Advertisment

'ഇ.പി. ജയരാജൻ ഉന്നതനായ നേതാവ്. റിസോർട്ട് ഉള്ളതായി അറിയില്ല, കമ്മിറ്റിയിൽ പറഞ്ഞത് പുറത്ത് പറയില്ല;' പി. ജയരാജൻ

New Update

publive-image

Advertisment

കണ്ണൂർ: ഇ.പി. ജയരാജനെതിരെ സംസ്ഥാന സമിതിയിൽ പരാതി ഉന്നയിച്ചുവെന്ന വാർത്ത നിഷേധിക്കാതെ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. വ്യക്തിപരമായ അധിക്ഷേപം ഉന്നയിക്കാനുള്ള വേദിയല്ല സംസ്ഥാന കമ്മിറ്റി. കമ്മിറ്റിയിൽ പറഞ്ഞത് മാധ്യമങ്ങളോട് പങ്കുവയ്ക്കാനില്ല. സമൂഹത്തിലെ ജീർണത പാർട്ടിയിൽ ഉണ്ടായിട്ടുണ്ടെങ്കിൽ പാർട്ടിക്കകത്ത് ചർച്ച ചെയ്യണമെന്നും പി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇ പി ജയരാജൻ ഉന്നതനായ നേതാവാണെന്നും റിസോർട്ട് ഉള്ളതായി അറിയില്ലെന്നും പി ജയരാജൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കേന്ദ്രകമ്മിറ്റിയംഗമായ ഇ പി ജയരാജന്‍ അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി താന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടോ മനസ്സിലാക്കിയിട്ടോയില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. നാട്ടില്‍ പലസ്ഥലത്തും പലപദ്ധതികളും നടക്കുന്നുണ്ടാവും. അതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ താന്‍ എന്താണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു. നിങ്ങള്‍ പറയുന്ന ആ പ്രദേശത്ത് താന്‍ പോയിട്ടില്ലെന്നും പി ജയരാജൻ പ്രതികരിച്ചു.

അതേസമയം, സമൂഹത്തിന്റെ തെറ്റായ പലപ്രവണതകളും പാര്‍ട്ടി കേഡര്‍മാരിലും വരുമെന്നും വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രവണതകള്‍ക്ക് എതിരായ ഉള്‍പ്പാര്‍ട്ടി സമരം സ്വാഭാവികമായും നടക്കും. പാര്‍ട്ടി യോഗത്തില്‍ എത്രയോ ആളുകള്‍ സംസാരിച്ചിട്ടുണ്ട്. അത് മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് ശരിയല്ല. പാര്‍ട്ടിയെടുത്ത തീരുമാനമാണ് മാധ്യമങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്നത്. അത് പാര്‍ട്ടി സെക്രട്ടറി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തിൽ പി ജയരാജൻ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിൽ പണമുണ്ടാക്കിയെന്നാണ് ആരോപണം. രേഖാമൂലം ഉന്നയിച്ചാൽ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ യോഗത്തിൽ വ്യക്തമാക്കിയെന്നും രേഖാമൂലം പരാതി നൽകാമെന്ന് പി ജയരാജൻ യോഗത്തെ അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisment