Advertisment

എന്തിന് മുഖ്യനോടീ പിണക്കം, ചെന്നിത്തലജീ ? താങ്കള്‍ക്കും ഒരു കണ്‍സള്‍ട്ടന്‍സിയൊക്കെ ആകാം. പത്രസമ്മേളനം കൊള്ളാം, പക്ഷേ അതിനായി ഇരിക്കുന്ന സ്ഥലം കൊള്ളില്ല. പിന്നെ ആ ഹെയര്‍ സ്റ്റൈല്‍ ? തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചാക്കോയും കുര്യനുമൊന്നുമല്ല, തരൂരാണ് താരം- അതും മനസിലാക്കണം- പ്രതിപക്ഷ നേതാവിന് ഫ്രീ ഓഫ് കോസ്റ്റില്‍ ഒരു കണ്‍സള്‍ട്ടന്‍സി ഉപദേശം, പകരം ഡാറ്റാ വേണ്ട / ദാസനും വിജയനും

New Update

publive-image

Advertisment

മാന്യമായി ഭരണത്തിലിരിക്കുന്ന ഒരു സര്‍ക്കാരിനെതിരെ പ്രളയഫണ്ട് അടിച്ചുമാറ്റല്‍, ബ്രൂവറി അഴിമതി എന്നുതുടങ്ങി ... അങ്ങുപോയി... ഒടുവില്‍ സ്പ്രിങ്ളര്‍, കൺസൾട്ടൻസി വരെയുള്ള അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന രമേശ് ചെന്നിത്തലയോട് കേരളത്തിലെ സൈബര്‍ പോരാളികള്‍ ഒരുകാലത്തും ക്ഷമിക്കില്ല.

കാരണം അന്നം മുട്ടിക്കുന്ന പണി ആര് ചെയ്താലും അത് തെറ്റു തന്നെയാണ്. അതിനാല്‍ സംഘി, കോമാളി എന്നു തുടങ്ങിയ ആരോപണങ്ങള്‍ ഇതിനോടകം അവര്‍ ഹരിപ്പാട്ടുകാരനെതിരെ ഉന്നയിച്ചിട്ടുണ്ട്.

ചെന്നിത്തല എന്ത് ആരോപണം ഉന്നയിച്ചാലും അതില്‍ നിന്നെല്ലാം സര്‍ക്കാര്‍ പിന്‍മാറുന്നത് ആരെയും ഭയന്നതുകൊണ്ടല്ല, വെറുതെ നമ്മളായിട്ട് ചെന്നിത്തലയ്ക്ക് 'ഒരിത്' ഉണ്ടാക്കി കൊടുക്കേണ്ട എന്ന് കരുതിയാണ്.

അതിനാല്‍ അതിന്‍റെ പേരില്‍ അദ്ദേഹം അഹങ്കരിക്കരുത്. അഹങ്കരിച്ചാല്‍ താങ്കളുടെ ചിത്രത്തിന്‍റെ പകുതിക്ക് താഴെ ഇനിയും കാക്കി ട്രൌസറിന്റെ ഫോട്ടോ വെട്ടി ഒട്ടിക്കും , മറക്കരുത് !

പ്രതിപക്ഷമാണേല്‍ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ തെളിവ് വേണം. തെളിവ് ചോദിക്കുമ്പോള്‍ അത് സെക്രട്ടറിയേറ്റില്‍ ഉണ്ട് ... സിസിറ്റിവിയില്‍ ഉണ്ട് .. പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ കാണും.. പോയി നോക്ക് ... എന്നൊക്കെ പറയുന്നത് ആണുങ്ങള്‍ക്ക് ചേരുന്ന പണിയല്ല.

അതെടുത്തു കൊടുക്കാന്‍ മിടുക്കുണ്ടാകണം. അല്ലാതെ അതെടുത്ത് കൊടുക്കാന്‍ പറയുമ്പോള്‍ കത്തിപ്പോയി, ഇടിമിന്നിപ്പോയി .. എന്നൊന്നും പറഞ്ഞേക്കരുത്. പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചാല്‍ തെളിവും അദ്ദേഹം തന്നെ കണ്ടെത്തണം. അല്ലാതെ അതൊന്നും പോലീസിന്‍റെ പണിയാണെന്ന് പറഞ്ഞേക്കരുത്.

publive-image

ചെന്നിത്തലയ്ക്കും ആകാം ഒരു  കണ്‍സള്‍ട്ടന്‍സിയൊക്കെ !

