Advertisment

കേരളത്തിന് എയിംസ് തന്നില്ല എന്നതാണ് കേരളത്തിന്റെ ആവലാതി. തന്നതൊക്കെ എവിടെ എന്ന് ചോദിച്ചാൽ ഉത്തരമില്ല. ഓഖി ഫണ്ട്, പ്രളയ ഫണ്ട് എന്നിവയൊക്കെ അടിച്ചുമാറ്റിയ കഥ മുകളിലുള്ളവർക്കറിയാം. കേന്ദ്രവുമായി വഴക്കടിച്ച് ഒരു സംസ്ഥാനത്തിനും മുമ്പോട്ട് പോകാനാവില്ല  - പ്രതികരണത്തിൽ തിരുമേനി

author-image
nidheesh kumar
New Update

publive-image

Advertisment

പിണറായി വിജയന്റേയും കുട്ടി സഖാക്കളുടേയും ഉഡായിപ്പ് പരിപാടികളൊന്നും നരേന്ദ്ര മോദിയുടേയും കേന്ദ്ര സർക്കാരിന്റേയും അടുത്ത് വിലപ്പോവില്ല. കേരളത്തിന് എയിംസ് തന്നില്ല എന്നതാണ് അവസാനത്തെ ആവലാതി. തന്നതൊക്കെ എവിടെ എന്ന് ചോദിച്ചാൽ ഉത്തരമില്ല.

ഓഖി ഫണ്ട്, പ്രളയ ഫണ്ട് ഇതിനൊന്നും കണക്ക് കൊടുത്തിട്ടില്ല. കോവിഡ് കാലത്ത് കേന്ദ്രം നൽകിയ കോടികൾ എടുത്ത് കിറ്റ് കൊടുത്ത് വോട്ടാക്കി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ കിട്ടിയ കാശെടുത്ത് ലൈഫ് മിഷൻ എന്ന തട്ടിപ്പ് പദ്ധതി ഉണ്ടാക്കി കോടികൾ കളഞ്ഞുകുളിച്ചു.

ജി.എസ്.ടി വിഹിതം മുഴുവൻ വാങ്ങി കൈയ്യിൽ വച്ചിട്ട് കേന്ദ്രം കാശ് തരുന്നില്ല എന്ന് വിളിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു. കേന്ദ്രം തരുന്ന കാശ് എടുത്ത് ചില വാക്കുമ്പോൾ കേന്ദ്രത്തിനെ നന്ദിയോടെ ഓർക്കുകയെങ്കിലും വേണ്ടേ ? ഇതെല്ലാം തങ്ങൾക്ക് കിട്ടാനുള്ളതാണ് എന്ന അഹങ്കാരമാണ് പിണറായിക്കും  സഖാക്കൾക്കും.

കേന്ദ്രം നൽകുന്ന പണം കൊണ്ട് കേരളത്തിൽ പ്രയോജനപ്രദമായ എന്തെങ്കിലും കാര്യങ്ങൾ പിണറായി സർക്കാർ ചെയ്യുന്നുണ്ടോ ? ഇല്ല. എന്നാണുത്തരം. രാവിലെ മുതൽ വാ തുറന്നാൽ കേന്ദ്രത്തെ ചീത്ത പറയുക.

ഇവിടുത്തെ സകല കുഴപ്പങ്ങൾക്കും കാരണം കേന്ദ്രമാണ് എന്നാണ് പിണറായി പറയുന്നത്. അല്ലാതെ ഭരിക്കാനറിയാഞ്ഞിട്ടല്ല. കേന്ദ്രവുമായി വഴക്കടിച്ച് ഒരു സംസ്ഥാനത്തിനും മുമ്പോട്ട് പോകാനാവില്ല എന്ന സത്യം ഈ വിഡ്ഡികൾ എന്ന് മനസ്സിലാക്കുന്നുവോ അന്നേ കേന്ദ്രം കേരളത്തെ അംഗീകരിക്കു.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് വിവരം ഉള്ളതു കൊണ്ട് അവർ കേന്ദ്രത്തെ പിണക്കാതെ കൂടുതൽ വിഹിതം നേടിയെടുക്കും. എന്നാൽ എല്ലാവരേയും മര്യാദ പഠിപ്പിക്കുക എന്നതാണ് സഖാക്കൻമാരുടെ ആപ്തവാക്യം.

മത്സ്യബന്ധന മേഖലക്ക് വലിയ സഹായം ലഭിക്കുന്ന ബഡ്ജറ്റാണ് ഇത്തവണ  നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഇതിന്റെ പ്രധാന ഗുണഭോക്താക്കളിൽ കേരളവും ഉൾപ്പെടും.

