Advertisment

പാലാ നഗരസഭാ കൗൺസിലറും മുൻ കൗൺസിലും കയ്യാലപ്പണിക്കാരായി ; പാവപ്പെട്ട കുടുംബത്തിലെ വിധവയായ വീട്ടമ്മയുടെ വീട്ടു മതിൽ ഇടിഞ്ഞത് ഒറ്റ ദിവസം കൊണ്ട് പുനർ നിർമ്മിച്ചു

author-image
സുനില്‍ പാലാ
New Update

പാലാ : കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ് പാലാ നെല്ലിയാനി നടുവത്തേട്ട് സാലിയുടെ വീടിനു മുന്നിലെ ചെറിയ മതിൽ ഇടിഞ്ഞു വീണത്. ഇന്നലത്തെ മഴയിൽ വീട്ടുമുറ്റത്തിന്റെ ഭാഗം കൂടി ഇടിയാൻ തുടങ്ങിയതോടെ പരിഭ്രാന്തയായ സാലി കൗൺസിലർ ബിജു പാലൂപ്പടവിലിനെ വിവരമറിയിച്ചു.

Advertisment

publive-image

ഉടൻ സ്ഥലത്തെത്തിയ ബിജു, കയ്യാലപ്പണിയിൽ വിദഗ്ധനായ കൂട്ടുകാരൻ കൂടിയായ മുൻ കൗൺസിലർ തലയിണക്കര ടി.ജി. ബാബുവിന്റെ സഹായം തേടി.ബാബുവും ബിജുവും കൂടി കയ്യാല നിർമ്മിക്കാൻ തുടങ്ങി. ഇതോടെ പരിസരത്തെ ചില മേസ്തിരിമാരും സഹായത്തിനെത്തി.

ഇവർക്ക് കയ്യാളുകളായി (മൈക്കാട്) അയൽവാസികൾ കൂടി എത്തിയതോടെ പണി ഉഷാർ. ഇടയ്ക്കിടെ പെയ്ത കനത്ത മഴയെപ്പോലും അവഗണിച്ച് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തകൃതിയായി പണികൾ തുടർന്നു. വൈകിട്ട് നാലു മണിയോടെ പൂർണ്ണമായും മതിൽ കെട്ടി ഉയർത്തി.

ഇതിനിടെ കൗൺസിലറും മുൻ കൗൺസിലറും കൂടി കയ്യാലപ്പണി നടത്തുന്ന വിവരമറിഞ്ഞ് നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക് സ്ഥലത്തെത്തി ഇവരെയും സഹായികളായി കൂടിയ നാട്ടുകാരെയും അഭിനന്ദിച്ചു. പിന്നീട് ബിജു പാലൂപ്പടവനെ ഫോണിൽ വിളിച്ച് ജോസ്. കെ. മാണി എം.പി.യും അഭിനന്ദനം രേഖപ്പെടുത്തി.

pala news jose k mani
Advertisment