Advertisment

സദാചാര പോലീസുകാർ ജെ.എൻ.യു. വിദ്യാർഥിനികളുടെ നേരേ വാളോങ്ങുമ്പോൾ ഓർക്കേണ്ട ചില കാര്യങ്ങൾ

New Update

സർക്കാർ പൊതു വിദ്യാഭ്യാസത്തിൽ നിന്ന് പിന്മാറുന്നതിനെതിരേയാണ് ഇപ്പോൾ ഡൽഹിയിൽ നടക്കുന്ന സമരം. ജെ.എൻ.യു. പ്രക്ഷോഭത്തിൻറ്റെ പ്രധാന വിഷയം വിദ്യാഭ്യാസ ചെലവ് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് താങ്ങാൻ പറ്റുന്നില്ല എന്നതാണ്. അത് കാലിക പ്രസക്തി ഉള്ള കാര്യവുമാണ്.

Advertisment

publive-image

അത് കാണാതെ ജെ.എൻ.യു.- വിലെ പെൺകുട്ടികളുടെ വസ്ത്രവും പെരുമാറ്റ രീതികളും ചൂണ്ടി കാട്ടിയാണ് ഇപ്പോൾ പലരും സോഷ്യൽ മീഡിയയിൽ കൂടി പരിഹാസങ്ങൾ ഉയർത്തുന്നത്. ജെ.എൻ.യു. ക്യാമ്പസിലെ പെൺകുട്ടികൾ അവർക്ക് ഇഷ്‌ടമുള്ള വേഷം ധരിക്കട്ട. അതിൽ വേറെ ആരും അഭിപ്രായം പറയേണ്ട കാര്യം ഇല്ലാ. അവിടുത്തെ പെൺകുട്ടികളെ ഫോട്ടോ കണ്ട് കേറി പിടിക്കാൻ അവർ പൊതുമുതലൊന്നുമല്ല. കപട സദാചാരം സെക്സിസത്തിൻറ്റെ രൂപത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി പ്രവഹിക്കുകയാണ്. പെണ്ണിൻറ്റെ ഡ്രസ്സിങ്ങും അവളുടെ ആർത്തവവും അന്വേഷിച്ച് നടക്കലാണ് ഈ രാജ്യത്ത് ചിലരുടെ ജോലി. അവനവൻറ്റെ ഇഷ്‌ടത്തിന് അനുസരിച്ച് വേഷം ധരിക്കുവാനും, ജീവിക്കുവാനും ഈ ഇൻഡ്യാ മഹാരാജ്യത്തിൽ ആരും സമ്മതിക്കില്ലാ.

'പബ്ലിക്ക് മൊറാലിറ്റി' എന്നത് യാഥാസ്ഥിക ഇന്ത്യയിൽ എന്നും വളരെ സെൻസിറ്റീവ് ആയ വിഷയമാണ്. അതുകൊണ്ടാണെന്ന് തോന്നുന്നു, ജെ.എൻ.യു. ക്യാമ്പസിലെ ആവിഷ്കാര സ്വാതന്ത്ര്യത്തോട് യാഥാസ്ഥികരായ മഹാ ഭൂരിപക്ഷം ഇന്ത്യക്കാർക്കും വിയോജിപ്പാണ്. സർക്കാർ പൊതു വിദ്യാഭ്യാസത്തിൽ നിന്ന് പിന്മാറുന്നതിനെതിരേയുള്ള ഇപ്പോൾ ഡൽഹിയിൽ നടക്കുന്ന സമരത്തെ അധിക്ഷേപിക്കുന്ന പലരും അവിടുത്തെ പെൺകുട്ടികളുടെ വസ്ത്രവും പെരുമാറ്റ രീതികളും ചൂണ്ടി കാട്ടിയാണ് പരിഹാസങ്ങൾ ഉയർത്തുന്നത്. ഇത്തരം പരിഹാസങ്ങളും അധിക്ഷേപങ്ങളും ഉന്നയിക്കുന്നവർ ലിബറൽ ആയിട്ടുള്ള ഒരു സമൂഹത്തിൽ മാത്രമേ ആശയങ്ങളും ക്രിയേറ്റിവിറ്റിയും ഉണ്ടാകൂ എന്ന വസ്തുത കാണുന്നില്ല. അമേരിക്ക തന്നെ ഒരു ഉദാഹരണം ആയി എടുത്ത് നോക്കിയാൽ മതി ഇക്കാര്യം മനസിലാക്കുവാൻ. അമേരിക്കയിലേത് സ്വാതന്ത്ര്യത്തിനും സമത്വത്തിനും പ്രാമുഖ്യം കൊടുക്കുന്ന ഒരു ലിബറൽ കോസ്മോപൊളീറ്റൻ സമൂഹമാണ്. അമേരിക്കയിൽ നടക്കുന്ന കണ്ടുപിടിത്തങ്ങളും നേട്ടങ്ങളും പോലെ വേറെ ഏതെങ്കിലും ഒരു രാജ്യത്ത് നടക്കുന്നുണ്ടോ? എല്ലാ വർഷവും അവർ പേറ്റൻറ്റ് വിറ്റ് തന്നെ കാശ് ഒത്തിരി ഉണ്ടാക്കുന്നുണ്ട്. സ്‌പോർട്സിലും അവർ മുന്നിലാണ്.

