Advertisment

ഒറ്റ രൂപാ വട്ടത്തിൽ നാല് ഇഡ്ഡലി ! വിശപ്പടങ്ങുന്നില്ല..!; പാലായിലെ ജനറൽ ആശുപത്രിയിലെ കോവിഡ് ചികിത്സാ സംഘത്തിന് ഇതൊക്കെ മതിയെന്ന്, സംഗതി സത്യം !

author-image
സുനില്‍ പാലാ
New Update

പാലാ:  പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ആറ് ഡോക്ടർമാരുൾപ്പെടെയുള്ള 23 അംഗ സംഘമാണ് വീടുകളിൽ പോലും പോകാതെ 24 മണിക്കൂറും ഡ്യൂട്ടിയിലുള്ളത്. ഇവർക്ക് മതിയായ ഭക്ഷണം വേണ്ട സമയത്ത് കിട്ടുന്നില്ല എന്ന ഗുരുതരാവസ്ഥയാണിപ്പോൾ നിലനിൽക്കുന്നത്.

Advertisment

publive-image

പാലാ നഗരസഭയുടെ ചുമതലയിലാണ് കോവിഡ് കേന്ദ്രത്തിൽ ഭക്ഷണ വിതരണം. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തങ്ങൾക്ക് കിട്ടിയതെന്ന് കോവിഡ് വാർഡിലെ ജീവനക്കാർ പരാതി പറയുന്നു.

"ഡോക്ടർമാർ പട്ടിണി കിടക്കുന്ന സംഭവമുണ്ട്. ഒരു വാർത്ത കൊടുത്ത് സഹായിക്കാൻ പറ്റുമോ....? " ഒരു അടുത്ത സുഹൃത്ത് ഇന്നലെ വൈകിട്ടു വിളിക്കുമ്പോൾ തമാശയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ കാര്യങ്ങൾ വിശദമായി കേട്ടപ്പോൾ ഞെട്ടിപ്പോയി; സംഗതി സത്യം !

സുഹൃത്ത് തന്ന നമ്പരിൽ കോവിഡ് ചികിത്സാ സംഘാംഗങ്ങളെയും വീടുകളിൽ കഴിയുന്ന അവരുടെ ചില ബന്ധുക്കളെയും വിളിച്ചു. സങ്കടത്തോടെ അവർ തങ്ങളുടെ പരിദേവനങ്ങൾ പങ്കുവെച്ചു....... ഒപ്പം വാർത്ത വന്നാൽ തങ്ങൾക്കെന്തെങ്കിലും പ്രശ്നമാകുമോ എന്ന പേടിയും പറഞ്ഞു. അവരെ കാര്യങ്ങൾ പറഞ്ഞു സമാധാനിപ്പിക്കുന്നതിനിടെ അടുത്തു നിന്ന ഒരു ഡോക്ടറുടെ ശബ്ദം ഉയർന്നു കേട്ടു; "വിശപ്പിനെക്കാൾ വലുതല്ലല്ലോ വേറെ ഒരു പ്രശ്നവും... "

അതോടെ കോവിഡ് വാർഡിലെ ജീവനക്കാർ പറഞ്ഞു തുടങ്ങി; "പ്രത്യേകം കിറ്റും ധരിച്ച് മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യേണ്ടി വരുമ്പോൾ ഞങ്ങൾ വിയർത്തൊലിക്കും. വിശപ്പും കൂടുതലാവും. ഇന്നലെ (ബുധനാഴ്ച) രാവിലെ പ്രഭാത ഭക്ഷണം കിട്ടിയത് രാവിലെ 10 മണിക്കാണ്. അതു വരെ പച്ച വെള്ളം കുടിച്ചിട്ടില്ല. കിട്ടിയതോ ഒട്ടും വലിപ്പമില്ലാത്ത 4 ഇഡ്ഡലി മാത്രം. രണ്ടാമത് ചോദിച്ചാലും പാത്രം കാലിയായെന്നു മറുപടി.

