Advertisment

യൂസഫലിയുടെ രാഷ്ട്രീയമെന്താണ് ? ഉത്തരമുണ്ട് .. ? യുസഫലിയെ തെറിവിളിക്കുന്നവര്‍ ഓര്‍ക്കണം, ആ 30000 മലയാളികള്‍ മടങ്ങിയെത്തിയാല്‍ നിങ്ങള്‍ ചെലവിനു കൊടുക്കുമോ ? എന്ന് നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

യുസഫ് അലി എം.എ. എന്ന നാട്ടികക്കാരന്‍ തീര്‍ക്കുന്നത് അദ്ഭുതലോകമാണ്. അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങള്‍. അതില്‍ ഒടുവിലത്തേത് തിരുവനന്തപുരത്തും. ഹയാത്ത് റീജന്‍സി എന്ന പേരിലുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.

അവിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് യൂസഫലി കേരളത്തിന്‍റെ വിദേശരാജ്യങ്ങളിലെ അനൗദ്യോഗിക അംബാസിഡര്‍ എന്നാണ്. ഒരു ചെറിയ കാര്യം പറഞ്ഞപ്പോള്‍ ഓര്‍ത്തിരുന്ന് മൂന്നു മാസത്തിനു ശേഷം അതു നിര്‍വ്വഹിച്ച ശേഷം തിരികെ വിളിച്ചു വിവരം പറഞ്ഞ ഓര്‍മ്മശക്തിയെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാഴ്ത്തിയത്.

യൂസഫലിയുമായി കുറെ സംസാരിച്ചശേഷം പുറത്തേക്കിറങ്ങിയപ്പോള്‍ മുന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ചെയര്‍മാന്‍ ഡോ. ജി. രാജമോഹന്‍ പറഞ്ഞു: "യുസഫലി പെരുമാറ്റത്തില്‍ പഴയ ആളുതന്നെ - ഒരു മാറ്റവുമില്ല."

ലണ്ടനില്‍ ഒരു പ്രാദേശിക ഉത്സവത്തിനിടെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ക്കൊപ്പം തെരുവില്‍ നടന്നും സായിപ്പന്‍മാരെ കോണയടിച്ചും ഉറക്കെ തമാശ പറഞ്ഞും ആര്‍ത്തു ചിരിച്ചും നടന്ന അതേ യൂസഫലിയാണ് വര്‍ഷങ്ങള്‍ക്കു ശേഷം വന്‍ വ്യവസായ സാമ്രാജ്യത്തെ അധിപതിയായിട്ടും കഴിഞ്ഞ ദിവസവും കണ്ടത്. അന്ന് 6000 മലയാളികള്‍ പ്രവര്‍ത്തിച്ച സ്ഥാനത്ത് ഇന്ന് 30000 മലയാളികളാണ് ലുലു ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നത്.


ഓരോ തൊഴിലാളിയേയും പേര്‍ വിളിച്ചു പറയാനറിയുന്ന യുസഫലി തൊഴിലാളികള്‍ അച്ഛനമ്മമാരെ നന്നായി നോക്കുന്നുണ്ടോ എന്നറിയാന്‍ പ്രത്യേകമായി ഒരു ഡിവിഷന്‍ തന്നെ സൃഷ്ടിച്ചിട്ടുണ്ട് സ്വന്തം ഓഫീസില്‍. അച്ഛനമ്മമാര്‍ പരാതി അയച്ചാല്‍ ഉടന്‍ യുസഫ് അലി ഇടപെടും.


ഉദ്ഘാടന ചടങ്ങിനുശേഷം സാവകാശം കിട്ടിയപ്പോള്‍ പുനലൂര്‍ ഗാന്ധിഭവന്‍ ചെയര്‍മാന്‍ പുനലൂല്‍ സോമരാജനേക്കുറിച്ചു പറഞ്ഞത് കേള്‍ക്കുമ്പോള്‍ ഒന്നുകൂടി ബോധ്യമാകും യൂസഫലി ആരെന്ന്. ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് 9 കോടിയുടെ വീട് പണിഞ്ഞു കൊടുത്തത് ഈയിടെയാണ്.

publive-image

ഇനി പുരുഷന്‍മാര്‍ക്കുള്ള സൗധം പണിഞ്ഞു നല്‍കും. "സോമരാജന്‍ വീണുപോയാല്‍ ആരിത് നടത്തിക്കൊണ്ടുപോകും എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അപ്പോഴാണറിഞ്ഞത് മകനും മരുമകനും ഇതില്‍ ചാതുര്യമുള്ളവരാണെന്ന്. അതോടെ ആശങ്കമാറി. ഇടക്കിടെ ഇവരാരും അറിയാതെ ഞാനാളെ അയക്കും. ഭക്ഷണവും ജീവിതവുമൊക്കെ എങ്ങിനെ എന്നറിയാന്‍." എന്നിട്ടൊരു പൊട്ടിച്ചിരി.


ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കായി ഹരിപ്പാട് ആരംഭിക്കുന്ന 'സബര്‍മതി' എന്ന പദ്ധതിക്കാവശ്യമായ ഒരേക്കര്‍ സ്ഥലം വാങ്ങി നല്‍കിയത് യൂസഫലിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞപ്പോള്‍ എവിടെയൊക്കെയാണ് ഈ മനുഷ്യന്‍റെ കൈയ്യൊപ്പുകള്‍ ചാര്‍ത്തപ്പെടുന്നതെന്ന് അതിശയത്തോടെ ഓര്‍ത്തു.


വലതും ചെറുതുമായ എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ഓര്‍ക്കാനുള്ള വക ശേഷിപ്പിച്ചിട്ടേ യൂസഫലി നടന്നു നീങ്ങൂ. ഏതു മലയാളി വിദേശത്തു കുടുങ്ങിയാലും ആദ്യ വിളിയെത്തുക യൂസഫലിക്കാണ്. ഇപ്പുറത്ത് മന്ത്രിമാരോ വിദേശകാര്യ ഉദ്യോഗസ്ഥരോ ആയിരിക്കും.

അന്തരിച്ച 'കണ്ണാടി' അവതാരകന്‍ ടി.എന്‍ ഗോപകുമാര്‍ പറഞ്ഞ അനുഭവം ഓര്‍ക്കുന്നു. ഏഷ്യാനെറ്റ് സംഘം ആദ്യമായി ഗള്‍ഫിലെത്തി. ക്യാമറ റോഡില്‍ വച്ച് വിശാലമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. പോലീസ് പിടിച്ചു. എല്ലാവരും അകത്തായി.

പരസ്യമായി ദൃശ്യങ്ങള്‍ ചത്രീകരിക്കുന്നത് നിയമവിരുദ്ധമാണവിടെ. ഏതു മുക്കിലും മൂലയിലും കയറി ചിത്രീകരണം നടത്താന്‍ സ്വാതന്ത്ര്യമുള്ള നമ്മുടെ നാട്ടില്‍ നിന്നെത്തിയവര്‍ക്കവിടുത്തെ നിയമം അറിയില്ലായിരുന്നു. അവരെ കേസില്ലാതെ പുറത്തിറക്കി സല്‍ക്കരിച്ച ശേഷമാണ് യുസഫലി മടക്കി അയച്ചത്.


ആരെയും ചീത്ത പറയുന്ന ( പ്രത്യേകിച്ച് എം.ടി.യെ ) ടി. പത്മനാഭനുപോലും യൂസഫലിയേക്കുറിച്ചു പറയുമ്പോള്‍ ആയിരം നാവാണ്.


നാട്ടികയില്‍ തെങ്ങില്‍ കയറാന്‍പോലും ആളെകിട്ടാനില്ലെന്ന് അവിടുത്തുകാരന്‍ പറഞ്ഞത് അതിശയോക്തിയല്ലെന്ന് അവിടം സന്ദര്‍ശിച്ചപ്പോള്‍ ബോധ്യമായത് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കാരണം പ്രായപുര്‍ത്തിയായവരെയൊക്കെ യൂസഫലി കടല്‍ കടത്തും. അതില്‍ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല.

യൂസഫലിയുടെ രാഷ്ട്രീയമെന്താണ് ? കേന്ത്രമന്ത്രി വി. മുരളീധരനാണ് ആ ചോദ്യം ഉന്നയിച്ചത്. എല്ലാവര്‍ക്കും തോന്നും തങ്ങളെ പിന്തുണക്കുന്നുവെന്ന്. ആ പ്രീതി സൃഷ്ടിച്ച് ചിരിച്ചും തമാശ പറഞ്ഞും യൂസഫലി അങ്ങനെ തെന്നിമാറിക്കളയും. ഈ ചോദ്യം ചോദിച്ചാലും അങ്ങിനെതന്നെ. 'ഛായാമുഖി' കാണിച്ചാലും ഗുണമുണ്ടെന്നു തോന്നിന്നില്ല.

സോഷ്യല്‍ മീഡിയയില്‍ ചിലരെങ്കിലും യൂസഫലിയെ ചീത്തവിളിച്ച് പോസ്റ്റ് ഇടാറുണ്ട്. വ്യക്തിപരമായ നിലപാടുകള്‍ ആര്‍ക്കും എടുക്കാം. പക്ഷേ അവരോടുള്ള ചോദ്യം ഇതാണ്.

നിങ്ങളുടെ വിമര്‍ശനങ്ങളില്‍ യൂസഫലി അടിപതറി എന്നിരിക്കട്ടെ. അദ്ദേഹത്തിന്‍റെ വ്യവസായ സാമ്രാജ്യം തകര്‍ന്നു എന്നിരിക്കട്ടെ. അവിടെ പണിയെടുക്കുന്ന 30000 മലയാളികള്‍ മടങ്ങേണ്ടിവരും. അവര്‍ക്കു നിങ്ങള്‍ ചെലവിനു കൊടുക്കുമോ ?

Advertisment