Advertisment

പ്രൊഫസര്‍ നിയമനത്തിന് വഴിവിട്ട മാനദണ്ഡങ്ങള്‍ തട്ടിക്കൂട്ടി ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ സര്‍ട്ടിഫിക്കറ്റ്. ഭാര്യയുടെ ഗവേഷണ പ്രബന്ധങ്ങളും ഭര്‍ത്താവുമൊത്തുള്ള ജോയിന്‍റ് വെന്‍ച്വര്‍ ! ഒന്നിച്ചൊരു വീട്ടില്‍ കഴിയുന്നു - പ്രൊഫസറാകാന്‍ ഇനിയെന്ത് വേണം ? നമ്മുടെ സര്‍വ്വകലാശാലകള്‍ തൊഴുത്തുകളേക്കാള്‍ കഷ്ടമാകുന്നു - കേട്ട ആരോപണങ്ങളേക്കാള്‍ ഇമ്പമുള്ളതാണ് ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

ഭര്‍ത്താവിന്‍റെ സര്‍ടിഫിക്കറ്റിന്‍റെ പുറത്ത് ഭാര്യക്കു സുഖനിയമനം. അങ്ങിനെ എം.ജി സര്‍വ്വകലാശാലയിലെ ഗസ്റ്റ് അധ്യാപിക കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ പ്രൊഫസറായി. ഇതേക്കുറിച്ച് പരാതി ഉന്നയിച്ചിരിക്കുന്നത് ആര്‍.എസ്. ശശികുമാറും എം. ഷാജിര്‍ഖാനും നേതൃത്വം നല്‍കുന്ന സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ന്‍ കമ്മറ്റിയാണ്. ഇവര്‍ ഇതുവരെ നല്‍കിയ പരാതികളൊന്നും ഉണ്ടയില്ലാ വെടികളായിരുന്നില്ല. അതിനാല്‍ ഇതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഗവര്‍ണറുടെ കോര്‍ട്ടിലാണ് ഇനി പന്ത്. അതാണ് ഏക ആശ്വാസം.


ഭര്‍ത്താവായ പ്രോ വൈസ് ചാന്‍സിലര്‍ ഭാര്യക്ക് വ്യാജ അധ്യാപന പരിചയ സര്‍ടിഫിക്കറ്റ് നല്‍കിയത്രെ. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കള്‍ ചട്ടവിരുദ്ധമായി ഗൈഡായി പ്രവര്‍ത്തിച്ചാണ് പി.വി.സിയുടെ ഭാര്യക്ക് ഗൈഡായതെന്നും ആരോപണമുണ്ട്.


ശശികുമാര്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ്. സര്‍വ്വകലാശാലയില്‍ ഈച്ച അനങ്ങിയാല്‍ ശശികുമാര്‍ അറിയും. കൊച്ചി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു.

ഷാജിര്‍ഖാനും ഭാര്യയും എസ്.യു.സി.ഐക്കാരാണ്. നക്സലൈറ്റുകളില്‍ പാകതയും പക്വതയുമുള്ളയാളായാണ് ചെറുപ്പത്തില്‍ എന്‍റെ മുമ്പില്‍ വാര്‍ത്തകളുമായെത്തുന്ന ഷാജിര്‍ഖാനെ മനസിലായിട്ടുള്ളത്. മാര്‍ക്സിസ്റ്റ് സഹയാത്രികരില്‍ മാന്യനായ ഡോ. രാജന്‍ ഗുരുക്കള്‍ വഴിവിട്ടുള്ള വലിയ പൊല്ലാപ്പുകളൊന്നും തലയില്‍ പേറാത്ത ആളാണ്. ഇപ്പോള്‍ പാര്‍ട്ടിയാണല്ലോ എല്ലാം. അങ്ങിനെ ഗതികെട്ട് ചെയ്തതാകാനേ തരമുള്ളു.

നേരിട്ട് പ്രൊഫസറായി നിയമിക്കപ്പെടണമെങ്കില്‍ അസിസ്റ്റന്‍റ് പ്രൊഫസറായോ അസോസ്യേറ്റ് പ്രൊഫസറായോ പത്തു വര്‍ഷത്തെ പരിചയം വേണം. ഗവേഷണ ബിരുദം അത്യാവശ്യം. പ്രമുഖ ജേര്‍ണലുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കണം.


അഞ്ചു വര്‍ഷത്തെ കരാര്‍ നിയമനങ്ങള്‍ കൂടി പ്രൊഫസര്‍ നിയമനത്തിനു പരിഗണിച്ചെന്നാണാക്ഷേപം. ഇതുള്‍പ്പെടെ 2003 മുതല്‍ 2015 വരെ ഭാര്യക്ക് അധ്യാപന പരിചയമുണ്ടെന്നാണ് ഭര്‍ത്താവ് പി.വി.സി സര്‍ടിഫിക്കറ്റ് നല്‍കിയത്. എനിക്കാ ഭര്‍ത്താവിനോട് ബഹുമാനമാണു തോന്നിയത്. സ്വന്തം ഭാര്യക്കല്ലാതെ വല്ലവന്‍റെയും ഭാര്യക്കല്ലല്ലോ അദ്ദേഹം സര്‍ടിഫിക്കറ്റ് നല്‍കിയത്. (പിണറായി വിദേശത്ത് അദ്ദേഹത്തിന്‍റെ ഭാര്യയെയാണല്ലോ കൊണ്ടുപോയതെന്ന ആരോഗ്യമന്ത്രിയുടെ ആപ്തവാക്യമാണ് മോഡല്‍)