നമ്മളിവിടെ വാചകമടിക്കുന്നതല്ലാതെ നമുക്ക് നേട്ടങ്ങളൊന്നും കാണിക്കുവാനില്ലാ. യാഥാസ്ഥികത്വം ഇപ്പോഴും പിന്തുടരുന്ന ഇൻഡ്യാക്കാർക്ക് ഒരു മെഡലും അത്ലറ്റിക്സ് മൽസരങ്ങളിലൊന്നും കിട്ടുന്നില്ല. 2019-ൽ ഖത്തറിലെ ദോഹയിൽ നടന്ന അത്ലറ്റിക്സ് ചമ്പ്യൻഷിപ്പ് മൽസരത്തിൽ ഇന്ത്യക്ക് മെഡലൊന്നും കിട്ടിയില്ല. ദോഹയിലെ ഖലീഫാ ഇൻറ്റെർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന അത്ലറ്റിക്സ് ചമ്പ്യൻഷിപ്പ് മൽസരത്തിൽ നിന്ന് ഇന്ത്യ വെറും കൈയോടെയാണ് മടങ്ങിയത്. 31 രാജ്യങ്ങളുടെ മെഡൽ പട്ടികയിൽ ഇന്ത്യ ഇടം പിടിക്കുന്നതേ ഇല്ലാ. പെൺകുട്ടികളുടെ സ്‌കേർട്ടിൻറ്റെ നീളം തെല്ലിത്തിരി കുറഞ്ഞാൽ സംഘ പരിവാറുകാർക്ക് കലിപ്പാണ്; ഇസ്‌ലാമിക തീവ്രവാദികൾക്കും കലിപ്പാണ്. ആ കാര്യത്തിൽ രണ്ടു കൂട്ടരും പൂർണ യോജിപ്പിലുമാണ്.

അത്‍ലക്റ്റിക്സിൽ പങ്കെടുക്കുന്നതിനോട് സംഘ പരിവാറുകാർക്ക് വിയോജിപ്പുണ്ടെന്ന് തോന്നുന്നില്ല; പക്ഷെ സാരിയുടുത്ത് കയ്യിറക്കമുള്ള ബ്ലൗസും ഇട്ടു വേണം മത്സരങ്ങളിലൊക്ക ഓടാനും ചാടാനും എന്നാണെന്ന് തോന്നുന്നു അവരുടെ അഭിപ്രായം!!! ഇസ്‌ലാമിക തീവ്രവാദികൾക്ക് ചെവിയും, മൂക്കും, തലമുടിയും ഒന്നും പുറത്തു കാണിക്കാത്ത പർദ്ദയണിഞ്ഞു വേണം അത്തരം മത്സരങ്ങളിൽ പങ്കെടുക്കുവാൻ!!! ഈ രണ്ടു കൂട്ടരും പ്രത്യക്ഷത്തിൽ അകൽച്ചയിലാണെങ്കിലും അവർക്കിടയിൽ ഒരു അന്തർധാര സജീവമായി ഉണ്ടെന്നാണ് തോന്നുന്നത്. സംഘ പരിവാറുകാരാണെങ്കിൽ സദാചാരത്തിൻറ്റെ കാര്യത്തിൽ ഭാരതീയ സംസ്കാരം ആളുകളെ പഠിപ്പിക്കാൻ നോക്കും. ഇസ്‌ലാമിക തീവ്രവാദികൾ ദീനി ബോധം പഠിപ്പിക്കുന്നൂ എന്നേയുള്ളൂ സദാചാരത്തിൻറ്റെ കാര്യത്തിൽ ഈ രണ്ടു കൂട്ടർക്കും ഇടയിലുള്ള ആകെ കൂടിയുള്ള വിത്യാസം.

