Advertisment

അവർ ഇവിടെത്തന്നെയുണ്ട്, ഇന്ത്യയുടെ അസ്ഥിവാരം തോണ്ടാൻ ! ഇന്ത്യയെ പല കഷണങ്ങളായി ചിതറിയ്ക്കാൻ ! സുസ്ഥിരമായ കേന്ദ്ര ഭരണത്തിലൂടെ ഇന്ത്യ അടക്കിവാണ കോൺഗ്രസിന്റെ ചിറകരിഞ്ഞ് വീഴ്ത്തിയവർ. അന്ന് കോൺഗ്രസിനെതിരെ ആയിരുന്നു അവർ തലങ്ങും വിലങ്ങും അക്രമം അഴിച്ചു വിട്ടതെങ്കിൽ, ഇന്ന് അതേ തന്ത്രം ബിജെപിയ്ക്ക് എതിരെ പ്രയോഗിയ്ക്കുന്നു... (ലേഖനം)

author-image
nidheesh kumar
New Update

publive-image

Advertisment

രാജ്യം ഇല്ലങ്കിൽ ആരും ഉണ്ടാകത്തില്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നത് രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ് എന്ന സുബോധം അനിൽ കെ. ആന്റണിയ്ക്ക് ഉണ്ടായത് കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയം മാറ്റിവച്ച് ബിബിസിയുടെ മോദി വിരുദ്ധ ഡോക്യുമെന്ററിയെ വിമർശിച്ചു. രാഷ്ട്രീയ എതിരാളികളെ ബഹുമാനിയ്ക്കുക എന്ന കോൺഗ്രസ് പാർട്ടിയുടെ ഉൽകൃഷ്ട പാരമ്പര്യത്തിന്റെ ഒന്നാന്തരം പ്രകടനമായിരുന്നു അനിൽ നടത്തിയത്.

അത് മാത്രവുമല്ല, ഇന്ത്യയുടെ മണ്ണിൽ വന്ന് രാജ്യത്തെയും ഭരണാധികാരിയെയും അപകീർത്തിപ്പെടുത്തിയ ധിക്കാരവും ധാർഷ്ട്യവും രാജ്യസ്നേഹിയായ അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ടാകും.

കൂടാതെ, ഇന്ത്യയിൽ നിന്നും ബ്രിട്ടനെ ഓടിച്ച് സ്വാതന്ത്ര്യം നേടിത്തന്ന സമര സേനാനികൾ അന്ത്യവിശ്രമം കൊള്ളുന്ന ഭാരതമണ്ണിൽ വന്ന്, ബ്രിട്ടനിലെ നാലാം കിട മാദ്ധ്യമം രാജ്യത്തെ അപമാനിക്കുന്നത് നോക്കിനിന്ന് ആസ്വദിച്ച് കാണാൻ അദ്ദേഹം ഇന്ത്യാവിരുദ്ധനല്ല.

അതിന്റെ പേരിൽ അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് പഴി കേൾക്കുകയും, താൻ കൈകാര്യം ചെയ്തിരുന്ന പാർട്ടി ചുമതലയിൽ നിന്നും രാജിവയ്ക്കേണ്ടിയും വന്നു.

publive-image

ബിബിസി യുടെ ഡോക്യുമെന്ററി ഇന്ത്യയിൽ റിലീസ് ചെയ്തപ്പോൾ ലോകജനതയ്ക്ക് മനസ്സിലായത് ഇതാണ്. 'ഇന്ത്യയിൽ പൗര സ്വാതന്ത്ര്യം ഇല്ല, മോദി ഹിന്ദു ഭീകരനാണ്, ന്യൂനപക്ഷ പീഢകനാണ്, ഏകാധിപതിയാണ്' എന്നൊക്കെ ഇന്ത്യയിലെ പ്രതിപക്ഷം പറയുന്നത് വെറുതെയാണ് !

രാജ്യത്തെ മറ്റൊരു കോൺഗ്രസ്സ്കാരനും അനിലിന് തോന്നിയ രോഷം ഉണ്ടാകാത്തത് ഇന്ന് കോൺഗ്രസ്സ് അതിജീവനത്തിനായി തറവാടിത്തവും പാരമ്പര്യവും ശത്രുപാളയത്തിൽ പണയം വെച്ചത് കൊണ്ടാവാം.

ഇന്ദിരയെയും രാജീവിനെയും കിട്ടിയ അവസരങ്ങളിൽ, കിട്ടിയ ഇടങ്ങളിൽ വച്ച് കിട്ടിയത് കൊണ്ട് പ്രഹരിച്ചപ്പോൾ, അവരെ കാലപുരിയ്ക്ക് അയച്ചപ്പോൾ അനിലിന് എതിരെ ഇന്ന് കാണിയ്ക്കുന്ന ഈ തിണ്ണമിടുക്ക് അന്ന് കാട്ടിയിരുന്നു എങ്കിൽ കോൺഗ്രസ്സ് ഇത്രയും മെലിയത്തില്ലായിരുന്നു.

