Advertisment

ആറു നൂറ്റാണ്ടോളം പഴക്കം കണക്കാക്കുന്ന ഒരു 'നാടോടി' കലാരൂപമാണ് കണ്യാർകളി. ഇതര നാടോടി കലാരൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കണ്യാര്കളിയ്‌ക്ക്‌ അനുഷ്ഠാനേതരമായ ഒരു കലാവതരണ പദ്ധതിയും പരിസരവുമുണ്ട്. കണ്യാർകളിയുടെ കലാമേന്മ... ! (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കണ്യാർകളിയ്ക്ക് കടൽകടന്ന് യുഎഇയിലും കുവൈറ്റിലും ബഹ്‌റൈനിലും ഖത്തറിലുമൊക്കെ വെവ്വേറെ തുടർ അരങ്ങുകൾ ഉണ്ടാകാൻ തുടങ്ങിയിട്ട് ദശകങ്ങളായി. ഈ നാടോടി കലാരൂപത്തിൻറെ അവകാശികളായ പാലക്കാട്ടു ദേശകൂട്ടായ്മകൾക്കപ്പുറം ഈ കലയെ അടുത്തറിയാനും മനസ്സിലാക്കാനും മറ്റു പ്രദേശക്കാരായ മലയാളികൾക്കും ഇന്ത്യക്കാർക്കും വിദേശികൾക്കുമൊക്കെ സാധിച്ചത് കേരളത്തിനുപുറത്ത് ഇത്തരം വേദികളും അരങ്ങുകളും ഉണ്ടായതോടെയാണ്.

അതിൽത്തന്നെ യുഎയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി രണ്ടുവര്‍ഷത്തിലൊരിക്കൽ നടത്തിവരുന്ന ഇന്റർനാഷണൽ കണ്യാർകളി ഫെസ്റ്റിവൽ നിർണ്ണായകമായ ഒരു പങ്കു വഹിച്ചുപോരുന്നുണ്ട്. ഫെബ്രുവരി 19 ന് അജ്‌മാനിൽവെച്ചു അഞ്ചാമത് ഇന്റർനാഷനൽ കണ്യാർകളി മേളയ്ക്ക് കേളികൊട്ടുയരുമ്പോൾ കണ്യാർകളിയുടെ മൗലിക സൗന്ദര്യത്തെക്കുറിച്ചുള്ള വിചാരങ്ങളാണ് ഈ കുറിപ്പ്.

ആവിഷ്കാരം

എന്താണ് കല എന്നുള്ള ലളിതമായ ചോദ്യത്തിന് ഒരുപാട് നിർവ്വചനങ്ങൾ പറയാവുന്നതാണ്. എന്നാൽ കല എന്ന വാക്കിന്റെ അക്ഷരാർത്ഥ വിചാരത്തിൽ പരിശോധിക്കുമ്പോൾ എന്ത് അവശേഷിക്കുന്നുവോ അതാണ് കല എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

publive-image

പൂർണ്ണതയിലുള്ളതിനേക്കാൾ സൗന്ദര്യവും ഭാവാത്മകതയും അവശേഷിപ്പിനുള്ളതുകൊണ്ടാണ് പൂർണ്ണചന്ദ്രനെക്കാൾ പ്രിയം നമുക്ക് ചന്ദ്രക്കലയോട് തോന്നുന്നത്. വിസ്മൃതിയിൽ ആയതിനെപ്പോലും പൂർണ്ണതയോടെ അടയാളപ്പെടുത്തുന്ന ആ 'കല' കാലത്തെക്കൂടി അടയാളപ്പെടുത്തുന്നതാണ്.

നമ്മുടെ ജീവിതത്തിലും ശരീരത്തിലും ചുറ്റുപാടിലുമൊക്കെ ഇങ്ങനെ കൊണ്ട് നടക്കുന്നതും കാണുന്നതുമായ കലകളുണ്ട്, അടയാളങ്ങളുണ്ട്. സമൂഹത്തിന്റെ സമഭാവനകളെ ചൂഴ്ന്നുനിൽക്കുന്ന അടയാളങ്ങൾ സാമൂഹിക ദാർശനികതയുടെ കലാ ആവിഷ്കാരങ്ങളായി കാലത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

ഓരോ കാലത്തിന്റെയും അടയാളങ്ങളായി സമൂഹത്തിന്റെ മ്യുസിയത്തിൽ പൊടിപിടിച്ചും ഇടയ്ക്കു ആരുടെയെങ്കിലും കൈപ്പെരുമാറ്റത്തിൽ പ്രകാശിച്ചും കലകൾ കൺചിമ്മിതുറക്കുന്നു. അങ്ങനെ ഇടയ്ക്കിടെ കൺചിമ്മി പ്രകാശിക്കുന്ന ഒരുപാട് കലാരൂപങ്ങൾ മലയാളത്തിന് സ്വന്തമായുണ്ട്.

