Advertisment

രൂപതാതിര്‍ത്തിക്കുള്ളില്‍ വിശന്നിരിക്കുന്നവരായി ആരും ഉണ്ടാകരുതെന്ന് ഉറപ്പാക്കണമെന്ന് പാലായിലെ വൈദികര്‍ക്കും സന്യസ്തര്‍ക്കും ബിഷപ്പ് മാര്‍ കല്ലറങ്ങാടിന്‍റെ നിര്‍ദേശം. കൊറോണ പ്രതിസന്ധിക്കിടെ പാലാ ബിഷപ്പിന്‍റെ ഇടയലേഖനം

author-image
സുനില്‍ പാലാ
New Update

പാലാ : മറ്റുള്ളവരുടെ ഭൗതികാവശ്യങ്ങള്‍ നമ്മുടെ ആത്മീയ ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രൂപതാതിര്‍ത്തിക്കുള്ളില്‍  വിശന്നിരിക്കുന്നവരായി ആരും ഉണ്ടാകരുത്. ഓരോ ഇടവകയും അതത് ഇടവകയിലുള്ള ആവശ്യക്കാര്‍ ആരൊക്കെയാണെന്നു അന്വേഷിച്ചു കണ്ടെത്തി അവരെ സഹായിക്കണമെന്നും ബിഷപ് മാര്‍ കല്ലറങ്ങാട്ട് വിശ്വാസികള്‍ക്കും  വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപെട്ടു.

Advertisment

publive-image

ഇടയലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ : 

സാധിക്കുന്ന വിധത്തിലെല്ലാം നമ്മുടെ സഹോദരങ്ങളിലേയ്ക്ക് നമ്മുടെ ശുശ്രൂഷകള്‍ എത്തിക്കണം.

ഭക്ഷണം. മരുന്ന് എന്നിവയുടെ കാര്യത്തില്‍ ശ്രദ്ധ വേണം. സര്‍ക്കാര്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യുമെങ്കിലും പലയിടത്തും ഇപ്പോള്‍തന്നെ പ്രതിസന്ധികളുണ്ട്. രൂപതയില്‍ ദിവസക്കൂലിക്കാര്‍, ചെറുകിട കര്‍ഷകര്‍, റബര്‍വെട്ട് തൊഴിലാളികള്‍, ലോട്ടറി വില്പനക്കാര്‍, നടന്നു കച്ചവടം ചെയ്യുന്നവര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ ധാരാളമുണ്ട്.

കൂടാതെ രൂപതയ്ക്കുള്ളില്‍ അനേകം  കെയര്‍ ഹോംസുകളുമുണ്ട്. ഇവര്‍ക്കെല്ലാം അത്യാവശ്യത്തിനുള്ള ഭക്ഷ്യവിഭവങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് വൈദികരും സമര്‍പ്പിതരും ഉറപ്പുവരുത്തണം. ഓരോ ഇടവകയും അതത് ഇടവകയിലുള്ള ആവശ്യക്കാര്‍ ആരൊക്കെയാണെന്നു അന്വേഷിച്ചു കണ്ടെത്തണം.  നമ്മുടെ രൂപതാതിര്‍ത്തിക്കുള്ളില്‍  വിശന്നിരിക്കുന്നവരായി ആരും ഉണ്ടാകരുത്.  ഇതിനാവശ്യമായ  തുക ഇടവകകളില്‍നിന്നും സന്യാസഭവനങ്ങളില്‍നിന്നും സാധിക്കുന്നതു പോലെ കണ്ടെത്തണം.

ഏതെങ്കിലും ഇടവകകള്‍ക്ക് അതു സാധിക്കാതെ വന്നാല്‍ രൂപതാകേന്ദ്രത്തെ അറിയിക്കണം. സാമ്പത്തികഭദ്രതയുള്ള അല്മായര്‍ ഇക്കാര്യത്തില്‍ വികാരിമാരോടു സഹകരിക്കണമെന്നും ബിഷപ് കല്ലറങ്ങാട്ട് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമായ സഹകരണം നല്‍കുന്നതോടൊപ്പം  രൂപതയിലെ സ്ഥാപനങ്ങളിലെ അടുക്കളകളും ഹാളുകളും ആവശ്യാനുസരണം  വിട്ടുനല്‍കുകയും ചെയ്യണം.

