം),അമ്രാബത്ത്,മസ്റൂയ്, അബുഖലാൽ, ഹക്കിം സിയേഷ് (ഹോളണ്ട്), ബൗഫൽ, ഔനാഹി, സായിസ് (ഫ്രാൻസ്), ബോനോ (കാനഡ) എന്നിങ്ങനെ 26 അംഗ മൊറോക്കൻ ടീമിലെ 14 പേരും ജനിച്ചത് മറ്റ് രാജ്യങ്ങളിലാണ്.

ഇവർ ജൂനിയർ തലത്തിൽ ആ രാജ്യങ്ങളിലായി കളിച്ചെങ്കിലും ലോകകപ്പിനായി മൊറോക്കോയിലേക്ക് എത്തുകയായിരുന്നു. ഇതിൽ പ്രധാന പങ്കുവഹിച്ചത് ഫ്രാൻസിൽ ജനിച്ച്, മൊറോക്കോയ്ക്കായി കളിച്ച പരിശീലകൻ വലീദ് റെഗ്രാഗുയിയാണ്.

Advertisment