Advertisment

ഗവർണറെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ കെകെ രാഗേഷും വൈസ് ചാൻസലറും ഇർഫാൻ ഹബീബും മാത്രമല്ല കുടുങ്ങുക. കേരളാ പോലീസും കുരുക്കിൽ തന്നെ ! കേരളത്തിൽ കേസെടുത്തില്ലെങ്കിൽ കേന്ദ്രം കേസെടുക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറസ്റ്റു ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ? - തിരുമേനി എഴുതുന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നടത്തിയ പത്രസമ്മേളനത്തിൽ കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിന്റെ ചടങ്ങിലെ ചില ദൃശ്യങ്ങൾ കാണിക്കുകയുണ്ടായി.

ഇതിൽ നിന്നും വ്യക്തമാകുന്നത് ഗവർണർക്ക് നേരെ നടന്ന പ്രതിഷേധവും ആക്രമണവും മുൻകൂട്ടി തീരുമാനിച്ചത് തന്നെയാണ് എന്നതാണ്. അല്ലെങ്കിലും ഗവർണർ അങ്ങനെ ധരിക്കുന്നു.

ഈ സംഭവത്തിലെ പ്രധാന വില്ലൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് തന്നെയാണ്. വീഡിയോ ദൃശ്യങ്ങളും രാജേഷിനെതിരാണ്. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചില വിദ്യാർത്ഥിനികളെ ഇതിന് വേണ്ടി മാത്രം ഡൽഹിയിൽ നിന്നും കൊണ്ടുവന്നതാണ്.

ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് പുറത്താക്കാൻ ശ്രമിച്ചപ്പോൾ കെ.കെ.രാഗേഷ് അത് തടയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഗവർണർ പ്രസംഗിച്ചു കൊണ്ട് നിന്നപ്പോൾ പ്രതിഷേധവുമായി ഓടിയടുത്ത പ്രഫ. ഇർഫാൻ ഹബീബ് വൈസ് ചാൻസ്‌ലർ ഗോപിനാഥ് രവീന്ദ്രനുമായി രഹസ്യ സംഭാഷണം നടത്തുന്നതും നമുക്ക് കാണാം.

ഗവർണറെ നേരിട്ട് എത്തിപ്പിടിക്കാൻ കഴിയാത്ത ഇർഫാൻ ഹബീബ് എഡിസിയുടെ യൂണിഫോം വലിച്ചു കീറി. ഈ സമയമത്രയും കെ.കെ. രാഗേഷ് വേദിയിൽ നിന്ന് ഇതിന് ചുക്കാൻ പിടിക്കുകയായിരുന്നുവെന്നാണ് ഗവർണറുടെ വാദം.

പ്രതിഷേധവുമായി വേദിക്കരികിലേക്ക് പ്ലാക്കാർഡുമായി പാഞ്ഞടുത്ത വിദ്യാർത്ഥിനികളെ തടഞ്ഞ് പുറത്താക്കാൻ ശ്രമിച്ച പോലീസിനേയും വനിതാ പോലീസിനേയും കെ.കെ. രാഗേഷിന്റെ നേതൃത്വത്തിൽ സഖാക്കൾ ഭീഷണിപ്പെടുത്തിയത്രെ.


ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ പ്രസംഗിക്കുന്നവരുടെ ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കി രാജ്ഭവന് നൽകണം. ഈ ലിസ്റ്റിൽ പ്രഫ. ഇർഫാൻ ഹബീബിന്റെ പേര് ഇല്ലായിരുന്നു. എന്നിട്ടും ഗവർണർക്ക് മുമ്പ് ഇർഫാൻ ഹബീബ് 32 മിനിട്ട് സംസാരിച്ചു. വളരെ പ്രകോപനകരമായിരുന്നു ഇർഫാൻ ഹബീബിന്റെ പ്രസംഗം.


ഇത് മന:പൂർവം ഗവർണറെ പ്രകോപിതനാക്കാനായിരുന്നുവെന്ന് വ്യക്തം. ഇതിന് രൂക്ഷമായ ഭാഷയിൽ ഗവർണർ മറുപടി പറയുമെന്നും ഈ അവസരം അദ്ദേഹത്തിനെതിരെ ഉപയോഗിക്കാമെന്നും ഉള്ള കണക്ക് കൂട്ടലിൽ തന്നെയാണ് പ്രതിഷേധക്കാർ ഇരുന്നത്.