കോൺഗ്രസിന്റെ യഥാർത്ഥ ശത്രു, അല്ല, ഇന്ത്യയുടെ യഥാർത്ഥ ശത്രു ആരെന്ന് തിരിച്ചറിയാൻ കോൺഗ്രസിന്റെ നേതാക്കൾക്കോ ഉപജാപകവൃന്ദത്തിനോ കഴിഞ്ഞിരുന്നില്ല.

പഞ്ചാബ് കേന്ദ്രീകരിച്ച് വിഘടനവാദം രൂപപ്പെട്ടതിലും, ഓപ്പറേഷൻ ബ്ളൂ സ്റ്റാർ നടന്നതിലും, അതിന്റെ ഭാഗമായി ഇന്ദിരാഗാന്ധിയെ വധിച്ചതിലും ഈ ഒളിപ്പോരാളികളുടെ പിന്നാമ്പുറ സഹായങ്ങൾ ഉണ്ടായിട്ടുണ്ടാകാം.

publive-image

ഒരു പൊതു തിരഞ്ഞെടുപ്പ് വേളയിൽ രാജീവ് ഗാന്ധിയെ ഭസ്മമാക്കിയതിന് പിന്നിലും, ഇവരുടെ അദൃശ്യ കരങ്ങൾ ഉണ്ടാകാം.

യുവത്വം വിടാത്ത രാജീവ്, അധികാരത്തിലെത്തിയാൽ കോൺഗ്രസിന്റെ തുടർഭരണം ദശകങ്ങൾ നീളുമെന്നും തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾ രാജീവ് തകർക്കുമെന്നും ഇവർ കണക്ക് കൂട്ടിയിട്ടുണ്ടാകും.

അതിന് പ്രധാന കാരണം, തന്റെ ഭരണകാലത്ത് ഇന്ത്യയുടെ വികസസ്വപ്നങ്ങൾക്ക് ഗതിവേഗം കൂട്ടാൻ രാജീവ് ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ കൊണ്ടുവന്ന വമ്പൻ വിപ്ലവം മാത്രം മതിയായിരുന്നു. അതിനെതിരെ ഇവർ അഴിച്ചു വിട്ട കോലാഹലങ്ങൾ കണ്ട് രാജ്യം സ്തംഭിച്ച് നിന്നില്ലേ.

സോഷ്യൽ മീഡിയ സജീവമായപ്പോൾ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും കള്ളക്കളികൾ, അഴിമതികൾ, തുടങ്ങിയവ എല്ലാം സാധാരണക്കാരനും അറിഞ്ഞു തുടങ്ങി. (രാജീവ് ഗാന്ധിയ്ക്ക് നന്ദി) പാണ്ടൻ നായയുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിയ്ക്കുന്നില്ല എന്നത് ഇപ്പോൾ അവരെ അക്രമാസക്തരാക്കി വരുന്നു.

publive-image

ഇന്ദിരയെ ഇല്ലാതാക്കിയ അതേ തന്ത്രം, ബിജെപി യ്ക്കും മോദിയ്ക്കും എതിരെ പ്രയോഗിച്ചു തുടങ്ങി. ഇത്തവണയും പഞ്ചാബിൽ നിന്നുതന്നെ അവർ പ്രക്ഷോഭം തുടങ്ങി. കർഷകരെ മുന്നിൽ നിർത്തിയ കർഷകസമരം ബിജെപി സർക്കാരിനെ മുൾമുനയിൽ നിർത്തി. എന്നാൽ, അവർ ഉദ്ദേശിച്ച ഫലം കണ്ടില്ല.

ആന്റണിയുടെ മകനെന്ന പരിഗണനയും പരിലാളനയും ആരും അനിലിന് കൊടുക്കണ്ട. അതിന്റെ ആവശ്യം അനിലിന് ഇല്ലാത്തത് കൊണ്ട്, കടിച്ച് തൂങ്ങി കിടക്കാതെ അദ്ദേഹം തനിക്ക് ലഭിച്ച ചുമതല വെച്ചൊഴിഞ്ഞു.

ഒറ്റുകാരുടെ ഇന്ത്യ

മോദിയ്ക്ക് എതിരെ, വിദേശ മാദ്ധ്യമം ബിബിസി ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തിയ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തതിന്റെ പേരിൽ ആണല്ലോ ഇപ്പോൾ രാജ്യത്ത് വാദങ്ങളും പ്രതിവാദങ്ങളും ഡോക്യുമെന്ററി പ്രദർശനവും തടയലും നടക്കുന്നത്.

