Advertisment

കേന്ദ്ര ഏജൻസികൾ ഇരുട്ടിൽ തപ്പുമ്പോഴാണ് ശിവശങ്കറിന്റെ 'അശ്വദ്ധാത്മാവ് വെറും ആന'യുടെ വരവ്. സ്വപ്നയെ അളക്കുന്നതിൽ പരാജയപ്പെട്ടവർക്ക് പറ്റിയ വമ്പൻ അബദ്ധം ! പിന്നാലെ അവരെ എച്ച്ആർഡിഎസിൽ നിന്നും പുകച്ചുചാടിച്ചു ബാംഗ്ലൂരിലെത്തിച്ചു. അത് അടുത്ത അബദ്ധം ! ഇപ്പോൾ ഒരു വിഡ്ഢി അവതാരത്തെ അങ്ങോട്ടുംകൂടി അയച്ചതോടെ ഇനി എംവി ഗോവിന്ദൻ അടക്കമുള്ളവർക്കിനി ബാംഗ്ലൂരുവിലേയ്ക്ക് മാർച്ച് ചെയ്യാം. അവിടെ ആരാണ് ഭരണം എന്നറിയാമല്ലോ ? അന്തം വിട്ട പ്രതി എന്തും ചെയ്യും. ഏത് സ്വപ്നയല്ലത് - തിരുമേനി എഴുതുന്നു

author-image
nidheesh kumar
New Update

publive-image

Advertisment

മലയാളത്തിൽ ഒരു ചൊല്ലുണ്ട്. അന്തം വിട്ട പ്രതി എന്തും ചെയ്യും. ഇവിടെയും സംഭവിച്ചിരിക്കുന്നത് അത് തന്നെ. സ്വർണക്കടത്ത് കേസിലും റിവേഴ്സ്‌ ഹവാല കേസിലും ലൈഫ് മിഷൻ കേസിലും കാര്യമായ തെളിവുകളുടെ പിൻബലമില്ലാത്തതിനാൽ കേന്ദ്ര ഏജൻസികൾ പടം മടക്കി പോകാൻ തയ്യാറെടുക്കുകയായിരുന്നു.

അപ്പോഴേയ്ക്കും സസ്പെൻഷൻ കഴിഞ്ഞ് ശിവശങ്കർ തിരികെ ജോലിയിൽ പ്രവേശിച്ചു. സ്വപ്നക്ക് എച്ച്.ആർ.ഡി.എസ് എന്ന കമ്പനിയിൽ ജോലി ലഭിക്കുകയും യാതൊന്നും പുറത്ത് പറയാതെ ജോലി ചെയ്ത് വരികയും ചെയ്ത സന്ദർഭത്തിലാണ് ശിവശങ്കർ എന്ന പമ്പര വിഡ്ഡി തന്റെ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാൻ തീരുമാനിച്ചത്.

ശിവശങ്കർ തന്റെ സർവീസ് സ്റ്റോറി പുസ്തകമായി പ്രസിദ്ധീകരിച്ചു. അതിന് അശ്വത്ഥാമാവ് വെറും ആന എന്ന് പേരുമിട്ടു. താൻ വളരെ മാന്യനാണെന്നും സ്വപ്നയും സരിത്തുമൊക്കെയാണ് എല്ലാത്തിനും ഉത്തരവാദികൾ എന്നും തന്റെ ഏമാൻ സത്യസന്ധനാണെന്നും ശിവശങ്കർ പുസ്തകത്തിലൂടെ സമർത്ഥിക്കാൻ ശ്രമിച്ചു.


സ്വപ്നയെ അളക്കുന്നതിൽ പരാജയപ്പെട്ട ശിവശങ്കർ ആണ് കേന്ദ്ര ഏജൻസികളുടെ രണ്ടാം വരവിന് കാരണം. സ്വന്തം മുഖം വികൃതമായിരിക്കുമ്പോൾ മിണ്ടാതെ മര്യാദക്ക് ഇരിക്കണമെന്ന മിനിമം ബുദ്ധി പോലും ശിവശങ്കർ എന്ന അതിസമർത്ഥൻ കാണിച്ചില്ല. പിന്നെ സ്വപ്ന നടത്തിയ തേരോട്ടമായിരുന്നു.


സ്വന്തം ആത്മാഭിമാനത്തിന് ക്ഷതമേറ്റ സ്വപ്ന ചതിയുടെ പത്മവ്യൂഹം എന്ന തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതോടെ കേന്ദ്ര ഏജൻസികൾക്ക് പിടിവള്ളി കിട്ടി. പോരാത്തതിന് 164 മൊഴിയും കൊടുത്തു.

മുഖ്യമന്ത്രിയുടെ ഓഫീസിനും വാശിയായി. വിനാശ കാലേ വിപരീത ബുദ്ധി എന്ന രീതിയിൽ മുൻ എപ്പിസോഡ് നായികയായ സരിതയെ രംഗത്തിറക്കി. 164 മൊഴി പകർപ്പ് ലഭിക്കാൻ സരിത അപേക്ഷ നൽകിയെങ്കിലും കൊടുക്കാൻ കോടതി തയ്യാറായില്ല.

എന്നിട്ടും അടങ്ങാത്ത സർക്കാർ ഏമാൻമാർ എച്ച്.ആർ.ഡി.എസ്. ൽ നിന്ന് സ്വപ്നയെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം തുടങ്ങി. അതിൽ കുറെ വിഡ്ഢികൾ വിജയിച്ചു. കെ.ടി.ജലീലിന്റെ പരാതിയിൽ സ്വപ്നക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. ഒരു വലിയ സംഘം പോലീസിനെ അന്വേഷണത്തിനായി നിയമിച്ചു.


