Advertisment

ബിബിസി ഡോക്കുമെൻറ്ററിയെ 'കൊളോണിയൽ സമീപനം' എന്നൊക്കെ വിശേഷിപ്പിക്കുന്നതിൽ കാര്യമുണ്ടോ ? ജനാധിപത്യ അവബോധത്തിൽ നമ്മളെക്കാൾ ഉന്നതമായ നിലയിലല്ലേ ഇന്നത്തെ ബ്രട്ടീഷുകാർ ? - വെള്ളാശേരി ജോസഫ് എഴുതുന്നു

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

രാജ്യം എഴുപത്തി നാലാം റിപ്പബ്ലിക് ദിനം ആഘോഷിച്ച ഈ 2023-ൽ, ഇന്ത്യൻ ഭരണവർഗം കൂടുതൽ കൂടുതൽ ജനാധിപത്യ അവബോധം കൈക്കൊള്ളുന്നുണ്ടോ ? ഇല്ലെന്ന് വേണം പറയാൻ. ബി.ബി.സി. ഡോക്കുമെൻറ്ററിയുടെ രണ്ടാം പാർട്ട് കണ്ടവർക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. ബി.ബി.സി. ഡോക്കുമെൻറ്ററിയെ കൊളോണിയൽ സമീപനം എന്നൊക്കെ വിശേഷിപ്പിച്ച് തടി ഊരാൻ നോക്കുന്നതൊക്കെ അങ്ങേയറ്റത്തെ മൗഢ്യമാണ്.

'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സി. ഡോക്യുമെൻറ്ററിയുടെ ആദ്യ ഭാഗവും, രണ്ടാം ഭാഗവും നന്നായി കണ്ടവർക്ക് അങ്ങനെയുള്ള ഒരു കൊളോണിയൽ സമീപനവും കണ്ടെത്താനാകില്ല എന്നതാണ് സത്യം.

സത്യം പറഞ്ഞാൽ, ജനാധിപത്യ അവബോധം കൂടുതലുള്ള ഒരു സമൂഹത്തിന് മാത്രമേ സ്വന്തം ചരിത്രത്തിന് നേരേ വിമർശനം ഉയർത്താനാവൂ. ബ്രട്ടീഷുകാരും യൂറോപ്യൻസും അത് ചെയ്യുന്നുണ്ട്. ജർമനി ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാമ്പുകൾ പണ്ടേ ലോകത്തിന് മുന്നിൽ തുറന്നിട്ടിട്ടുണ്ട്. ബ്രട്ടീഷുകാരനായ റിച്ചാർഡ് അറ്റൻബെറൊ പണ്ട് 'ഗാന്ധി' സിനിമ എടുത്തപ്പോൾ, ജാലിയൻ വാലാ ബാഗ് കൂട്ടകൊലയൊക്കെ അതിന്‍റെ എല്ലാ ക്രൂരതയോടും കൂടി തന്നെ നന്നായി കാണിച്ചു.

ജനാധിപത്യ അവബോധം ഒട്ടുമേ ഇല്ലാത്ത ഇൻഡ്യാക്കാരെ പോലെ ബ്രട്ടീഷുകാർ മിഥ്യാഭിമാനബോധത്താൽ അഹങ്കരിക്കുന്നില്ല എന്നതാണ് അതൊക്കെ കാണിക്കുന്നത് തന്നെ. ഇപ്പോൾ പ്രക്ഷേപണം ചെയ്തു കഴിഞ്ഞ 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സി. ഡോക്യുമെൻറ്ററിയുടെ ആദ്യ ഭാഗവും, രണ്ടാം ഭാഗവും ബ്രട്ടീഷുകാരുടേയും യൂറോപ്യൻസിൻറ്റേയും ജനാധിപത്യ അവബോധവും മാനുഷികതയുമാണ് വിളംബരം ചെയ്യുന്നത്.

ബി.ബി.സി. സംപ്രേക്ഷണം ചെയ്ത ഡോക്കുമെൻറ്ററിയുടെ പേരിൽ ബ്രട്ടീഷുകാരെ തെറി വിളിക്കുന്നവർ ഒന്നുകിൽ ആ ഡോക്കുമെൻറ്ററികൾ കണ്ടിട്ടില്ലാ; അതല്ലെങ്കിൽ അവരൊക്കെ പ്രത്യേക അജണ്ടകൾ ഉള്ള കൂട്ടത്തിലാണ്.

