റഷ്യയുടെ അതിർത്തിക്കുള്ളിൽ ഞായറാഴ്ച്ച ആയിരക്കണക്കിനു കിലോമീറ്റർ കടന്നു ചെന്നു യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി റഷ്യൻ വ്യോമസേനാ വിമാനങ്ങൾ കത്തിയമർന്നു. വ്യോമ താവളങ്ങളിലെ ആക്രമണത്തിൽ 40 റഷ്യൻ വിമാനങ്ങളെങ്കിലും ചാമ്പലായെന്നു യുക്രൈൻ അവകാശപ്പെട്ടു.
റഷ്യ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നാശനഷ്ടങ്ങളുടെ കണക്കു അവർ പറയുന്നില്ല. അഞ്ചു മേഖലകളിൽ ആക്രമണം നടന്നുവെന്നു റഷ്യ സമ്മതിക്കുന്നു. നോർവെ അതിർത്തിക്കടുത്തുള്ള മുർമൻസ്‌ക്, കിഴക്കൻ സൈബീരിയയിലെ ഇർകുക്സ് എന്നിവിടങ്ങളിൽ വിമാനങ്ങൾക്കു തീ പിടിച്ചു. ആളപായമില്ല.
14 രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന റഷ്യയുടെ പല സൈനിക താവളങ്ങളും യുക്രൈൻ എത്തിപ്പിടിച്ചത് പുറത്തു നിന്നാണെന്നു റഷ്യ പറയുന്നു. അതായത് മറ്റു ചില രാജ്യങ്ങളുടെ ഭൂമിയിൽ നിന്ന് ആക്രമണം നടത്തി എന്ന വാദം അവർ ഉയർത്തുന്നു.
മൂന്നു വർഷം മുൻപ് യുദ്ധം ആരംഭിച്ച ശേഷം യുക്രൈൻ നടത്തിയ ഏറ്റവും വിശാലമായ ആക്രമണങ്ങളിലൊന്ന് ഉണ്ടായത് തിങ്കളാഴ്ച്ച ഇരു രാജ്യങ്ങളും ചർച്ചയ്ക്കു ഇരിക്കുന്നതിനു തൊട്ടു മുൻപാണ്. കൈക്കരുത്തു കാട്ടി വിലപേശുന്ന റഷ്യയ്ക്കു താക്കീതായാണ് യുക്രൈൻ ഈ കരുത്തു കാട്ടിയതെന്നു നിരീക്ഷകർ കരുതുന്നു.
ഇതാദ്യമായി റഷ്യയുടെ കിഴക്കു സൈബീരിയൻ മേഖല ആക്രമിച്ച യുക്രൈൻ പടിഞ്ഞാറുള്ള അതിർത്തി വരെ ഡ്രോണുകൾ അയച്ചു. ഞായറാഴ്ച്ച യുക്രൈന്റെ ഒരു സൈനിക കേന്ദ്രത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 12 യുക്രേനിയൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. യുദ്ധം ഏറ്റവും രൂക്ഷമായ നേരത്താണ് ഒരിക്കൽ കൂടി ഇസ്താൻബൂളിൽ ഇരു രാജ്യങ്ങളും നേരിട്ടുളള ചർച്ചയ്ക്കു ഇരിക്കുന്നത്.
ശത്രുവിനെ യുക്രൈന്റെ മണ്ണിൽ നിന്നു തുരത്തുമെന്നു അവരുടെ സുരക്ഷാ സേന എസ് ബി യു പറഞ്ഞു. ഈ ആക്രമണത്തിൽ റഷ്യയ്ക്കു $7 ബില്യന്റെ നാശനഷ്ടം ഉണ്ടായി. 34% ക്രൂസ് മിസൈൽ വാഹിനികളും നശിച്ചു.
ഒന്നര വർഷം നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഈ ആക്രമണം നടത്തിയതെന്നു യുക്രൈൻ പ്രസിഡന്റ് വോളിദിമിർ സിലിൻസ്കി പറഞ്ഞു. "എല്ലാ വിശദാംശങ്ങളും മികവോടെ ആസൂത്രണം ചെയ്തു. അസാമാന്യ ആക്രമണം എന്ന് ഇതിനെ വിശേഷിപ്പിക്കാം. യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത റഷ്യയെ ബോധ്യപ്പെടുത്താൻ ഞങ്ങൾ കരുത്തു കാട്ടി."
മുൻപ് കാണാത്ത മികവും പരിഷ്കാരവും ഇക്കുറി യുക്രൈൻ സേന കാട്ടിയെന്നു യുഎസ് പ്രതിരോധ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.