Advertisment

അന്ന് സോളാര്‍ ആയിരുന്നെങ്കില്‍ ഇന്ന് ലൈഫ് മിഷന്‍. അന്ന് സരിതയായിരുന്നെങ്കില്‍ ഇന്ന് സ്വപ്ന. സരിതയ്ക്ക് വിശ്വാസ്യതയില്ലായിരുന്നു, പക്ഷേ സ്വപ്നയുടെ വാക്കുകള്‍ക്ക് വ്യക്തതയും വിശ്വാസ്യതയുമുണ്ട്. ഉമ്മന്‍ ചാണ്ടി അഗ്നിശുദ്ധി വരുത്തി. ഇനി പിണറായിയുടെ ഊഴം - തിരുമേനി എഴുതുന്നു

author-image
nidheesh kumar
New Update

publive-image

Advertisment

കാലം എല്ലാത്തിന്റേയും കണക്ക് തീർക്കും എന്ന് പറയാറുണ്ട്. പതിനെട്ട് പുരാണങ്ങളിൽ ഏറ്റവും വൈശിഷ്ട്യമേറിയത് ഭാഗവതം ആണെന്ന് കരുതപ്പെടുന്നു. ഭാഗവതത്തിൽ വിഷണു ഭഗവാന്റെ പത്ത് അവതാര കഥകളാണ് പ്രതിപാദിക്കപ്പെടുന്നത്. ത്രേതായുഗവും ദ്വാപരയുഗവും കഴിഞ്ഞ് വരുന്ന കലിയുഗത്തിലാണ് പത്താമത്തെ അവതാരമായ ഖൽക്കി അവതരിക്കുന്നത്.

ഇത് കലികാലമാണ്. കലികാലം സർവനാശത്തിന്റെ കാലമാണ്. പ്രപഞ്ചത്തിന്റെ എല്ലാ ഭാഗത്തും വിനാശത്തിന്റെ വിത്ത് വിതയ്ക്കപ്പെടുന്നു. മനുഷ്യർ തമ്മിലുള്ള സ്പർദ്ധ , രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധം, പ്രളയം, ഭൂകമ്പം തുടങ്ങി സകല വിനാശങ്ങളും സഹസ്രാബ്ദങ്ങൾക്ക് മുമ്പ് വിരചിതമായ ഭാഗവതത്തിൽ പ്രവചിക്കപ്പെട്ടിട്ടുണ്ട്.

കലികാലത്തിന്റെ മറ്റൊരു സവിശേഷത മനുഷ്യൻ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം ഉടൻ തന്നെ ലഭിക്കും എന്നതാണ്. നമ്മൾ ചെയ്യുന്ന പാപത്തിന്റെ ശിക്ഷ കാലം അടുത്ത തലമുറക്ക് നൽകാതെ നമ്മെ തന്നെ അനുഭവിപ്പിക്കും. ഇനി വിഷയത്തിലേക്ക് വരാം.

2011 - 16 ൽ കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. ഭൂരിപക്ഷം ചെറുതായിരുന്നെങ്കിലും തരക്കേടില്ലാത്ത ഭരണമായിരുന്നു അത്. പാവപ്പെട്ടവർക്ക് വേണ്ടി അനേക ക്ഷേമ പദ്ധതികൾ നടപ്പാക്കിയ സർക്കാരായിരുന്നു. ഭരണം നല്ല രീതിയിൽ മുമ്പോട്ട് പോകുമ്പോഴായിരുന്നു സരിതാ നായർ എന്ന വനിതയുടെ രംഗപ്രവേശം.

കേരളത്തിലെ എല്ലാ വീടുകളിലും സോളാർ പാനൽ വയ്ക്കുന്നതിനുള്ള പദ്ധതിയുമായിട്ടാണ് സരിത മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. പിന്നീട് അത് വലിയ അഴിമതി കഥയായി രൂപാന്തരം പ്രാപിക്കുന്നതായാണ് കേരളം കണ്ടത്. സമാനതകളില്ലാത്ത സമരപരമ്പരകളുടെ വേലിയേറ്റമാണ് പിന്നീട് കണ്ടത്.

അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. സഭയ്ക്കകത്തും പുറത്തും സോളാർ അഴിമതി കത്തിച്ച് തന്നെ നിർത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസ് ആയിരുന്നു ആരോപണങ്ങളുടെ കേന്ദ്ര ബിന്ദു. ജിക്കുമോനും ജോപ്പനും മുഖ്യമന്ത്രിയുടെ അധികാര ഇടനാഴിയിലെ കേന്ദ്ര ബിന്ദുക്കളായി.


മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അച്ചടക്കമില്ലായ്മയാണ് സരിതയെപ്പോലെയുള്ള ആൾക്കാർക്ക് വാതിൽ തുറന്ന് കൊടുത്തത്. അന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എസ്.ശ്രീകുമാർ തികച്ചും ദുർബ്ബലനായ ഒരു വ്യക്തി ആയിരുന്നു. ഇദ്ദേഹത്തിന് ഓഫീസിന് മേൽ യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു. അവിടെ നടക്കുന്നതും നടന്നതും എന്താണെന്ന് പോലും പ്രൈവറ്റ് സെക്രട്ടറിക്ക് അറിവില്ലായിരുന്നു.


പിന്നീട് ജോപ്പൻ അറസ്റ്റിലായി. എങ്കിലും സമചിത്തതയോടെ ഉമ്മൻചാണ്ടി തോണി മറുകര എത്തിച്ചു. അതോടൊപ്പം കെ.എം.മാണിക്കെതിരെ ബാർ കോഴ കേസ് വന്നു. ഉമ്മൻചാണ്ടി കണ്ണൂരിൽ ആക്രമിക്കപ്പെട്ടു. സോളാർ കേസിൽ ഉമ്മൻചാണ്ടി ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. ജ: ശിവരാജൻ കമ്മീഷന് മുമ്പിൽ ഉമ്മൻ ചാണ്ടി ചോദ്യം ചെയ്യലിനായി മണിക്കൂറുകളോളം ഇരുന്നു.

അവസാനം പിണറായി മുഖ്യമന്ത്രി ആയപ്പോൾ ഉമ്മൻ ചാണ്ടിക്ക് എതിരായ റിപ്പോർട്ട് കമ്മീഷൻ സമർപ്പിച്ചു. എന്നാൽ കേസന്വേഷിച്ച കേരള പോലീസിന് ഒരു തുമ്പും കിട്ടിയില്ല. കേരള പോലീസ് സരിതയുടെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചു. എന്നാൽ അപ്പോഴേക്കും സരിത ഇടതുമുന്നണിയുടെ ഇഷ്ടതോഴിയായി മാറിക്കഴിഞ്ഞിരുന്നു. എന്തായാലും സരിതാക്കേസിന്റെ പിൻബലത്തിലാണ് ഇടത് മുന്നണി അധികാരത്തിലെത്തിയത്.

സരിതയുടെ ആവശ്യപ്രകാരം സോളാർ കേസ് പിണറായി സി.ബി.ഐയ്ക്ക് വിട്ടു. സി.ബി.ഐക്കും ഒന്നും കണ്ടെത്താനായില്ല. ഉമ്മൻ ചാണ്ടിയും മറ്റ് പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടു. ഉമ്മൻചാണ്ടി എന്ന മാന്യനായ പൊതുപ്രവർത്തകനെ സമൂഹ മദ്ധ്യത്തിൽ കള്ളക്കേസുണ്ടാക്കി അപമാനിച്ച പിണറായിക്കും ഇടത് മുന്നണിക്കും ഇതിൽ ഒരു ഉളുപ്പും ഉണ്ടായില്ല.


കാല ചക്രം തിരിഞ്ഞു കൊണ്ടേയിരുന്നു. 2016 ൽ അധികാരമേറ്റ പിണറായിയുടെ ഭരണം മുമ്പോട്ട് പോകവേ ഒരു ദിവസം അപ്രതീക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ഡിപ്ലോമാറ്റിക് ബാഗേജിൽ ദുബായ്യിൽ നിന്ന് വന്ന കിലോ കണക്കിന് സ്വർണ്ണം കസ്റ്റംസ് പിടികൂടുന്നു.


സ്വർണം സ്വീകരിക്കാനെത്തിയ സരിത് എന്ന ചെറുപ്പക്കാരനും സഹായിക്കാനെത്തിയ സ്വപ്ന സുരേഷ് എന്ന വനിതയും കസ്റ്റംസിന്റെ പിടിയിലാവുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം വെളിവാകുന്നതോടെ ശിവശങ്കർ ചിത്രത്തിലേക്ക് വരുന്നു.