ആയതിനാല്‍ വേണ്ടത് വേണ്ടപോലെ ചെയ്യാന്‍ പ്രതിപക്ഷ നേതാവ് ഒരു കണ്‍സള്‍ട്ടന്‍സിയെ നിയമിക്കേണ്ടത് അനിവാര്യമാണ്. ആരെ നിയമിക്കണം എന്നത് പിണക്കമൊക്കെ മാറ്റിവച്ചു പിണറായിയോടോ ശിവശങ്കറോടോ ചോദിച്ചാല്‍ പറഞ്ഞു തരും.

എന്നാല്‍ കണ്‍സള്‍ട്ടന്‍സിയെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കണം എന്ന് ഞങ്ങള്‍ പറഞ്ഞുതരാം, ഫ്രീ ഓഫ് കോസ്റ്റില്‍. അതിന്‍റെ പേരില്‍ ഡാറ്റാ ഒന്നും ആവശ്യപ്പെടുകയുമില്ല.

publive-image

ആ 'അടുക്കള വാതില്‍' ഒന്നു മാറ്റണം !

ആദ്യമായി മനസ്സിൽ തോന്നിയത് , താങ്കൾ പത്രസമ്മേളനം നടത്തുന്ന കസേരയുടെ പിറകുവശത്തെ ആ മണിച്ചിത്രത്താഴും വാതിലും ഒഴിവാക്കി ( എവിടെയോ അധികപ്പറ്റായി കയറിയിരിക്കുന്നപോലെ തോന്നിക്കും ) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൈപ്പത്തിയോട് കൂടിയ ഒരു നല്ല ബാക്ക്ഡ്രോപ്പ് വെച്ചാൽ നന്നായിരുന്നു .

ബാക്ക് ഡ്രോപ്പ് ഉണ്ടാക്കുമ്പോൾ ഫ്ലെക്സില്‍ ഉണ്ടാക്കരുത് എന്നഭ്യർത്ഥിക്കുന്നു . പറ്റുമെങ്കിൽ ഇന്ദിരാഗാന്ധി, കരുണാകരൻ, രാജീവ്ഗാന്ധി എന്നീ മണ്മറഞ്ഞ നേതാക്കന്മാരുടെ കാണാൻ കൊള്ളാവുന്ന ചിത്രങ്ങൾ ഉണ്ടെങ്കിൽ നല്ലതാണ് .

publive-image

എന്തിനാണീ മുടിമാറ്റം ?

അങ്ങയുടെ ഹെയർ സ്റ്റൈൽ പഴയതായിരുന്നു കുറച്ചുകൂടി സീരിയസ് ആയി ഫീൽ ചെയ്തിരുന്നത്. ഇപ്പോഴത്തേത് ഒരു ഒറിജിനാലിറ്റി ഇല്ലായ്മ തോന്നുന്നു. സംസാര ശൈലിയും ലേശമൊക്കെ മാറ്റി പിടിച്ചാൽ നന്നായിരുന്നു. ഒന്നും ഊന്നിപ്പറയേണ്ട കാര്യമില്ല.

പത്രസമ്മേളനം പരമാവധി നടത്തിയാലൊന്നും മോശമില്ല. കാരണം പറയുന്നതു കാര്യങ്ങള്‍ തന്നെയാണല്ലോ. അത് തുടരുക. അഴിമതിക്കഥകള്‍ ഇനിയും അങ്ങയുടെ പക്കലുണ്ടെന്ന് അറിയാം. സമയാസമയങ്ങളില്‍ അത് പുറത്തെടുക്കുക. പിണറായിക്കും അനുചര വൃന്ദങ്ങള്‍ക്കും അത് സുഖിക്കില്ല. അവര്‍ പലതും പറഞ്ഞു പരത്തും . അതൊന്നും ചെവിക്കൊള്ളേണ്ട കാര്യമില്ല .

