Advertisment

ഗവർണർ - മുഖ്യമന്ത്രി പോരിൽ മുഖ്യമന്ത്രിയുടെ ശ്രമം കൃത്യമായ രാഷ്ട്രീയ ലാഭം തന്നെ ? ഗവർണർ സമർഥിച്ചത് വിവാദ ബില്ലുകളിലെ ഭരണഘടനാ വിരുദ്ധകാര്യങ്ങൾ. മുഖ്യമന്ത്രി നൽകിയ മറുപടി രാഷ്ട്രീയവും. ഗവർണറെ ആർഎസ്എസ് ആയി ബ്രാൻഡ് ചെയ്ത് മുസ്ലീങ്ങളുടെ പ്രീതി പിടിച്ച് പറ്റുക എന്ന തന്ത്രമാണ് പിണറായി ഇപ്പോൾ പയറ്റുന്നത്. ഒപ്പം ഗവർണറുടെ ചിലവിൽ മുസ്‌ലിം ലീഗിനെ മുന്നണിയിൽ എത്തിക്കാനും. എന്നാൽ പിണറായിയുടെ രാഷ്ട്രീയ ഗ്രാഫ് ഓരോ ദിവസവും താഴേയ്‌ക്കോ ? - തിരുമേനി എഴുതുന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

നിയമസഭ പാസ്സാക്കുന്ന എല്ലാ ബില്ലുകളും ഗവർണർ ഒപ്പിട്ടേ തീരു എന്നത് ശുദ്ധ അസംബന്ധമാണ്. പി.ഡി.കെ ആചാരിയെപ്പോലുള്ളവർ ഇത്തരം അഭിപ്രായങ്ങൾ പറയുന്നതെന്തിന് എന്ന് മനസ്സിലാകുന്നില്ല.

ഗവർണറുടേതായ ചില വിവേചന അധികാരങ്ങൾ ഭരണഘടന അനുവദിച്ച് നൽകിയിട്ടുണ്ട്. ഒരു പുതിയ ബിൽ നിയമസഭ പാസ്സാക്കുന്ന സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാനുള്ള വിവേചന അധികാരം ഗവർണർക്കുണ്ട്.

ഉദാഹരണം. ഇപ്പോൾ പാസ്സാക്കിയ ലോകായുക്ത ദേദഗതി ബിൽ. ഇപ്പോഴത്തെ നിയമം അനുസരിച്ച് മന്ത്രിക്കോ മുഖ്യമന്ത്രിക്കോ എതിരെ ലോകായുക്ത വിധി പുറപ്പെടുവിച്ചാൽ അവർ രാജിവച്ചേ മതിയാകു. രാജിവച്ചതിന്‌ ശേഷമേ അപ്പീൽ നൽകാൻ പറ്റു. ഈ സാഹചര്യം അനുസരിച്ചാണ് മന്ത്രി കെ.ടി.ജലീൽ രാജിവച്ചത്.

രാജിവച്ചില്ലെങ്കിൽ പുറത്താക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ഗവർണറുടെ ഈ അധികാരം എടുത്ത് കളയുന്നതാണ് പുതിയ ഭേദഗതി. അതായത് വിധി എതിരായാലും രാജി വയ്ക്കാതെ തന്നെ അപ്പീൽ അതോറിറ്റിക്ക് വിധി പരിഗണിച്ച് തീരുമാനമെടുക്കാം.


ന്ത്രിമാർക്കെതിരെയാണ് വിധിയെങ്കിൽ അപ്പീൽ പരിഗണിക്കുന്നത് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കെതിരാണെങ്കിൽ അപ്പീൽ പരിഗണിക്കുന്നത് നിയമസഭ. പിന്നെ എന്തിനാണ് ലോകായുക്ത. മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തുന്ന അഴിമതിക്കും നീതി നിഷേധത്തിനുമെതിരെ ലോകായുക്ത വിധിച്ചാൽ അപ്പീൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർ തന്നെ പരിശോധിക്കണം എന്നാണ് ഭേദഗതി.


എത്ര സുന്ദരമായ ഭേദഗതി. ഇത് ഒപ്പിട്ടില്ല എന്ന് പറഞ്ഞ ഗവർണറെ 99 സീറ്റിന്റെ പേരിൽ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നു.

രണ്ടാമത്തെ ബിൽ. വൈസ് ചാൻസ്ലർ നിയമനം. ഇതിലും ഗവർണറുടെ നോമിനിയെ വന്ധ്യംകരിച്ച് ഗവർണറെ നിർവീര്യനാക്കുന്ന ഭേദഗതി. അതും ഗവർണർ തന്നെ ഒപ്പിട്ട് കൊടുക്കണം എന്നാണ് പിണറായിയുടെ ആവശ്യം.