വേരിറക്കത്തിന്‍റെ ആഴത്തിന്‍റെയും വ്യാപ്തിയുടെയും തോതനുസരിച്ചു ഈ കലാരൂപങ്ങളുടെ തിളക്കം ഏറിയും കുറഞ്ഞും നമ്മിൽ അനുഭവപ്പെടുകയും അനുഭൂതി ഉണ്ടാക്കുകയും ചെയ്യുന്നു.

കലാരൂപങ്ങളെ ക്‌ളാസ്സിക് എന്നും നാടോടി എന്നും വർഗ്ഗീകരിച്ചുകൊണ്ട് ഒന്നിന് മറ്റൊന്നിനേക്കാൾ പ്രാമാണികതയും മേന്മയും ആധികാരികതയും കൽപ്പിക്കുന്നത് അപരാധമാണ്. എന്നാൽ അങ്ങനെ ഒരു മാനദണ്ഡത്തിൽ കലാസ്വാദനത്തെയും അവതരണത്തെയും സമീപിക്കുന്ന ഒരു സാമ്പ്രദായിക വ്യവസ്ഥ നമുക്കിടയിലുണ്ട്.

കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, ഒഡിസി, കുച്ചിപ്പിടി, കൂടിയാട്ടം, തെയ്യം, തിറ പടയണി, ചവിട്ടുനാടകം, കണ്യാർകളി, പൂരക്കളി എന്നിവയുടെയൊക്കെ അടിസ്ഥാന നൃത്തപദ്ധതിയിലും താള ഘടനയിലും അന്യോന്യം കൊടുക്കൽ വാങ്ങൽ നടന്നിട്ടുള്ളതായി ഈ കലാരൂപങ്ങളെ അത്രയൊന്നും സൂക്ഷ്മമായി വിലയിരുത്താതെതന്നെ നമുക്ക് ബോധ്യപ്പെടുന്നതാണ്.

സംസ്കരിച്ചും സ്വാംശീകരിച്ചും പുനർവിന്യാസ സാദ്ധ്യതകൾ ഉൾക്കൊണ്ടും അനുഷ്ഠാന ശാഠ്യങ്ങൾ ഒഴിവാക്കിയും അരങ്ങുകൾ മനസ്സിലാക്കിയും രൂപപ്പെടുത്തിയെടുക്കപ്പെട്ട കലാരൂപങ്ങൾക്ക് സ്വാഭാവികമായും ആസ്വാദകർ ഉണ്ടാവുകയും പ്രാദേശിക അതിരുകൾക്കപ്പുറം അവയുടെ വേരുകൾ പടരുകയും ചെയ്തു എന്നതാണ് വസ്തുത.

അത്തരത്തിൽ 'ക്ലാസിക്' കലാരൂപങ്ങളിൽ ഈടുവെപ്പ് അവകാശപ്പെടാൻ കഴിയുമ്പോഴും ആലത്തൂർ, ചിറ്റൂർ താലൂക്കുകളുടെ അതിരുകൾക്കപ്പുറം 'പന്തൽ' ഇടാൻ കഴിയാത്ത ഒരു 'നാടോടി' കലാരൂപമാണ് ഏതാണ്ട് ആറു നൂറ്റാണ്ടു പഴക്കം കണക്കാക്കുന്ന കണ്യാർകളി.

ക്ലാസിക് കല എന്ന പരിവേഷം ലഭിക്കാതിരുന്ന എല്ലാ പ്രാചിന കലാരൂപങ്ങൾക്കും ഇങ്ങനെ ഉറവിട ഭൂപ്രദേശത്തിന്റെ അതിരുകൾ വിട്ടു പുറമേയ്‌ക്കു തുളുമ്പാനായിട്ടില്ല. ഈ പരിമിതപ്പെടലുകൾക്ക് അനുഷ്‌ഠാനപരമായ പല സംഗതികൾകൂടി...