സർക്കാർ ഒരു മണ്ടത്തരത്തിൽ നിന്ന് അടുത്തതിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ജീവന് ഭീഷണിയുണ്ട് എന്ന തിരിച്ചറിവിൽ സ്വപ്ന ബാംഗ്ലൂരിലേക്ക് താമസം മാറ്റുകയും ബി.ജെ.പി- ആർ.എസ്.എസ് സംരക്ഷണയിലാവുകയും ചെയ്തു.


ഇതിനിടെ എച്ച്.ആർ.ഡി.എസ് ൽ ജോലി ചെയ്തിരുന്ന സമയത്ത് ഷാജ് കിരണിനെ സമമായത്തിന് അയക്കുകയും അത് സ്വപ്ന വിളിച്ച് പറയുകയും ചെയ്തു. അത് പോലീസിനും ക്ഷീണമായി. എം.ആർ. അജിത് കുമാർ എന്ന എഡിജിപിയുടെ ഇതിലെ പങ്ക് വ്യക്തമാരുകയും ഇദ്ദേഹത്തെ സ്ഥാനം മാറ്റുകയും ചെയ്തു.

ഒരു തരത്തിലും തന്നെ ജീവിക്കാൻ സമ്മതിക്കില്ല എന്ന് തിരിച്ചറിഞ്ഞ സ്വപ്ന നേരിട്ട് മുഖ്യമന്ത്രിയെ വിളിച്ച് യുദ്ധപ്രഖ്യാപനം നടത്തി. നിവർത്തിപ്പിടിച്ചവാളിന്റേയും നീട്ടിപ്പിടിച്ച കുന്തത്തിന്റേയും നടുവിലൂടെ ഒരു പോറലുമേൽക്കാതെ കടന്ന് വന്ന ധൈര്യശാലിയ്ക്ക് മിണ്ടാട്ടമില്ലായിരുന്നു.

മുൻ സ്പീക്കർക്കും രണ്ട് മുൻ മന്ത്രിമാർക്കുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ച സ്വപ്ന തനിക്കെതിരെ കേസ് കൊടുക്കാൻ അവരെ വെല്ലുവിളിച്ചു. എന്തെങ്കിലും ഉടൻ സംഭവിക്കുമെന്ന് കരുതിയ നമ്മൾ ഇത്തവണ വിഡ്ഢികളായി. ആരുടെ ഭാഗത്തുനിന്നും ഒരു അനക്കവുമില്ല. അതിനിടെ എച്ച്.ആർ.ഡി.എസ് ഡയറക്ടർ കൂടിയായ അജി കൃഷ്ണൻ തുടർ അന്വേഷണത്തിനായി കോടതിയെ സമീപിച്ചു.

ഇഡി സംഘത്തിലെ മലയാളികളെയെല്ലാം മാറ്റി പുതിയ ടീം രംഗത്ത് വന്നു. സ്വപ്നയുടെ 164 മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം തുടങ്ങി. അന്വേഷണം മൊത്തമായി കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കി. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ മുഖ്യനും ഉപദേശികളും ഒരു വനിതയുടെ മുമ്പിൽ ചൂളി , നാണം കെട്ട് നിൽക്കുകയാണ് ഇപ്പോൾ.

അപ്രമതിമാദത്വത്തിന്റെ ആൾരൂപമായ യൂസഫലിയും ആപൽ ബാന്ധവനായ രവി പിള്ളയും അന്വേഷണത്തിന്റെ ക്യാൻവാസിലേക്ക് പതിയെ കടന്നുവരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പിണറായി സ്വയം രക്ഷപെടാൻ നോക്കുമോ അതോ മറ്റുള്ളവരെ രക്ഷപെടുത്താൻ പോകുമോ ? രണ്ടും നടക്കില്ല.

സിംഹത്തിനെ മര്യാദ പഠിപ്പിക്കാൻ പോയ എലിക്ക് പറ്റിയ ദുരന്തമാണോ സി.പി.എം ന് വരാൻ പോകുന്നത്. ശത്രുവിന്റെ ശക്തി അറിയാതെ യുദ്ധം ചെയ്യാൻ പോയവരാണവരുടെ നേതാക്കള്‍. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി യെ മര്യാദ പഠിപ്പിക്കുവാൻ തുനിഞ്ഞിറങ്ങിയ സഖാക്കൾ ഇപ്പോൾ മുങ്ങിത്തപ്പുന്നു.

99 സീറ്റ് കിട്ടിയതിന്റെ അഹങ്കാരമാണ് പിണറായിയെ ഭരിക്കുന്നത്. കേരളം വിറ്റ് തുലക്കാൻ താൻ സമ്മതിക്കില്ല എന്ന സ്വപ്നയുടെ പ്രസ്താവം വളരെ പ്രകമ്പനം സൃഷ്ടിക്കുന്നതാണ്. പാർട്ടിയിൽ പിണറായിയുടെ പിടി അയയുകയാണ്. എം.വി.ഗോവിന്ദനാണെങ്കിൽ എരിതീയിൽ എണ്ണ ഒഴിച്ച് കൊണ്ടേയിരിക്കുന്നു.

ഈയവസരത്തിലാണ് സി പി എം വീണ്ടും സമവായത്തിനായി വിജയ് പിള്ളയെ അയക്കുന്നത്. കുരുക്ക് അഴിക്കുവാൻ നോക്കുന്തോറും കുരുക്ക് മുറുകി വരുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്.

Advertisment