ഇവിടെയാണ് സാഹചര്യം വിലയിരുത്തി തീരുമാനം എടുക്കാൻ ഭരണഘടന ഗവർണർക്ക് നൽകുന്ന അധികാരം പ്രസക്തമാകുന്നത്. പിണറായി വിജയന് എതിരെ ലോകായുക്തയിൽ കേസ് നിലനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധി സ്വാർത്ഥലാഭത്തിന് വേണ്ടി വിനിയോഗിച്ചു എന്നതാണ് കേസ്.


അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകിയതും അന്തരിച്ച മുൻ ചെങ്ങന്നൂർ എം.എൽ.എ കെ.കെ.രാമചന്ദ്രൻ നായരുടെ കടം വീട്ടിയതും കോടിയേരി ബാലകൃഷ്ണന്റെ മരിച്ച് പോയ ഗൺമാന്റെ കുടുംബത്തെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകി സഹായിച്ചതുമാണ് കേസിനാസ്പദമായ നിയമ ലംഘനങ്ങൾ.


ഇവയെല്ലാം കൃത്യമായ നിയമ ലംഘനമാണ്. വാദം കഴിഞ്ഞ് കേസ് വിധി പറയാനിരിക്കെയാണ് പുതിയ ഓർഡിനൻസ് കൊണ്ടുവന്നത്. ഓർഡിനൻസിന്റെ കാലാവധി കഴിഞ്ഞതോടെ നിയമസഭ വിളിച്ച് ചേർത്ത് ബിൽ അവതരിപ്പിച്ച് പാസ്സാക്കുകയായിരുന്നു.

തികച്ചും ഭരണഘടനാ വിരുദ്ധമായ ഈ ബിൽ നിയമമാക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന ഗവർണറുടെ നിലപാടിൽ എന്താണ് തെറ്റ്?

വിധി എതിരായാൽ പിണറായിക്ക് രാജി വയ്ക്കാതെ മറ്റ് മാർഗമൊന്നുമില്ല. ഈ സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. രണ്ടാമത്തെ ബിൽ വിസി നിയമനവുമായി ബന്ധപ്പെട്ടതാണ്. ഇവിടെയും സാഹചര്യം വിലയിരുത്തി നോക്കിയാൽ ഗോപിനാഥ് രവീന്ദ്രന്റെ ഭാവി തുലാസിലാണ്.


താൻ ചെയ്തത് തെറ്റാണ് എന്ന് പറയുമ്പോഴും ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കാൻ ഗവർണർക്ക് അധികാരമുണ്ട്. മുഖ്യമന്ത്രിയുടെ നിർബ്ബന്ധത്തിന് വഴങ്ങിയാണ് ഗോപിനാഥ് രവീന്ദ്രനെ നിയമിക്കേണ്ടി വന്നത് എന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിട്ടുണ്ട്.


ഗോപിനാഥ് രവീന്ദ്രനെ രണ്ടാമത് നിയമിച്ചതും കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവും തമ്മിൽ ബന്ധമുണ്ട്. സർവകലാശാലകളിൽ നടക്കുന്ന ബന്ധു നിയമനം അംഗീകരിക്കില്ല എന്ന് ഗവർണർ തീർത്ത് പറഞ്ഞിട്ടുണ്ട്.

ഈ രണ്ട് കാര്യത്തിലും ഗവർണറുടെ നിലപാടാണോ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണോ ശരി ?


എന്തായാലും ഈ രണ്ട് ബില്ലുകളും ഗവർണർ ഒപ്പിടാൻ പോകുന്നില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു. ഗവർണർക്ക് കൈയ്യിൽത്തന്നെ വയ്ക്കാനും അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയച്ച് കൊടുക്കാനും ഉള്ള വിവേചന അധികാരമുണ്ട്.


ഭരണഘടന നിലവിൽ വന്ന ശേഷം എത്രയോ സംസ്ഥാന ഗവർണമാർ ബില്ലിൽ ഒപ്പ് വയ്ക്കാതെ വന്നിട്ടുണ്ട്. ഇതെല്ലാം അറിയാവുന്ന പി.ഡി.കെ ആചാരിയെപ്പോലുള്ളവർ വസ്തുതകൾ വളച്ചൊടിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

കാനം രാജേന്ദ്രൻ പറഞ്ഞത് ഗവർണർ നടത്തിയ പത്രസമ്മേളനം 'കോഴി കോട്ടുവാ ഇട്ട പോലെ' എന്നാണ്. എന്നാൽ പിറ്റേ ദിവസം കാനം പറഞ്ഞതാണ് 'കോഴി കോട്ടുവാ ഇട്ട പോലെ' ആയത്.

കാനം പറഞ്ഞത് ഗവർണർ സ്ഥാനമേ ആവശ്യമില്ല എന്നാണ്. മഹാനായ ഡോ.ബി.ആർ. അംബേദ്‌കർ എന്ന ധിഷണാശാലി രൂപം നൽകിയ ഇന്ത്യൻ ഭരണഘടന ഏർപ്പെടുത്തുന്ന ഗവർണർ പദവി വേണ്ട എന്നാണ് കാനം പറയുന്നത്.