ലൈക്ക്‌സും ഷെയറുകളും കമന്റുകളും കൂട്ടണം

സോഷ്യൽ മീഡിയയിൽ താങ്കൾക്ക് ഒരു മില്യൺ ലൈക്ക്‌സും മുഖ്യമന്ത്രിക്ക് 1.1 മില്യൺ ലൈക്ക്സ് മാണുള്ളത് . ദിവസേനയുള്ള പോസ്റ്ററുകൾക്ക് 1000 മുതൽ 10000 വരെ ലൈക്ക്‌സും കാണുന്നുണ്ട് .

പ്രതിപക്ഷ നേതാവ് എന്ന നിലക്ക് താങ്കൾക്ക് ഇനിയും കൂടുതൽ ലൈക്ക്‌സും ഷെയറുകളും കമന്റുകളും കിട്ടേണ്ടിയിരിക്കുന്നു. അത് ഇപ്പറഞ്ഞ കുഴപ്പങ്ങള്‍ പരിഹരിച്ചാല്‍ ശരിയാകും എന്നുറപ്പാണ് .

കൂടാതെ ഓരോരോ അഴിമതിയെക്കുറിച്ചുമുള്ള വിവിധതരം പോസ്റ്ററുകൾ, തമാശയായുള്ളത്, സാഹിത്യപരമായുള്ളത്, സീരിയസ് ആയുള്ളത് ഏതെങ്കിലും നല്ല ക്രിയേറ്റിവ് ആളുകളെ ഇരുത്തിക്കൊണ്ട് ചെയ്യിപ്പിക്കണം .

സിരകളിൽ കോൺഗ്രസ്സ് രക്തമുള്ളവരെ വേണം അക്കാര്യത്തിൽ ഉള്‍പ്പെടെ കൂടെ കൂട്ടാന്‍. അല്ലെങ്കിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പയിൻ പാലക്കാട്ടെ കമ്പനിക്ക് കൊടുത്തപോലെ ചതിക്കപ്പെട്ടേക്കാം .

സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ചെയ്യുന്ന കമ്പനിക്കാരുടെ, അതിന്റെ മുതലാളിയുടെ, ലീഡറുടെ ഒക്കെ പ്രൊഫൈലുകൾ നോക്കിവേണം കാര്യങ്ങൾ ഏൽപ്പിക്കുവാൻ . എന്നാലും സമാന്തരമായി മറ്റൊരു കമ്പനിയെക്കൂടി കാര്യങ്ങൾ ഏൽപ്പിക്കണം . ആ കമ്പനിയെ എതിരാളികൾ പണം വീശി സ്വാധീനിച്ചാലും ഒരു സമാന്തര കമ്പനി കയ്യിൽ വേണം.

publive-image

റീച്ചുള്ള സിനിമക്കാരും എഴുത്തുകാരും ഒപ്പംവേണം

സോഷ്യൽ മീഡിയയിൽ ആരാധകരുള്ള, എന്നും സാമൂഹിക രാഷ്ട്രീയ സംഭവ വികാസങ്ങൾ പോസ്റ്റ് ചെയ്യന്ന സാഹിത്യകാരെയും, സിനിമക്കാരെയും, എഴുത്തുകാരെയും കണ്ടെത്തി അവർക്കൊക്കെ വാഗ്ദാനങ്ങളും മറ്റും കൊടുത്തുകൊണ്ട് അവരെ താങ്കളോട് അടുപ്പിക്കുക .

ഉദാഹരണമായി സലിംകുമാർ, ഐഎം വിജയൻ, ബിആർപി, സിദ്ധിഖ്, മഞ്ജുവാരിയർ, ടിപി ശ്രീനിവാസൻ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, കലാഭവൻ മണികണ്ഠൻ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയ ഒട്ടനവധി ആളുകൾ തീവ്രമല്ലെങ്കിലും വലതുപക്ഷ ചായ്‌വുള്ളവരാണ് എന്നാണ് മനസ്സിലാക്കുവാൻ സാധിച്ചിട്ടുള്ളത് .

സോഷ്യൽ മീഡിയയിൽ ഏറ്റവും പിന്നിലുള്ളത് കേരളാ കോൺഗ്രസുകളാണ് . ഏറ്റവും മുന്നിലുള്ളത് മുസ്ലിം ലീഗും . പക്ഷെ ലീഗ് അണികൾക്ക് ആവശ്യമായ പോസ്റ്ററുകൾ വ്യത്യസ്തം ആയത് വേണം . അവർക്ക് പരമാവധി പാരഡി ഗാനങ്ങളും ഡബ്ബിങ് കോമഡികളും ഒക്കെയാണ് ആവശ്യം .