'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സി. ഡോക്കുമെൻറ്ററിയെ 'കൊളോണിയൽ സമീപനം' എന്നൊക്കെ വിശേഷിപ്പിക്കുന്നവർ ഏതു ലോകത്താണ് ജീവിക്കുന്നത് എന്നുള്ളതാണ് ഇതെഴുതുന്നയാൾക്ക് മനസിലാകാത്തത്. അങ്ങേയറ്റത്തെ ഗുണ്ടായിസവും, 'സ്ട്രക്ച്ചറൽ വയലൻസും' ഉള്ള ഒരു നാട്ടിലിരുന്നാണ് ഇവരൊക്കെ ബ്രട്ടീഷുകാരെ തെറി വിളിക്കുന്നത്.

ഉത്തരേന്ത്യൻ നേതാക്കളുടെ മുഷ്‌കും, ഫ്യൂഡൽ മൂല്യങ്ങൾ വെളിവാക്കുന്ന പെരുമാറ്റ രീതികളും കാണണമെങ്കിൽ കുറച്ചു നാൾ മുമ്പ് അന്തരിച്ച സാമാജ്‍വാദി പാർട്ടി നേതാവ് മുലായം സിംഗ്‌ യാദവിനെ കുറിച്ചുള്ള കാര്യങ്ങൾ മനസിലാക്കിയാൽ ധാരാളം മതി. മുൻ ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന ടി.എസ്.ആർ. സുബ്രമണ്യം തൻറ്റെ സർവീസ് സ്റ്റോറിയായ 'Journeys through Babudom and Netaland' എന്ന പുസ്തകത്തിൽ ഉത്തർ പ്രദേശിൽ താൻ ചീഫ് സെക്രട്ടറി ആയിരുന്ന കാലത്തെ കുറിച്ച് വളരെ നന്നായി തന്നെ പറയുന്നുണ്ട്.

ക്യാബിനറ്റ് മീറ്റിങ്ങുകളിൽ മുലായം സിംഗ്‌ യാദവ് മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. താൻ ക്യാബിനറ്റ് ഡിസിഷൻസ് വരുന്നതിന് മുമ്പ് ലീഗൽ പോയിൻറ്റ്സ് ഉന്നയിക്കുമായിരുന്നു; അതല്ലെങ്കിൽ "തിരുവായ്ക്ക് എതിർ വാ" ഇല്ലാത്തതു പോലെയായിരുന്നു എല്ലാ ക്യാബിനറ്റ് മീറ്റിങ്ങുകളും അവസാനിച്ചിരുന്നതെന്ന് ടി.എസ്.ആർ. സുബ്രമണ്യം സാക്ഷ്യപ്പെടുത്തുന്നുണ്ട് തൻറ്റെ സർവീസ് സ്റ്റോറിയിൽ.

ഇനി അന്നുണ്ടായിരുന്ന മറ്റ്‌ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ എങ്ങനെയാണ് പെരുമാറിയിരുന്നത്? അക്കാര്യവും ടി.എസ്.ആർ. സുബ്രമണ്യം തൻറ്റെ സർവീസ് സ്റ്റോറിയായ 'ജേർണീസ് ത്രൂ ബാബുടം ആൻഡ് നേതാ ലാൻഡ്' എന്ന കൃതിയിൽ പറയുന്നുണ്ട്. മുലായം സിംഗ്‌ യാദവ് ബഹുജൻ സമാജ് പാർട്ടിയുടെ പിന്തുണയുമായി ഉത്തർ പ്രദേശ് ഭരിച്ചുകൊണ്ടിരുന്നപ്പോൾ, കാൻഷി റാമും മായാവതിയുമൊക്കെ അങ്ങേയറ്റം ഏകാധിപത്യ സ്വഭാവത്തോട് കൂടിയായിരുന്നു മുലായം സിംഗ്‌ യാദവിനോട് ഇടപെട്ടിരുന്നത്.