ബിജെപി വിരുദ്ധരായ സകല രാഷ്ട്രീയ പാർട്ടികളും ഓർക്കാപ്പുറത്ത് കിട്ടിയ ചാകര കോരിയെടുക്കാൻ തെരുവിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ബിജെപിയ്ക്ക് എതിരെ ഓർക്കാപ്പുറത്ത് വീണുകിട്ടിയ ചാകര ആണ് ഇതെന്ന് അൽപം ബുദ്ധിയുള്ളവരാരും വിശ്വസിച്ചേക്കില്ല. വളരെ ആസൂത്രിതമായ ഒരു ഗൂഢാലോചന ബിബിസി ഡോക്യുമെന്ററിയുടെ പിന്നാമ്പുറത്ത് നടന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരെ എങ്ങനെ കുറ്റം പറയാൻ പറ്റും .

രാജ്യം, അതിന്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിയ്ക്കുന്ന വേളയിൽ പുറത്ത് വിടുന്ന ഈ ഡോക്യുമെന്ററിയുടെ ഇതിവൃത്തത്തിന് രണ്ട് പതിറ്റാണ്ട് പഴക്കമുണ്ട്.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോഡിയുടെ പേരിൽ കലാപത്തിന്റെ ഉത്തരവാദിത്തം ആരോപിച്ച് പോരുകയായിരുന്നുവല്ലോ.

അന്ന്, ആ കലാപം മുതലെടുക്കാൻ ഇക്കൂട്ടർ നടത്തിയ പ്രചരണത്തിൽ അവരുടെ ദേശീയ അന്താരാഷ്ട്ര മാദ്ധ്യമ സൗഹൃദങ്ങൾ വിഷയം ലോകമെമ്പാടും എത്തിച്ചു. കലാപം തുടങ്ങിവച്ചവർക്ക് മാന്യസ്ഥാനം നൽകി മഹത്വവൽക്കരിച്ചു.

സുപ്രീംകോടതി, ഗോധ്ര വർഗ്ഗീയ കലാപത്തിൽ മോദിയ്ക്ക് ഒരു പങ്കും ഇല്ലായിരുന്നു എന്ന് കണ്ടെത്തുകയും, അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇത് മോദി വിരോധികളെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്.

ഭരണഘടനയും നീതിന്യായ വ്യവസ്ഥയും തങ്ങൾക്ക് അനുകൂലമല്ലങ്കിൽ അതിനെയൊക്കെ പരസ്യമായി തള്ളിപ്പറയുകയും, അനുകൂലമെങ്കിൽ മഹത്വവൽക്കരിയ്ക്കുകയും ചെയ്യുന്ന പ്രതിലോമശക്തികൾ സുപ്രീംകോടതി, മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ അംഗീകരിച്ചിട്ടേയില്ല എന്നതിന് രണ്ട് പതിറ്റാണ്ടിന് ശേഷം പൊടിതട്ടി എടുത്ത ഈ ഡോക്യുമെന്ററി തന്നെ ഉദാഹരണം.

കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ്സിനെ ഇല്ലാതാക്കാൻ അഹോരാത്രം, അക്ഷീണം പ്രവർത്തിച്ചതും പ്രയത്നിച്ചതും തീവ്രസ്വഭാവമുള്ള രാഷ്ട്രീയ പാർട്ടിയാണ്. രാജ്യത്തെ ജനങ്ങളുടെയും രാജ്യത്തിന്റെ താത്പര്യങ്ങളെയും മുന്നിൽ കണ്ട്, കോൺഗ്രസ്സ് കൊണ്ടുവന്നിരുന്ന ഓരോ വികസനപദ്ധതികളെയും എതിർക്കുകയും,പദ്ധതി വെച്ച് താമസിപ്പിയ്ക്കുകയും ചെയ്തു.

ആണവശക്തിയാകാൻ ഇന്ത്യ കൊതിച്ച് കുതിച്ചപ്പോൾ, മൻമോഹൻ സർക്കാരിനെ പുറത്ത് നിന്ന് പിൻതുണച്ചവർ, പിൻതുണ പിൻവലിച്ചത് ഈ സന്ദർഭത്തിൽ ഓർമ്മിയ്ക്കുമല്ലോ.

എഴുതിയാലും പറഞ്ഞാലും തീരാത്ത, എണ്ണിയാൽ ഒടുങ്ങാത്ത ജനവിരുദ്ധ സമരങ്ങൾ നയിച്ച്, സ്വയം നശിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യയിൽ ഈ പ്രസ്ഥാനം എന്നത് ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസം ഉണ്ടാക്കുന്നുണ്ട്.