ക്രിസ്ത്യാനികളും യാഥാസ്ഥികത്ത്വത്തിൻറ്റെ കാര്യത്തിൽ ഒട്ടും മോശക്കാരല്ലാ. പെൺകുട്ടികളെ സ്ട്രിക്റ്റ് ആയി വളർത്തണമെന്നുള്ളത് നമ്മുടെ ഒരു പൊതുബോധത്തിൻറ്റെ ഭാഗം തന്നെയാണ്. പണ്ട് ക്യാപറ്റൻ രാജു ഓർമക്കുറിപ്പുകളിൽ പറഞ്ഞത് പുള്ളിയുടെ സഹോദരിമാർ ഇരിക്കുന്ന രീതി ശരിയല്ലെങ്കിൽ "നേരേ ഇരിക്കടീ" എന്നാക്രോശിച്ച് 'അമ്മ അടി കൊടുക്കുമായിരുന്നൂ എന്നാണ്. അങ്ങേയറ്റത്തെ സദാചാര ബോധമുള്ള ഇൻഡ്യാക്കാർ ഇത്തരം പ്രസ്താവനകൾക്കൊക്കെ കയ്യടിക്കും. "പെണ്ണ് നടക്കുമ്പോൾ ഭൂമി അറിയരുത് എന്നായിരുന്നല്ലോ മലയാളത്തിലെ ഒരു ചൊല്ല് തന്നെ. ഇങ്ങനെയൊക്കെയുള്ള ചൊല്ലുകൾ നെഞ്ചേറ്റുമ്പോൾ ഇൻഡ്യൻ പെൺകുട്ടികൾക്ക് എങ്ങനെ ഓടാനും ചാടാനും പറ്റും? ഫലത്തിൽ രാജ്യാന്തര മത്സരങ്ങളിലെ അത്ലറ്റിക്സ് ചമ്പ്യൻഷിപ്പുകളിൽ മെഡലിൻറ്റെ കാര്യത്തിൽ ഇൻഡ്യാക്കാർ വട്ടപൂജ്യം. ലിബറൽ മനോഭാവം ആർജിക്കാത്തിടത്തോളം കാലം അതങ്ങനെ തന്നെ തുടരുമെന്നുമാണ് തോന്നുന്നത്. ഈ വട്ടപൂജ്യങ്ങളായ നേട്ടങ്ങളൊക്കെ ജെ.എൻ.യു. ക്യാമ്പസിലെ ആവിഷ്കാര സ്വാതന്ത്ര്യത്തോട് പ്രതികരിക്കുമ്പോൾ വിവേകമുള്ളവർ ഒന്ന് ഓർമിക്കുന്നത് നല്ലതാണ്.

ചിലർ നേരത്തേ ജെ.എൻ.യു. ക്യാമ്പസിൽ വിരലിൽ എണ്ണാവുന്ന ചിലർ പങ്കെടുത്ത വിവാദ സമ്മേളനത്തേയും, അത് സംഘടിപ്പിച്ച ഉമർ ഖാലിദിനേയും പഴി പറഞ്ഞാണ് ജെ.എൻ.യു.- വിനെ അപഹസിക്കുന്നത്. ഉമർ ഖാലിദ് അല്ല ജെ.എൻ.യു.- വിൻറ്റെ നയങ്ങൾ തീരുമാനിക്കുന്നത് എന്നത് ഇത്തരക്കാർ കാണില്ല. അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉമർ ഖാലിദിനോട് പ്രത്യേകിച്ച് ഒരടുപ്പവും കാണാൻ വഴിയില്ല.