നാടൻ കലകളിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന തെയ്യത്തിനും കലയിൽ നിഷ്ഠയുടെ തുടിതാളം മുഴക്കുന്ന പടേനിയ്ക്കും അനന്യസുന്ദരമായ ആയോധനസൗന്ദര്യം ചുവടുവയ്ക്കുന്ന കുത്തിയോട്ടത്തിനും പൂരക്കളിയ്ക്കും എല്ലാം ഈ പരിമിതികളുണ്ട്. എന്നാൽ ഇതര നാടോടി കലാരൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കണ്യാര്കളിയ്‌ക്ക്‌ അനുഷ്ഠാനേതരമായ ഒരു കലാവതരണ പദ്ധതിയും പരിസരവുമുണ്ട്.

publive-image

അതിലെ സാഹിത്യത്തിനും പാട്ടിനും, ഈണത്തിനും വാദ്യ താളങ്ങൾക്കും ആഹാര്യത്തിനും സാർവ്വോപരി നൃത്തത്തിനും മറ്റു കലാരൂപങ്ങളിൽനിന്നു ഭിന്നമായ വൈവിധ്യ വിശേഷമുണ്ട്. എന്നിട്ടും ഒരു പ്രാദേശിക കലാവിശേഷം എന്ന നിലയിൽ സീസണലായി പാലക്കാടിന്റെ പാർശ്വങ്ങളിൽ ഒതുങ്ങാനേ കണ്യാർകളിയ്ക്കായുള്ളു.

കളിഘടനയും വൈവിധ്യതയും

കണ്യാർകളിയ്ക്ക് അടിസ്ഥാനപരമായി രണ്ടു ഭാഗങ്ങളാണുള്ളത്. ദേവീപ്രീതിയ്ക്കായി നടത്തപ്പെടുന്ന അനുഷ്ഠാനമായ 'വട്ടക്കളി'യും നാടോടി നാടക അവതരണമായ പൊറാട്ടുകളിയും. വട്ടക്കളി ആ പേര് സൂചിപ്പിക്കുന്നപോലെ കളിക്കാർ വട്ടത്തിൽ അരങ്ങിലെ പന്തലിലെ ദേവീസങ്കൽപ്പത്തിന് ചുറ്റും സ്തുതിവചനങ്ങൾക്കും ഗീതങ്ങൾക്കും അനുസരിച്ചു ചെണ്ടയുടെയും മദ്ദളത്തിന്റെയും ചേങ്ങിലയുടെയും ഇലത്താളത്തിന്റെയുംഅകമ്പിടിയിൽ ചുവടുകൾ വയ്ക്കുന്നതാണ്.

ഈ വട്ടക്കളി, വള്ളോൻ, ആണ്ടിക്കൂത്തു, മലമ എന്നിങ്ങനെ വെവ്വേറെ പ്രകാരങ്ങളിലുണ്ട് . പൊറാട്ടുകളി എന്ന രണ്ടാമത്തെ അനുഷ്ടാനേതര വിഭാഗത്തിൽ അരങ്ങിലെ കാണികളായ അബാലവൃദ്ധത്തെയും ഒരുപോലെ ആസ്വദിപ്പിക്കുന്ന വിവിധയിനം കളിയവതരണങ്ങളാണ്.

കൃത്യമായ അളവുകളിലും കല്പനയിലും സമചതുരത്തിൽ സജ്ജീകരിക്കുന്ന ഒൻപതുകാൽ പന്തലിൽ ആണ് കാളി അരങ്ങേറുക. ചുവന്ന വാകപ്പൂക്കൾ, മാവില, പച്ചക്കുരുത്തോല എന്നിവകൊണ്ട് അലങ്കരിച്ചു മനോഹരമാക്കുന്ന ഒൻപതുകാൽ പന്തലിന്റെ കാലുകൾ ഓരോന്നും ഈന്തകൾകൊണ്ട് മൂടി സമൃദ്ധമാക്കുന്നു.