ടി.എസ്.ആർ. സുബ്രമണ്യം താൻ നേരിട്ട് കണ്ട ഒരു കാര്യം അത് വെളിവാക്കാനായി സർവീസ് സ്റ്റോറിയിൽ ചൂണ്ടി കാണിക്കുന്നുണ്ട്. ഒരിക്കൽ ഉത്തർ പ്രദേശിലെ ഒരു ഗെസ്റ്റ് ഹൗസിൽ കാൻഷി റാം എത്തി. അദ്ദേഹത്തെ കാണാൻ മുഖ്യമന്ത്രിയായ മുലായം സിംഗ്‌ യാദവ് എത്തിയപ്പോൾ "ഇപ്പോൾ കാണാൻ പറ്റത്തില്ലെന്ന്" ബഹുജൻ സമാജ് പാർട്ടിയുടെ അണികൾ.

കുറച്ചു കഴിഞ്ഞു ചെന്നപ്പോൾ "കാൻഷി റാം ഷേവ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന്" അണികൾ. അതുകഴിഞ്ഞു ചെന്നപ്പോൾ "കാൻഷി റാം ബ്രെയിക് ഫാസ്റ്റ് കഴിക്കുകയാണെന്ന്" വീണ്ടും അണികൾ. ഇങ്ങനെയെല്ലാം പറഞ്ഞു പല തവണ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ മുലായം സിംഗ്‌ യാദവിനെ വട്ടം കറക്കിയതിനു ശേഷം പിന്നീട് അവസാനം കാൻഷി റാം അകത്തേക്ക് വിളിപ്പിച്ചു.

എന്നിട്ട് രൂക്ഷമായ ഭാഷയിൽ സംസാരിച്ചതിനു ശേഷം വിട്ടയച്ചു. വിഷണ്ണമായ മുഖഭാവത്തോടെ കാൻഷി റാമിൻറ്റെ മുറിയിൽ നിന്ന് മുലായം സിംഗ്‌ യാദവ് ഇറങ്ങി വരുന്നതിന് താൻ സാക്ഷിയായിരുന്നു എന്ന് ടി.എസ്.ആർ. സുബ്രമണ്യം.

ഇതെഴുതുന്നയാൾ നേരിട്ട് കണ്ട ലാലു പ്രസാദ് യാദവിൻറ്റെ ഒരു വീഡിയോയിൽ, പുള്ളി ഒരു ടെലിവിഷൻ സ്റ്റുഡിയോയിൽ ചെന്ന് അഭിമുഖം നടത്തുന്നയാളോട് തട്ടി കേറുന്നൂ. “You listen; Don’t speak” എന്നാണ് ലാലു പ്രസാദ് യാദവിൻറ്റെ അവതാരകനോടുള്ള ആജ്ഞ. അതിനുശേഷം അവതാരകനെ പൂരെ തെറി വിളിച്ചിട്ട് പുള്ളി ടെലിവിഷൻ സ്റ്റുഡിയോയിൽ നിന്നിറങ്ങി പോകുകയും ചെയ്തു.

ലൈവ് ആയിട്ട് നടക്കുന്ന ഈ പരിപാടിയൊക്കെ ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുന്നതാണെന്നുള്ളതൊന്നും ഉത്തരേന്ത്യയിലെ പല നേതാക്കൾക്കും വിഷയമേ അല്ലാ. തനി ഗ്രാമീണ ഹിന്ദിയിൽ സുന്ദരമായി സാധാരണ ജനങ്ങൾക്കിടയിൽ ലാലു പ്രസാദ് യാദവ് പ്രസംഗിക്കുമായിരുന്നെങ്കിലും, പേഴ്‌സണൽ ബിഹേവിയറിൽ അങ്ങേയറ്റത്തെ ഫ്യൂഡൽ മുഷ്ക് കാണിക്കുന്ന ഒരു നേതാവ് കൂടിയായിരുന്നു ലാലു പ്രസാദ് യാദവ്.

യു ട്യൂബിൽ പുള്ളിയുടെ അങ്ങേയറ്റത്തെ ഏകാധിപത്യ സ്വഭാവവും, ഫ്യൂഡൽ മുഷ്കും കാണിക്കുന്ന ഇഷ്ടം പോലെ വീഡിയോകൾ ഇന്നുമുണ്ട്. ആർക്കു വേണമെങ്കിലും അതൊക്കെ കാണാവുന്നതാണ്.