തുടർന്ന് ചോദ്യം ചെയ്യൽ, ശിവശങ്കറിന്റെ അറസ്റ്റ്. പിന്നീട് ലൈഫ് മിഷൻ, സ്‌പ്രിംഗ്ളർ തുടങ്ങി നിരനിരയായി ആരോപണങ്ങൾ, അഴിമതിക്കഥകൾ. കോവിഡ് എന്ന മഹാമാരിയെ മറയാക്കി, ശിവശങ്കറിനെ ബലി കൊടുത്ത് ഉന്നതർ തടിയൂരുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ സംശയത്തിന്റെ നിഴലിൽ ആയെങ്കിലും കാര്യമായ പരുക്കേൽക്കാതെ രക്ഷപെടുന്നു. നീണ്ട ജയിൽവാസത്തിന് ശേഷം സ്വപ്ന വെളിയിൽ വന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ ശിവശങ്കർ സർവീസിൽ തിരികെ എത്തുന്നു.

പിണറായിക്ക് തുടർ ഭരണം ലഭിച്ചതോടെ സി.പി.എം മും സഖാക്കളും അഹങ്കാരം തലയ്ക്ക് പിടിച്ചവരായി മാറിക്കഴിഞ്ഞിരുന്നു. സ്വർണക്കടത്ത് കേസ്, ഡോളർ കടത്ത് കേസ്, ഹവാല , ലൈഫ്മിഷൻ ഇതിൽ ഏതിനെ കുറിച്ച് ചോദിച്ചാലും പിണറായിക്കും സഖാക്കൾക്കും ഒറ്റ ഉത്തരമേയുള്ളു. ഈ ആരോപണങ്ങൾ എല്ലാം നിൽക്കുമ്പോഴല്ലേ തുടർ ഭരണം ലഭിച്ചത് ? ഇനി അതിനൊന്നും പ്രസക്തിയില്ലത്രെ.


ക്ഷേ കാലം കരുതി വച്ചിരുന്നു. എല്ലാം ഒതുങ്ങി എന്ന് കരുതിയിരുന്നപ്പോഴാണ് ശിവശങ്കറിന്റെ പുസ്തം ഇറങ്ങുന്നത്. അശ്വത്ഥാമാവ് വെറും ആന എന്ന പുസ്തകം കാര്യങ്ങൾ എല്ലാം കീഴ്മേൽ മറിച്ചു. പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ കുപിതയായ സ്വപ്നയുടെ സ്ത്രീത്വം സട കുടഞ്ഞ് എഴുന്നേറ്റു. ശക്തമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന സ്വപ്ന മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിച്ചു. സ്വപ്ന എഴുതിയ ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകം വെളിയിൽ വന്നതോടെ ഞെട്ടിക്കുന്ന കഥകൾ കേരളം ശ്രവിച്ചു.


ഇതിനിടെ സ്വപ്ന 164 മൊഴി നൽകി. ഇരുട്ടിൽ തപ്പിയിരുന്ന ഇഡി ക്ക് ഇത് പിടിവള്ളിയായി. പുതിയ ഇഡി അന്വേഷണ സംഘം കൂടി എത്തിയതോടെ അന്വേഷണം ശക്തമായി. റിട്ടയർ ചെയ്ത ശിവശങ്കർ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലായി. അടുത്ത ഊഴം

സി.എം. രവീന്ദ്രന്റേതാണ്. കാര്യങ്ങൾ പിണറായിയിലേക്ക് എത്തുമോ എന്ന ആശങ്ക സിപിഎം ന് ഉണ്ട്.

ശിവശങ്കർ, സി.എം. രവീന്ദ്രൻ, സ്വപ്ന ത്രയം ആണ് ഇതിനെല്ലാം ചുക്കാൻ പിടിച്ചത്. എം.എ.യൂസഫലിയുടെ പേര് ചിലയിടത്ത് പരാമർശിക്കപ്പെട്ടെങ്കിലും അദ്ദേഹം ഒരു തിരുത്തൽ ശക്തിയാകാൻ ശ്രമിച്ചു എന്നതാണ് ഇതുവരെയുള്ള നിഗമനം. ഇനി ഇഡിക്ക് ഒരിഞ്ചു പോലും പിറകോട്ട് പോകാൻ പറ്റില്ല. കാരണം ഇപ്പോൾ തന്നെ കേരള സമൂഹത്തിൽ അവരുടെ വിശ്വാസ്യതക്ക് കളങ്കമേറ്റിട്ടുണ്ട്. കേസിന്റെ മുമ്പോട്ടുള്ള ഗതിയിൽ സ്വപ്ന മാപ്പുസാക്ഷി ആകാനാണ് കൂടുതൽ സാധ്യത.