ഇനി ജെ.എൻ.യു. - വിൽ നേരത്തേ നടന്ന വിവാദ സമ്മേളനത്തെയും, ദേശ വിരുദ്ധ മുദ്ര വാക്യങ്ങളെയും കുറിച്ച്: കാശ്മീരിനെ കുറിച്ച് സെമിനാറുകളും, ചർച്ചകളും, പ്രഭാഷണങ്ങളും നടക്കുമ്പോൾ ഡൽഹിയിലുള്ള കുറെ കാശ്മീരികൾ യൂണിവേഴ്സിറ്റിയിൽ വരുന്നത് സ്ഥിരം സംഭവമാണ് എന്നാണ് പല വിദ്യാർഥികളും ടി. വി. അഭിമുഖങ്ങളിൽ പറഞ്ഞത്. അവരാണ് ദേശ വിരുദ്ധ മുദ്ര വാക്യങ്ങൾ മുഴക്കിയതും. ദേശ വിരുദ്ധ മുദ്ര വാക്യങ്ങൾ മുഴക്കിയത് തെറ്റ് തന്നെയാണ്. അത് കൊണ്ട് വിദ്യാർഥികൾ മുദ്രാവാക്യങ്ങൾ മുഴക്കിയതു തടയാനും നോക്കി എന്നാണ് പല വിദ്യാർഥികളും അന്ന് ടി. വി. അഭിമുഖങ്ങളിൽ പറഞ്ഞത്. പിന്നീടാണ് അർനാബ് ഗോസ്വാമിയുടെയും, ടി. വി. ചാനലുകളുടേയും പ്രക്ഷേപണം ഉണ്ടായത്. 1500 ഏക്കറിലേറെ പരന്നു കിടക്കുന്ന ഒരു യൂണിവേഴ്സിറ്റിയുടെ ഒരു കോണിൽ നടന്ന പരിപാടിയുടെ മുഴുവൻ ഉത്തരവാദിത്ത്വം എല്ലാ വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും തലയിൽ കെട്ടി വെച്ചു. ജെ.എൻ.യു. - വിൽ മുദ്രാവാക്യം വിളിച്ച കാശ്മീരികളേ അറസ്റ്റ് ചെയ്താൽ കാശ്മീരിൽ പ്രശ്നമുണ്ടാകും; ബി. ജെ. പി. - യും, പി. ഡി. പി. - യുമായുള്ള ബന്ധം അതോടെ തീരും . അത് കൊണ്ട് അന്യരെ ബലിയാടാക്കി. യൂണിവേഴ്സിറ്റിയിൽ നിയന്ത്രണം ഏർപെടുത്തുക ആയിരുന്നു അന്ന് പക്വമായ തീരുമാനം.

ഒരു യൂണിവേഴ്സിറ്റിയുടെ അധികാരികൾ നേരിടേണ്ട ഒരു പ്രശ്നത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ദുരുപയോഗിച്ചു. അതിനു വേണ്ടി വിദ്യാർത്ഥി യൂണിയൻ പ്രെസിഡൻറ്റായ കന്നയ്യ കുമാറിനെ അറസ്റ്റ് ചെയ്തു. കന്നയ്യ കുമാറിനെ അറസ്റ്റ് ചെയ്തത് വഴി വെറുതെ ഒരു വീര പുരുഷനെ സൃഷ്ടിച്ചു. അല്ലാതെ ആ സംഭവം കൊണ്ട് രാജ്യത്തിന് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായിട്ടില്ല.

വൈസ് ചാൻസിലർ ഒരു നടപടിയും വിവാദ സമ്മേളനത്തിൻറ്റെ പേരിൽ എടുത്തില്ലായിരുന്നുവെങ്കിൽ കേന്ദ്ര സർക്കാരിന് ഇടപെടാമായിരുന്നു. വൈസ് ചാൻസിലറെ മാറ്റുന്നതടക്കമുള്ള നടപടികളിലേക്കു കടക്കാമായിരുന്നു. പക്ഷെ ആരുടെയും സമ്മർദമില്ലാതിരുന്നിട്ടു കൂടി ജെ.എൻ.യു. വൈസ് ചാൻസിലർ ശക്തമായ നടപടി എടുത്തു. പിന്നെ എന്തിനായിരുന്നു പോലീസിനെ ഇറക്കിയുള്ള ശക്തി പ്രകടനവും കന്നയ്യ കുമാറിൻറ്റെ അറസ്റ്റും? രാഷ്ട്രീയക്കാരും, മാറി മാറി വരുന്ന സർക്കാരുകളും സ്ഥാപനങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ദുരുപയോഗിക്കുമ്പോൾ ആ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും, മഹത്ത്വവും തന്നെയാണ് കെടുത്തി കളയുന്നത്. ഈ രാജ്യം പുരോഗമിക്കാത്തതിന് കാരണവും മറ്റൊന്നല്ല.