കൂടുതൽ സാഹിത്യമോ കടിച്ചാൽ പൊട്ടാത്തതോ അവർ ഷെയർ ചെയ്യാറില്ല . കേരളം കോൺഗ്രസ്സുകാർക്ക് പ്രാദേശിക വിഷയങ്ങളിൽ ഊന്നിയുള്ള പോസ്റ്ററുകളാണ് നല്ലത് . കോണ്‍ഗ്രസിന്‍റെ ഓരോ എംഎൽഎ യും എംപിയും പരമാവധി പേജുകളും ഗ്രൂപ്പുകളും മാനേജ് ചെയ്യുവാൻ ആളുകളെ കണ്ടെത്തി കാര്യങ്ങൾ ചൂടുപിടിപ്പിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു .

വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്‌ബുക്ക് പേജുകളും ഗ്രൂപ്പുകളും ഓരോ ബൂത്ത് കമ്മറ്റികളുടെ കീഴിലും മണ്ഡലം കമ്മറ്റികളുടെ കീഴിലും ജില്ലാ കമ്മറ്റികളുടെ കീഴിലും അത്യാവശ്യമാണ് .

അവർക്കാവശ്യമായ ലിങ്കുകൾ , ഉദാഹരണമായി എൽഡിഎഫുകാർ കൊണ്ടുവരുന്ന പഴയ ആരോപണങ്ങൾക്ക് തക്കതായ മറുപടികൾ ലിങ്കുകൾ ആയും പോസ്റ്റുകൾ ആയും കരുതി വെക്കേണ്ടതാണ് . സോളാർ വിഷയത്തെ പറഞ്ഞാൽ അതിന്റെ മുഖ്യധാരാ പത്രകട്ടിങ്ങ്സും ലിങ്കുകളും ഓരോ ബൂത്ത് കമ്മറ്റിക്കാർക്കും എത്തിച്ചുകൊടുക്കേണ്ടതാണ് .

publive-image

സ്ഥാനാർത്ഥിയാണ് പ്രധാനം

സ്ഥാനാർത്ഥി നിർണ്ണയം ഇപ്പോഴേ തുടങ്ങേണ്ടതാണ്. അല്ലെങ്കിൽ കഴിഞ്ഞ കാലത്ത് ഹെലികോപ്റ്ററിൽ പോയതുപോലെ പോകേണ്ടി വരും. മുഖ്യമന്ത്രിക്കെതിരെ താങ്കൾക്ക് മത്സരിക്കുവാനായാൽ അതിനപ്പുറം വേറെ ഒന്നും ചിന്തിക്കാനില്ല. തോറ്റാലും ജയിച്ചാലും അതൊരു വെല്ലുവിളി തന്നെയായിരിക്കും. പഞ്ചാബിലെ അമരീന്ദർ സിങ് ചെയ്‌തെതുപോലെ !

ജയിക്കുവാൻ സാധ്യത കുറവുള്ള മണ്ഡലങ്ങളിലേക്ക് ഇപ്പോൾ തന്നെ സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ളവരെ കണ്ടെത്തി പണി ആരംഭിക്കണം . ഉദാഹരണമായി എറണാകുളം വൈപ്പിൻ മണ്ഡലം സലിംകുമാറിനോട് മത്സരിക്കുവാൻ അഭ്യര്ഥിക്കുക .

തൃശൂരിലെ ചേലക്കരയിൽ ഐഎം വിജയനോടും കായംകുളത്ത് സിദ്ധിഖിനോടും മത്സരിക്കുവാൻ ആവശ്യപ്പെടുക . നെതെർലാൻഡ്‌സ് അംബാസിഡർ വേണുരാജാമണിയെപ്പോലുള്ള പഴയകാല കോൺഗ്രസുകാരെ റിട്ടയര്മെന്റിന്‌ ശേഷം പ്രൊഫഷണൽ കോൺഗ്രസ്സ് മുഖേന പാർട്ടിയിൽ ഉപദേശകരാക്കി ഉൾപ്പെടുത്തുക .