ദേവീപ്രസാദത്തിന്റെ ദീപകല്പന പന്തലിന്റെ നടുവിലെ കാലിലേക്ക് ആവാഹിക്കപ്പെടുന്നതുകൊണ്ടു നടുവിലെ കാൽ മുളകൊണ്ട് ഉള്ളതായിരിക്കും. മേടമാസത്തിലെ വിഷുസംക്രമം കഴിഞ്ഞുള്ള വിത്തിറക്കൽ ഒരു കാർഷിക സമൃദ്ധിയിലേക്ക് മുളയിടുന്നതിന്റെ ആരംഭംകുറിക്കലാണ്. (വേലകളുടെയും കുമ്മാട്ടികളുടെയും പൂരങ്ങളുടെയും കതിരുവിളംബരത്തിന്റെ കൂറകളെ വിഹായസ്സിൽ വഹിക്കുന്നതും ഈ മുളകളാണ്).

കൊയ്ത മണ്ണിൽ പെയ്തുണരുന്ന ഊർവ്വര സങ്കൽപ്പന തിമിർപ്പുകളിൽ മുളയ്ക്കു ഒരു പ്രാമാണിക സ്ഥാനമുണ്ട്. ഈ മുളയ്ക്കു (കണിയാരം) ചുറ്റുമുള്ള കളിയാണ് കണ്യാർകളി ആയി അറിയപ്പെട്ടത് എന്നാണ് പേരുമായി ബന്ധപ്പെട്ട ഒരു വിചാരം.

കർണ്ണകിയമ്മൻ പ്രീതിക്കായി ആഘോഷിക്കപ്പെടുന്ന കളി ആദ്യം കർണ്ണകിയാർകളിയും അത് ലോപിച്ചു കണിയാർകളിയും ആയിത്തീർന്നു എന്ന ഒരു വാദവും പ്രബലമായുണ്ട്. പാട്ടിലും വാണാക്കിലുമുള്ള തമിഴ് സാന്നിധ്യമാണ് ഈയൊരു അനുമാനത്തിനു ബലം നൽകുന്നത്.

ഐതിഹ്യവും ആവിർഭാവഹേതുവും എന്തുമാകട്ടെ, ഒരു കലാവതരണം എന്ന നിലയിൽ കണ്യാർകളി എങ്ങനെയാണു വൈവിധ്യമുള്ള ഒരു കലാരൂപമായി ഗണിക്കപ്പെടുന്നത് എന്ന് നോക്കാം.ഒന്ന് അരങ്ങിന്റെ പ്രത്യേകത.

നാലു ദിക്കും നാട്ടുകാരെ സാക്ഷിയാക്കിയുള്ള മേൽസൂചിപ്പിച്ച അലങ്കൃതമായ ഒൻപതുകാൽ പന്തലിൻറെ കളിയരങ് കണ്യാർകളിയിൽ മാത്രം കാണുന്ന ഒരു സവിശേഷതയാണ്. സാമ്പ്രദായിക തനിമയിൽ തച്ചുശാസ്ത്രവിധിപ്രകാരം നാൽപതു കോൽ എട്ട് അംഗുലം ചുറ്റളവുള്ള സമചതുരത്തിൽ ഒരുക്കപ്പെടുന്ന ഈ പന്തലിന്റെ എട്ടുകാലുകൾ അഷ്ടദിക്പാലകരെയും നടുവിലെ കാൽ ദേവീസാന്നിധ്യത്തെയും സങ്കല്പിക്കുന്നതാണ്.

കളിക്കുന്നവരും കളിയെ മൊത്തമായി നിയന്ത്രിക്കുന്ന കളി ആശാനും അകമ്പടിക്കാരും എല്ലാം അരങ്ങിനു മധ്യത്തിൽ അഥവാ കളിവട്ടത്തിന്റെ ഉള്ളിൽ നിലയുറപ്പിക്കുന്ന ഒരു സമ്പ്രദായം വേറെ ഒരു കലാരൂപത്തിലും കാണാനാവില്ല.

മുന്നണിയും പിന്നണിയും എന്ന വേർതിരിവ് ഇല്ല എന്ന് മാത്രമല്ല നാലു ദിക്കിലുമുള്ള ആസ്വാദകരെക്കൂടി കളിയുടെ ഭാഗമാക്കിക്കൊണ്ടുള്ള ചലനാത്മകത കളിയുടെയും പൊറാട്ടുകളുടെയും അവതരണത്തിൽ ഉടനീളം ദർശിക്കാവുന്നതാണ്.