കഴിഞ്ഞ കുറെ വ‍ർഷങ്ങളായി ജെ.എൻ.യു. - വിനെ ദേശവിരുദ്ധ ശക്തികളുടെ താവളമെന്ന നിലയിൽ അടയാളപ്പെടുത്താനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ശ്രമിക്കുന്നത്. ബി.ജെ.പി.-യും, സംഘ പരിവാർ സംഘടനകളും പറയുന്നത് പോലെ ജെ.എൻ.യു. - വിൽ ഇന്ത്യാ വിരുദ്ധത എന്ന് പറയുന്ന ഒന്നില്ല. വേണമെങ്കിൽ വിപ്ലവം പറയുന്ന ആളുകൾക്കിടയിൽ കുറച്ചു അരാജകത്ത്വം ഉണ്ടെന്നു പറയാം. ജെ.എൻ.യു. - വിനെ വിമർശിക്കുമ്പോൾ ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ജെ.എൻ.യു. - വിൽ വരുന്ന മഹാ ഭൂരിപക്ഷം വിദ്യാർഥികളും പഠിക്കാൻ വരുന്നവരാണ് എന്നതാണ് ആദ്യമായി മനസ്സിലാക്കേണ്ട കാര്യം. കേരളത്തിൽ നിന്നും, ബംഗാളിൽ നിന്നും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും രണ്ടും, മൂന്നും ദിവസം ട്രെയിനിൽ യാത്ര ചെയ്തു വരുന്നത് പഠിക്കാനല്ലാതെ രാഷ്ട്രീയം കളിക്കാനാണോ? ദേശീയ തലത്തിൽ നടക്കുന്ന പ്രവേശന പരീക്ഷ, ഇൻറ്റെർവ്യൂ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ എന്നിവയിൽ ലഭിക്കുന്ന മാർക്ക്, മുമ്പ് പഠിപ്പിച്ച രണ്ടു അധ്യാപകർ നൽകുന്ന സാക്ഷ്യപത്രം (ടെസ്റ്റിമോണിയൽ) - ഇതെല്ലാം പരിഗണിച്ചാണ് ജെ.എൻ.യു. - വിൽ പ്രവേശനം പോലും കിട്ടുന്നത്. അപ്പോൾ അവിടെ പഠിക്കാതിരിക്കാൻ പറ്റുമോ?

അവിടുത്തെ വലിയൊരു വിഭാഗം വിദ്യാർഥികൾക്കും രാഷ്ട്രീയം പോയിട്ട്, വിദ്യാർഥി യൂണിയൻറ്റെ പ്രവർതനങ്ങളിൽ പോലും യാതൊരു താൽപര്യവും ഇല്ലാത്തവരാണ്. മുൻ തലമുറയില പെട്ട വളരെ ചുരുക്കം ചില അധ്യാപകർ മാത്രമാണ് ഇടതു പക്ഷ, നക്സൽ ആഭിമുഖ്യം ഉള്ളവരായിരുന്നിട്ടുള്ളത്. ഇന്നുള്ള ഭൂരിപക്ഷം അധ്യാപകരും മറ്റേതൊരു മികച്ച യൂണിവേഴ്സിറ്റിയിലെയും പോലെ തന്നെ ആണ്. അവർക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഭിമുഖ്യം ഉള്ളവരും അല്ല. ചെറുപ്പത്തിൻറ്റെ ചോരത്തിളപ്പിൽ വിദ്യാർഥികൾക്ക് ചില റാഡിക്കൽ ആശയങ്ങളൊക്കെ വരുന്നത് സ്വോഭാവികം മാത്രം. 1500 ഏക്കറിലേറെ പരന്നു കിടക്കുന്ന ഒരു യൂണിവേഴ്സിറ്റി. സംരക്ഷിത വന മേഖല ഈ യൂണിവേഴ്സിറ്റിക്കുള്ളിൽ തന്നെയുണ്ട്. ഇതൊന്നും മനസ്സിലാക്കാത്തവരാണ് ജെ.എൻ.യു. അങ്ങനെയാണ്; ഇങ്ങനെയാണ് എന്നൊക്കെ പറയുന്നത്.