ജനാധിപത്യത്തിന്റെ എല്ലാ സ്വാതന്ത്ര്യവും ആവോളം ആസ്വദിച്ച് നീന്തിത്തുടിച്ച് രസിച്ച്, എല്ലിന്റെ ഇടയിൽ ഇടയ്ക്കിടെ കുത്തൽ സഹിയ്ക്കാതാകുമ്പോൾ അലറും. "സ്വാതന്ത്ര്യം ഇല്ല ഇന്ത്യയിൽ."

ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയാത്ത ജനാധിപത്യവും സ്വാതന്ത്ര്യവും ഇന്ത്യ നൽകുന്നത് കൊണ്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും സർക്കാരിനെയും നയങ്ങളെയും തെരുവിൽ തേജോവധം ചെയ്യാൻ സാധിയ്ക്കുന്നത് എന്ന് അവർ ഓർമ്മിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ചൈനയിൽ ഒരു പ്രതിഷേധറാലി നടത്തിയാലുള്ള അനന്തരഫലം ടിയനൻമെൻ സ്ക്വയറിൽ കണ്ട് ലോകം മരവിച്ചപോയില്ലേ,! മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന ഈ ദാരുണസംഭവത്തെ ഡോക്യുമെന്ററി ആക്കാൻ ബിബിസി തയ്യാറാകുമോ.?

publive-image

കർഷകസമരം നടന്ന അവസരം മുതലെടുത്ത് ലോകത്തിന് മുന്നിൽ മാതൃരാജ്യത്തെ അപകീർത്തിപ്പെടുത്തിയത്, ജെഎൻയു, ജാമിയമിലിയ, അലിഗഢ്, പൗരത്വ ഭേദഗതിക്ക് എതിരെയുള്ള സമരം, അങ്ങനെ എത്രയെത്ര സമരങ്ങൾ.! ഇതൊക്കെ എന്തിന് വേണ്ടിയായിരുന്നു.? ആരെ സന്തോഷിപ്പിയ്ക്കാൻ ആയിരുന്നു.?

ഇതൊക്കെ ബിജെപിയ്ക്ക് എതിരെ അടുത്തകാലത്ത് നടന്ന് സമരമെങ്കിൽ, ആറ് പതിറ്റാണ്ടോളം നീണ്ടുനിന്ന സമരപരമ്പരകളിലൂടെയാണ് കോൺഗ്രസിന്റെ പതനം ഉറപ്പിച്ചത്.

കേന്ദ്രഭരണത്തിനെതിരെ സമരങ്ങളും, അക്രമങ്ങളും, നേതാക്കളെ നിർദ്ദാക്ഷിണ്യം വ്യക്തിപരമായി ആക്രമിച്ചും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാക്കി എന്നല്ലാതെ പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം ജനങ്ങൾക്ക് ഉണ്ടായിട്ടില്ല.

എന്നാൽ കേന്ദ്രമാകട്ടെ, സംസ്ഥാനങ്ങൾക്ക് അവർ ആവശ്യപ്പെടുന്നതും അല്ലാത്തതുമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു വരുന്നു..

അതേസമയം, ഏതൊരു കാര്യം ചൂണ്ടിക്കാട്ടി ആണോ സമരവും അക്രമവും ഇവർ നടത്തിയത്, അതേ വിഷയം അധികാരത്തിൽ വരുമ്പോൾ ഇവർ വള്ളിപുള്ളി വിടാതെ പിന്തുടരുന്നു എന്നതാണ് രസാവഹം.

കേന്ദ്രഭരണത്തെ ഇകഴ്ത്തിയും സമരത്തെ പുകഴ്ത്തിയും സമരകോലാഹലങ്ങൾക്ക് ദേശീയ അന്തർദേശീയ പ്രചാരം കൊടുക്കുകയും ചെയ്ത മാദ്ധ്യമങ്ങൾ ഇതൊന്നും കാണാൻ കൂട്ടാക്കാതെ, പത്രധർമ്മം മറന്ന് മണ്ണിനടിയിൽ തലപൂഴ്ത്തിവയ്ക്കുന്ന പക്ഷിയെ ഓർമ്മിപ്പിക്കുന്നു.

പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ സ്വാധീനമുള്ള യൂണിവേഴ്സിറ്റികളിലും ക്യാംപസുകളിലും, ബിജെപി വിരുദ്ധ രാഷ്ട്രീയ പാർട്ടികളും, യുവജന സംഘടനകളും ബിബിസി യുടെ മോദി വിരുദ്ധ ഡോക്യുമെന്ററി പ്രദർശനം നടത്തുന്നുണ്ട്.