ചുണ്ടച്ചേരി സെന്റ് ജോസഫ്‌സ് ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പിഎസ്ഡബഌുഎസ്, എസ്എംവൈഎം എന്നിവര്‍  പോലീസ് മേധാവികളുടെ അനുവാദത്തോടെ ഇതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണം.

സര്‍ക്കാരിന്റെ 'സന്നദ്ധം' എന്ന വെബ്‌പോര്‍ട്ടല്‍ വഴി 22 മുതല്‍ 40 വരെ പ്രായമുള്ള യുവാക്കള്‍ക്ക് സന്നദ്ധ സേനയില്‍ പങ്കാളികളാകണം. എസ്എംവൈഎം   പ്രവര്‍ത്തകര്‍ അതത് സ്ഥലങ്ങളില്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങള്‍ പാലിച്ചു ആവശ്യമായ മുന്‍കരുതലുകളോടുകൂടി പോലീസിനോടും ജനപ്രതിനിധികളോടും ചേര്‍ന്നും ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടും രംഗത്തിറങ്ങണം.

അടിയന്തിരഘട്ടം വന്നാല്‍ നമ്മുടെ രൂപതയിലെ ഇടവകകളുടെയും ഹോസ്റ്റലുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും സംവിധാനങ്ങള്‍ രൂപതാകേന്ദ്രത്തിന്റെ അറിവോടെ ഗവണ്‍മെന്റിന്റെ ക്രമീകരണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി സഹകരിക്കണം.

മദ്യാസക്തിയുടെയും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെയും പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ രൂപതയിലെ ലഹരി വിമുക്ത ചികിത്സാകേന്ദ്രമായ അഡാര്‍ട്ടിന്റെ സഹായസഹകരണങ്ങള്‍ ലഭ്യമാണ്. അത്യാവശ്യഘട്ടത്തില്‍ സാന്ത്വന കൗണ്‍സലിംങ് സെന്ററിന്റെ സേവനം ലഭ്യമാണ്.

മാസ്‌ക്കുകള്‍, ഹാന്‍ഡ് വാഷ്, ലോഷന്‍, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ സാധ്യമായ ക്രമീകരണങ്ങള്‍ സംഘടനകളുടെയോ വ്യക്തികളുടെയോ നേതൃത്വത്തില്‍ പിഎസ്ഡബഌുഎസിന്റെ സഹകരണത്തോടുകൂടി ഇടവകകളില്‍ ചെയ്യണം.

അവശ്യ സാധനങ്ങള്‍ വാങ്ങിക്കാനും മരുന്നിനും മറ്റുമല്ലാതെ ആരോഗ്യമുള്ളവര്‍പ്പോലും പുറത്തിറങ്ങാതെ നോക്കണം. ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ പുറത്തിറങ്ങിയാല്‍ത്തന്നെ, അധികദൂരം പോകാതെയും ആള്‍ക്കൂട്ടത്തില്‍പെടാതെയും  സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കാര്‍ക്കശ്യത്തോടെ പാലിക്കണമെന്നും ബിഷപ്  ഓര്‍മിപ്പിക്കുന്നു. വൈദികരും സന്യസ്തരും ഈ ദിവസങ്ങളില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്.

കുടുംബങ്ങളില്‍ കാര്യക്ഷമമായി സമയം ചെലവഴിക്കുന്നതിന് കൃഷികാര്യങ്ങളിലും മറ്റും കൂടുതല്‍ ശ്രദ്ധിക്കുന്നതിനും നന്നായി പ്രാര്‍ഥിക്കുന്നതിനും വചനം വായിക്കുന്നതിനും ശ്രമിക്കണമെന്നും ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെ അതിജീവിക്കണണെന്നും മാര്‍ കല്ലറങ്ങാട്ട് സന്ദേശത്തിലൂടെ ഓര്‍മിപ്പിച്ചു.

pala
Advertisment