Advertisment

ആദര്‍ശധീരന്‍ ആന്റണി പണ്ട് മാര്‍ക്‌സിസ്റ്റ് വിരുദ്ധതിയില്‍ കാച്ചിക്കുറുക്കിയെടുത്ത രാഷ്ട്രീയ കൗശലമായിരുന്നു ' ലാസ്റ്റ് ബസ് ' സിദ്ധാന്തം ! ആഗോള നിക്ഷേപക സംഗമത്തെ എതിർത്ത ഇടതുപക്ഷത്തിനെതിരെ ആയിരുന്നു പ്രയോഗം. പക്ഷേ ഇപ്പോൾ അപ്പൻ പറഞ്ഞത് പ്രാവർത്തികമാക്കിയത് മകനാണ്. കോൺഗ്രസ് തകർന്ന് നിലംപറ്റി കിടന്നപ്പോൾ അനിൽ ലാസ്റ്റ് ബസിന് കൈകാണിച്ചു. അനിലിന് കോണ്‍ഗ്രസ് അച്ഛന്‍ വഴികിട്ടിയ ഒരു കളിപ്പാട്ടം മാത്രമായിരുന്നു. മെച്ചമായ ഒന്ന് വേറെ കിട്ടിയപ്പോൾ അനില്‍മോന്‍ ആവഴിക്ക് പോയി - കാഴ്ചപ്പാടിൽ കിരൺജി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഇ.കെ.നായനാരുടെ നേതൃത്വത്തിലുളള കമ്മ്യൂണിസ്റ്റ് ഭരണം ഖജനാവ് കാലിയാക്കി ഇറങ്ങിപ്പോയപ്പോഴാണ് 2001 ല്‍ ആദര്‍ശധീരന്‍ എ.കെ.ആന്റണി മൂന്നാമതും കേരളത്തിന്റെ മുഖ്യമന്ത്രിയായത്. പണഞെരുക്കത്തില്‍ മുങ്ങിത്താണിരുന്ന കേരളത്തെ രക്ഷിക്കാന്‍ ആദര്‍ശ കളേബരം എറിഞ്ഞു കൊടുത്ത ലൈഫ് ജാക്കറ്റായിരുന്നു ചെലവ് ചുരുക്കല്‍.

ക്ഷീരബല നൂറ്റൊന്ന് ആവര്‍ത്തിച്ചത് എന്ന പോലെ 'മുണ്ടുമുറുക്കിയുടുക്കണം' എന്ന മന്ത്രം പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ നിര്‍ത്തിവെച്ചു.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ എങ്ങനെ സമരംചെയ്യണമെന്നതില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച ഇടതുപക്ഷം സര്‍ക്കാര്‍ ജീവനക്കാരെ സമരത്തിനിറക്കി. പണിമുടക്ക് സമരം ഒരുമാസം നീണ്ടപ്പോള്‍ ലീവ് സറണ്ടര്‍ പുനസ്ഥാപിച്ച് ആദര്‍ശം പ്രതിപക്ഷത്തിന് മുന്നില്‍ സറണ്ടറായി.


കാലകാലങ്ങളില്‍ ആദര്‍ശം പരിപോഷിപ്പിക്കാന്‍ ഇങ്ങനെയോരോ നുണുക്ക് വിദ്യകള്‍ അറയ്ക്കല്‍ പറമ്പില്‍ കുര്യന്‍പിളള ആന്റണിക്ക് കരതലമായിരുന്നു.


സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട സര്‍ക്കാരിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളുപ്പിക്കാന്‍ ആഗോള നിക്ഷേപക സംഗമം അഥവ ജിം എന്ന ഐറ്റം നമ്പറായിരുന്നു ആന്റണ്‍ജിയുടെ അടുത്ത തുറുപ്പ് ചീട്ട്. നിക്ഷേപക സംഗമം എന്ന് കേട്ടപ്പോള്‍ തന്നെ ആഗോള മുതലാളിത്തത്തെ തുരത്താന്‍ വി.എസും പ്രതിപക്ഷവും കച്ചകെട്ടിയിറങ്ങി.

അപ്പോഴാണ് മാര്‍ക്‌സിസ്റ്റ് വിരുദ്ധതിയില്‍ കാച്ചിക്കുറുക്കിയെടുത്ത തന്റെ രാഷ്ട്രീയ കൗശലം ആന്റണി പുറത്തെടുത്തത്. കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരുന്നതിന് വേണ്ടിയുളള വികസനത്തിന്റെ ലാസ്റ്റ് ബസാണ് ആഗോള നിക്ഷേപക സംഗമമെന്ന് വെച്ചുകാച്ചി.