ചിലയിടങ്ങളിൽ അതിന്റെ പേരിൽ സംഘർഷങ്ങളും ഉണ്ടാകുന്നു. നാളെകൾ നമ്മുടെ രാജ്യത്തെ, അന്താരാഷ്ട്ര തലത്തിൽ തേജോവധത്തിന് വിധേയമാക്കും. ഇന്ത്യയെ ഒറ്റുകാരുടെ കൈകളിൽ നിന്ന് മോചിപ്പിക്കാൻ താജ്യഗ്രാഹ്യ വിവേചന ബുദ്ധി ഉള്ള ജനങ്ങൾക്ക് മാത്രമേ കഴിയൂ.

അസൂയാലുക്കളുടെ ഇന്ത്യ

മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകരാഷ്ട്രങ്ങളിൽ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയതിൽ, രൂക്ഷമായ അസൂയയും അസ്വസ്ഥതയും ഉള്ള രാജ്യങ്ങൾക്ക് അടങ്ങി ഇരിയ്ക്കുവാൻ കഴിയത്തില്ല. ഇന്ത്യ G-20 യുടെ അദ്ധ്യക്ഷത ഏറ്റെടുക്കുന്നതിലും അവർക്ക് തികഞ്ഞ അസഹിഷ്ണുത ഉണ്ട്.

G -20 യുടെ സമ്മേളനത്തിൽ ഇന്ത്യ അദ്ധ്യക്ഷത വഹിയ്ക്കുന്നതോടൊപ്പം ആതിഥേയരുമാകുന്നു എന്നത് അഭിമാനമുള്ള ഏതൊരു ഇന്ത്യാക്കാരനും സന്തോഷിയ്ക്കാൻ വക നൽകുന്നു. കേവലം മോദിയല്ല, ഇന്ത്യ ആണ് G -20 യുടെ അദ്ധ്യക്ഷ എന്ന് വിചാരിച്ചാൽ താനേ കെട്ടടങ്ങും ഈ അസൂയ.

publive-image

നിർഭാഗ്യമെന്ന് പറയുന്നു, ഇന്ത്യ തകർന്ന് കാണാൻ പണ്ടുമുതലേ ആഗ്രഹിക്കുന്ന ഇന്ത്യയിലെ ചില പിന്തിരിപ്പൻ ശക്തികളുടെ ഗൂഢാലോചനയും ഈ ഡോക്യുമെന്ററിയുടെ അണിയറയിൽ ചമയവും ചായവും നൽകിയിട്ടുണ്ട് എന്ന് വേണം അനുമാനിക്കാൻ.

ഇന്ന് നമ്മുടെ മുന്നിൽ തെളിഞ്ഞു വന്നത് നോക്കൂ. എഴുപത്തിനാലാം റിപ്പബ്ലിക് ദിനത്തിൽ, രാജ്യവും ജനങ്ങളും റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ തെലങ്കാന എന്ന സംസ്ഥാനം റിപ്പബ്ലിക് ദിനം ആഘോഷിയ്ക്കാതെ മാറിനിന്നു. നേരത്തെ തന്നെ അവർ വെളിപ്പെടുത്തുന്നു, റിപ്പബ്ലിക് ദിനം ആഘോഷിയ്ക്കുന്നില്ല, പതാക ഉയർത്തുക മാത്രമേ ചെയ്യൂ എന്ന്.

ഹൈക്കോടതി ഇടപെട്ട്, റിപ്പബ്ലിക് ദിനം വിപുലമായി തന്നെ ആഘോഷിയ്ക്കണം എന്ന് കർശന നിർദ്ദേശവും നൽകി. ഹൈക്കോടതി നിർദ്ദേശം പുറംകാൽ കൊണ്ട് ചവിട്ടി താഴെയിട്ടു. പേരിന് ഒരു പതാക ഉയർത്തി റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ഇന്ത്യയുടെ ഭരണഘടനയെയും രാജ്യത്തെ നിയമവ്യവസ്ഥയെയും ഫെഡറലിസത്തെയും ജനങ്ങളെയും അവഹേളിച്ച് കേന്ദ്രത്തോട് യുദ്ധപ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ് തെലങ്കാന സർക്കാർ ഇത് വഴി ചെയ്തത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഈ സംഭവം. ഇത് ഒരു കീഴ് വഴക്കം ആകാതെ നോക്കേണ്ടതുണ്ട്.

വിഘടനവാദം ഇത്രയും പരസ്യമായി പ്രകടിപ്പിയ്ക്കാൻ അവർക്ക് ഒത്താശയും പിൻതുണയും നൽകിയവർ ബിജെപി ഇതര സർക്കാരുകളെ കൂട്ടുപിടിച്ച് വിഘടനവാദത്തിനും സായുധവിപ്ലവത്തിനും ഒരുങ്ങുകയാണോ എന്ന് സംശയിയ്ക്കേണ്ടി ഇരിയ്ക്കുന്നു. ഇന്ത്യൻ യൂണിയനിൽ നിന്നും സംസ്ഥാനങ്ങളെ വേർപെടുത്തി, സ്വതന്ത്ര സംസ്ഥാനങ്ങൾ രൂപീകരിയ്ക്കുക എന്നത് ആണോ ഇവരുടെ ലക്ഷ്യം.!

സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തോടും ഭരണഘനയോടും കൂറ് പുലർത്തി ഫെഡറിലസത്തിന്റെ ഊഷ്മളമായ പരസ്പരം ബന്ധം അരക്കിട്ട് ഉറപ്പിച്ചിരുന്നു, ഏതാനും വർഷങ്ങൾക്കു മുൻപ് വരെ.

എന്നാൽ, സംസ്ഥാനത്ത് അധികാരത്തിൽ വരുന്ന പാർട്ടികൾ ഈയിടെയായി ഫെഡറിലസത്തെ വെല്ലുവിളിയ്ക്കുന്നതും ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും ഇകഴ്ത്തി കാട്ടുന്നതും സർവ്വസാധാരണമാകുന്നു.

ഇത് ജനങ്ങളെ സാരമായി ബാധിയ്ക്കുന്നുമുണ്ട്. ഇത് ആ പാർട്ടികളും മുന്നണിയും കേന്ദ്ര സർക്കാരിന് എതിരെ നടത്തിവരുന്ന സംഘടിതമായ ഗൂഢാലോചനയുടെ ഫലമാണ് താനും.

കോൺഗ്രസിന്റെ പതനത്തിന് കാരണക്കാരിൽ മുൻനിരയിൽ നിന്നിരുന്ന ഇവർ, ഇന്ന് ബിജെപി യെ എതിർക്കുന്നത് അതേ തന്ത്രം ഉപയോഗിച്ച് ആണ്.

കോൺഗ്രസിനെയും നേതാക്കളെയും അഴിമതിക്കാരായി ചിത്രീകരിച്ചു. ഇന്ദിരയെയും രാജീവിനെയും നരസിംഹറാവുവിനെയും മൻമോഹനെയും വളഞ്ഞിട്ട് ആക്രമിച്ചു.

ഓരോ സംസ്ഥാനങ്ങളും പടിപടിയായി കോൺഗ്രസിന്റെ കൈയിൽ നിന്നും വഴുതി വീണു. കോൺഗ്രസിന്റെ ശിഖരങ്ങൾ വെട്ടിവീഴ്ത്തി.

കോൺഗ്രസിന്റെ എണ്ണം പറഞ്ഞ നേതാക്കളെത്തന്നെ കോൺഗ്രസിന് അകാലത്തിൽ നഷ്ടപ്പെട്ടു. ഇനി ഒരു തിരിച്ചു വരവ് എന്നത് കോൺഗ്രസിന്റെ പകൽ സ്വപ്നം മാത്രമായി മായും. നമ്പർ 10 ജൻപഥിന് പഴയ പ്രൗഢിയും പ്രതാപവും ഇന്ന് ഇല്ലാതായി.

വർഗ്ഗീയത എന്ന് മാരക ബോംബ്

കോൺഗ്രസിന്റെ പതനത്തിനു ശേഷം തങ്ങളുടെ ഭരണം ആയിരിയ്ക്കും ഇന്ത്യയിൽ എന്ന് വിഭാവന ചെയ്തവരെ അമ്പരപ്പിച്ചും അസ്വസ്ഥതപ്പെടുത്തിയും ബിജെപി ഇന്ത്യയുടെ അധികാരം ഏറ്റെടുത്തു.

അഴിമതി ആരോപണം ബിജെപിയ്ക്ക് എതിരെ വിലപ്പോകില്ല എന്ന് ഇവർക്ക് അറിയാം. ആണവായുധത്തേക്കാളും മാരക പ്രഹരശേഷിയുള്ള വർഗ്ഗീയ ബോംബ് ഇവർ രാജ്യത്താകമാനം വിന്യസിച്ചു.

"ഇന്ത്യ എന്റെ രാജ്യമാണ്,എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരൻമാർ ആണ് " എന്ന് ഓരോ ഇന്ത്യൻ പൗരൻമാരെക്കൊണ്ടും ചൊല്ലി പഠിപ്പിച്ച്, ഹൃദയത്തിൽ ഉറപ്പിച്ച് കോൺഗ്രസ്സ് പകർന്നു കൊടുത്ത ദേശസ്നേഹത്തിന്റെ അനന്തപ്രവാഹമായ പ്രതിജ്ഞ ആയിരുന്നു രാജ്യത്തെ ഒന്നിപ്പിച്ച് നിർത്തിയിരുന്നത്.