ചിലർ ജെ.എൻ.യു. ക്യാമ്പസിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ആണുങ്ങൾ പോകുന്നു എന്നൊക്കെ സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിക്കുന്നുണ്ട്. ആണുങ്ങൾക്ക് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അവിടെ പ്രവേശനമൊന്നുമില്ല. വെറുപ്പും വിദ്വേഷവും ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഒരു പാർട്ടിയുടേതാണ് ഇപ്പോൾ കാണുന്ന സദാചാര പ്രസംഗം. ഈയടുത്ത് മധ്യപ്രദേശിൽ നിന്ന് പുറത്തു വന്ന 4000 സെക്സ് വീഡിയോകളിൽ ഈ പാർട്ടിയുടെ പല പ്രമുഖരും ഉണ്ടായിരുന്നൂ എന്നുള്ളതും കൂടി ഈ സദാചാര പ്രസംഗം നടത്തുമ്പോൾ കാണണം.

ബി.ജെ.പി. -യും, സംഘ പരിവാർ സംഘടനകളും ജെ.എൻ.യു. - വിനെതിരെ ആശയ പ്രചാരണം നടത്തുമ്പോൾ മറുവശത്ത് ഉയരുന്ന വേറെ കുറെ ചോദ്യങ്ങളുണ്ട്. രാജ്യത്ത് ആസൂത്രിതവും, സംഘടിതവുമായി കലാപം സൃഷ്ടിക്കുന്നവർക്കും, പശുവിൻറ്റെ പേരിൽ ആളുകളെ തല്ലി കൊല്ലുന്നവർക്കും എന്ത് രാജ്യ സ്നേഹമാണുള്ളത്? ബാബ്‌റി മസ്ജിദിൻറ്റെ കാര്യത്തിലും, ശബരിമലയുടെ കാര്യത്തിലും സുപ്രീം കോടതിയെ അനുസരിക്കാതിരുന്നവർക്ക് രാജ്യത്തെ നിയമ വ്യവസ്ഥയോട് എന്ത് ആദരവാണുള്ളത്? ജെ.എൻ.യു.-വിനെ ബി.ജെ.പി.-ക്കും, സംഘ പരിവാർ സംഘടനകൾക്കും സ്ഥിരം തെറിയഭിഷേകം നടത്താം. പക്ഷെ ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയിലെ രണ്ടു മുതിർന്ന അംഗങ്ങൾ - ധന മന്ത്രിയും, വിദേശ മന്ത്രിയും 'ജെ.എൻ.യു. പ്രൊഡക്റ്റുകൾ' ആണെന്നുള്ള വസ്തുത സംഘ പരിവാറുകാർക്ക് നിഷേധിക്കാനാകുമോ? നിർമല സീതാരാമൻ തന്നെ രൂപപ്പെടുത്തിയതിൽ ജെ.എൻ.യു. - വിൻറ്റെ പങ്ക്‌ അനുസ്മരിച്ചിട്ടുമുണ്ട്.

ഇന്ന് രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളായ സുരക്ഷിതമായ കുടിവെള്ളം, പോഷകാഹാര കുറവ്, പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ, കർഷക ആത്മഹത്യാ - ഇവയൊക്കെ പരിഹരിക്കുവാൻ എന്തെങ്കിലും പദ്ധതി ഇന്നത്തെ നമ്മുടെ രാഷ്ട്രീയ പാർട്ടികളൊന്നും മുന്നോട്ടു വെക്കുന്നില്ല. ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യവും നമ്മുടെ രാഷ്ട്രീയ പാർട്ടികളൊന്നും ഇപ്പോൾ തങ്ങളുടെ അജണ്ടകളിൽ ഉൾക്കൊള്ളുന്നില്ല. ബിജെ.പി. 500 വർഷം പഴക്കമുള്ള ഒരു മോസ്ക്കിൻറ്റെ പേരിൽ രാജ്യവ്യാപകമായി പ്രചാരണം നടത്തി ജനത്തെ മതത്തിൻറ്റെ പേരിൽ തമ്മിൽ തല്ലിച്ചു. അതുകൊണ്ട് ആരോഗ്യമുള്ള ചെറുപ്പക്കാർ; വിദ്യാഭാസമുള്ള ചെറുപ്പക്കാർ - അവരൊക്കെ കല്ലും പൊക്കി പിടിച്ചു കൊണ്ട് നടക്കുന്ന കാഴ്ച മലയാളികൾക്ക് പോലും കാണേണ്ടി വന്നു!!! വെറുപ്പും വിദ്വേഷവും ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആ പാർട്ടിയുടെ മറ്റൊരു വിദ്വേഷ പ്രചാരണമാണ് ജെ.എൻ.യു.- വിനെ കുറിച്ചും ഉള്ളത്. വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റികളിൽ കൂടി ആ വിദ്വേഷ പ്രചാരണം പൊടി പൊടിക്കുന്നു. ജെ.എൻ.യു. അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ ഈ രാജ്യത്തെ പൗരന്മാരാണ്. മറ്റെല്ലാ പൗരന്മാർക്കുമുള്ള എല്ലാ അവകാശങ്ങളും അധികാരങ്ങളും അവർക്കുമുണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ സർക്കാരിൻറ്റെ മുതൽ മുടക്ക് കുറയുന്നതും, ഫീസ് വർധനക്ക് എതിരേയുമാണ് ഇപ്പോൾ കാണുന്ന സമരം. ഫീസ് കൊടുക്കാൻ ശേഷിയില്ലാത്തവർ സമരം നടത്തുമ്പോൾ അതിനെ പരിഹസിക്കുന്നതും അപഹസിക്കുന്നതും ശരിയായ കാര്യമാണോ? പാവപ്പെട്ടവർക്ക് ശബ്ദം നഷ്ടപ്പെടുന്ന ഒന്നായി ഇൻഡ്യാ മഹാരാജ്യം മാറികൊണ്ടിരിക്കുകയാണോ എന്ന് ജെ.എൻ.യു. - വിനെതിരെയുള്ള പ്രചാരണങ്ങൾ കാണുമ്പോൾ ചിന്തിക്കേണ്ടതുണ്ട്.