ആക്രമണത്തിൽ നിന്നും ഗവർണറെ രക്ഷപെടുത്തിയ എഡിസി ക്ക് മർദ്ദനമേൽക്കുകയും ചെയ്തു. ഇതിനെല്ലാം ഒത്താശ ചെയ്ത് കൊടുത്തത് വൈസ് ചാൻസ്ലർ ഗോപിനാഥ് രവീന്ദ്രനായിരുന്നു. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്ന കാര്യം ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥ അനുസരിച്ചായിരുന്നുവെന്നാണ്.

ഡൽഹിയിൽ കർഷക സമരത്തിനും പൗരത്വ ഭേദഗതി ബില്ലിനും എതിരെയുള്ള സമരത്തിനും മുൻനിരയിൽ നിന്ന വ്യക്തിയാണ് കെ.കെ.രാഗേഷ്. ഇത് ഡൽഹിയിൽ എഴുതി തയ്യാറാക്കി കേരളത്തിൽ നടപ്പാക്കിയ പദ്ധതിയാണ്.

ഇതിന്റെ ഗൂഢാലോചന നടന്നത് ഡൽഹിയിൽ തന്നെയാണ്. ഈ ഗൂഢാലോചനയുടെ കൃത്യമായ ഇന്റലിജൻസ് റിപ്പോർട്ട് ഡൽഹി പോലീസ് കേരള രാജ്ഭവന് നൽകിയതായി അറിയുന്നു.

ഇനി പോലീസിന് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. കെ.കെ.രാഗേഷ്, ഇർഫാൻ ഹബീബ്, ഗോപിനാഥ് രവീന്ദ്രൻ എന്നിവരെ പ്രതി ചേർത്ത് പോലീസിന് കേസ് എടുക്കേണ്ടിവരും.


ഇവർ മൂന്ന് പേരും അറസ്റ്റിലാവാനാണ് സാധ്യത. കാരണം ഗവർണർ സംസ്ഥാനത്തെ ഭരണഘടനാത്തലവനാണ്. ഗവർണർക്കെതിരെ പ്രതിഷേധമോ ആക്രമണമോ ഉണ്ടായാൽ എത്ര വലിയ വ്യക്തിയാണെങ്കിലും അപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കണം.


കാരണം ഗവർണർക്ക് ഭരണഘടന നൽകുന്ന ഇമ്മ്യൂണിറ്റി ഉണ്ട്. അത് കൊണ്ട് സംസ്ഥാനം കേസ് എടുത്തില്ലെങ്കിൽ കേന്ദ്രം ഇടപെടും എന്നത് ഉറപ്പാണ്. പിണറായി വിജയൻ ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് ഗവർണർ പറയാൻ കാരണം ഇത്രയും സംഭവ വികാസങ്ങൾ നടന്നിട്ടും പിണറായി നിസ്സംഗത പാലിച്ചു എന്നാരോപിച്ചാണ്.

ഇത് ഗുരുതരമായ കൃത്യവിലോപമാണ്. മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിച്ച് കസേരയിൽ ഇരുത്തിയിരിക്കുന്നത് ഗവർണറാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേലും കുരുക്ക് മുറുകിയിരിക്കുന്നു.


മുഖ്യമന്ത്രി കാറിൽ പോകുമ്പോൾ കൊടി വീശുന്നവനെതിരെ കേസ്സെടുക്കുന്നവരാണ് കേരള പോലീസ് . ഗവർണർ പങ്കെടുത്ത ഒരു ചടങ്ങിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനവും പ്രതിഷേധവും നടന്നിട്ട് കൈയും കെട്ടി നിന്ന പിണറായിയുടെ പോലീസിന് ഇനി മോശം നാളുകൾ ആയിരിക്കും.


വേദിയിൽ സ്ഥാനമില്ലാതിരുന്ന ഇർഫാൻ ഹബീബും കെ.കെ. രാഗേഷും തുടക്കം മുതൽ വേദിയിൽ നിന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇവരെ ഇറക്കിവിടാൻ ശ്രമിക്കാതിരുന്ന ഗോപിനാഥ് രവീന്ദ്രനും സംശയത്തിന്റെ നിഴലിലാണ്.

Advertisment