Advertisment

പ്രതികാരം വീട്ടി എഫ്.സി ഗോവ; കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തോല്‍വി

New Update

publive-image

Advertisment

ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ എഫ്‌സി ഗോവ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ചു. 3-1നായിരുന്നു ഗോവയുടെ ജയം.

35-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഐക്കര്‍ ഗ്വാരോട്‌സെനയാണ് ഗോവയുടെ ആദ്യ ഗോള്‍ നേടിയത്. 43-ാം മിനിറ്റില്‍ നോവ സദൂയി രണ്ടാം ഗോള്‍ നേടി. 51-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസ് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിലേക്ക് തിരികെയെത്താന്‍ ശ്രമിച്ചെങ്കിലും, 69-ാം മിനിറ്റില്‍ റെഡം ലാങ് നേടിയ ഗോളിലൂടെ ഗോവ വിജയം ഉറപ്പിച്ചു.

ആദ്യ ഘട്ടത്തില്‍ ഹോം മത്സരത്തില്‍ മഞ്ഞപ്പട ഗോവയെ 3-1ന് തോല്‍പിച്ചിരുന്നു. അതേ മാര്‍ജിനില്‍ തങ്ങളുടെ ഹോം മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ച് ഗോവ പകരം വീട്ടി.

പരിക്കില്‍ നിന്ന് മുക്തനാകാത്ത മാര്‍ക്കോ ലെസ്‌കോവിച്ചിന്റെയും, നാല് മഞ്ഞക്കാര്‍ഡുകള്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നത്തെ മത്സരത്തില്‍ സസ്‌പെന്‍ഷന്‍ നേരിട്ട കെ.പി. രാഹുലിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ഇന്നത്തെ മത്സരത്തില്‍ തോറ്റെങ്കിലും മഞ്ഞപ്പട പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി.

Advertisment