രണ്ട്, അനുഷ്ഠാനത്തിലെ ചിട്ടവട്ടങ്ങൾ. ദേശക്കൂട്ടങ്ങളിൽ അതതു തട്ടകങ്ങളുടെ മൂലസ്ഥാനങ്ങളെ കേന്ദ്രീകരിച്ചു നടത്തപ്പെടുന്ന കളിയരങ്ങുകൾ മൂന്നോ നാലോ ദിവസങ്ങൾകൊണ്ടാണ് പൂർത്തിയാക്കുക. സാധാരണയായി രാത്രി ഒൻപതു മണിയോടുകൂടി തുടങ്ങി അതിരാവിലെ അഞ്ചുമണിക്ക് തീരുന്ന മുറയ്‌ക്കാണ്‌ കളികൾ ക്രമീകരിക്കുക. സന്ധ്യയോടു കൂടി കളി വിളംബരം ചെയ്തുകൊണ്ടുള്ള കേളികൊട്ട് നടക്കുന്നു.

പിന്നെ രാത്രി എട്ടരയോടെ വീണ്ടും കേളികൊട്ടി, കൊമ്പു, കുഴൽപറ്റുകളോടെ ദേവീചൈതന്യം പന്തലിലേക്ക് ആവാഹിച്ചശേഷമാണ് വെവ്വേറെ രാഗങ്ങളിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ സ്തവങ്ങളും സ്തുതിഗീതങ്ങളും ആലപിച്ചുകൊണ്ടുള്ള വട്ടക്കളി നടക്കുക. മേൽസൂചിപ്പിച്ച പ്രകാരം ഓരോ കളിരാത്രിയുടെ ആരംഭത്തിലും ആണ്ടിക്കൂത്ത്‌, വള്ളോൻ, മലമ എന്ന ക്രമത്തിൽ അനുഷ്ഠാനപൂർവ്വം വട്ടക്കളി കളിക്കുന്നു.

publive-image

ഇതിൽ ദേശത്തുള്ള ആബാലവൃദ്ധവും അണിചേരുന്ന പഴമയുടെ കളിദൃശ്യം അഭൗമ സുന്ദരമായ ഓർമ്മയാണ്. ആശാന്റെ ചേങ്ങിലവട്ടയുടെ കലാശക്രമവൈവിധ്യത്തിൽ ചെണ്ടയുടെയും മദ്ദളത്തിന്റെയും വാദ്യവിന്യാസത്തിൽ ഈ സംഘക്കളി ഭേദമന്യേയുള്ള ഒരു നാട്ടുകൂട്ടംചേരലിൻറെ പൊരുളിനെ ദ്യോതിപ്പിക്കുന്ന അപൂർവ്വതയാണ്.

മൂന്ന്, നാടോടി നാടകാവതരണമായ പൊറാട്ടുകളിയിലെ താള നൃത്ത ശിൽപ്പകലാഭംഗി. രാഗ-താള-വാദ്യ-നാദ -നാട്യ-ചമയാദി പൊരുത്തങ്ങളുടെ ഒരു നാടൻ കലാരൂപത്തെ കണ്യാർകളിയെപ്പോലെ മറ്റൊന്ന് ചൂണ്ടിക്കാട്ടാനാകില്ല.

ചേരുവകളെല്ലാം സമാസമം സമഞ്ജസപ്പെടുന്ന കണ്യാർകളിയെ മനോരഞ്ജിപ്പിക്കുന്നത് അതിന്റെ പാട്ടുകൊണ്ടാണോ, പാട്ടിലെ പ്രതിപാദ്യ വിഷയങ്ങളിലെ വിഷയവൈവിധ്യതകൊണ്ടാണോ, മലയാളത്തിലും തമിഴ് കലർന്ന മലയാളത്തിലുമുള്ള പാട്ടുകളിലെ അപൂർവ്വ രാഗങ്ങളിലുള്ള ഇമ്പമാർന്ന ഈണവൈജാത്യംകൊണ്ടാണോ, വലന്തലയും ഇടന്തലയും ഒരേസമയം ഉപയോഗിച്ചുകൊണ്ടുള്ള ചെണ്ടയുടെ പ്രയോഗഭംഗികൊണ്ടാണോ, പാട്ടിന്റെ ഏറിയും കുറഞ്ഞുമുള്ള വേഗത്തിന്റെ സഞ്ചാരസുഖങ്ങൾക്കനുസൃതമായ ഇലത്താളങ്ങളുടെ കലാശമിടൽകൊണ്ടാണോ, കളരിയിൽ അധിഷ്ഠിതമായ അഭ്യസനത്തിൽ ആർജ്ജിക്കപ്പെട്ട കളിക്കാരുടെ മെയ്‌വഴക്കത്തിന്റെ ചാരുതകൊണ്ടാണോ, വേഷങ്ങളുടെ ഉടുത്തുകെട്ടലിന്റെ ഉടൽഭംഗികൊണ്ടാണോ എന്നത് നിരൂപിക്കാനാവില്ല.