വികസനത്തിനുളള അവസരം നഷ്ടപ്പെടാതിരിക്കണമെങ്കില്‍ അവസാന ബസില്‍ ചാടിപ്പിടിച്ചോണം എന്നായിരുന്നു ഉപദേശത്തിന്റെ രത്‌നചുരുക്കം. പിതാവിനെപ്പോലെ എപ്പോള്‍ എന്ത് എങ്ങനെ ചെയ്യണമെന്ന് അറിയുന്നയാളാണ് മകന്‍ അനില്‍ ആന്റണിയും. തകര്‍ന്ന് നിലംപറ്റികിടക്കുന്ന കോണ്‍ഗ്രസില്‍ നിന്നാല്‍ വലിയ രക്ഷയില്ലെന്ന് അനില്‍ ആന്റണിക്ക് മനസിലായി.


അതുകൊണ്ടാണ് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കളത്തിലിറങ്ങുന്ന ഭാഗ്യാന്വേഷികളെ തേടിയിറങ്ങിയിരിക്കുന്ന താമര ബസിന് കൈകാണിച്ച് കയറിപ്പറ്റിയത്. അച്ഛന്റെ മകനെന്ന് പറഞ്ഞാല്‍ ഇങ്ങനെ ഇരിക്കണം, അതോ മകന്റെ അച്ഛനോ !

അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയത് കൊണ്ട് കോണ്‍ഗ്രസിന് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ല. കാരണം അനില്‍ ആന്റണിക്ക് കോണ്‍ഗ്രസ് അച്ഛന്‍ വഴികിട്ടിയ കളിപ്പാട്ടം മാത്രമായിരുന്നു. അച്ഛന്‍ കൊണ്ടുതന്നതിനേക്കാള്‍ മെച്ചമായ ഒന്ന് ബി.ജെ.പി ഓഫര്‍ ചെയ്തപ്പോള്‍ അനില്‍മോന്‍ ആവഴിക്ക് പോയെന്ന് മാത്രം.

വിയര്‍ക്കാതെ കിട്ടുന്നതൊന്നും ഉതകില്ലന്നല്ലേ. ഇതിലും മെച്ചപ്പെട്ട വാഗ്ദാനം നല്‍കാന്‍ പറ്റിയതൊന്നും തല്‍ക്കാലം ഇന്ത്യയില്‍ ഇല്ലാത്തതുകൊണ്ട് അനില്‍ കുറച്ചുകാലം അവിടെത്തന്നെ കാണും. അല്ലെങ്കിലും ഭാഗ്യാന്വേഷികള്‍ക്ക് സ്ഥിരം താവളം ഉണ്ടാകില്ല, ഇടത്താവളങ്ങളാണ് പഥ്യം.

കോണ്‍ഗ്രസില്‍ നിന്നപ്പോള്‍ എന്താണ് അനില്‍ ആന്റണിയെ അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നമെന്ന് അദ്ദേഹമോ കുടുംബമോ ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഡിജിറ്റല്‍ ചുമതലയുമായി കേരളത്തിലെത്തിയ അനിലിന് ഇവിടെ നിലം തൊടനായില്ല.


കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നു പോകണമെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ സയന്‍സില്‍ എഞ്ചിനീയറിങ്ങോ അമേരിക്കയിലെ ഉപരിപഠനമോ പോര, അതിനുളള വിദ്യ തെരുവില്‍ നിന്നേ പഠിക്കാനാകൂ. പിതാശ്രീ ആദര്‍ശത്തിനോട് ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹം പറഞ്ഞുകൊടുത്തേനെ. ഏത് കാലാവസ്ഥയിലും അദ്ദേഹത്തെപോലെ നിന്നുപിഴക്കാന്‍ പഠിച്ചവര്‍ ഭൂമി മലയാളത്തില്‍ ആരുമില്ല. ആഗ്രഹിച്ചതെല്ലാം നേടാനും നേടിയത് ശോഭയോടെ നിലനിര്‍ത്താനും അദ്ദേഹത്തിന് മാത്രമേ സാധിച്ചിട്ടുളളു.


എല്ലാ നേതാക്കള്‍ക്കും ഒന്നോ രണ്ടോ സോഷ്യല്‍ മീഡിയ മാനേജര്‍മാരുളള കോണ്‍ഗ്രസില്‍ ഒറ്റ ക്ലിക്കില്‍ ഒരുകാര്യവും നടക്കില്ലെന്ന് ആന്റണിയുടെ പുത്രന് മനസിലായില്ല.

എഞ്ചിനീയറിങ്ങ് കോളജില്‍ പഠിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ സഹായത്തില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങി സംരംഭക ശേഷി തെളിയിച്ചിട്ടും കോണ്‍ഗ്രസ് പാളയത്തില്‍ പിടിച്ചുനില്‍ക്കാനുളള പഠിപ്പ് നേടാത്തതില്‍ അനിൽ ഖേദിച്ചിട്ടുണ്ടാകണം. അനിലിന്റെ പ്രചരണതന്ത്രങ്ങള്‍ മോശമാണെന്ന വിമര്‍ശനം കേട്ടപ്പോള്‍ തന്നെ മനസുമടിച്ചു.

