Advertisment

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാന്‍ പ്രതീക്ഷകള്‍ പൊലിഞ്ഞു; ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1 നായിരുന്നു ക്രൊയേഷ്യയുടെ ജയം. ഷൂട്ടൗട്ടിലെ നാല് അവസരങ്ങളില്‍ ഒരെണ്ണം മാത്രമാണ് ജപ്പാന് വലയിലെത്തിക്കാനായത്. മറുവശത്ത്, ക്രൊയേഷ്യ ഒരെണ്ണം മാത്രമാണ് പാഴാക്കിയത്. ഗോള്‍കീപ്പര്‍ ഡൊമിനിക്ക് ലിവകോവിച്ചിന്റെ പ്രകടനമികവാണ് ക്രൊയേഷ്യയ്ക്ക് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തുണയായത്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ അവസരം തകുമി മിനമിനോ പാഴാക്കിയതോടെ ജപ്പാന്‍ അപകടം മണുത്തു. ക്രൊയേഷ്യയുടെ ആദ്യ അവസരം ഫലപ്രദമായി വിനിയോഗിച്ച് നിക്കോള വ്‌ളാസിച്ച് നിലവിലെ റണ്ണറപ്പുകള്‍ക്ക് ആത്മവിശ്വാസം സമ്മാനിച്ചു. കൗറു മിടോമ, മയ യോഷിദ എന്നിവരും ജപ്പാന്റെ അവസരങ്ങള്‍ പാഴാക്കി. തഖുമ അസനോയ്ക്ക് മാത്രമാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാന് വേണ്ടി തിളങ്ങാനായത്.

ക്രൊയേഷ്യയ്ക്ക് വേണ്ടി പെനാല്‍റ്റി ഷൂട്ടൗട്ടിന് എത്തിയ മാഴ്‌സെലെ ബ്രോസ്വിച്ച്‌സ മരിയോ പസലിച്ച് എന്നിവരും ഗോളുകള്‍ നേടി. എന്നാല്‍ മാര്‍ക്കോ ലിവാജ അവസരം പാഴാക്കി.

റെഗുലര്‍ ടൈമില്‍ മത്സരത്തിന്റെ 43-ാം മിനിറ്റില്‍ ഡൈസെന്‍ മെഡ നേടിയ ഗോളിലൂടെ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 55-ാം മിനിറ്റില്‍ ഇവാന്‍ പെറിസിച്ച് നേടിയ ഗോളിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി.

ഒരു ഗോള്‍ കൂടി നേടി മത്സരത്തില്‍ ലീഡ് നേടാന്‍ ഇരുടീമുകളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. എന്നാല്‍ എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഗോളടിക്കാത്തതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.

Advertisment