ഒരുപക്ഷെ ഈ ദൃശ്യ ശ്രാവ്യ മോഹനങ്ങൾ കാതുകൾക്ക് സമ്മ്യക്കായും കണ്ണിന് ആനന്ദകരമായും ഒരു ബിന്ദുവിൽ ലയിക്കുന്നതിന്റെ അനുഭൂതി പ്രദാനം ചെയ്യലാകാം അതിന്റെ കാരണം.

മേൽ പ്രതിപാദിച്ച മൂന്നു ഘടകങ്ങളും ഓരോ പൊറാട്ടുവേഷത്തിന്റെ അവതരണത്തിലും പൊതുവായി സമ്മേളിക്കുന്നതാണ്. ആസ്വാദകന്റെ അഭിരുചിക്കനുസരിച്ചു ഈ ഓരോ ഘടകവും വെവ്വേറെ അനുഭവവേദ്യമാകുന്നു.

അതിവിളംബം, വിളംബം . ദ്രുതം, അതി ദ്രുതം എന്നിങ്ങനെ നാല് കാലഗതികളിലാണ് മിക്കവാറും പൊറാട്ടുവേഷങ്ങൾ പന്തലിൽ ചുവടുവയ്ക്കുക. പൊറാട്ടുകൾ പൂർവ്വ കാലത്തെ വ്യവസ്ഥകൾക്കു വിധേയമായി വിഭജിക്കപ്പെട്ട തൊഴലിനെയും അതിന്റെ ചുറ്റുപാടിനെയും അത് പ്രതിനിദ്ധാനം ചെയ്യുന്ന സാമൂഹിക പരിസരത്തെയും ജാതികളെയും അവസ്ഥയെയും പരിചയപ്പെടുത്തുകയും അവ വിളംബരം ചെയ്യുന്ന അവകാശങ്ങളെയും കടമകളെയും ഉദ്‌ഘോഷിക്കുന്ന രീതിയിൽ അവതരിപ്പിച്ചുകൊണ്ടാണ് അരങ്ങിൽ പ്രത്യക്ഷപ്പെടുക.

നൂറ്റാണ്ടുകൾക്കു മുൻപുള്ള സാമൂഹിക അവസ്ഥാന്തരങ്ങളെ അവരുടെ അനുഭവ സാക്ഷ്യങ്ങളിലൂടെ പൊറാട്ടുകളായി ആട്ടം നടത്തുമ്പോൾ പലപ്പോഴും അത് വ്യവസ്ഥകളോടുള്ള അമർഷമായും, ചിലപ്പോൾ വിധേയത്വമായും മറ്റു ചിലപ്പോൾ ഹാസ്യാത്മകമായ സാമൂഹിക വിമർശനമായുമൊക്കെ രൂപം മാറുന്നുണ്ട്. പല വേഷങ്ങളും അവരുടെ സമുദായം നീർത്തുന്ന പ്രാപഞ്ചിക ദാർശനിക സത്യങ്ങളുടെ ഉണ്മകളെ പ്രകാശിപ്പിക്കുന്ന വാമൊഴികളുമായാണ് നൃത്തം ചവിട്ടുന്നത്.

വേഷങ്ങൾ ഒറ്റ പൊറാട്ട്. ഇരട്ട പൊറാട്ട്, കൂട്ടപ്പൊറാട്ട്, പെൺപൊറാട്ട്, ആൺ പൊറാട്ട് എന്നിങ്ങനെ വെവ്വേറെയുണ്ട്. ഇതിൽ കൂട്ടപൊറാട്ട് പത്തോ പന്ത്രണ്ടോ അതിലധികമോ പേർ സംഘമായി കളിക്കുന്നതാണ്. ഇതിൽ രാജാപ്പാർട്ട് വേഷങ്ങൾ, കരി വേഷങ്ങൾ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. രാജാപാർട്ടിൽ പളപളപ്പുള്ള തിളങ്ങുന്ന ഉടുത്തുകെട്ടലും മുഖത്തെഴുത്തുമാണെങ്കിൽ കരിപ്പൊറാട്ടുകളിൽ അതിനു വിപരീതമായി ലളിതമായ വസ്ത്രരീതിയാണ്.