പിണറായിയുടെ ശരീര ഭാഷ തികച്ചും മാറിയിരിക്കുന്നു. വിവേകം വികാരത്തിന് വഴി മാറുന്ന പോലെ. പരിണതപ്രജ്ഞനായ ഒരു രാഷ്ട്രീയ നേതാവിൽ നിന്നും ഉണ്ടാവരുതാത്ത പ്രതികരണങ്ങളാണ് പിണറായിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഓർമ്മിക്കണം - സരിത - സോളാർ കേസ് കത്തി നിൽക്കുമ്പോഴും നിയമസഭയിൽ ഉമ്മൻ ചാണ്ടി അക്ഷോഭ്യനായിരുന്നു. അന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഏകദേശം തുല്യ ശക്തികളായിരുന്നു.


പിണറായിയെ ചതിച്ചതാണോ ? അതോ അറിഞ്ഞു കൊണ്ട് വെട്ടിൽ വീണതാണോ ? കൂട്ട് നിന്നതാണെങ്കിൽ ആർക്ക് വേണ്ടി? ഇതിനെല്ലാം വരും നാളുകളിൽ ഉത്തരം ലഭിച്ചേക്കും.


കേന്ദ്ര സർക്കാർ അന്വേഷണം കടുപ്പിക്കുന്നുവെന്നത് തീർച്ചയാണ്. ഇനി അവർ പുറകോട്ട് പോയാൽ കേരളത്തിൽ ബി.ജെ.പി ആത്മഹത്യ ചെയ്യുന്നതിന് തുല്യമായിരിക്കും. ഇപ്പോൾ തന്നെ അണികൾക്ക് ബി.ജെ.പി സംസ്ഥാന നേതൃത്വത്തോട് കടുത്ത അമർഷമുണ്ട്. അതിനാൽ കേന്ദ്രം ഇനി ഒരു പരീക്ഷണത്തിന് നിന്ന് കൊടുക്കും എന്ന് കരുതാൻ വയ്യ.

അന്വേഷണമാകുന്ന അശ്വമേധത്തെ വിജയകരമായി ലക്ഷ്യത്തിൽ എത്തിക്കേണ്ടത് ഇഡിയുടെ ചുമതലയാണ്. സി.എം. രവീന്ദ്രൻ കൂടി അറസ്റ്റിലായാൽ പിന്നീട് എല്ലാം ഇഡിക്ക് എളുപ്പമാകും.

ഇതാണ് കാലം കാത്ത് വച്ച കണക്ക്. ചരിത്രത്തിന്റെ തനിയാവർത്തനം തന്നെ. ലോക ചരിത്രത്തിൽ സാമ്രാജ്യങ്ങൾ പലതും തകർന്നതിന് പിന്നിൽ സ്ത്രീകളുടെ കരങ്ങൾ ഉണ്ടായിരുന്നു. സോളാർ എന്നത് ലൈഫ് മിഷൻ ആയി. അന്ന് സരിത ആയിരുന്നെങ്കിൽ ഇന്ന് സ്വപ്ന.

സരിതക്ക് വിശ്വാസ്യത തീരെ ഇല്ലായിരുന്നു. എന്നാൽ സ്വപ്ന അങ്ങിനെയല്ല.

സ്വപ്നയെ കേരളം വിശ്വസിക്കുന്നു. അവരെ ചതിച്ചതാണെന്നു ജനം തിരിച്ചറിയുന്നു. ഉമ്മൻ ചാണ്ടി അഗ്നിശുദ്ധി വരുത്തി നിരപരാധിത്വം തെളിയിച്ചു. പിണറായിക്കും അത് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം. കാരണം നമ്മുടെ ഭരണാധികാരി അഴിമതിക്കാരനാക്കാൻ നമുക്കിഷ്ടമല്ല.

എന്ത് തന്നെയായാലും സത്യം തെളിയിക്കപ്പെടണം

Advertisment