ഇപ്പോൾ ജലീൽ വിഷയത്തിലും പിണറായി വിഷയത്തിലും ലീഗിലെ ചില നേതാക്കന്മാർ ഇരട്ടത്താപ്പ് കാണിക്കുന്നതായി തോന്നലുകൾ ഇല്ലാതില്ല. അതുപോലെ പ്രാദേശികമായി പല മണ്ഡലങ്ങളിലും അല്ലറ ചില്ലറ മുറുമുറുപ്പുകൾ കാണുന്നുമുണ്ട് .

കാലുവാരാന്‍ സാധ്യതയുള്ള തവനൂരിലെ ലീഗിന്റെ പ്രാദേശിക നേതാവായ ആ ഹാജിയെപ്പോലുള്ളവരെ തിരഞ്ഞെടുപ്പ് വേളകളിൽ നേതൃസ്ഥാനത്തുനിന്നും മാറ്റിനിർത്തുക .

publive-image

ജനകീയര്‍ക്ക് കൈ കൊടുക്കുക

38 വർഷത്തിനുശേഷം ആലത്തൂർ മണ്ഡലത്തിൽ ജയിച്ചുകയറിയ എവി ഗോപിനാഥ് പോലുള്ളവരെ വീണ്ടും മുന്നിൽ നിർത്തുക. ചാലക്കുടി, കൊടുങ്ങല്ലൂർ, മൂവാറ്റുപുഴ പോലുള്ള മണ്ഡലങ്ങളിൽ ജന സ്വാധീനമുള്ള നേതാക്കളെ സ്ഥാനാർത്ഥികൾ ആക്കുക .

ജനകീയരായ ചെറുപ്പക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകുക . കോന്നിയിലും വട്ടിയൂർക്കാവിലും സംഭവിച്ചതുപോലെ സംഭവിക്കാതിരിക്കുവാൻ ശ്രമിക്കുക. ചെങ്ങന്നൂരിൽ ജ്യോതി വിജയകുമാറും, മണലൂരിൽ മുഖ്യന്റെ ഓഫിസിൽ മുദ്രാവാക്യവുമായി കയറിയ ശിൽപ്പയെപ്പോലുള്ള ചുണക്കുട്ടികളെ മത്സരിപ്പിക്കുക .

അഡ്വക്കേറ്റ് വീണ എസ് നായർക്കും ജ്യോതികുമാർ ചാമക്കാലക്കും കുഴല്‍നാടനും റിയാസ് മുക്കോളിക്കും അമൃത രാമകൃഷ്ണനെപോലെയുള്ള ചുറുചുറുക്കുള്ള പെൺപിള്ളേർക്കും കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് സീറ്റുകൾ വിഭജിക്കുക.

മലമ്പുഴ മണ്ഡലത്തിൽ ഒരു പ്രാദേശിക നേതാവിനെ കണ്ടെത്തി സീറ്റ് കൊടുക്കുക. കൊല്ലങ്കോടും ചിറ്റൂരുമൊക്കെ പിടിച്ചാൽ കിട്ടുന്ന മണ്ഡലങ്ങളാണ്. ബാലകൃഷ്ണൻ പെരിയപോലുള്ളവർക്കു ഉദുമ കൊടുക്കുക .

മുഖ്യമന്ത്രിയേയും ജലീൽ കെറ്റിയെയും മുൻ നിർത്തി സമരങ്ങൾ പ്രഖ്യാപിക്കുക. അല്ലാതെ സ്വപ്നയും ശിവശങ്കരനും അവരറിയാതെ ഒരു കളിയും കളിക്കില്ല. എല്ലാ ക്യാമ്പയിനും സത്യഗ്രഹങ്ങളും സമരങ്ങളും ഉപവാസങ്ങളും സോഷ്യൽ മീഡിയ പോസ്റ്ററുകളും മുഖ്യമന്ത്രിക്കെതിരെ മാത്രം ടാർഗറ്റ് ചെയ്യുക.

publive-image

ചാക്കോയും കുര്യനുമൊന്നുമല്ല, തരൂരാണ് താരം !

