Advertisment

മൊറോക്കോയുടെ കുതിപ്പിന് തടയിട്ട് ഫ്രാൻസ്. ഒരു രാജ്യം മുഴുവൻ ഒഴുകിയെത്തിയിട്ടും മൊറോക്കോയെ നിർഭാഗ്യം പിടികൂടി. അൽഭുതങ്ങൾ കാട്ടിയ മൊറോക്കോ മടങ്ങുന്നത് തല ഉയർത്തിപ്പിടിച്ച്. ഗാലറിയെ ചെങ്കടലാക്കിയ മാെറോക്കൻ ആരാധകർ കണ്ണീരോടെ മടങ്ങുന്നു...

author-image
nidheesh kumar
New Update

publive-image

Advertisment

ദോഹ: ലോകകപ്പിൽ അൽഭുതങ്ങൾ കാട്ടിയ മൊറോക്കോയുടെ കുതിപ്പിന് തടയിട്ട് ഫ്രാൻസ്. മൊറോക്കൻ സ്വപ്നക്കുതിപ്പിന് സെമിയിൽ ഫുൾസ്റ്റോപ്പിട്ട് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ കടന്നു.

അൽ ബൈത്ത് സ്റ്റേഡിയം വേദിയായ രണ്ടാം സെമിയിൽ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഫ്രാൻസ് ഫൈനലിൽ അർജന്റീനയെ നേരിടാനുള്ള ടിക്കറ്റെടുത്തത്. ഗാലറിയെ ചെങ്കടലാക്കിയ മാെറോക്കൻ ആരാധകരേയും മൈതാനത്ത് അവസാനം വരെ പൊരുതിയ അവരുടെ സ്വപ്ന സംഘത്തെയും കണ്ണീരിലാഴ്ത്തി തിയോ ഹെർണാണ്ടസും റൻഡൽ കോലെ മുവാനിയുമാണ് ഫ്രാൻസിന്റെ വിജയഗോളുകൾ നേടിയത്.

ലോകകപ്പ് സെമിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന ഒരിക്കലും തകർക്കപ്പെടാത്ത റെക്കാ‌ഡുമായി തലയുയർത്തി തന്നെയാണ് മൊറോക്കോയുടെ മടക്കം. ഇരുടീമും ക്വാർട്ടറിൽ ഇറങ്ങിയ ആദ്യ ഇലവനിൽ രണ്ട് മാറ്റങ്ങൾ വീതം വരുത്തിയാണ് സെമിയിൽ ഇറങ്ങിയത്.

ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്സ് അസുഖബാധിതരായ അഡ്രിയാൻ റാബിയോട്ട്, ഉപമെക്കാനൊ എന്നിവർക്ക് പകരം ഇബ്രാഹിമൊ കൊനാട്ടെ, യൂസഫ് ഫൊഫാന എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. മൊറോക്കോ കോച്ച് വാലിദ് റെഗ്രഗുയി യഹിയ അത്തിയത്ത്, സെലിം അമെല്ലാ എന്നിവർക്ക് പകരം നൗസർ മസ്റൂയി, നയെറഫ് അഗ്വെർദ് എന്നിവരെ ആദ്യ പതിനൊന്നിൽ കൊണ്ടുവന്നു.

കളിയുടെ അഞ്ചാം മിനിട്ടിൽ തന്നെ മൊറോക്കോയെ ഞെട്ടിച്ച് ഫ്രാൻസ് മുന്നിലെത്തി. തിയോ ഹെർണാണ്ടസാണ് ഫ്രാൻസിന് ലീഡ് സമ്മാനിച്ചത്. തിരിച്ചടിക്കാനുള്ള മൊറോക്കോയുടെ ശ്രമം പത്താം മിനിട്ടിൽ ഫലം കണ്ടെന്ന് തോന്നിച്ചെങ്കിലും അസദിൻ ഔനാഹിയുടെ ഷോട്ട് ഫ്രഞ്ച് ഗോൾ കീപ്പറും ക്യാപ്ടനുമായ ഹ്യൂഗോ ലോറിസ് മനോഹരമായി സേവ് ചെയ്തു.

17-ാം മിനിട്ടിൽ ഫ്രഞ്ച് പട ലീഡിന് അടുത്തെത്തിയെങ്കിലും ഒളിവർ ജിറൂദിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു, 21-ാം മിനിട്ടിൽ പരിക്കിന്റെ പിടിയിലുള്ള മൊറോക്കൻ നായകൻ റോമൻ സയിസ്സിന് പകരം സെലിം അമല്ല കളത്തിലെത്തി. 35-ാം മിനിട്ടിൽ ലീഡുയ‌ർത്താൻ ജിറൂദിന് വീണ്ടും സുവർണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തൊട്ടടുത്ത നിമിഷവും ജിറൂദ് അവസരം പാഴാക്കി.

ഒന്നാം പകുതിയുടെ അവസാന നിമിഷം 45-ാം മിനിട്ടിൽ ഹക്കിം സിയേഷെടുത്ത കോർണറിൽ നിന്ന് പ്രതിരോധ താരം എൽയാമിക്കെടുത്ത ഗംഭീര ഓവർ ഹെഡ്ഡ് കിക്ക് പോസ്റ്റിലും ലോറിസിന്റെ കൈയിലും തട്ടിത്തെറിച്ചത് കണ്ട് മൊറോക്കൻ ആരാധകർ തലയിൽകൈവച്ചു.

