/sathyam/media/media_files/2025/05/14/d9EeY1DgrzgxtXjYfqOe.jpg)
തിരുവനന്തപുരം: അഴിച്ചുപണി നടക്കുമെന്ന് ഉറപ്പായതോടെ കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്കും കോൺഗ്രസിൽ തളളിക്കയറ്റം തുടങ്ങി. നിലവിൽ ജനറൽ സെക്രട്ടറി സ്ഥാനത്തുളളവർ പുന:സംഘടനയിൽ സ്ഥാനം പോകാതിരിക്കാനും ഡിസിസി, കെപിസിസി ഭാരവാഹികള്‍ പുതിയ പദവികള്‍ക്കായുമാണ് കരുനീക്കം ശക്തമാക്കിയിട്ടുള്ളത്.
പത്ത് വർഷമായി കെ.പി.സി.സി ഭാരവാഹിയായി ഇരിക്കുന്നവര്‍ ഉൾപ്പെടെ പദവികളില്‍ കടിച്ചു തൂങ്ങാന്‍ സജീവമായി രംഗത്തുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലുളള വീതം വെയ്പ് ഇനി ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ ദേശിയ തലത്തിലും സംസ്ഥാന തലത്തിലും സ്വാധീനമുളള നേതാക്കളെ ചാക്കിട്ട് സ്ഥാനം നിലനിർത്താനും ഉറപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്.
എ ഐ സിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവര്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ സ്ഥാനമോഹികളുടെ പരക്കംപാച്ചില്‍.
പഴയ ഗ്രൂപ്പുകളെ വിശ്വാസത്തിൽ എടുക്കാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനും തയാറാകില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തന മികവ് വിലയിരുത്തിയായിരിക്കും സ്ഥാനമാനങ്ങൾ നൽകുക എന്നാണ് ഹൈക്കമാൻഡിൻെറയും പുതിയ നേതൃത്വത്തിൻെറയും നിലപാട്.
ഇതുവരെ പരിഗണിക്കപ്പെടാത്ത യുവനേതാക്കളുടെ ശക്തമായ ഒരു രണ്ടാംനിര ഉയര്‍ത്തിക്കൊണ്ടുവരണമെന്ന അഭിപ്രായക്കാരനാണ് വി ഡി സതീശന്‍. ഇത് പഴയ കെ എസ് യു - യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗുണം ചെയ്തേക്കാം.
ഇപ്പോൾ നേതൃനിരയിലേക്ക് ഉയർത്തപ്പെട്ടവർ മാത്രമല്ല കേരളത്തിലെ കോൺഗ്രസിൻെറ നേതൃത്വം. ജനാംഗീകാരമുളള, കഴിവ് തെളിയിച്ച നിരവധി നേതാക്കൾ കാലങ്ങളായി ഒരു പദവികളും ലഭിക്കാതെ പുറത്തുണ്ട്.
ഇതിനൊപ്പം കേരളത്തിലെ മറ്റൊരു പാർട്ടിക്കും അവകാശപ്പെടാൻ കഴിയാത്ത യുവജന നേതാക്കൾ അടങ്ങിയ രണ്ടാം നിരയെക്കൂടി ഉൾപ്പെടുത്തി പുന:സംഘടന പൂർത്തിയാക്കണമെന്നാണ് ഹൈക്കമാൻഡിൻെറ കാഴ്ചപ്പാട്.
സംസ്ഥാന നേതൃത്വവുമായുളള കൂടിക്കാഴ്ചയിലും ചാനൽ അഭിമുഖങ്ങളിലും ദേശിയ നേതാക്കൾ അത് വ്യക്തമാക്കി കഴിഞ്ഞു. യുവാക്കൾക്ക് പാർട്ടിയിലും പൊതുസമൂഹത്തിലും ലഭിക്കുന്ന സ്വീകാര്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് നേതൃത്വം കരുതുന്നത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും ഇതേ മാതൃക പിന്തുടർന്നുളള പുന:സംഘടനയാകും ഉണ്ടാകുക. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരിൽ നല്ലൊരു പങ്കും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് നേതൃത്വത്തിൻെറ വിലയിരുത്തൽ.
പഴകുളം മധു, എം.എം.നസീർ, അബ്ദുള്‍ മുത്തലിഫ് തുടങ്ങിയ നേതാക്കൾ 13 വര്‍ഷമായി കെ.പി.സി.സി ഭാരവാഹിത്വത്തിൽ ഉളളവരാണ്. 5 കൊല്ലത്തിൽ കൂടുതൽ കാലം ഭാരവാഹികളായവരെ മാറ്റണമെന്ന തീരുമാനം ദേശിയ തലത്തിൽ തന്നെ കൈക്കൊണ്ടിട്ടുളള സാഹചര്യത്തിൽ ഇവർ തെറിക്കാനാണ് സാധ്യത.
എന്നാൽ പഴയ രമേശ് അനുകൂലിയായ പഴകുളം മധു കുറെ കാലമായി കെ.സി.വേണുഗോപാലിൻെറ ക്യാംപിലാണ്. എം.എം.നസീറും കെ.സി.വേണുഗോപാലിന് ഒപ്പം യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ സഹഭാരവാഹിയായിരുന്നു.
