Advertisment

ഉദിച്ചുയരാന്‍ കോണ്‍ഗ്രസ്; കൈകോര്‍ത്ത് നമുക്ക് ഒന്നാകാം - ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ എഴുതുന്നു

author-image
nidheesh kumar
New Update

publive-image

Advertisment

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി മാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശും. കോണ്‍ഗ്രസ് ഇന്ത്യയുടെ പ്രതീക്ഷയായി ഉദിച്ചുയരുന്ന ചരിത്ര നിമിഷങ്ങളാണ് ഇനി ഇന്ത്യന്‍ ജനതയ്ക്കായി കാത്തിരിക്കുന്നത്. പുതു ചിന്തകള്‍, പുത്തന്‍ പ്രതീക്ഷകള്‍... റായ്പൂരില്‍ നടക്കുന്ന എണ്‍പത്തിയഞ്ചാമത് പ്ലീനറി സമ്മേളനം ചരിത്രമായി മാറുന്നത് ഇങ്ങനെയൊക്കെയായിരിക്കും.

'കൈകോര്‍ക്കുക' എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം തന്നെ. ഇന്ത്യയുടെ മാറ്റത്തിനായി കൈകോര്‍ക്കേണ്ട കാലമാണിത്. വര്‍ഗീയതയുടേയും അസഹിഷ്ണുതയുടെയും വിത്തുകള്‍ പാകി ഇന്ത്യയുടെ ആത്മാവിന് മുറിവേറ്റ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

അതുകൊണ്ടു തന്നെ നമുക്ക് കൈകോര്‍ക്കേണ്ടത് വെളിച്ചം നിറഞ്ഞ നന്മയ്ക്കുവേണ്ടിയാണ്. കേന്ദ്രസര്‍ക്കാര്‍ ഭരണം അത്രമേല്‍ മലിനമാക്കി മാറ്റിയ രാജ്യത്തിന് പ്രതീക്ഷ കോണ്‍ഗ്രസിലാണ്. അതിനാല്‍ പുത്തനുണര്‍വോടെ കോണ്‍ഗ്രസ് പുതുവഴികളുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ മടങ്ങി വരവിനുവേണ്ടിയുള്ളതാണ്. ചിന്തന്‍ ശിബിരത്തില്‍ പാകപ്പെടുത്തിയ ആശയങ്ങളും ഭാരത് ജോഡോ യാത്രയില്‍ പിറന്ന ഐക്യബോധവും കോണ്‍ഗ്രസിന് ഇന്ന് പുത്തന്‍ ഉണര്‍വേകി കഴിഞ്ഞു.

റായ്പൂരിലെ സമ്മേളനംകൂടി കഴിയുന്നതോടെ കൂടുതല്‍ കരുത്താര്‍ജിച്ച കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ ധൈര്യപൂര്‍വം നേരിടും. സംഘപരിവാര്‍ ശക്തികള്‍ക്ക് എതിരായ എല്ലാ പ്രസ്ഥാനങ്ങളേയും അണിനിരത്തി കോണ്‍ഗ്രസ് ഇന്ത്യയുടെ ആത്മാവിനെ മടക്കി വിളിക്കുന്നതിനും റായ്പൂര്‍ സമ്മേളനം തിരി തെളിയ്ക്കുമെന്നതില്‍ സംശയമില്ല.

15,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആറ് പ്രമേയങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിന്റെ തുടര്‍ച്ചയാകും ചര്‍ച്ചകള്‍ എന്നതാണ് ശ്രദ്ധേയം. കോണ്‍ഗ്രസിന്റെ മടങ്ങി വരവിനായി ഇന്ത്യ കാത്തിരിക്കുമ്പോഴാണ് ഇത്തരമൊരു സമ്മേളനം എന്നതും ആവേശം നിറയ്ക്കുന്ന കാഴ്ചയാണ്.

ഇന്ത്യമടങ്ങി വരവിന്റെ കാഹളം മുഴക്കി കഴിഞ്ഞു, അത് കോണ്‍ഗ്രസിന്റെ ശബ്ദമായി മാറ്റൊലി കൊള്ളും. ആശംസകളോടെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, യുഎസ്എ.

Advertisment