ഒന്നാം പകുതിയുടെ അധിക സമയത്തും ഗോളിനായി മൊറോക്കോ പ്രസ് ചെയ്തെങ്കിലും ലോറിസിനെ കീഴ്പ്പെടുത്താൻ അവർക്കായില്ല. രണ്ടാം പകുതിയുടെ തുടക്കം മുതൽ മൊറോക്കോ ആക്രമണം തുടങ്ങി. എന്നാൽ അമ്പതാം മിനിട്ടിൽ പന്തുമായി ബോക്സിനകത്ത് എംബാപ്പെയുടെ മുന്നേറ്റം സ്ലൈഡിംഗ് ചലഞ്ചിലൂടെയാണ് മൊറോക്കൻ താരം അമ്രബാത് തടഞ്ഞത്.

എന്നാൽ റഫറി കളിതുടരാൻ നിർദ്ദേശിക്കുകയായിരുന്നു. 54-ാംമിനിട്ടിൽ വരാനെയും കൊനാട്ടെയും മൊറോക്കൻ ഗോൾ ശ്രമങ്ങൾ നിർവീര്യമാക്കി. ഗോളടിക്കാനുള്ള മൊറോക്കൻ ശ്രമങ്ങൾക്കിടെ 79-ാം മിനിട്ടിൽ പകരക്കാരനായി കളത്തിലത്തിയ ഉടനെ റൻഡൽ കോലെ മുവാനി ഫ്രാൻസിന്റെ വിജയ ഗോൾ നേടുകയായിരുന്നു.

തുടർന്നും അവസാന നിമിഷം വരെ മൊറോക്കോ പൊരുതി നോക്കിയെങ്കിലും ഹ്യൂഗോ ലോറിസും ഫ്രഞ്ച് പ്രതിരോധവും അവസരത്തിനൊത്തുയർന്ന് അതെല്ലാം നിർവീര്യമാക്കി.

ഗോൾ ഇങ്ങനെ: അഞ്ചാം മിനിട്ട് : തിയോഹെർണാണ്ടസിന്റെ മെയ് വഴക്കത്തിലൂടെ കിട്ടിയ ഗംഭീര ഗോളിലൂടെ ഫ്രാൻസ് ലീഡെടുക്കുന്നു. റാഫേൽ വരാനെ നൽകിയ ത്രൂപാസ് അന്റോയിൻ ഗ്രീസ്മാൻ എംബാപ്പെയ്ക്ക് നൽകി.

എംബാപ്പെയുടെ ഷോട്ട് മൊറോക്കൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചത് പോസ്റ്റിന് തൊട്ടരുകിൽ നിന്ന് മികച്ച മെയ്‌വഴക്കത്തോടെ തടയാനെത്തിയ ഗോളി ബോനോയെ കബളിപ്പിച്ച് ഹെർണാണ്ടസ് ഗോളാക്കുകയായിരുന്നു.

79-ാം മിനിട്ട്: ഡെംബലെയുടെ പകരക്കാരനായി കളത്തിലെത്തി ഒരുമിനിട്ടാകും മുൻപെ റൻഡൽ കോലെ മുവാനിയിലൂടെ ഫ്രാൻസ് രണ്ടാം ഗോൾ നേടുന്നു. മൊറോക്കോയുടെ മിസ് പാസിൽ നിന്ന് ഫ്രഞ്ച് താരങ്ങൾ തുടങ്ങിയ നീക്കമാണ് ഗോളിൽ കലാശിച്ചത്.

പന്തുമായി ബോക്സിനകത്തേക്ക് കയറി മൂന്നോളം ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്ത് എംബാപ്പെ തൊടുത്ത ഷോട്ട് ബ്ലോക്ക് ചെയ്യപ്പെട്ടെങ്കിലും പന്ത് കിട്ടിയത് പോസ്റ്റിന് തൊട്ടരികിലുണ്ടായിരുന്ന മുവാനിക്ക്. മത്സരത്തിലെ ഫസ്റ്റ് ടച്ച് തന്നെ ഗോളാക്കി മുവാനി ഫ്രാൻസിന്റെ ലീഡ് ഇരട്ടിയാക്കുന്നു.

ഫ്രാൻസിനായി മുവാനി നേടുന്ന കരിയറിലെ ആദ്യഗോൾ. ന്യൂയറിനെപ്പം ലോറിസ് ലോകകപ്പിൽ ഏറ്രവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗോൾ കീപ്പറെന്ന ജർമ്മൻ ക്യാപ്ടൻ മാനുവൽ ന്യൂയിറിന്റെ റെക്കാഡിനൊപ്പമെത്തി ഇന്നലത്തെ മത്സരത്തിലൂടെ ഫ്രഞ്ച് നായകൻ ഹ്യൂഗോ ലോറിസ്. 19 ലോകകപ്പ് മത്സരങ്ങളിലാണ് ഇരുവരും കളത്തിലിറങ്ങിയത്.

Advertisment