ഈ പരിഗണനയിൽ പരിരക്ഷ ലഭിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ ദേശീയ നേതൃത്വത്തിൻെറ ഭാഗമായ ശേഷം ഗ്രൂപ്പ് പരിഗണനയിൽ കെ.സി.വേണുഗോപാൽ തീരുമാനങ്ങൾ എടുക്കാറില്ല.
ജോസഫ് വാഴയ്ക്കന്‍, റോയ് കെ പൗലോസ്, പി.എ സലീം, ജോസി സെബാസ്റ്റ്യന്‍, എ.എ ഷുക്കൂര്‍, കെപി ശ്രീകുമാര്‍, പി എം നിയാസ്, സി ചന്ദ്രന്‍, സോണി സെബാസ്റ്റ്യന്‍, പാലോട് രവി, ബാബു പ്രസാദ്, രാജേന്ദ്രപ്രസാദ് തുടങ്ങിയവരൊക്കെ പത്ത് വര്‍ഷത്തിലേറെയായി ഭാരവാഹികള്‍ ആയിരുന്നവരാണ്. ഇതില്‍ പലരും തുടര്‍ച്ചയായി പദവികളില്‍ തുടരുന്നവരുമാണ്.
പാര്‍ട്ടി സംസ്ഥാന അച്ചടക്ക സമിതി അദ്ധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 50 വര്‍ഷത്തോളമായി പാര്‍ട്ടിയിലോ പാര്‍ലമെന്‍ററി പാര്‍ട്ടിയിലോ ആയി വിവിധ പദവികള്‍ വഹിച്ച നേതാവാണ്. അദ്ദേഹവും ഇപ്പോള്‍ പദവിയില്‍ തുടരുകയാണ്.
അച്ചടക്ക സമിതിയുടെ തലപ്പത്ത് ഇരിക്കുമ്പോഴും 76 കാരനായ തിരുവഞ്ചൂര്‍ ഇപ്പോഴും ഗ്രൂപ്പ് യോഗങ്ങളുടെ ഭാഗമാകുന്നു എന്ന പരാതി കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഉണ്ട്.
പതിറ്റാണ്ടുകളായി ഇങ്ങനെ തുടരുന്ന മറ്റൊരു നേതാവാണ് താളാത്മകമായി 'തോന്നുംപോലെ' ദേശീയഗാനം പാടി 'കുപ്രസിദ്ധനായി' മാറിയ പാലോട് രവി. നിലവില്‍ തിരുവനന്തപുരം ഡി.സി.സി അധ്യക്ഷനായ പാലോട് രവി പുതിയ കാലത്തിന് പറ്റിയ നേതാവല്ലെന്നാണ് നേതൃത്വത്തിൻെറ വിലയിരുത്തൽ.
വാർഡ് പ്രസിഡന്റുമാർക്ക് ഐഡന്റിറ്റി കാർഡ് നൽകുകയും ഡി.സി.സി ഓഫീസിൽ തിരഞ്ഞെടുപ്പ് വാർ റൂം സജ്ജീകരിച്ചും കളം നിറയാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും പാലോട് രവിയുടെ കസേര തെറിക്കാനാണ് സാധ്യത.
ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരുടെ പുന:സംഘടനയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കാസർകോട് ഡി.സി.സി പ്രസിഡന്റുമാർ മാറുമെന്ന് ഏതാണ്ട് ഉറപ്പാണ്.
കെ.എസ്.ശബരീനാഥൻ അടക്കം യുവാക്കളുടെ പേരുകളാണ് തലസ്ഥാന ജില്ലയിൽ ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കൊല്ലത്ത് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദും പുതിയ കാലത്തിൻെറ ശൈലിക്കൊത്ത് പ്രവർത്തിക്കാൻ കഴിയുന്ന നേതാവല്ലെന്ന വിലയിരുത്തലാണ് ഉളളത്.
കൊല്ലം ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് ജ്യോതികുമാർ ചാമക്കാല, എം.എം.നസീർ തുടങ്ങിയവരുടെ പേരുകളാണ് പ്രചരിക്കുന്നത്. ആലപ്പുഴയിൽ ബി. ബാബുപ്രസാദ് സജീവമായി പ്രവർത്തിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പതിറ്റാണ്ടുകളായി പദവികളില്‍ തുടരുകയാണ് ഇദ്ദേഹവും. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ആലപ്പുഴ ഡി.സി.സി പ്രസിഡന്റാകാനാണ് സാധ്യത.
കോട്ടയത്ത് നാട്ടകം സുരേഷ് മാറിയാല്‍ ഡിസിസി വൈസ് പ്രസിഡണ്ടും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്‍റുമായ അഡ്വ. ബിജു പുന്നത്താനത്തിനാണ് മുന്‍ഗണന. യു ഡി എഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസിന്‍റെ പേരും പരിഗണനയില്‍ ഉണ്ട്. എന്നാല്‍ സീറോ മലബാര്‍ സഭാംഗം എന്നതും കേരളാ കോണ്‍ഗ്രസ് തട്ടകമായ പാലായില്‍ നിന്നുള്ള യുവ നേതാവെന്നതും ബിജുവിന് ഗുണം ചെയ്തേക്കാം.
ഇടുക്കിയില്‍ സിപി മാത്യു ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെടും എന്നുറപ്പാണ്. ഇവിടെ എം എന്‍ ഗോപിയുടെ പേരിനാണ് മുന്‍തൂക്കം. അഡ്വ. എസ് അശോകന്‍റെ പേരും പരിഗണനയില്‍ ഉണ്ട്.