publive-image

ആൺ പെൺ ജോഡികളുള്ള വേഷങ്ങളിൽ വളരെ വിസ്തരിച്ച മുഖത്തെഴുത്തും ഉടുത്തുകെട്ടലും പൊറാട്ടുകളെ കാഴ്ചയിൽ തന്നെ മികവുറ്റതാക്കുന്നു. കളിയിൽ പെൺവേഷം പുരുഷൻതന്നെയാണ് അവതരിപ്പിക്കുക. (പണ്ട് കാലത്തു ചുവടുകൾ അഭ്യസിക്കുന്നതിനുള്ള പരിശീലനക്കളരികൾ രാത്രികാലങ്ങളിൽ ഒരുക്കിയതുകൊണ്ടാകാം പെൺകുട്ടികൾക്ക് കണ്യാർകളിയിൽ പങ്കാളിത്തം നിർവഹിക്കാൻ കഴിയാതെ പോയത്. പക്ഷെ കളിയരങ്ങുകളിലെ ആസ്വാദകരിൽ ഭൂരിപക്ഷം സ്ത്രീകളാണ് എന്ന് മാത്രമല്ല കണ്യാർകളിയെ വിസ്മൃതിയിൽ ആണ്ടുപോകാതെ ഇന്നും നിലനിർത്തുന്നതിൽ പെൺ ആസ്വാദനത്തിനുള്ള പങ്ക് വളരെ തരം).

ഇങ്ങനെ താളവും ലയവും വാദ്യവിന്യാസവും നാടൻ ശീലുകളിലുള്ള ഭിന്നങ്ങളായ പാട്ടുകളും വേഷവിധാനങ്ങളുംകൊണ്ട് സമ്പന്നമായ കണ്യാർകളിയെ ഒരു നൃത്തകലയായി എണ്ണപ്പെടാൻ സാധിക്കുന്നത് കൃത്യതയാർന്നതും അതേസമയം സങ്കീർണ്ണങ്ങളുമായ അതിൻറെ ചുവടുകൾകൊണ്ടാണ്.

നമ്മുടെ 'ക്ലാസിക് നൃത്തരൂപ'ങ്ങളുടെ അടിസ്ഥാന ചുവടുകളിൽനിന്ന് വിന്യസിക്കപ്പെട്ട് ചെമ്പടയിലും പഞ്ചാരിയിലും അളന്നു മുറിച്ച കാലപ്രമാണങ്ങളിലൂടെ ഒന്നാം കാൽ, രണ്ടാം കാൽ, മൂന്നാം കാൽ, നാലാം കാൽ, അഞ്ചാം കാൽ, രണ്ടിന്റെ ഇരട്ടി,നാലിന്റെ ഇരട്ടി, നേരുകാൽ, ചുറ്റുകാൽ, കുന്തുകാൽ, സാരിക്കാൽ, തൂക്കുകാൽ, മുന്നെട്ട്, പിന്നെട്ട്, പരുന്ത്, പെരുക്കം, കെട്ട്, പിൻകെട്ട്, വലി, മൂന്നിൽ രണ്ടോട്ടം , ഇടവട്ടം, തട്ട് എന്നിങ്ങനെ അറുപത്തിനാലിൽ തരം ചുവടുകളാണ് കണ്യാർകളിയിൽ പൂർവ്വികർ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

പ്രസിദ്ധങ്ങളായ ചിന്നമ്മതാരി, വേടർ, മലയർ, കൂട്ടപ്പാമ്പാട്ടികൾ, കൂട്ടപ്പൂശാരി, വൈഷ്ണവർ തുടങ്ങിയ പൊറാട്ടുകളിൽ ഏറിയും കുറഞ്ഞും ഈ ചുവടുകളുടെ ക്രമവിന്യാസം നമുക്ക് ആസ്വദിക്കാൻ കഴിയും. പല പൊറാട്ടുകളിലും ആട്ടി തിരിഞ്ഞുള്ള കളികളിൽ ചുവടുകൾ കുറേക്കൂടി സങ്കീർണ്ണമാകുകയും അവതരണത്തിലെ ദ്രുതഗതിയിൽ അതിന്റെ കൃത്യതയ്ക്കു വളരെ ശ്രമകരമായ പരിശീലനവും അഭ്യസനവും വേണ്ടിവരുന്നു എന്ന് മനസിലാക്കാം. അങ്ങനെ നിരന്തര പരിശീലനം വേണ്ടതായുള്ള ഒരു ആയോധനാ കായികമുറയായിക്കൂടി കണ്യാർകളി ഗണിക്കപ്പെടുന്നുണ്ട്.

