Advertisment

അനീതികൾക്കെതിരെ ഒറ്റയാൾ പോരാട്ടം; പ്രതീക്ഷയ്‍ക്കൊത്തുയർന്ന് 'വാത്തി' - ചലച്ചിത്ര നിരൂപണം

author-image
nidheesh kumar
New Update

publive-image

Advertisment

അവതരണ ശൈലി കൊണ്ടും ഡയലോഗുകൾ കൊണ്ടും പ്രമേയം കൊണ്ടും ഒരു കംപ്ലീറ്റ് മാസ്സ് എന്‍റർടെയ്നർ എന്ന നിലയിൽ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് ധനുഷിന്‍റെ 'വാത്തി'. ടീസറും ട്രെയിലറുമൊക്കെ കണ്ട് പ്രതീക്ഷിച്ചതിലും മുകളിൽ നിൽക്കുന്ന സിനിമയായാണ് ചിത്രം അനുഭവപ്പെട്ടത്. ഒട്ടേറെ കുട്ടികൾക്ക് പ്രചോദനമായ ഒരു അധ്യാപകന്‍റെ ജീവിതം പ്രമേയമാക്കി വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം സംസാരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും പിടിച്ചിരുത്താൻ പോന്നതാണ്.

ബ്ലോക്ക്ബസ്റ്ററായിമാറിയ തിരുച്ചിറ്റമ്പലം, നാനേ വരുവേൻ എന്നീ സിനിമകൾക്ക് ശേഷം തിയേറ്ററുകളിലെത്തിയിരിക്കുന്ന ധനുഷ് സിനിമയായതിനാൽ തന്നെ സിനിമാപ്രേമികൾ വാത്തിക്കായി ഏറെ കാത്തിരിപ്പിലായിരുന്നു. തികച്ചും പുതുമയാർന്നൊരു അനുഭവമാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്. ധനുഷും തെലുങ്കിലെ ഹിറ്റ് സംവിധായകനായ വെങ്കി ആറ്റ്‍ലൂരിയും ആദ്യമായി ഒന്നിച്ചിരിക്കുന്ന സിനിമ എന്നതാണ് വാത്തിയെ വ്യത്യസ്തമാക്കിയിരിക്കുന്നത്. അതോടൊപ്പം ജിവി പ്രകാശ് കുമാറിന്‍റെ മാസ്മരിക സംഗീതവും.

ആക്ഷനും റൊമാൻസും തമാശകളും മനോഹരമായൊരു സന്ദേശവും ഉൾക്കൊള്ളുന്നൊരു ടോട്ടൽ ഫാമിലി എന്‍റര്‍ടെയ്നർ തന്നെയാണ് വാത്തി എന്ന് നിസ്സംശയം പറയാം. അതോടൊപ്പം ഈ കാലത്ത് വിദ്യാഭ്യാസം നേടേണ്ടതിന്‍റെ പ്രാധാന്യവും ചിത്രം അടിവരയിടുന്നുണ്ട്. വിദ്യാഭ്യാസം എന്നത് കച്ചവടമാക്കാതെ എല്ലാ കുട്ടികൾക്കും നൽകണമെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്.

തിരുപ്പതി എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ (ടിഇഐ) ജൂനിയർ ലക്ചററാണ് ബാല ഗംഗാധര തിലക് (ധനുഷ്) എന്ന ബാലു. തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളിലെ നിരവധി സർക്കാർ സ്കൂളുകൾ സ്കൂൾ മാനേജ്‌മെന്‍റ് ദത്തെടുക്കുകയും ബാലുവിനെ ഉൾഗ്രാമത്തിലുള്ള ഒരു സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി അയക്കുകയും ചെയ്യുന്നു. എന്നാൽ ബാലുവിന്‍റെ വരവോടെ ആ സ്കൂളിന്‍റെ വിജയശതമാനം വർദ്ധിക്കുന്നു. ഇത് ടിഇഐ ചെയർമാനെ (സമുദ്രക്കനി) അസന്തുഷ്ടനാക്കുന്നു. അതിന് ശേഷം നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.

നോൺലീനിയര്‍ കഥ പറച്ചിലിലാണ് ചിത്രം മുന്നേറുന്നത്. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ പ്ലോട്ട്. വിദ്യാഭ്യാസം കച്ചവടമാക്കുന്ന പുതിയ കാലത്തിന്‍റെ പ്രവണതകളെ കണക്കറ്റ് വിമർശിക്കുന്നുമുണ്ട് ചിത്രത്തിൽ. ബാലമുരുകൻ എന്ന കഥാപാത്രമായി തീപാറുന്ന അഭിനയ മുഹൂർത്തങ്ങളാണ് ധനുഷിന് ചിത്രത്തിലുള്ളത്. ആക്ഷനിലും ഇമോഷണൽ രംഗങ്ങളിലും ധനുഷ് ഏറെ മികച്ച രീതിയിൽ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. മനസ്സിൽ തട്ടുന്ന രീതിയിലുള്ള അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളും കൈയ്യടി നേടുന്നതാണ്.

ധനുഷിന്‍റെ നായികയായെത്തിയ മലയാളി നടി സംയുക്തയുടെ പ്രകടനവും മികച്ചതായിരുന്നു. പ്രതിനായക വേഷത്തിലെത്തിയ സമുദ്രക്കനി, ധനുഷിന്‍റെ അച്ഛന്‍റെ വേഷത്തിലെത്തിയ ആടുകളം നരേൻ, പി. സായ്കുമാർ, ഹരീഷ് പേരടി, മൊട്ട രാജേന്ദ്രൻ, പ്രവീണ തുടങ്ങിയവരുടെ പ്രകടനവും മികച്ചതായിരുന്നു. ജിവി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിലെ ഗാനങ്ങളും സിനിമയുടെ ആകെയുള്ള സ്വഭാവത്തോട് ചേർന്ന് നീങ്ങുന്നതാണ്.

ജെ യുവരാജിന്‍റെ ഛായാഗ്രഹണവും നവീൻ നൂളിയുടെ എഡിറ്റിംഗും കലാസംവിധാനവുമൊക്കെ പ്രത്യേക പരമാർശം അർഹിക്കുന്നുണ്ട്. തൊണ്ണൂറുകളിലെ കാലഘട്ടം കാണിക്കുന്ന രംഗങ്ങളിലൊക്കെ ഏറെ മികച്ച രീതിയിലാണ് സിനിമയിലെ ദൃശ്യങ്ങള്‍ അനുഭവപ്പെട്ടത്. റിയലിസ്റ്റിക് രീതിയിൽ മുന്നേറുമ്പോഴും ഒരേ സമയം സിനിമാറ്റിക് അനുഭവം സമ്മാനിക്കാനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ധനുഷ് ആരാധകരെ മാത്രമല്ല കുടുംബപ്രേക്ഷകർക്കും യുവ തലമുറയ്ക്കും ഒരു മാസ് ആൻഡ് ക്ലാസ് വിരുന്നാണ് വാത്തി.

Advertisment