പിളള മനസല്ലേ, എന്തെങ്കിലും ഒന്ന് കേട്ടാല്‍ മതി അപ്പോഴേക്കും തൊട്ടാവാടി പോലെയാകും. ഡല്‍ഹിയില്‍ എത്തിയിട്ടും വലിയ കോളൊന്നും വലയില്‍ കുടുങ്ങിയില്ല. ഡല്‍ഹിയിലെ കച്ചോടം എല്ലാം തീര്‍ന്നെന്ന് മനസിലാക്കി പിതാവ് ഇന്ദ്രപ്രസ്ഥം വിട്ടതോടെ ആരും പരിഗണിക്കാതായി.


രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോയിലും അനിലിന് വലിയ റോള്‍ ലഭിച്ചില്ല. പണ്ടാരോ കൊല്ലത്ത് പോയതു പോലെയാണെങ്കിലും ഉമ്മന്‍ചാണ്ടിയുടെ പുത്രന്‍ ചെരിപ്പിട്ടും ഇടാതെയും രാഹുല്‍ ബ്രിഗേഡില്‍ കയറിപ്പറ്റി. ഹൃദയം തകരാന്‍ വേറെ വല്ലതും വേണോ. ചുമ്മാതിരിക്കുന്നവന്റെ മനസില്‍ ചെകുത്താന്‍ കൂടുവെയ്ക്കുമെന്നല്ലേ. അങ്ങനെയാണ് വികസനത്തിന്റെ മണിമുഴക്കി വരുന്ന ലാസ്റ്റ് ബസ് പിടിക്കാന്‍ മോഹം ഉദിച്ചത്.


എന്തായാലും കച്ചവടം നഷ്ടമാണെന്ന് തോന്നുന്നില്ല. ഗുജറാത്തില്‍ നിന്ന് രാജ്യസഭാംഗമാകുമെന്നാണ് കേള്‍വി. ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ മന്ത്രിയായി വന്ദേമാതരം പാടാം. മകന്‍ ഇങ്ങനെയോരൊ കുസൃതികള്‍ ഒപ്പിക്കുന്നതൊന്നും അറിയാതെ വിശ്രമജീവിതത്തിലാണ് എ.കെ.ആന്റണി.

മകനുമായി രാഷ്ട്രീയം സംസാരിച്ചിട്ട് കാലങ്ങളായെന്നാണ് ആദര്‍ശമുഖത്ത് നിന്ന് വന്ന ആദ്യത്തെ ന്യായീകരണം. അപ്പോൾ നാട്ടുകാർക്കും പ്രവർത്തകർക്കും പറഞ്ഞു കൊടുക്കുന്നതൊന്നും മകന് ബാധകമല്ലല്ലോ ?

പിന്നെയാണ് ക്യാമറകള്‍ക്ക് മുന്നില്‍ ഗദ്ഗദകണ്ഠനായത്. ആദര്‍ശം വികാരാധീനനായാല്‍ പിന്നെ റേഡിയോ പോലെയാണ്. അങ്ങോട്ടു ചോദ്യമൊന്നുമില്ല, പറയുന്നത് കേട്ടാല്‍ മതിയെന്നാണ് ഭാവം.


അതുകൊണ്ടാണ് മകന്റെ ബി.ജെ.പി പ്രവേശനത്തെപ്പറ്റിയുളള ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണെന്ന് പറഞ്ഞ് ചോദ്യങ്ങള്‍ക്ക് തടയിട്ടത്. ഇതെങ്ങാനം മാര്‍ക്‌സിസ്റ്റുകാര്‍ ചെയ്തിരുന്നെങ്കില്‍ ജനാധിപത്യ വിരുദ്ധമെന്ന് പറഞ്ഞ് അപലപിക്കാമായിരുന്നു.


വയസ് 82 ആയെങ്കിലും ആദര്‍ശത്തിന്റെ കൈയ്യിലുളള ടൂള്‍സിന് ഇപ്പോഴും വജ്രത്തിളക്കമാണ്. ഒരുകാര്യത്തില്‍ ആന്റണി ഭാഗ്യവാനാണ്, ഇതൊന്നും കാണാനും അഭിപ്രായം പറയാനും ലീഡര്‍ കെ. കരുണാകരന്‍ ഇല്ലല്ലോ. ഉണ്ടായിരുന്നെങ്കില്‍ ആദര്‍ശ പൂമുഖത്ത് അദ്ദേഹം മയിലാട്ടം നടത്തിയേനെ !

Advertisment