Advertisment

മുൻ മാതൃകകളിൽ പറഞ്ഞുവെച്ച മഹാ കാര്യങ്ങളല്ലാതെ എന്താണ് 'നൻപകൽ നേരത്ത് മയക്കം ' എന്ന ചിത്രത്തിന് സ്വന്തനിലയ്ക്ക് പ്രേക്ഷകരോട് പറയാനുള്ളത് ? പോയ കാലത്ത് വല്ലവരും ഉണ്ടാക്കിവെച്ച റിച്ചായ സംഭവങ്ങൾ പൊടി തട്ടിയെടുത്താൽ പുതിയ ചിന്തയോ പുതിയ ചിത്രമോ ഉണ്ടാകുമോ ? നൻപകൽ നേരത്തെ പിപ്പിടിവിദ്യ... (ലേഖനം)

author-image
nidheesh kumar
New Update

publive-image

Advertisment

ഞങ്ങൾ സുഹൃത്തുക്കൾ ഈയിടെ ഒരു യാത്രയ്ക്കിടെ തൃശൂർ നഗരത്തിലെ ഒരു പരിസ്ഥിതി സ്നേഹിയു ടെ പ്രകൃതി ഹോട്ടലിൽ കയറി. ആൾ ഇളയരാജ ഫാനാണ്. അവിടവിടെ സ്ഥാപിച്ചിരിക്കുന്ന സ്പീക്കറുകളിൽ നിന്ന് ഇളയ രാജാ പാട്ടുകൾ മുഴങ്ങിക്കേൾക്കുന്നു.

തിരിച്ച് വാഹനത്തിൽ കയറിയ ശേഷം ബുദ്ധിജീവി സുഹൃത്തുക്കളിലൊരാൾ പരിസ്ഥിതി ഹോട്ടലുടമയുടെ പ്രകൃതി സ്നേഹ പ്രവർത്തനങ്ങളെപ്പറ്റിയും ഇളയ രാജാ പ്രേമത്തെപ്പറ്റിയും വാഴ്ത്തിപ്പറഞ്ഞു. ഇളയരാജ സംഗീതം ഹോട്ടലിലെ അന്തരീക്ഷത്തെ എത്ര ഗംഭീരമാക്കി. ബുദ്ധിജീവി സുഹൃത്തുക്കൾ തലകുലുക്കി.

എന്നാൽ ആരും ശരിക്ക് ഭക്ഷണം കഴിച്ചില്ലെന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഉപ്പ് ശരീരത്തിന് നന്നല്ലാത്തതു കൊണ്ട് കറികളിൽ തീരെ കുറച്ചു കളഞ്ഞിരിക്കുന്നു. പഞ്ചസാര വിഷമായതു കൊണ്ട് മധുരത്തിന് തേനാണ്. വാളൻ പുളി വിഷമായതു കൊണ്ട് കറികൾക്ക് പുളിയില്ല. വറ്റൽ മുളക് മറ്റൊരു വിഷമായതു കൊണ്ട് എരിവുമില്ല.

ഇതു പോലാണ് നൻപകൽ നേരത്ത് എന്ന ചിത്രവും ചിത്രത്തെ പറ്റിയുള്ള ചർച്ചകളും റിവ്യൂകളും. വേളാങ്കണ്ണിക്കു യാത്രതിരിക്കുന്ന കേരളത്തിൽ നിന്നുള്ള ഒരു സംഘത്തിലെ ജെയിംസ് എന്നൊരാൾ ഇടക്കു വെച്ച് വണ്ടി നിർത്തിയപ്പോൾ ഇറങ്ങി നടന്ന് തമിഴ്നാട്ടിലെ ഒരു തെരുവിലെത്തി അവിടെ മരിച്ചു പോയ സുന്ദരം എന്ന വ്യക്തിയായി മാറുന്ന വിഭ്രമാത്മക ഇതിവൃത്തമാണ് സിനിമയിൽ.

ഉറങ്കുവതു പോലും സാക്കാട് ഉറങ്കി വിഴിപ്പതു പോലും പിറപ്പ്. (ഉറക്കം മരണമാണ്. ഉണർന്നെഴുന്നേൽക്കുന്നത് ജനനവും) എന്നത് നമുക്കറിയാം. തിരുക്കുറലിലെ ദാർശനിക ഭാവമുള്ള പഴയൊരു ചിന്താവാക്യമാണ്. അതു പോലെ ഇരുക്കും ഇടത്തെ വിട്ട് ... എന്നു തുടങ്ങുന്ന കണ്ണദാസൻ ഗാനവും നമ്മൾ എത്രയോ കേട്ടിരിക്കുന്നു. 1962 ൽ കവിഞ്ജർ കണ്ണദാസൻ എഴുതിയ ആടിയ ആട്ടം എന്ന .... വീടു വരെ ഉറവ്.. വീഥിവരെ മനൈവി എന്ന ഗാനം കൊണ്ടാണ് സിനിമ അവസാനിപ്പിക്കുന്നത്.

അതു പോലെ പുട്ടിനു തേങ്ങായിടാൻ എന്തെങ്കിലും ചില വരികളെങ്കിലും എഴുതാൻ കഴിവുള്ളവർ ആരുല്യേ നിങ്ങടെ സാരഥി തീയറ്റേഴ്സിന്റെ കൂട്ടത്തിൽ എന്നു ചോദിക്കാൻ തോന്നിപ്പോകും. ടി എം സൗന്ദർരാജന്റെയും ശീർകാഴി ഗോവിന്ദരാജന്റെയും ഹിറ്റ് ഗാനങ്ങളും പഴയ പല സിനിമാ ശബ്ദരേഖകളും സമാന്തരമായി കയറ്റി വിട്ട സൗണ്ട് സ്കേപ്പാണ് സിനിമയിൽ വ്യത്യസ്തമായി തോന്നിക്കുന്നത്.