കോൺഗ്രസിന്റെ മുദ്രാവാക്യം ആയിരുന്ന, ഐക്യഭാരതവും അഖണ്ഡഭാരതവും രാജ്യത്തെ ജനങ്ങളെ ഒരു ചരടിൽ കോർത്ത് നിർത്തുമ്പോഴും അസൂയ മൂത്ത്, തീവ്രചിന്തയുള്ള രാഷ്ട്രീയ പാർട്ടികൾ, തീവ്രവാദികളെയും നാണിപ്പിക്കുന്ന തരത്തിൽ സ്വന്തം രാജ്യത്തിനെതിരെ, രാജ്യത്തിനകത്ത് സമരം ചെയ്ത്, ഐക്യവും അഖണ്ഡതയും തകർക്കുകയായിരുന്നു.

ആ തകർച്ചയിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാൻ ദേശസ്നേഹമുള്ള, അതിനായി പ്രവർത്തിയ്ക്കുന്ന, ഭാരത് സംസ്കാരത്തെയും ഉജ്ജ്വലമായ പാരമ്പര്യത്തെയും ഉള്ളം കൈയിൽ എടുത്ത ഭദ്രദീപം പോലെ കെടാതെ സൂക്ഷിക്കാൻ കോൺഗ്രസ്സിനെപ്പോലെ, ബിജെപി യ്ക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ബോദ്ധ്യം വന്നു തുടങ്ങി.

ആ ബോദ്ധ്യമാണ് അനിലിനെക്കൊണ്ട് ബിബിസി യ്ക്ക് എതിരെ പറയിപ്പിച്ചത്. കോൺഗ്രസ്സ് വിരുദ്ധരായവർ ഒന്നിച്ചത് കോൺഗ്രസ്സിനെ തകർക്കുക എന്ന ഒറ്റ കാര്യത്തിലാണ്. ബിജെപി യെ എതിർക്കുന്നവർ ഒന്നിയ്ക്കുന്നതും ഈ ഒറ്റ കാര്യത്തിൽ മാത്രം.

ബിജെപി മനസ്സിലാക്കാതെ പോകുന്നത് അവർക്ക് തന്നെ വിനയാകും. കോൺഗ്രസ്സ് വിമുക്ത ഭാരതം എന്ന ബിജെപി അജണ്ട നടപ്പിലാക്കാൻ അവർ, കോൺഗ്രസ്സ് വിരുദ്ധരെ കൂട്ടുപിടിയ്ക്കുമ്പോൾ നഷ്ടപെടുന്നത് ബിജെപി യ്ക്ക് തുല്യമായ രാഷ്ട്രീയ എതിരാളിയെ ആണ്.

ബിജെപിയും കോൺഗ്രസ്സും മനസ്സിലാക്കേണ്ടത്. ദേശസ്നേഹം ഉള്ള ഈ രണ്ട് പാർട്ടികൾ ആയിരിക്കും ഇന്ത്യയുടെ ഭാവിയിലെ ശക്തികൾ. ശക്തരായ ഭരണകക്ഷിയും ശക്തരായ പ്രതിപക്ഷവും.

സഹനത്തിന്റെയും ത്യാഗത്തിന്റെയും രക്തസാക്ഷിത്വതിന്റെയും ബലിപ്പൂക്കൾ രാജ്യത്തിന്റെ മുക്കിലും മൂലയിലും അർച്ചിച്ച്, വൈദേശിക അടിമത്തത്തിൽ നിന്നും മോചനം നേടിയതിന്റെ പിന്നിലെ നൊമ്പരപ്പാടുകൾ, സിരകളിൽ ദേശസ്നേഹത്തിന്റെ വറ്റാത്ത ഉറവകളായി ശേഷിച്ചതിന്റെ കാഹളമായിരുന്ന ആ പ്രതിജ്ഞ കൈവിടാതെ തിരികെ പിടിക്കണം.

ജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹോദര്യവും സമഭാവനയും ദേശസ്നേഹവും തിരികെ പിടിക്കണം. രാജ്യത്ത്, ജനങ്ങളുടെ ഇടയിൽ ഇല്ലാതിരുന്ന "വർഗ്ഗീയത" ഉണ്ടെന്ന് വരുത്തിയവരെ നിരാശരാക്കാൻ ആ പ്രതിജ്ഞ മന്ത്രമാക്കണം.

സ്വാതന്ത്ര്യത്തിനായി നേരിടേണ്ടി വന്ന ത്യാഗവും സഹനവും സമർപ്പണവും നെഞ്ചിലേറ്റിയവർ കഥാവശേഷരായി മാറവേ, സ്വാതന്ത്ര്യ സമരശേഷം ജനിച്ചവരെ പോലും സ്വാതന്ത്ര്യസമരസേനാനികളായി ഈ പ്രതിലോമശക്തികൾ മാറ്റുന്നത് കാണാനുള്ള ദുര്യോഗവും നമുക്ക് ഉണ്ടായി.