ബി.ജെ.പി.-യുടെ മുരളി മനോഹർ ജോഷി ഇതെഴുതുന്നയാൾ പഠിച്ചിരുന്ന ഡൽഹിയിലെ യൂണിവേഴ്സിറ്റിയിൽ വന്നത് 90 വാഹനങ്ങളുടെ അകമ്പടിയോട് കൂടി ആയിരുന്നു. ശരിക്കും ശക്തി പ്രകടനമാണ് അന്ന് മുരളി മനോഹർ ജോഷി നടത്തിയത്.

പുള്ളിയുടെ സംസാരമൊക്കെ അങ്ങേയറ്റത്തെ 'സുപ്പീരിയോറിറ്റി കോമ്ബ്ലക്സ്' കാണിക്കുന്ന രീതിയിലാണ്. ഇത്തരം ഗർവ്വും മുഷ്ക്കുമൊക്കെ കാണിക്കുന്ന സംസാരരീതി അവലംബിക്കുമ്പോൾ, ഇതൊക്കെ ആധുനിക ഇലക്ട്രോണിക്-ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുന്നതാണെന്നുള്ളതൊക്കെ ഡോക്ടർ മുരളി മനോഹർ ജോഷിയെ പോലുള്ളവർക്ക് ഒരു പ്രശ്നമേ അല്ലാ. ജനാധിപത്യ ബോധമുള്ളവരെ അമ്പരിപ്പിക്കുന്നതാണ് ഇത്തരം സംസാര രീതികളും, പെരുമാറ്റ രീതികളും.

ബ്രട്ടീഷുകാർ പോയതിനു ശേഷം, അവരെക്കാൾ പതിന്മടങ്ങ് മുഷ്‌ക്കോടും ഗർവ്വോടും കൂടിയ 'ബ്രൗൺ സായ്പ്പന്മാർ' വന്നു എന്നതല്ലാതെ ഇന്ത്യയിൽ നടന്ന അധികാര കൈമാറ്റത്തിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലാ. വലിയ കൊട്ടാര സദൃശ്യമായ രാജ് ഭവനുകൾ, അതുപോലെ തന്നെയുള്ള മന്ത്രി മന്ദിരങ്ങൾ, രാജകീയ സൗകര്യങ്ങളുള്ള സർക്കാർ റെസ്റ്റ് ഹൗസുകൾ, ഗെസ്റ്റ് ഹൗസുകൾ - അവിടുത്തെ വി.ഐ.പി. മുറികളിൽ ഒട്ടും ഒളിക്കാതെയുള്ള ലക്ഷ്വറികളും പ്രിവിലേജുകളും - ഇതൊക്കെ കാണിക്കുന്നത് തന്നെ നാം ജനാധിപത്യ സംസ്കാരത്തിൽ നിന്ന് വളരെ അകലെയാണെന്നാണ്.

ഇന്ത്യയിലെ സാധാരണ പൗരന്മാർക്ക് സർക്കാർ ഗെസ്റ്റ് ഹൗസുകളിൽ താമസിക്കാൻ മുറി കിട്ടുകയാണെങ്കിൽ തന്നെ സാദാ മുറികൾ മാത്രമേ കിട്ടുകയുള്ളൂ. അതല്ലെങ്കിൽ സ്വാധീനം ചെലുത്തണം. വിഐപി റൂമുകൾ പലപ്പോഴും രാഷ്ട്രീയക്കാർക്കും, ഉദ്യോഗസ്ഥ പ്രഭുക്കൾക്കും മാത്രമുള്ളതായിരിക്കും.

ഇക്കാര്യത്തിൽ ഉത്തരേന്ത്യയിലെ സ്ഥിതി വളരെ കഷ്ടമാണെന്നുള്ളത് അവിടുത്തെ പല സർക്കാർ ഗെസ്റ്റ് ഹൗസുകളിലും താമസിച്ചിട്ടുള്ളതുകൊണ്ട് നേരിട്ടറിയാം. ഈയിടെ ലൈംഗിക ആരോപണം നേരിട്ട ഉത്തർ പ്രദേശിൽ നിന്നുള്ള പ്രമുഖ ബി.ജെ.പി. എം.പിയായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ പോലുള്ള ഗുണ്ടാ നേതാക്കളാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജില്ലാ തലത്തിലും, ബ്ലോക്ക് തലത്തിലും കാര്യങ്ങൾ തീരുമാനിക്കുന്നത്.