അധ്യാപന പരിചയമല്ല ഗവേഷണ പരിചയം കണക്കാക്കിയാണ് പ്രൊഫസറായി ഭാര്യയെ കുസാറ്റില്‍ നിയമിച്ചതെന്ന് ഭര്‍ത്താവ് പി.വി.സി പത്രക്കാരോട് പറഞ്ഞതോടെ നിയമനം കുഴപ്പത്തിലായി. 10 വര്‍ഷത്തെ അധ്യാപന പരിചയം വേണമെന്ന യു.ജി.സി വ്യവസ്ഥ ലംഘിക്കപ്പെട്ടു എന്നുറപ്പായി. 14 വര്‍ഷത്തെ ഭാര്യയുടെ ഗവേഷണ പരിചയമാണ് അദ്ദേഹം എടുത്തു കാട്ടിയത്. അതുണ്ടെങ്കില്‍ അധ്യാപന പരിചയം വേണ്ട എന്ന് യു.ജി.സി വ്യവസ്ഥകളില്‍ കാണുന്നില്ലെന്ന് ഏതു കണ്ണുപൊട്ടനും മനസിലാകും.

10 വര്‍ഷത്തെ അധ്യാപന പരിചയം വേണമെന്ന വ്യവസ്ഥയെക്കുറിച്ച് ഭര്‍ത്താവ് മിണ്ടുന്നില്ല. അതില്‍ നിന്ന് ഭാര്യക്ക് അതില്ലെന്നു വ്യക്തം. പരിസ്ഥിതി വകുപ്പിലെ ഡയറക്ടര്‍ എന്ന നിലക്കാണ് താന്‍ സര്‍ടിഫിക്കറ്റ് നല്‍കിയതെന്നാണ് ഭര്‍ത്താവിന്‍റെ വാദം - അതു ശരിയാണെങ്കില്‍ എന്താ കുഴപ്പം ? പക്ഷേ അധ്യാപന പരിചയം 10 വര്‍ഷത്തേതുണ്ടോ ?

നമ്മുടെ മഹാന്‍മാര്‍ പുസ്തകമെഴുതുമ്പോള്‍ ഒരു കൂട്ടെഴുത്തുകാരന്‍റെ പേര് കൂടി ചേര്‍ക്കും. മിക്കപ്പോഴും ഇതില്‍ ഒരാളായിരിക്കും ഗ്രന്ധകര്‍ത്താവ്. അതുപോലെ ഭാര്യയുടെ ഗവേഷണ പ്രബന്ധങ്ങള്‍ക്കൊക്കെ എഴുതിയ ആളിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെ പേരുകൂടി എഴുതിയിട്ടുണ്ട്. അതോ ഭര്‍ത്താവെഴുതിയിട്ട് ഭാര്യയുടെ പേര്‍ കൂടി എഴുതിയതാണോ, അറിയില്ല.


തങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഗവേഷണ പ്രബന്ധങ്ങളില്‍ തന്‍റെ പേര് കൂടി എഴുതിയതെന്നാണ് ഭര്‍ത്താവ് പി.വി.സിയുടെ വിശദീകരണം. ഒന്നിച്ചു വീട്ടില്‍ കഴിയുന്നതുപോലും ഒരു യോഗ്യത തന്നെയാണ്. പക്ഷേ പിള്ളേരെ പഠിപ്പിക്കാന്‍ ഇതുപൊരെന്നു മാത്രം. യു.ജി.സിക്കാര്‍ അതൊരു യോഗ്യതയായി പറയുന്നുമില്ല. മാത്രമല്ല കാമ്പെയ്ന്‍ കമ്മറ്റിക്കാര്‍ അവരുടെ ഗവേഷണ പ്രബന്ധങ്ങളെക്കുറിച്ച് പരാതി ഉന്നയിച്ചതായി വാര്‍ത്തകളില്‍ കാണുന്നുമില്ല.


പണ്ട് ഡോ. വിളനിലം അംഗീകാരമില്ലാത്ത ഒരു ഡോക്ടറേറ്റ് മറ്റ് അംഗീകാരമുള്ള ഡോക്ടറേറ്റുകള്‍ക്കൊപ്പം ബയോഡേറ്റയില്‍ എഴുതി വി.സി ആയതിന്‍റെ പേരിലുണ്ടായ സമര കോലാഹലം മറക്കാറായിട്ടില്ല. എത്രനാളാണ് അദ്ദേഹത്തെ കേരള സര്‍വ്വകലാശാലാ ആസ്ഥാനത്തു കയറ്റാതിരുന്നത് എസ്.എഫ്.ഐക്കാര്‍. ഒരിക്കല്‍ ഓട്ടോറിക്ഷ പിടിച്ചു വന്നപ്പോള്‍ അടിയും കൊടുത്തു.

ഈ തരത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താന്‍ സി.പി.എമ്മിന് ഉളുപ്പില്ലേ ? ഇങ്ങിനെ ആയിരുന്നില്ലല്ലോ ആ പാര്‍ട്ടി. യോഗ്യതയുള്ള സി.പി.എംകാര്‍ വംശനാശ ഭീഷണി നേരിടുകയല്ലേ. അവര്‍ക്ക് ഉന്നത നേതൃത്വങ്ങളില്‍ പിടി ഇല്ലാത്തതാണ് കാരണം. അല്ലെങ്കില്‍ നേതാക്കളെ കെട്ടണം. കേട്ട ആരോപണങ്ങളേക്കാള്‍ ഇമ്പമുള്ളതാണ് ഇതുവരെ കേള്‍ക്കാത്ത പുതിയ ആരോപണങ്ങള്‍.

Advertisment