കേരളത്തിലെ ചില പൊട്ടു സ്ഥലങ്ങളിലും ഇന്ത്യയുടെ അപൂർവം ചില സ്ഥലം സ്ഥലങ്ങളിലും മാത്രമുള്ള വംശനാശം സംഭവിക്കുന്ന ഒരു സംഘടനയുടെ നേതാവാണ് ഇത് പറഞ്ഞത്.

ഇതല്ലേ യഥാർത്ഥത്തിൽ കോഴി കോട്ടുവാ ഇട്ട പോലെ ആയത് ? സി.പി.എമ്മിനും സി.പി.ഐക്കും ഭരണമുള്ളപ്പോൾ എന്ത് വൃത്തികേടും തോന്നിവാസവും ചെയ്യണം. അതിന് ആരെങ്കിലും എതിര് നിന്നാൽ അവർക്കെതിരെ യുദ്ധം പ്രഖ്യാപിക്കും.


ഗവർണർ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത് എന്താണ് ? സർവകലാശാലകളിലെ ബന്ധു നിയമങ്ങൾ അംഗീകരിക്കില്ല. ഭരണഘടനക്ക് വിരുദ്ധമായ ബില്ലുകളിൽ ഒപ്പ് വയ്ക്കില്ല. ഇതിൽ എന്താണ് തെറ്റ് ?


പ്രതിഷേധം, പ്രതിഷേധം എന്ന് വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച രണ്ട് യൂത്ത് കോൺഗ്രസുകാരെ യുഎപിഎ ചുമത്തി ജയിലിൽ അടച്ച പിണറായി ഗവർണറുടെ എഡിസി നൽകിയ പരാതിയിൽ കേസ് എടുക്കാൻ വിസമ്മതിക്കുന്നു.

90 കഴിഞ്ഞ ഇർഫാൻ ഹബീബിന് ഒന്നിനും ശേഷിയില്ല എന്നാണ് പിണറായി പറഞ്ഞത്. അങ്ങിനെയെങ്കിൽ 80 കഴിഞ്ഞവർ കേരളത്തിൽ നടത്തുന്ന കുറ്റകൃത്യങ്ങൾ മുഖ്യമന്ത്രി എഴുതിത്തള്ളുമോ?

വാർത്താ സമ്മേളനത്തിൽ മുഖ്യമന്തി ആകെ പറഞ്ഞത് ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ചരിത്രം മാത്രമാണ്. ഗവർണ്ണർ ഉയർത്തിയ ആരോപണങ്ങൾക്ക് ഒന്നിനും കൃത്യമായ ഉത്തരം നൽകാൻ പിണറായിക്കായില്ല.


ഇതിൽ ഒരു ഗൂഢരാഷ്ട്രീയ ലക്ഷ്യമുണ്ട് പിണറായിക്ക്. ഗവർണറെ ആർ.എസ്.എസ്. ആയി ബ്രാൻഡ് ചെയ്ത് മുസ്ലീങ്ങളുടെ പ്രീതി പിടിച്ച് പറ്റുക എന്ന തന്ത്രമാണ് പിണറായി ഇവിടെ പയറ്റുന്നത്.


മുസ്ലീം ലീഗിനെ ഇടത് മുന്നണിയോട് അടുപ്പിക്കുക എന്ന ഗൂഢലക്ഷ്യവും പിണറായിക്കുണ്ട്. മൂന്ന് മന്ത്രി സ്ഥാനവും ഡപ്യൂട്ടി സ്പീക്കർ സ്ഥാനവും നൽകാൻ തയ്യാറാണ് എന്ന് ലീഗിനെ അറിയിച്ചു കഴിഞ്ഞുവെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മുസ്ലീം ലീഗിന്റെ സമീപകാല പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ ഇടത്തോട്ടുള്ള ചായ്‌വ് മനസ്സിലാകും. ഗവർണർ - മുഖ്യമന്ത്രി പോരിൽ കോൺഗ്രസ് ഗവർണറോടൊപ്പമാണ്. എന്നാൽ ലീഗിന്റെ നിലപാട് ഘടക വിരുദ്ധമാണ്.

എന്ത് തന്നെയായാലും ഗവർണറുമായി നടത്തുന്ന ഏറ്റുമുട്ടലിൽ പരിക്കേൽക്കുന്നത് പിണറായി വിജയനായിരിക്കും. ഒരു ഗവർണറെ ഡിക്ടേറ്റ് ചെയ്യാൻ സർക്കാരിന് അധികാരമില്ല.

ബില്ലിൽ ഒപ്പിടാതിരിക്കുകയും ലോകായുക്ത വിധി എതിരാകുകയും ചെയ്താൽ പിണറായിക്ക് സ്ഥാനമൊഴിയേണ്ടിവരും. പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിന്റെ വിശ്വാസ്യതയുടെ ഗ്രാഫ് ഓരോ ദിവസവും താഴേക്ക് പോകുന്നുവെന്നതിന് രാഷ്ടീയ കേരളം സാക്ഷിയാകുകയാണ്.

Advertisment