സർക്കാർ ഗെസ്റ്റ് ഹൗസുകളിലെ മുറികൾ ഇവർക്കായി മാത്രം പലപ്പോഴും 'റിസേർവ്' ചെയ്തിരിക്കും. മറ്റാർക്കും അവരില്ലെങ്കിൽ കൂടി അങ്ങോട്ട് പ്രവേശിക്കാൻ സാധ്യമല്ലാ. ഇത്തരത്തിലുള്ള വി.ഐ.പി. സംസ്കാരവും, വി.വി.ഐ.പി. സംസ്കാരവും ഇന്നും പിന്തുടരുന്ന ഒരു രാജ്യമാണ് ഇൻഡ്യാ മഹാരരാജ്യം. അതുകൊണ്ട് ഈ ഇൻഡ്യാ മഹാരാജ്യത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലും എന്ത് ജനാധിപത്യ ബോധമാണ് അവകാശപ്പെടാനുള്ളത്?

ഈയിടെ ലൈംഗിക ആരോപണം നേരിട്ട ഉത്തർ പ്രദേശിൽ നിന്നുള്ള പ്രമുഖ ബി.ജെ.പി. എം.പിയായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ പോലുള്ള ഗുണ്ടാ നേതാക്കളുടെ പെരുമാറ്റ രീതികൾ തന്നെ നോക്കിയാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.

ഗുസ്തി മത്സരങ്ങൾ നടക്കുന്ന വേദിയിലേക്ക് ഇയാൾ വരുന്നതു തന്നെ എസ്‍.യു.വികളുടെ ഒരു വലിയ നിരയുടെ അകമ്പടിയോടെയാണെന്നാണ് ഇയാളെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. തനിക്ക് വേണ്ടപ്പോൾ ഗുസ്തി മത്സരങ്ങൾ നിർത്തി വയ്പിച്ചും വീണ്ടും തുടങ്ങിച്ചുമൊക്കെയാണ് ഗുസ്തി വേദിയിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗ്‌ പെരുമാറുക എന്നും ഇയാളെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ പറയുന്നുണ്ട്.

കായിക താരങ്ങളേയും, ഉദ്യോഗസ്ഥരേയും ഇയാൾ പരസ്യമായി തല്ലാറുമുണ്ട്. അതിൻറ്റെയൊക്കെ വീഡിയോകൾ യു ട്യൂബിലുണ്ട്. യു ട്യൂബിൽ തപ്പിയാൽ ആർക്കും അതൊക്കെ കാണാവുന്നതാണ്. ഇനി ഇയാളുടെ മാത്രമല്ലാ; ഇഷ്ടം പോലെ നേതാക്കളുടെ ഇതുപോലുള്ള പ്രകടനങ്ങളും കൂടി കാണാവുന്നതാണ്.

കരണത്തടിയൊക്കെ അല്ലെങ്കിലും ഉത്തരേന്ത്യയിലെ പൊതു ജീവിതത്തിൽ ഒരു വിഷയമേയല്ലാ എന്നുള്ളത് 30 വർഷം ഡൽഹിയിൽ ജീവിച്ചതുകൊണ്ട് ഇതെഴുതുന്നയാൾക്ക് നന്നായി അറിയാം. കുറച്ചൊക്കെ 'ഡിപ്ലോമാറ്റിക്' ആയി ജീവിച്ചതുകൊണ്ട് ഇതെഴുതുന്നയാൾക്കിതുവരെ അടി കിട്ടിയിട്ടില്ലെന്ന് മാത്രം.

അമേരിക്കൻ പ്രസിഡൻറ്റ് ജോ ബൈഡൻറ്റെ വസതിയിൽ കഴിഞ്ഞ ആഴ്ച എഫ്.ബി.ഐ. റെയ്ഡ് നടത്തിയത് 13 മണിക്കൂറാണ്. ഇന്ത്യയിലെ പ്രസിഡൻറ്റിൻറ്റെയോ, പ്രാധാനമന്ത്രിയുടെയോ വസതിയിൽ അങ്ങനെയൊരു റെയ്ഡ് നമുക്ക് സങ്കൽപ്പിക്കാനാകുമോ?

