Advertisment

നമ്മുടെ വായനശാലകള്‍ പുതിയ ലോകത്തിന് വേണ്ട സംവിധാനങ്ങളായി മാറ്റിയെടുക്കണം. ഗ്രന്ഥശാലകള്‍ കരിയർ കോച്ചിങ് ആൻഡ് മെന്ററിങ് സെന്ററാക്കി മാറിയാല്‍ പുതിയ തലമുറയെ വീണ്ടും ഇവിടെയെത്തിക്കാം - അന്യംനില്‍ക്കുന്ന ഗ്രന്ഥശാലകളെ പരിഷ്കരിക്കാന്‍ നൂതന നിര്‍ദേശങ്ങളുമായി യുഎന്‍ വിദക്ദ്ധന്‍ മുരളി തുമ്മാരുകുടി

author-image
മുരളി തുമ്മാരുകുടി
Updated On
New Update

1974 ലാണെന്നു തോന്നുന്നു അമ്മാവൻ എന്നെ വെങ്ങോലയിലെ കർഷക ഗ്രന്ഥാലയത്തിൽ അംഗത്വമെടുക്കാനായി കൊണ്ടുപോയത്. വെങ്ങോലയുടെ അഭിമാനവും നാഴികക്കല്ലുമായ ശങ്കരപ്പിള്ളയുടെ കടയ്‌ക്കടുത്തുള്ള വാടകക്കെട്ടിടത്തിലാണ് അന്ന് ഗ്രന്ഥശാല പ്രവർത്തിക്കുന്നത്.

Advertisment

വൈകീട്ട് ഞാൻ അവിടെ ചെല്ലുന്പോൾ എൻ എ ഗംഗാധരനാണ് ലൈബ്രെറിയനായി അവിടെയുളളത്. എൻറെ പേര് ചോദിച്ചു, അംഗത്വമെടുത്തു. ആദ്യമായി ഒരു പുസ്തകവും എടുത്തു തന്നു. ഡിറ്റക്ടീവ് നോവൽ വേണമെന്നായിരുന്നു ആഗ്രഹമെങ്കിലും കിട്ടിയത് അച്ചുതണ്ട് എന്നോ മറ്റോ പേരുള്ള ഒരു നോവലായിരുന്നു.

publive-image

പിന്നെ ലൈബ്രറിയിൽ പോക്ക് പതിവായി. കൂടുതലും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ. അന്നൊക്കെ ലൈബ്രറിയിൽ നല്ല തിരക്കാണ്. പുസ്തകമെടുക്കാൻ കുറേപ്പേർ, കാരംസ് കളിക്കാൻ വേറെ ചിലർ, ചെസ്സ് കളിക്കുന്ന രണ്ടുപേർ, പേപ്പർ വായിക്കുന്നവർ. ഇതൊന്നും കൂടാതെ വെറുതെ സംസാരിച്ചിരിക്കാൻ രാജനും തോമസും ഉൾപ്പടെയുളള യുവാക്കൾ. വിദ്യാഭ്യാസം നേടി തൊഴിൽ ഒന്നും ആകാതിരിക്കുകയാണ് അവരന്ന്.

അവരുടെ സംസാരത്തിൽ നിന്നാണ് ഞാൻ രാഷ്ട്രീയവും പൊതുവിജ്ഞാനവും കൂടുതൽ പഠിച്ചത്.  കാലം കടന്നുപോയി, ഞാൻ വെങ്ങോല വിട്ടു, ഗംഗാധരനും രാജനും തോമസിനും സർക്കാർ ജോലി കിട്ടി.

നാല്പത് വർഷങ്ങൾക്കു ശേഷം കഴിഞ്ഞ വർഷം ഞാൻ വീണ്ടും വെങ്ങോലയിൽ കർഷക ഗ്രന്ഥാലയത്തിൽ എത്തി. ലൈബ്രറിക്കിപ്പോൾ സ്വന്തമായ സ്ഥലമുണ്ട്, കെട്ടിടമുണ്ട്, കൂടുതൽ സൗകര്യങ്ങളുണ്ട്, ടി വിയുണ്ട്, പുസ്തകങ്ങളുണ്ട്, കമ്പ്യൂട്ടറുണ്ട്.

