Advertisment

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്നത് മേനിനടിക്കല്‍ മാത്രം, ചരടുവലിക്കുക ഗാന്ധി കുടുംബം തന്നെ; ആശയക്കുഴപ്പം സൃഷ്ടിച്ച ശേഷം ആരും പ്രതീക്ഷിക്കാത്തയാളെ പ്രസിഡന്റാക്കുക എന്നതാണ് അവരുടെ തന്ത്രം; അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രക്തസാക്ഷിയാക്കി ഖാര്‍ഗെയെ മാറ്റാം; വിജയിച്ചാല്‍ അതിന്റെ 'ക്രെഡിറ്റ്' നേടിയെടുക്കാനുള്ള ശക്തിയൊന്നും ഖാര്‍ഗെയ്ക്കില്ല! തരൂരിന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷം കിട്ടിയാല്‍ കാര്യങ്ങള്‍ മാറിമറിയും, അതിലെ അപകടം സോണിയക്കും അറിയാം - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

അടുത്ത കാലത്ത് കണ്ട മറ്റൊരു പ്രഹസന നാടകമായിപ്പോയി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്. ജനപിന്തുണയുടെ ഇരകളായി തീരേണ്ട തെരഞ്ഞെടുപ്പ് സോണിയയോടും കുടുംബത്തോടുമുള്ള വിശ്വസ്തതയുടെ അളവെടുപ്പായിപ്പോകുന്നു എന്നതാണ് പരതാപകരം.

കറങ്ങിത്തിരിഞ്ഞ് മല്ലികാര്‍ജുന ഖാര്‍ഗെയിലാണ് പ്രസിഡന്‍റ് പദമെത്തിനില്‍ക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ പ്രസി‍ഡന്‍റാക്കാനാണ് ഗാന്ധി കുടുംബം ചരടുവലികള്‍ നടത്തിയത്. മുഖ്യമന്ത്രി പദം വിട്ടൊഴിയാന്‍ ഗലോട്ടു തയ്യാറാകാത്തത് സോണിയയ്ക്ക് തിരിച്ചടിയായി. പിന്നീടാണ് ഏറെക്കാലമായി വിശ്വസ്തതയുടെ നിറകുടമായി നില്‍ക്കുന്ന ദിഗ്‌വിജയ് സിംഗ് രംഗത്തെത്തിയത്.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇടപെടുകയില്ലെന്നും ആര്‍ക്കും മല്‍സരിക്കാമെന്നുമൊക്കെ പ്രഖ്യാപിച്ചത് വെറും മേനിനടിക്കലായി. ചരടുവലിക്കാന്‍ ഗാന്ധി കുടുംബം ഇനിയും രംഗത്തുണ്ടാകും. അതാണ് ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം തെളിയിക്കുന്നത്. ശശി തരൂരും ഖാര്‍ഗെയും തമ്മിലായിരിക്കും പ്രധാന മല്‍സരം. തരൂര്‍ തോല്‍ക്കുമെങ്കിലും വിമത ശബ്ദം അവഗണിക്കാനാവില്ലെന്ന മുന്നറിയിപ്പ് കൂടുതല്‍ വ്യക്തമാകും.


പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വിട്ടുകളയാന്‍ ഗാന്ധി കുടുംബം തയ്യാറല്ല. പാര്‍ട്ടി ശോഷിച്ചപ്പോഴും അവശേഷിക്കുന്ന ഭാഗം കൈപ്പിടിയില്‍ തന്നെ വേണമെന്ന ശാഠ്യത്തിലാണ് സോണിയയും രാഹുലുമെന്നു വ്യക്തമായി കഴിഞ്ഞു.


ആശയക്കുഴപ്പം സൃഷ്ടിച്ച ശേഷം ഒടുവില്‍ ആരും പ്രതീക്ഷിക്കാത്ത ഒരാളെ പ്രസിഡന്‍റാക്കുക എന്ന തന്ത്രമാണ് ഗാന്ധി കുടുംബം പയറ്റിയത്. അപ്രതീക്ഷിത നീക്കം തങ്ങളുടെ ശക്തിപ്രകടനമായി തന്നെ ഗാന്ധി കുടുംബം പുറത്തു കാട്ടുകയും ചെയ്തു.