ലണ്ടനിൽ സീറ്റ് ബെൽറ്റ് ഇട്ടില്ലെന്ന കാരണത്താൽ പ്രധാന മന്ത്രിക്ക് തന്നെ ഫൈൻ കിട്ടിയിരുന്നു. ജനാധിപത്യത്തെ കുറിച്ച് പറയുമ്പോൾ ഇതൊക്കെയാണ് നാം കണ്ടു പഠിക്കേണ്ടത്. നിയമം വലിപ്പചെറുപ്പമില്ലാതെ എല്ലാവർക്കും വികസിത രാജ്യങ്ങളിൽ ഒരുപോലെയാണ്. അതേസമയം നമ്മളിന്നും ഫ്യൂഡൽ മൂല്യബോധങ്ങളിൽ അഭിരമിക്കുന്നൂ.

ഈ ഫ്യൂഡൽ മൂല്യങ്ങളുള്ള 'ഗ്രൗണ്ട് റിയാലിറ്റി' ഒക്കെ മറന്നുകൊണ്ടാണ് ചിലർ ബ്രട്ടീഷുകാരെ തെറി വിളിക്കുന്നത്. വിംബിൾഡൺ ടെന്നീസ് മത്സരങ്ങൾക്ക് ശേഷം വളരെ കൂളായി ജാക്കറ്റും എടുത്തുകൊണ്ട് സ്ഥലം വിടുന്ന എത്രയോ ബ്രട്ടീഷ് പ്രധാന മന്ത്രിമാരെ ലോകം ലൈവ് ടെലികാസ്റ്റിലൂടെ കണ്ടിരിക്കുന്നു.

പണ്ട് ബി.ബി.സി. സംപ്രേക്ഷണം ചെയ്തിരുന്ന 'യെസ് പ്രൈം മിനിസ്റ്റർ' എന്ന ഹാസ്യ പരിപാടിയിലേക്ക് ഒരു തവണ വിഷയം കൊടുത്തത് തന്നെ അന്നത്തെ പ്രധാന മന്ത്രി മാർഗരറ്റ് താച്ചർ ആയിരുന്നു. ഇങ്ങനെ നടൻ ശ്രീനിവാസനെ പോലെ സ്വയം കളിയാക്കാൻ അനുവദിക്കുന്ന എത്ര പ്രധാന മന്ത്രിമാർ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്?

കാർട്ടൂണിസ്റ്റ് ശങ്കറിനോട് "ശങ്കർ എന്നെ വെറുതെ വിടരുതെന്ന്" നെഹ്‌റു ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതല്ലെങ്കിൽ ഇന്ത്യ ഭരിച്ച മിക്ക പ്രധാന മന്ത്രിമാരും, മുഖ്യ മന്ത്രിമാരും, മന്ത്രിമാരും, ഉദ്യോഗസ്ഥ പ്രഭുക്കക്കളും, പോലീസ് ഉദ്യോഗസ്ഥരുമൊക്കെ അങ്ങേയറ്റത്തെ ഫ്യൂഡൽ മുഷ്‌കും ഗർവ്വുമൊക്കെ കാണിക്കുന്നവരാണ്. ഈ ഫ്യൂഡൽ ആറ്റിറ്റ്യൂഡ് ഒക്കെ മറന്നുകൊണ്ട് ബ്രട്ടീഷുകാരെ തെറി വിളിക്കുന്നത് അങ്ങേയറ്റത്തെ 'ഹിപ്പോക്രസി' അല്ലാതെ മറ്റൊന്നുമല്ല.

സംഭവം എന്തായാലും, ബി.ബി.സി. ഇന്ത്യയിൽ നിലനിൽക്കുന്ന 'സ്ട്രക്ച്ചറൽ വയലൻസ്' സെക്കൻഡ് പാർട്ടിലൂടെ നന്നായി കാണിച്ചു. പണവും സ്വാധീനവും അധികാരവുമില്ലാത്ത സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങൾ അവഗണനയും, ഭരണകൂട ഭീകരതയും നേരിടുന്നതിൻറ്റെ നേർ ചിത്രമാണ് ഈ ബി.ബി.സി. ഡോക്കുമെൻറ്ററി.