നാഴികക്കല്ലുകൾ പോലെ നിൽക്കുന്ന ഇത്തരം സൃഷ്ടികൾ എടുത്തുപയോഗിച്ചു എന്നതിലല്ല; ഇതെല്ലാം കിഴിച്ചാൽ പിന്നെ എന്താണ് ഈ ചിത്രത്തിൽ ബാക്കിയുള്ളത് എന്നതാണ് ചോദ്യം.

മുൻ മാതൃകകളിൽ പറഞ്ഞുവെച്ച മഹാ കാര്യങ്ങളല്ലാതെ എന്താണീ ചിത്രത്തിന് സ്വന്തനിലയ്ക്ക് പറയാനുള്ളത് ? പോയ കാലത്ത് വല്ലവരും ഉണ്ടാക്കിവെച്ച റിച്ചായ സംഭവങ്ങൾ പൊടി തട്ടിയെടുത്താൽ പുതിയ ചിന്തയോ പുതിയ ചിത്രമോ ഉണ്ടാകുമോ ? പുതിയ കോൺടക്സ്റ്റിലേക്ക് പഞ്ച് ചെയ്തെടുക്കുമ്പോൾ പഴയ ടെക്സ്റ്റുകൾക്ക് വ്യത്യസ്ത തലങ്ങൾ ലഭിക്കാനുള്ള സാധ്യതകൾക്ക് തീരെ ഇട നൽകാത്ത കഥാഗതി ചിത്രത്തെ ഒരു സംഭവമാക്കാതെ നിലനിർത്തി.

മരണത്തെ മുൻനിർത്തി ജീവിതത്തിന്റെ നിസ്സാരത പോലുള്ള ആശയങ്ങൾ ഇതെല്ലാം യൂട്യൂബിൽ കണ്ടാലും ചിന്തയിലേക്ക് കയറി വരാം. ഈ ചിത്രത്തിൽ കണ്ടാലും ചിന്തയിലേക്ക് വരാം. ഒരേ കാര്യമാണത്.

അതായത്, ഇപ്പോൾ - ഇവിടെ പഴയതിന് പുതിയ മാനമോ തലമോ അർത്ഥാന്തരമോ ഉണ്ടായി വരുന്നില്ലെന്നതു മാത്രമല്ല. പഴയതിലും മികച്ച അനുഭവം സമ്മാനിക്കാനോ പഴയതിന്റെ പുതിയ ആ വിഷ്കാരമാകാനോ ഉള്ള ശ്രമം പോലും കാണാൻ കഴിഞ്ഞില്ല. പഴയതു വെച്ച് റീമിക്സ് ചെയ്യുമ്പൊഴും കവർ സോങ് ചെയ്യുമ്പോൾ പോലും ചിലപ്പോൾ ഇതെല്ലാം സംഭവിച്ചു കിട്ടാറുണ്ട് എന്നതിരിക്കേ കൂടുതൽ എന്തു പറയാൻ.

ദുർബലമായ കഥാതന്തുവിൽ നിൽക്കുന്ന പരിതാപകരമായ ഒരു സ്ക്രിപ്റ്റിൽ പുട്ടിനു തേങ്ങാ പോലെ തിരുക്കുറലും തത്വചിന്താ ഗാനങ്ങളുമെല്ലാം വാരിയിട്ടാൽ ജനങ്ങൾ അതു വെച്ച് ആവശ്യം പോലെ വല്ലതും വേണമെങ്കിൽ ചിന്തിച്ചെടുത്തോട്ടെ എന്നാണോ ?

ജനമനസ്സുകളിൽ കാലങ്ങളായി മുഴങ്ങിക്കേട്ട് ചരിത്ര സംഭവം പോലുമായ ഇത്തരം രചനകൾ റഫറൻസായി മുഴച്ചു നിൽക്കുന്നതല്ലാതെ ഇടിച്ചു പിഴിഞ്ഞാലും പ്രത്യേകിച്ചൊരു പുതിയ ചിന്തയും ഉൽപാദിപ്പിക്കാത്ത സ്ഥിതിയാണ്.

എന്നിട്ടും കഥ സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി, തിരക്കഥ എസ് ഹരീഷ് എന്നിങ്ങനെ സ്ക്രീനിൽ വലിയ അക്ഷരത്തിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. തുടർന്ന് iffk വാഴ്ത്തലും റിവ്യൂകളും. അതാണ് ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ ഇളയ രാജാസംഗീതം ഗംഭീരം തന്നെ എന്നു ചർച്ച ചെയ്യുന്ന ബുദ്ധിജീവി സുഹൃത്തുക്കളെ ഓർത്തു പോയത്.

ദോഷം മാത്രം പറയരുതല്ലോ.. സ്ഥിരം സിനിമാ വഴികളിലൂടെ മാത്രം നമുക്കിനിയും നടന്നാൽ പോരാ എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഭാവം മാത്രം പക്ഷേ അഭിനന്ദനാർഹം തന്നെ. സിനിമ മാറുന്നതിന്റെ ലക്ഷണം അതെ, തീർച്ചയായും ആശയ്ക്കു വക നൽകുന്നു. എങ്ങനെയും മാറിയേ പറ്റൂ. മമ്മൂട്ടിയുടെ സാന്നിധ്യവും തേനി ഈശ്വറിന്റെ ക്യാമറയും സമയം പോകാൻ സമാശ്വാസമായി.

Advertisment