കണ്യാർകളിയുടെ ഭാവി

ഏറ്റവും ജനകീയകലയായ സിനിമ അതിന്റെ എല്ലാ മാതൃകകളിലും സാർവ്വത്രികമായിത്തീരുകയും ആ കല സകല കലകളെയും പ്രതിനിദ്ധാനം ചെയ്യാൻ തുടങ്ങുകയും ചെയ്തപ്പോൾ മറ്റെല്ലാ കലാരൂപങ്ങളുടെയും അസ്തിത്വം നഷ്ടപ്പെടുന്നു എന്ന് തോന്നിച്ചെങ്കിലും ഓരോ കലയും ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തൽ എന്ന നിലയിൽ ഞാൻ തുടക്കത്തിൽ സൂചിപ്പിച്ച 'കല' യായി അവശേഷിക്കേണ്ട കലാനിയോഗവും കാലനിയോഗവും ഉള്ളതുകൊണ്ട് അവയുടെ ആസ്വാദക മനസ്സുകളുടെ നക്ഷത്രചൂളകളിൽ ഒരിക്കലും അണയാത്ത കനലായി കെടാതെ ഊതിയൂതി അവ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന അനുഭവമാണ് സത്യത്തിൽ അടുത്തയിടെയായി കാണാൻകഴിയുന്നത്.

അതിന്റെ പരിണിതിയാണ് സിനിമകൾ തന്നെ ഈ വിഷയങ്ങളെ തിരഞ്ഞെടുക്കുന്ന സമീപകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. അത്തരത്തിൽ കണ്യാർകളിയും സർവ്വത്രികമായ ഉത്തരായന രാവുകളുടെ അരങ്ങുകളെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

പുതിയ കാലത്തിൽ കളിയുടെ ചിട്ടവട്ടങ്ങളുടെ സാമ്പ്രദായിക ശോഭ നഷ്ടപ്പെടുത്താതെ കാലം ആവശ്യപ്പെടുന്ന പരിഷ്കരണങ്ങളിലൂടെ ഈ അനുഷ്ഠാന-അനുഷ്‌ഠാനേതര കലാരൂപം കേരളത്തിനു പുറത്തും വിദേശത്തും അരങ്ങും ആളും ആരവവും നേടുമ്പോൾ പെൺകുട്ടികൾ ഉൾപ്പെടെ പുതിയ തലമുറ ആവേശവും താല്പര്യവും കാണിക്കുന്നു എന്നുള്ളത് ശുഭോദർക്കമാണ്. പോയ കാലത്തെ അടയാളപ്പെടുത്തുന്ന അവശേഷിപ്പിൻറെ 'കല' പൈതൃകംപോലെ സുന്ദരമാണ്.

ഫിബ്രവരി 19ന് അജ്മാനിലെ വിന്നേഴ്സ് ക്ലബ്ബിൽ അരങ്ങേറുന്ന കണ്യാർകളി മേളയ്ക്ക് നാട്ടിലെ മുതിർന്ന കളി ആശാനായ പല്ലശ്ശേന ദാമോദരൻ നായർ (കണ്ണൻ) ആണ് നേതൃത്വം നൽകുന്നത്. നാട്ടിലെയും വിദേശത്തുമുള്ള നിരവധി കളിക്കാരും അകമ്പടി വിദഗ്ദ്ധരും മേളയിൽ അണിചേരുന്നുണ്ട്.

കുട്ടികളും വനിതകളും പങ്കെടുക്കുന്ന പൊറാട്ടുവേഷങ്ങൾ ഇത്തവണത്തെ മേളയുടെ ആകർഷണീയത ആയിരിക്കും. ഓർമ്മകളിൽ ചെങ്കൊന്നപ്പൂങ്കുലകൾ വിടർത്തുന്ന കണ്യാർകളിയുടെ ഒരു പകലന്തിയെ അനുഭൂതിധന്യമാക്കൻ കാത്തിരിക്കുകയാണ് യുഎയിലെ കളിപ്രേമികൾ.

Advertisment