ഊണിൻ്റെ കാര്യവും കഷ്ടമാണ്. സ്വന്തം വീടുപോലും വിട്ട് ഞങ്ങൾ ആശുപത്രിയിൽ തന്നെ കഴിയുകയാണ്. പുറത്തു പോയി ഭക്ഷണം കഴിക്കാനും നിവൃത്തിയില്ല. ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുന്നു. തിരക്കും വർധിക്കുന്നു. ഇതിനിടെ മതിയായ ഭക്ഷണം പോലും സമയത്തു കിട്ടുന്നില്ല. ഞങ്ങൾ എന്തു ചെയ്യാൻ....?" കോവിഡ് ചികിത്സാ സംഘത്തിലെ ഈ ഡോക്ടറുടെ വാക്കുകൾ മുഴുവൻ ജീവനക്കാരുടേയും സങ്കടമാണ്. 30 രോഗികളാണിപ്പോൾ ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിലുള്ളത്. 24 മണിക്കൂറും ഇവരെ നിരീക്ഷിക്കേണ്ടതുണ്ട്.

ഇതിനിടെ വിശന്നു വലഞ്ഞ കോവിഡ് ചികിത്സാ സംഘത്തിലെ ചിലർ, ജനറൽ ആശുപത്രിയിൽ പാവപ്പെട്ട രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സംഘടനകളുടെ സഹായവും തേടി. ബാങ്കുകളുടെ സന്നദ്ധ സഹായ നിധിയിൽ നിന്നും തുക നൽകി ഭക്ഷണമെത്തിക്കാമോ എന്നും ചികിത്സാ സംഘം പല ബാങ്ക് മേധാവികളോടും അപേക്ഷിച്ചിരുന്നു.

പാലാ ജനറൽ ആശുപത്രിയിൽ പതിവായി ഭക്ഷണം വിതരണം ചെയ്യുന്ന ഒരു സംഘടന അത്താഴം നൽകാമെന്ന് ഏറ്റിട്ടുണ്ടെങ്കിലും സുരക്ഷാകാരണങ്ങളാൽ ഇത് കോവിഡ് വാർഡിൽ എത്തിച്ചു കൊടുക്കുന്നതിനുള്ള ബുദ്ധിമുട്ട് നില നിൽക്കുകയാണ്.

പരാതി ശ്രദ്ധയിൽപ്പെട്ടു. പരിഹാരമുണ്ടാക്കും - ചെയർപേഴ്സൺ

കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇന്നു തന്നെ പരിഹാരമുണ്ടാക്കുമെന്നും പാലാ നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക് പറഞ്ഞു.

വിഷയം ഗുരുതരം ഉടൻ പരിഹാരമുണ്ടാക്കണം - എം.പി. , എം. എൽ.എ

കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് യഥാ സമയം വേണ്ട ഭക്ഷണം കിട്ടുന്നില്ല എന്ന പരാതി ഗുരുതരമായ അവസ്ഥയാണെന്നും ഇതിന് ഉടൻ പരിഹാരം കാണേണ്ടതുണ്ടെന്നും ജോസ്. കെ. മാണി എം.പി. യും ' മാണി. സി. കാപ്പൻ എം. എൽ. എ യും ആവശ്യപ്പെട്ടു.

കോവിഡ് വാർഡിലുള്ള ആരോഗ്യ സംഘത്തിലെ ചിലരുടെ അടുത്ത ബന്ധുക്കളാണ് ഭക്ഷണം കിട്ടാത്ത വിഷയം എം.പി.യുടേയും എം. എൽ. എ.യുടെയും ശ്രദ്ധയിൽപ്പെടുത്തിയത് - ഉടൻ തന്നെ പാലാ നഗരസഭാധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ ഇരുവരും നിർദ്ദേശം നൽകി.

ഫണ്ടില്ലെന്ന തൊടുന്യായം പറഞ്ഞ് ഒഴിയരുതെന്നും ഭക്ഷണത്തിനുള്ള തുക നൽകാൻ തയ്യാറാണെന്നും എം. എൽ. എ പാലാ നഗരസഭാധികാരികളോട് വ്യക്തമാക്കിയിട്ടുണ്ട്.

covid 19 all news pala general hospital
Advertisment