ഒരു കാര്യത്തിൽ മാത്രം അന്നുമിന്നും മാറ്റമില്ല. റിട്ടയറായ ഗംഗാധരൻ ഇപ്പോഴും ലൈബ്രറിയുടെ ആത്മാവായി അവിടെത്തന്നെയുണ്ട്. മറ്റൊരു കാര്യത്തിൽ വലിയ മാറ്റം വന്നു. വായനക്കാരായി അന്നത്തെ പോലെ ഇന്ന് അവിടെ അധികം ആളുകളില്ല.

ഇത് വെങ്ങോലയുടെയോ കർഷക ഗ്രന്ഥാലയത്തിന്റെയോ മാത്രം കഥയല്ല. കേരളത്തിൽ സ്‌കൂൾ - കോളേജ് ലൈബ്രറികൾ കൂടാതെ ആയിരക്കണക്കിന് പൊതുഗ്രന്ഥശാലകളുണ്ട്.

അവക്കെല്ലാം കൂടുതൽ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ നാല്പത് വർഷത്തിനുള്ളിൽ ഉണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ രംഗത്തും നാം നമ്പർ - 1 ആണ്. പക്ഷെ അപൂർവ്വം (ഒരുപക്ഷെ അഞ്ചു ശതമാനത്തിൽ താഴെ) ലൈബ്രറികളിൽ ഒഴികെ രണ്ടു കാര്യങ്ങൾ പൊതുവാണ്. അൻപത് വയസ്സ് കഴിഞ്ഞ തലമുറയാണ് ഇപ്പോഴും ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

publive-image

പുസ്തകങ്ങൾ കൂടിയിട്ടും വായിക്കാൻ ഒരിടത്തും ആളില്ല. demography is  destiny എന്നാണ് ചൊല്ല്. ഒരു പ്രസ്ഥാനം നിലനിൽക്കുമോ എന്നറിയാൻ അതിലേക്ക് യുവാക്കൾ വരുന്നുണ്ടോ എന്നുമാത്രം നോക്കിയാൽ മതി. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ കാര്യത്തിൽ ഇത് നൂറു ശതമാനം ശരിയാണ്. ഇവിടേക്ക് യുവാക്കൾ വരുന്നില്ല. ഗ്രന്ഥശാല പ്രസ്ഥാനം മരണശയ്യയിലാണ്.

സർക്കാർ നൽകുന്ന ഗ്രാന്റുകളും എം എൽ എ, എം പി ഫണ്ടുകളും നൽകുന്ന ഓക്സിജൻ ഉപയോഗിച്ച്  പഴയ തലമുറ ഒരു കർമ്മവും ധർമ്മവും പോലെ ഇത് കൊണ്ടുനടക്കുന്നു. ചില  കാര്യങ്ങൾ നാം ആത്മാർഥമായി ചിന്തിക്കണം. 1. നമ്മുടെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് ശോഭനമായ ഒരു ഭാവിയുണ്ടോ ?2. ഇല്ലെങ്കിൽ ഇത് നാം കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ ?

3. ആയിരക്കണക്കിന് കെട്ടിടങ്ങളും കമ്മിറ്റികളുമുള്ള ഈ പ്രസ്ഥാനത്തെ നമുക്ക് എങ്ങനെയാണ് സമൂഹത്തിന് വേണ്ടി ഉപയോഗിക്കാൻ പറ്റുന്നത് ?

എൻറെ ഉത്തരം ഞാൻ പറയാം. 1. വായനശാല, അല്ലെങ്കിൽ ഗ്രന്ഥ ശേഖരം, എന്ന നിലയിൽ ഇനി കേരളത്തിൽ മാത്രമല്ല ഒരിടത്തും  ഗ്രന്ഥശാലകൾക്ക് ഭാവിയില്ല. കർഷക ഗ്രന്ഥാലയത്തിൽ മാത്രമല്ല ലോകത്തെല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി. പുതിയ തലമുറക്ക് വായനാശീലമില്ല എന്നതോ കുറയുന്നു എന്നതോ അല്ല കാര്യം.

ഒരു ദിവസം ശരാശരി പുതിയ തലമുറ നമ്മൾ പണ്ട് വായിച്ചിരുന്നതിന്റെ എത്രയോ ഇരട്ടി വായിക്കുന്നു! നമ്മൾ അറിഞ്ഞതിലും എത്രയോ കാര്യങ്ങൾ അവർ അറിയുന്നു. നമ്മുടെ ലൈബ്രറികൾക്ക് അവരുടെ വായനാശീലത്തെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ അവർക്കിഷ്ടപ്പെട്ട രൂപത്തിലും സാങ്കേതിക വിദ്യയിലും കൊടുക്കാൻ പറ്റുന്നില്ല എന്നതാണ് പ്രശ്നം. ഇത് നമ്മുടെ കുറവാണ്, പുതിയ തലമുറയുടേതല്ല.