രഹസ്യ ബാലറ്റായതിനാല്‍ തരൂരിന് കൂടുതല്‍ വോട്ടുകള്‍ കിട്ടാനാണ് സാധ്യത. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഖാര്‍ഗെയെ കൊണ്ടുവരുമ്പോള്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ്. ഒരു വിട്ടുവീഴ്ചയ്ക്കും ഗാന്ധി കുടുംബം തയ്യാറല്ല.

publive-image

അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രക്തസാക്ഷിയാക്കി ഖാര്‍ഗെയെ മാറ്റാന്‍ കഴിയും. എങ്ങാനും വിജയിച്ചുപോയാല്‍ വിജയത്തിലേക്കു നയിച്ച കോണ്‍ഗ്രസ് അധ്യക്ഷനെന്ന ഖ്യാതി നേടിയെടുക്കാനൊന്നും ഖാര്‍ഗെ സന്നദ്ധനാവില്ല. അത്രക്കുള്ള ശക്തി ഖാര്‍ഗെക്കില്ലെന്നതു തന്നെ.

ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവായി ഖാര്‍ഗെയെ തെരഞ്ഞെടുത്തപ്പോഴാണ് ആ പേരുപോലും ശ്രദ്ധിക്കപ്പെടുന്നത്. പാര്‍ലമെന്‍റില്‍ അസാധാരണമായ ഒരു പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമില്ല. അത്രക്കു തിളങ്ങേണ്ട എന്നുതന്നെയായിരിക്കും ഗാന്ധിമാരുടെ ആഗ്രഹം.

ശശി തരൂരായിരുന്നെങ്കില്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞേനെ. പക്ഷേ എങ്ങാനും ഭൂരിപക്ഷം കിട്ടിയാല്‍ പ്രധാനമന്ത്രി പദത്തിന് തരൂര്‍ അവകാശം ഉന്നയിക്കും. താക്കോല്‍സ്ഥാനം തരൂരിനു നല്‍കേണ്ടിയും വരും. അതിലെ അപകടം സോണിയ മണത്തറിയുന്നുണ്ടെന്നുവേണം കരുതാന്‍. രാഹുല്‍ ഗാന്ധിയെക്കാളും എന്തുകൊണ്ടും കഴിവ് തരൂരിനാണെന്നു വ്യക്തമാണല്ലോ. അത് തെളിയിക്കാനും തരൂരിന് നിഷ്പ്രയാസം കഴിയും.

publive-image


വിമതന്‍മാരുടെ സംഘമായ ജി - 23 ഛിന്നഭിന്നമായ മട്ടാണ്. അവരുടെ പൂര്‍ണ പിന്തുണ തരൂരിന് ഉറപ്പാക്കാന്‍ കഴി‍ഞ്ഞുമില്ല. ഗുലാം നബി ആസാദ് സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിയുമായി ചങ്ങാത്തത്തിലാകുമെന്നാണ് വാര്‍ത്തകള്‍.


തരൂര്‍ ബി.ജെ.പിയില്‍ ചേക്കേറുമെന്ന ധാരണ പരത്താന്‍ സോണിയ - രാഹുല്‍ പിന്തുണക്കാര്‍ ശ്രമിക്കുന്നുണ്ട്. പ്രസിഡന്‍റായാല്‍ കോണ്‍ഗ്രസിനെ ഒന്നാകെ ബി.ജെ.പിയില്‍ ലയിപ്പിച്ചുകളയുമെന്ന പ്രചരണവും ശക്തമാണ്. അതിനെ പ്രതിരോധിക്കാന്‍ തരൂരിന് കഴിയുന്നില്ല. കാരണം പ്രമുഖരാരും തരുരിന് പിന്തുണയുമായി രംഗത്തു വന്നിട്ടില്ല. എന്നതു തന്നെ.

Advertisment