Advertisment

പാലാ ടൗൺ സ്റ്റാൻഡിലെ സാമൂഹ്യ വിരുദ്ധരുടേയും 'കുട്ടിക്കൂട്ടങ്ങളുടെയും' ശല്യം അടിച്ചമർത്താൻ വടിയെടുത്ത് പാലാ പോലീസ് ! കുട്ടികള്‍ പുകവലിച്ചാലും മദ്യപിച്ചാലും 'പണി' ഉറപ്പ്

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

പാലാ : ബസ് സ്റ്റാൻഡിലെ സാമൂഹ്യ വിരുദ്ധരെ അടിച്ചമർത്താൻ ഇന്നലെ മുതൽ ബസ് സ്റ്റാൻഡിൽ ഒരു എ.എസ്. ഐ.യുടെയും, സിവിൽ പോലീസ് ഓഫീസറുടെയും സേവനം ഏർപ്പെടുത്തിയതായി പാലാ ഡിവൈ. എസ്.പി. ഷാജിമോൻ ജോസഫ് . സ്റ്റാൻഡിലെ അടച്ചിട്ടിരുന്ന പോലീസ് എയ്ഡ് പോസ്റ്റും തുറന്നിട്ടുണ്ട്.

ടൗൺ സ്റ്റാൻഡിലെ മദ്യപ ശല്യം, മദ്യപിച്ച പ്ലസ് ടു വിദ്യാർത്ഥികൾ വീട്ടമ്മയെ കടന്നുപിടിച്ച സംഭവം എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ നടപടി. ഇതേ തുടർന്നാണ് ഡിവൈ.എസ്.പി. ഷാജിമോൻ ജോസഫ് ഇടപെട്ട് പോലീസ് അടിയന്തിര നടപടി സ്വീകരിച്ചത്.

സ്റ്റാൻഡിൽ ഓരോ അരമണിക്കൂറും ഇടവിട്ട് പോലീസ് പട്രോളിംഗ് ഉണ്ടാവും. സാമൂഹ്യ വിരുദ്ധരെയും, മദ്യപിച്ച് ബഹളം വെയ്ക്കുന്നവരേയും ഉടൻ പിടികൂടുമെന്നും ഉന്നതാധികാരികൾ അറിയിച്ചു.

കഴിഞ്ഞ ദിവസം സ്റ്റാൻഡിൽ വീട്ടമ്മയെ കടന്നുപിടിച്ച പ്ലസ് ടു വിദ്യാർത്ഥികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ചില സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നേറുകയാണ്.

പുകവലിക്കാൻ 'കുട്ടിക്കൂട്ടം' ഇന്നലെയും, പോലീസിനെ കണ്ട് ഓടി മാറി

പാലാ: പതിവുപോലെ സ്റ്റാൻഡിന്റെ പരിസരത്ത് മറഞ്ഞിരുന്ന് പുക വലിക്കാൻ യൂണിഫോം ധാരികളായ കുട്ടികൾ ഇന്നലെയും എത്തി. എന്നാൽ പോലീസിന്റെ "തല വെട്ടം" കണ്ടതോടെ ഇവർ സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനടുത്തേക്ക് നീങ്ങി.

പോലീസ് ഇവിടെയും പിന്നാലെ എത്തിയതോടെ കുട്ടികൾ ചിതറിയോടി. കുട്ടികളുടെ പുകവലി, മദ്യപാനം തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഇവരുടെ മേൽവിലാസം വാങ്ങി, മാതാപിതാക്കളെയും സ്കൂൾ അധികാരികളെയും ആദ്യം വിളിച്ചു വരുത്തി വിവരം അറിയിക്കും.

തുടർന്നും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.

pala news
Advertisment