ശശിതരൂർ പോലുള്ള നേതാക്കളെ അവഗണിക്കാതിരിക്കുക. ജനങ്ങള്‍ക്ക് താല്‍പര്യം അദ്ദേഹത്തോടൊക്കെയാണ്. അല്ലാതെ മുല്ലപ്പള്ളിയോടല്ല. എകെ ആന്റണി, വയലാർ രവി, കെവി തോമസ്, പിജെകുര്യൻ, പി സി ചാക്കോ പോലുള്ളവരെ ചുമ്മാ ഒരു കമ്മറ്റിയിലൊക്കെയിട്ട് പരമാവധി മുൻ നിരയിലേക്ക് കൊണ്ടുവരാതിരിക്കുക. അതായിരിക്കും ഉത്തമം.

തത്ക്കാലം ഗാന്ധിയൻ തത്വങ്ങൾ മാറ്റിവെക്കുക. ഇല്ലെങ്കിൽ അവിശ്വാസ പ്രമേയ ചർച്ച വേളയിൽ നാലുമണിക്കൂർ മുഖ്യമന്ത്രി ഗോളടിക്കുന്നത് നോക്കി നിന്നതുപോലെ നില്‍ക്കേണ്ടിവരും. ഏതെങ്കിലും ഒരു എംഎൽഎയെക്കൊണ്ട് ആ പേപ്പർ മുഖ്യനിൽ നിന്നും തട്ടിപ്പറിച്ചിരുന്നെങ്കിൽ മുഖ്യൻ ബബബ ആയിപ്പോയേനെ .

അതുപോലെ എന്ത് വിധേനയും പഞ്ചായത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം നടത്തുവാനുള്ള സൂത്രം കണ്ടെത്തുക. അതിന്നായി കോവിഡ് കാരണം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെയോ ഒക്കെ ഉപയോഗിച്ചാലും വിരോധമില്ല.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നാൽ യുഡിഎഫിന്റെ ഇപ്പോഴത്തെ കെട്ടുറപ്പ് ഇല്ലാതാകുമെന്ന് നൂറുശതമാനം ഉറപ്പ് . അങ്ങനെ സംഭവിച്ചതാണ് കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ പത്തോളം സീറ്റുകൾ വെറുതെ കളഞ്ഞത്.

ലീഗുമായി സൗഹൃദമത്സരം നടന്നതിന്റെ അടിസ്ഥാനത്തിൽ താനൂരും നിലമ്പൂരും കൊടുവള്ളിയുമൊക്കെ നഷ്ടപ്പെട്ടത് അങ്ങനെയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയംപോലെ കാര്യങ്ങൾ കൈകാര്യം ചെയ്‌താൽ അങ്ങേക്ക് തൊണ്ണൂറ് സീറ്റുകൾ അനായാസമായി കയ്യിലൊതുക്കാം. വേണമെങ്കിൽ അത് 105 വരെ എത്തിക്കാം .

ചിലരുടെ ധാർഷ്ട്യവും ഏകാധിപത്യ പ്രവണതയും അഹങ്കാരവും മാധ്യമ കൂച്ചുവിലങ്ങും അണികളുടെ തെറിവിളികളും തെളിവുകൾ കത്തിച്ചുനശിപ്പിക്കലും ഭീഷണികളും ഒക്കെ കൂടി കണ്ടപ്പോൾ എഴുതിയെന്നേയുള്ളൂ !

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇപ്പോള്‍ തയ്പ്പിച്ചു വച്ചിരിക്കുന്ന ആ മുഖ്യമന്ത്രി കുപ്പായം അടുത്ത തെരെഞ്ഞെടുപ്പ് കഴിയുമ്പോള്‍ എടുത്തണിയാം. അല്ലെങ്കിലുള്ള കാര്യം പറയേണ്ടതില്ലല്ലോ.

എൽഡിഎഫ് വന്നു , ഒന്നും ശരിയാക്കിയില്ല. അതിന്‍റെ ദുഖം ബാക്കിയാണ്.

ഇനിയും തുടർഭരണം എന്ന വാക്ക് കേൾക്കുവാൻ പാടില്ലെന്ന ആത്മവിശ്വാസത്തിൽ വോട്ടർ ദാസനും ഇനിയും മാഫിയകൾക്ക് കേരളത്തെ വിട്ടുകൊടുത്തുകൂടാ എന്ന നിലപാടുകളുമായി വോട്ടർ വിജയനും

dasanum vijayanum ramesh chennitha
Advertisment