ആസൂത്രിതവും സംഘടിതവുമായി ചാപ്പ അടിച്ച് ജെ.എൻ.യു. - വിനെ മോശമാക്കി കാണിക്കാനുള്ള പരിശ്രമങ്ങളാണിപ്പോൾ കേന്ദ്ര സർക്കാർ നടത്തികൊണ്ടിരിക്കുന്നത്. ജെ.എൻ.യു. - വിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ സെക്സ് മാത്രമേ ഉള്ളൂ എന്ന ധ്വനി സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിക്കുന്നതും ആ ചാപ്പ കുത്തലിൻറ്റെ ഭാഗം മാത്രം. ജെ.എൻ.യു. - വിൽ പരീക്ഷാ കാലയളവിൽ ലൈബ്രറി മൊത്തം ഏതു സമയത്തും നിറഞ്ഞിരിക്കും. ലൈബ്രറി 24 മണിക്കൂർ പ്രവർത്തിക്കേണ്ടത് ഒരു അന്താരാഷ്ട്ര നിലവാരമുള്ള യൂണിവേഴ്സിറ്റിക്ക് ആവശ്യമാണ്. അതൊക്കെ ഇപ്പോൾ കാണുന്നത് പോലെ സോഷ്യൽ മീഡിയയിൽ കൂടി വിവാദമാക്കേണ്ട കാര്യങ്ങളല്ല. ജെ.എൻ.യു - വിനെ സംബന്ധിച്ച് എന്തൊക്കെ വിവാദങ്ങളുണ്ടായാലും കൃത്യ സമയത്ത് അവിടെ പരീക്ഷകൾ നടത്തപ്പെടുന്നു; റിസൾട്ട് പ്രസിദ്ധീകരിക്കുന്നു. ഇൻഡ്യാ മഹാരാജ്യത്ത് ഏറ്റവും കൂടുതൽ 'പബ്ലിഷ്ഡ് വർക്സ്' ഉണ്ടാകുന്നതും ജെ.എൻ.യു. - വിൽ നിന്ന് തന്നെ. ചിലർ ജെ.എൻ.യു.- വിൽ നിന്നുള്ള പ്രസിദ്ധീകരണങ്ങളുടെ നിലവാരമോർത്ത് നെടുവീർപ്പിടുന്നു. ജെ.എൻ.യു. - വിൽ നിന്ന് പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളുടെ നിലവാരം അളക്കേണ്ടത് അക്കാഡമിക്ക് രംഗത്തെ വിദഗ്ദ്ധരാണ്; അല്ലാതെ വ്യാജ എം.എ. ബിരുദങ്ങളും ബി.എ. ബിരുദങ്ങളും ഉള്ളവരല്ലന്നുള്ളത് ഈ വിമർശകർ മനസിലാക്കുന്നുമില്ല.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

vellaseri
Advertisment