ഈ ഡോക്കുമെൻറ്ററി ഏതെങ്കിലും ഒരു സമുദായത്തെ മാത്രം പൊക്കി പിടിക്കുന്നില്ലാ. 2002-ലെ ഗുജറാത് കലാപത്തിൽ കൊല്ലപ്പെട്ട മുൻ മന്ത്രി ഇഹ്സാൻ ജഫ്രിയേയും, ജാമിയാ മിലിയ ഇസ്‌ലാമിയയിലെ വിദ്യാർത്ഥികളേയും മാറ്റി നിർത്തിയാൽ, ബി.ബി.സി. ഡോക്കുമെൻറ്ററിയിലൂടെ കാണിക്കപ്പെടുന്നവരൊക്കെ തീർത്തും സാധാരണക്കാരാണ്. ഡ്രൈവർ, ടെയ്‌ലർ, ദരിദ്രരായ വീട്ടമ്മമാർ - ഇവരുടെയൊക്കെ ജീവിത കഥകളാണ് ബി.ബി.സി. ഡോക്കുമെൻറ്ററിയിൽ ഉള്ളത്.

നീതി നിഷേധം നേരിടുന്ന ഇത്തരക്കാർ ലോകത്തെവിടേയും ഒരുപോലെ തന്നെയാണ്. ഇന്ത്യയിലെ തന്നെ പല സംസ്ഥാനങ്ങളിലേയും കാര്യങ്ങൾ നോക്കൂ: ദളിതരും ആദിവാസികളും എല്ലാ സമുദായങ്ങളിലെ പാവപ്പെട്ടവരും നീതി നിഷേധം നേരിടുന്നുണ്ട്. ഗാർഹിക പീഢനം അനുഭവിക്കുന്ന സ്ത്രീകൾ നീതി നിഷേധം നേരിടുന്നുണ്ട്.

എവിടെയൊക്കെ മനുഷ്യൻറ്റെ പൗരാവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ടോ, അവർക്കൊക്കെ ഈ ഡോക്കുമെൻറ്ററിയിൽ കാണിച്ചിരിക്കുന്നവരുമായി സ്വയം താദാത്മ്യപ്പെടാവുന്നതാണ്.

ബി.ബി.സി. സംപ്രേക്ഷണം ചെയ്ത ഡോക്കുമെൻറ്ററിയുടെ സെക്കൻഡ് പാർട്ടിൽ മകൻ നഷ്ടപ്പെട്ട ഒരു അമ്മ പോലീസ് മർദ്ദനത്തിന് കാരണമായി "We were poor and Muslims" എന്ന് പറയുന്നുണ്ട്. ഇന്ത്യ അല്ലെങ്കിലും കണ്ടമാനം വയലൻസ് ഉള്ള ഒരു രാജ്യമാണല്ലോ. അധ്യാപകർ വിദ്യാർത്ഥികളെ തല്ലുന്നൂ; മാതാപിതാക്കൾ കുട്ടികളെ ശിക്ഷിക്കുന്നൂ; പോലീസും ജയിൽ അധികൃതരും കുറ്റവാളികൾക്കെതിരെ മൂന്നാം മുറ പ്രയോഗിക്കുന്നൂ. കുറ്റം ആരോപിക്കപ്പെടുമ്പോൾ തന്നെ പലരും ഇന്ത്യയിൽ മർദ്ദനം ഏറ്റുവാങ്ങുന്നൂ. പ്രകടനമോ, പ്രതിഷേധമോ നടത്തുന്ന പൊളിറ്റിക്കൽ പ്രിസണേഴ്സിനെ വരെ അടിച്ചു പഞ്ചറാക്കുന്ന പോലീസും ജയിൽ വാർഡൻമാരുമാണ് ഈ രാജ്യത്തുള്ളത്.

കാശു കൊടുത്താൽ കുറേ അടിയൊക്കെ ഒഴിവായി കിട്ടും. പണമില്ലാത്തവർക്ക് അല്ലെങ്കിലും ഈ രാജ്യത്ത് എന്തു വിലയാണുള്ളത്? ബി.ബി.സി. ഡോക്കുമെൻറ്ററി ആ ചോദ്യമൊക്കെ നന്നായി തന്നെ ഉന്നയിക്കുന്നുണ്ട്. 'രാജ്യ സ്നേഹികൾ' ബി.ബി.സി.-യോട് വല്ലാത്ത കലിപ്പ് പ്രകടിപ്പിക്കുന്നത് മിധ്യാഭിമാനബോധമില്ലാതെ, സത്യം സത്യമായി തന്നെ ഉന്നയിക്കുന്നതുകൊണ്ടാണെന്ന് തോന്നുന്നു.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Advertisment