രാജ്യത്തിനകത്തെ ശത്രുക്കൾ

ബിജെപി ഇതര സർക്കാരുകൾ വാഴുന്ന സംസ്ഥാനങ്ങൾ ഈ അവസരത്തിൽ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനവും വിൽപ്പനയും ഊർജ്ജിതമാക്കും. മോദി ഒരുപോലെ നേരിടേണ്ടി വരുന്നത് ഇന്ത്യയ്ക്ക് അകത്തും പുറത്തും ഉള്ള പ്രതിലോമ ശക്തികളെയാണ്. പുറത്തെ ശത്രുവിനേക്കാളും പതിന്മടങ്ങ് അപകടകാരികളാണ് രാജ്യത്തിന് അകത്തുള്ളവർ.

ഇതെഴുതുന്ന സമയത്ത്, ഇന്ത്യയുമായി ഉറ്റ ഉഭയകക്ഷി ബന്ധം പുലർത്തുന്ന അമേരിക്കയുടെ വക്താവ് നെദ് പ്രൈസ് ബിബിസിയുടെ ഡോക്യുമെന്ററിയുടെ പ്രദർശനത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നു, "മാദ്ധ്യമ സ്വാതന്ത്ര്യം എല്ലായിടത്തും സംരക്ഷിയ്ക്കപ്പെടേണ്ടതാണ്."

publive-image

ഇതും കൂട്ടിച്ചേർത്ത് വായിയ്ക്കാം. മിത്രഭാവേന മൈത്രിയിൽ വരുന്നവരെ തിരിച്ചറിയാൻ സാധിയ്ക്കേണ്ടതാണ്. അന്താരാഷ്ട്ര നയതന്ത്ര രംഗത്ത് പുലർത്തേണ്ടിവരുന്ന മാന്യതയെക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ ഇന്ത്യ എല്ലായിടത്തും എല്ലാത്തിനോടും ക്ഷമിയ്ക്കുകയാണ്. അത് ഭാരതത്തിന്റെ ഉന്നതമായ സാംസ്കാരിക പാരമ്പര്യത്തിന്റെ കൈമുതലാണ്, അല്ലാതെ ബലഹീനത അല്ല.

മറ്റ് ഏതൊരു വിദേശരാജ്യത്ത് എവിടെയെങ്കിലും ഭരണകർത്താവിനെയും രാജ്യത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിദേശ മാദ്ധ്യമങ്ങൾ തയ്യാറായാലത്തെ സ്ഥിതി എന്തായിരിക്കും എന്ന് ഒരിക്കൽ കൂടി ആലോചിയ്ക്കു.

രാജ്യത്തിന് അകത്തുള്ള ശത്രുക്കൾ ആണ് ഏറ്റവും കൂടുതൽ അപകടകാരികൾ എന്ന് വീണ്ടും പറയുന്നത്, നമ്മൾ കരുതി ഇരിയ്ക്കേണ്ടതും പേടിയ്ക്കേണ്ടതും അവരെത്തന്നെ ആയത് കൊണ്ടാണ്.

ഭരണഘടനയെ പരസ്യമായി നിഷേധിയ്ക്കാനും തരം പോലെ വാഴ്ത്താനും അവർക്കാകും. ആരും അവരുടെ രാജ്യവിരുദ്ധത തിരിച്ചറിയാതിരിക്കാൻ ഇടയ്ക്കിടെ ജനാധിപത്യം,സോഷ്യലിസം, മതേതരം, ഭരണഘടന, ഭരണഘടനാമൂല്യങ്ങൾ, മാനവികത എന്നൊക്കെ കൊട്ടിഘോഷിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടും.

രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് വരാൻ ഏതാനും മാസങ്ങൾ മാത്രമുള്ളപ്പോൾ ബിബിസിയുടെ ഡോക്യുമെന്ററിയ്ക്ക് അതീവ രാഷ്ട്രീയ പ്രാധാന്യം കൊടുക്കുന്നവർ അനേകമുണ്ട്. പൊതുതെരഞ്ഞെടുപ്പ് വരെ ഈ ഡോക്യുമെന്ററി വിവാദമാക്കി ആളിക്കത്തിച്ച് മോദിയെയും ബിജെപി യെയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ പറ്റുമോ എന്ന് പരിശ്രമിയ്ക്കുകയാണ്.

അവർ ഇവിടെത്തന്നെയുണ്ട്, ഇന്ത്യയുടെ അസ്ഥിവാരം തോണ്ടാൻ.! ഇന്ത്യയെ പല കഷണങ്ങളായി ചിതറിയ്ക്കാൻ.!

Advertisment