2. ഇപ്പോഴത്തെ തരത്തിൽ നമ്മുടെ ഗ്രന്ഥശാലകൾ കൊണ്ടുനടക്കുന്നത് യാതൊരു സാമൂഹ്യ പ്രയോജനവുമില്ലാത്ത കാര്യമാണെന്നാണ് എൻറെ അഭിപ്രായം. കേരളത്തിലെ തൊണ്ണൂറു ശതമാനം ഗ്രന്ഥശാലകളും പൂട്ടിയാലും കേരളത്തിലെ വായനാലോകത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല.

3. നമ്മുടെ വായനശാലകളെ നമുക്ക് പുതിയ ലോകത്തിന് വേണ്ട സംവിധാനങ്ങളായി മാറ്റിയെടുക്കാം. ഉദാഹരണത്തിന് നമ്മുടെ ഓരോ ഗ്രാമത്തിലും പണ്ട് ഗ്രാമത്തിൽ നിന്നും പഠിച്ചു പുറത്തുപോയി ജോലി ചെയ്തു തിരിച്ചു വന്ന ആളുകളുണ്ട്.

ഗ്രാമത്തിന് വേണ്ടിയും പുതിയ തലമുറക്ക് വേണ്ടിയും ഏറെ കാര്യങ്ങൾ ചെയ്യാനുള്ള അറിവും അവരിലുണ്ട്. പക്ഷെ നിലവിൽ അതെല്ലാം വീടുകൾക്കുള്ളിൽ സീരിയലുകളിൽ കുടുങ്ങിക്കിടക്കുകയാണ്.

ഗ്രന്ഥശാലകളെ ക്ളബ്ബുകളാക്കി മാറ്റി ഇവരെ മോചിപ്പിച്ചാൽ അവർക്കും സമൂഹത്തിനും ഗുണമുണ്ടാകും. നമ്മുടെ ഗ്രന്ഥശാലകൾ കരിയർ കോച്ചിങ് ആൻഡ് മെന്ററിങ് സെന്ററാക്കി മാറ്റാം. പഠനമുൾപ്പെടെയുള്ള അവസരങ്ങളുടെ വിവരങ്ങൾ, അവക്ക് വേണ്ട പരിശീലനം, സംയോജിത പഠനത്തിനുള്ള സംവിധാനം ഇവയെല്ലാം ഒരുക്കിയാൽ പുതിയ തലമുറയെ വീണ്ടും ഇവിടെയെത്തിക്കാം.

നമ്മുടെ ഗ്രാമങ്ങളിൽ ആയിരക്കണക്കിന് മറുനാട്ടുകാരുണ്ട്. ഇവരെ നമ്മുടെ സമൂഹവുമായി അടുപ്പിക്കാനുള്ള ഒന്നും നമ്മൾ ഇപ്പോൾ ചെയ്യുന്നില്ല.

അവരെ നമ്മുടെ ഭാഷ പഠിപ്പിക്കാൻ, നമുക്ക് അവരുടെ ഭാഷ പഠിക്കാൻ, അവരുടെ സാംസ്‌ക്കാരിക പരിപാടികൾ നടത്താൻ, അവർക്കും നാട്ടുകാർക്കും പരസ്പരം സംസാരിക്കാൻ ഒക്കെയുള്ള വേദിയാക്കി, ഒരു ലോക്കൽ കൾച്ചറൽ ഇന്റഗ്രേഷൻ സെന്ററാക്കി ഗ്രന്ഥശാലകൾ മാറ്റിയെടുക്കാം.

ചിന്തിച്ചാൽ ചെയ്യാവുന്ന മറ്റു പലതുമുണ്ട്. ഇന്ന് എനിക്കിത്രയും ചിന്തിച്ചാൽ മതി, ബാക്കി നാട്ടിൽ ആയിരക്കണക്കിനുള്ള ഗ്രന്ഥശാല പ്രവർത്തകർ ചിന്തിക്കട്ടെ. വേണമെങ്കിൽ ഒന്നോ രണ്ടോ ഐഡിയ നിങ്ങൾക്കും പറയാം...

murali thummarukudi
Advertisment