എന്നാൽ ഇതൊന്നും നേടിയെടുക്കാൻ ഇവിടെ ആർക്കും താല്പര്യമില്ല. അതിൽ കമ്മീഷൻ അടിക്കാൻ പറ്റുമോ എന്ന് നോക്കും. മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം നല്ല പദ്ധതി വിഹിതം ലഭിക്കുമ്പോൾ അതേ പോലെ കേരളത്തിന് ലഭിക്കാത്തത് വിവേചനം മൂലമല്ല.

മറിച്ച് ഇവിടെ പണം നൽകിയാൽ അത് വേണ്ടവിധത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ പിണറായി ഭരണത്തിന് താൽപര്യമില്ല. പിന്നെ മറ്റൊന്ന് ഇവിടുത്തെ ധൂർത്താണ്. സഖാക്കളുടെ തോന്നിവാസത്തിനും ധൂർത്തിനും എന്തിന് കേന്ദ്രം പണം നൽകണം?

മോദിയുടെ ഭരണത്തിൽ ഇന്ത്യ വളരുന്നു എന്ന യാഥാർത്ഥ്യം എന്തുകൊണ്ട് ഇവർക്ക് അംഗീകരിച്ച് കൂടാ ? ലോകരാഷ്ട്രങ്ങൾക്കും അന്തർദ്ദേശീയ നാണ്യനിധിക്കും അംഗീകരിക്കാമെങ്കിൽ കേരളം എന്ന സംസ്ഥാനത്തിന് എന്ത് കൊണ്ട് ഇത് അംഗീകരിച്ചുകൂടാ ?


കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്ത് സംസ്ഥാനത്തെ കടക്കെണിയിലാക്കിയത് കിഫ് ബിയാണ്. യാതൊരു പ്ലാനിങ്ങുമില്ലാതെ കോടിക്കണക്കിന് രൂപയാണ് കിഫ്ബിയിലൂടെ ഒഴുകിയത്. പ്ലാനിങ് ബോർഡിനെ വെറും നോക്കുകുത്തിയാക്കി മാറ്റി.


യാതൊരു തത്വദീക്ഷയുമില്ലാതെ തോന്നുന്ന പദ്ധതികൾക്കായി കോടികൾ ചിലവാക്കി. മസാല ബോണ്ടിലൂടെ വലിയ പലിശക്ക് വായ്പയെടുത്ത് അതിലും കുറഞ്ഞ പലിശക്ക് ഇവിടെ നിക്ഷേപിച്ചു. ഇത്രയും മോശമായ ധനകാര്യ മാനേജ്‌മെന്റ് നിലനിൽക്കുന്ന ഒരു സംസ്ഥാനത്തിന് കേന്ദ്രം എങ്ങിനെ പണം നൽകും ?

എന്ത് പറഞ്ഞാലും ഏറ്റ് പാടാൻ തയ്യാറായി വിഡ്ഢികളായ  അനുയായികൾ  നിൽക്കുകയാണ്. രാഹുൽ ഗാന്ധിയും ഒരിടത്തും എത്താതിന്റെ കാരണം അന്ധമായ മോദി വിരോധമാണ്. വ്യക്തിയെ അധിക്ഷേപിക്കാതെ ഭരണത്തിന്റെ ന്യൂനത തുറന്ന് കാണിക്കാൻ ശ്രമിക്കണം.

ഭാരത്ജോഡോ യാത്രയുടെ സമാപനത്തിൽ നടത്തിയ കാശ്മീർ പ്രസംഗം രാഹുലിന് തന്നെ തിരിച്ചടി ആയിരിക്കുകയാണ്. കാശ്മീരിലൂടെ ഞാൻ ധൈര്യപൂർവം നടന്നു എന്ന് പറയുമ്പോൾ കാശ്മീരിൽ ഉണ്ടായ മാറ്റം രാഹുൽ അംഗീകരിച്ചിരിക്കുകയാണ്.

നിരന്തരം മോദിയെ അധിക്ഷേപിച്ച് രാഹുൽ വില കളയുകയായിരുന്നു. ഭാരത് ജോഡോ യാത്ര വേണ്ടവണ്ണം ശ്രദ്ധിക്കപ്പെടാതെ പോയതും ഇതുകൊണ്ട് തന്നെ. എന്തായാലും മോദി ഭരണത്തിൻ കീഴിൽ ഇന്ത്യ മുമ്പോട്ട് തന്നെ കുതിക്കുകയാണ്. കിണറ്റിൽ കിടക്കുന്ന തവളയെപ്പോലെ കിടക്കാനാണ് പിണറായിയുടേയും  കൂട്ടാളികളുടെയും വിധി.

Advertisment